This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവ്വായിപ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവ്വായിപ്പുഴ

കണ്ണൂര്‍ ജില്ലയിലുള്ള ഒരു പുഴ. കാരിയങ്കോട്ടു നദീതീരത്തുള്ള ചീമേനില്‍ നിന്നാണ്‌ കവ്വായിപ്പുഴ ഉദ്‌ഭവിക്കുന്നത്‌. സമുദ്രനിരപ്പില്‍നിന്ന്‌ 115 മീ. ഉയരത്തിലുള്ള മലനിരകളില്‍ നിന്നുദ്‌ഭവിക്കുന്ന "കങ്കോളെ' അരുവിയാണ്‌ ഈ പുഴയുടെ പ്രധാന പോഷക ശാഖ. ഉദ്‌ഭവഘട്ടത്തില്‍ ദക്ഷിണാഭിമുഖമായാണ്‌ ഒഴുക്ക്‌. കിഴക്കു നിന്നൊഴുകി വരുന്ന പെരളം അരുവിയും മണിയാട്ടു തോടും ഇതിനോടു കൂടിച്ചേര്‍ന്ന്‌ കവ്വായിപ്പുഴയായി ഒഴുകുന്നു. ഹോസ്‌ദുര്‍ഗ്‌, തളിപ്പറമ്പ്‌ എന്നീ താലൂക്കുകളിലൂടെ 23 കി.മീ. ദൂരം ഒഴുകി ചെറുവത്തൂരിനും രാമന്തളിക്കും ഇടയ്‌ക്കുള്ള പടന്നയില്‍ വച്ച്‌ ഈ പുഴ കവ്വായിക്കായലില്‍ പതിക്കുന്നു. വര്‍ഷംപ്രതി സു. 2,200 ലക്ഷം ഘന മീ. ജലം നദിയിലൂടെ ഒഴുകി കവ്വായിക്കായലില്‍ പതിക്കുന്നുണ്ട്‌. കായലില്‍ നിന്ന്‌ 10 കി.മീ. ഉള്ളില്‍ വരെ ഈ പുഴയിലൂടെ ജലഗതാഗതത്തിനു സൗകര്യമുണ്ട്‌. പയ്യന്നൂരിനും കവ്വായിക്കും ഇടയ്‌ക്കുനിന്ന്‌ ജലമാര്‍ഗമായി "പെരുവമ്പ'യ്‌ക്കു പോകാന്‍ ഈ പുഴയില്‍ നിന്ന്‌ എളുപ്പവഴിയുണ്ട്‌. ആലപ്പടമ്പ, പെരളം, കൊടക്കാട്‌, കരിവെള്ളൂര്‍, വെള്ളൂര്‍, കൊക്കാനിശ്ശേരി, പയ്യന്നൂര്‍, കാങ്കോല്‍, ഉദിനൂര്‍, മണിയാട്ട്‌, തൃക്കരിയൂര്‍ എന്നീ സ്ഥലങ്ങള്‍ ഈ പുഴയുടെ തീരത്താണ്‌. പുഴയോരപ്രദേശങ്ങളില്‍ നാണ്യവിളകളും ഭക്ഷ്യവിളകളും സമൃദ്ധമായി വളരുന്നു. നദിയുടെ ഉദ്‌ഭവസ്ഥാനത്തിനടുത്തുള്ള പ്രദേശങ്ങളില്‍ കുരുമുളകും താഴോട്ടു വരുന്തോറും നെല്ലുമാണ്‌ പ്രധാന കൃഷികള്‍.

കവ്വായിക്കായല്‍. കാസര്‍കോട്‌, ഹോസ്‌ദുര്‍ഗ്‌ താലൂക്കുകളില്‍ അറബിക്കടലിനു സമാന്തരമായി വ്യാപിച്ചുകിടക്കുന്ന കവ്വായിക്കായലിന്‌ 20 കി.മീ. നീളമുണ്ട്‌. കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട അഞ്ചു കായലുകളില്‍ ഒന്നാണിത്‌; പഴയങ്ങാടി, ചന്തേര എന്നീ അഴികള്‍ കവ്വായിക്കായലിനെ സമുദ്രവുമായി ബന്ധിപ്പിക്കുന്നു. സുല്‍ത്താന്‍ തോട്‌ (3.8 കി.മീ.)കവ്വായിക്കായലിനെയും വളപട്ടണം പുഴയെയും സന്ധിപ്പിക്കുന്നു. പെരുവമ്പ (40 കി.മീ.), രാമപുരം (19 കി.മീ.), കവ്വായി എന്നീ നദികള്‍ കവ്വായിക്കായലിലാണ്‌ പതിക്കുന്നത്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍