This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവേര്‍ഡ്‌, നോയല്‍ (1899-1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവേര്‍ഡ്‌, നോയല്‍ (1899-1973)

Coward,Noel

നോയല്‍ കവേര്‍ഡ്‌

ഇംഗ്ലീഷ്‌ നാടകകൃത്ത്‌, നടന്‍, സംവിധായകന്‍, ഗാനരചയിതാവ്‌. മിഡില്‍സെക്‌സിലുള്ള ടെഡിങ്‌ടണിലെ ഒരിടത്തരം കുടുംബത്തില്‍ ഒരു പിയാനോ വില്‌പനക്കാരന്റെ മകനായി 1899 ഡി. 16നു ജനിച്ചു. ചാപ്പല്‍ റോഡ്‌ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഇറ്റാലിയ കോണ്ടി അക്കാദമിയില്‍ നിന്ന്‌ നാടകാഭിനയത്തില്‍ പരിശീലനം നേടി കുറേക്കാലം ബ്രിട്ടീഷ്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലി നോക്കി. രണ്ടാം ലോകയുദ്ധകാലത്ത്‌ സൈനികര്‍ക്കു വേണ്ടി നാടകങ്ങള്‍ അവതരിപ്പിച്ചു. യുദ്ധാനന്തരം നാടകരചനയിലും അഭിനയത്തിലും മുഴുവന്‍ സമയവും കേന്ദ്രീകരിച്ച കവേര്‍ഡ്‌ ഒരു പ്രസിദ്ധ നാടകതാരമായി ഉയര്‍ന്നു. 1942ല്‍ ന്യൂയോര്‍ക്ക്‌ ഡ്രമാറ്റിക്‌ ക്രിട്ടിക്‌ സര്‍ക്കിളിന്റെ അവാര്‍ഡിനര്‍ഹനായി. 1970ല്‍ ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം നല്‌കപ്പെട്ടു. 1972ല്‍ സസെക്‌സ്‌ യൂണിവേഴ്‌സിറ്റി ഡി.ലിറ്റ്‌. ബിരുദം നല്‌കി ഇദ്ദേഹത്തെ ആദരിച്ചു.

ഈസി വെര്‍ചൂ (1925), ഹേഫീവര്‍ (1925), പ്രവറ്റ്‌ ലൈവ്‌സ്‌ (1930), കാവല്‍കേഡ്‌ (1931), ബ്‌ളൈഥ്‌ സ്‌പിരിറ്റ്‌ (1941), നൂഡ്‌ വിത്‌ വയലിന്‍ (1956) തുടങ്ങി ഒരു ഡസനോളം നാടകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇവയെല്ലാം സംവിധാനം ചെയ്‌തവതരിപ്പിക്കുകയും ഇവയില്‍ അഭിനയിക്കുകയും ചെയ്‌തു. ഇദ്ദേഹം ഏതാനും ചലച്ചിത്രങ്ങള്‍ (ഇന്‍ വിച്ച്‌ വീ സെര്‍വ്‌, ബ്രീഫ്‌ എന്‍കൗണ്ടര്‍ തുടങ്ങിയവ) സംവിധാനം ചെയ്യുകയും ചിലതിലെല്ലാം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌. നാടകങ്ങള്‍ കൂടാതെ പ്രസന്റ്‌ ഇന്‍ഡിക്കേറ്റിവ്‌ (1937), ഫ്യൂച്ചര്‍ ഇന്‍ഡെഫനിറ്റ്‌ (1954) എന്നു രണ്ട്‌ ആത്‌മകഥാപ്രതിപാദകങ്ങളായ കൃതികളും; റ്റു സ്‌റ്റെപ്‌ എസൈഡ്‌ (1939)എന്ന ഒരു ചെറുകഥാസമാഹാരവും ഇദ്ദേഹത്തിന്‍െറ സംഭാവനകളായുണ്ട്‌. 1973 മാര്‍ച്ച്‌ 26ന്‌ ജമൈക്കയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍