This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിള്‍വാര്‍പ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിള്‍വാര്‍പ്പ്‌

കവിളില്‍ ഉണ്ടാകുന്ന അര്‍ബുദം. വികസിതരാജ്യങ്ങളില്‍ 1 മുതല്‍ 2 വരെ ശ.മാ. കാന്‍സര്‍ രോഗികളിലേ ഈ രോഗം കണ്ടുവരുന്നുള്ളു. എന്നാല്‍ വായില്‍ ഉണ്ടാകുന്ന കാന്‍സര്‍ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. കവിളിലെ കാന്‍സര്‍ കേരളത്തില്‍ വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്‌.

വെറ്റിലമുറുക്ക്‌, പുകവലി, ദന്തരോഗങ്ങള്‍, ഗുഹ്യരോഗങ്ങള്‍ (പ്രത്യേകിച്ച്‌ സിഫിലിസ്‌) എന്നിവയാണ്‌ കവിള്‍വാര്‍പ്പിനും വായിലുണ്ടാകുന്ന കാന്‍സറിനും പ്രരകങ്ങള്‍. ഇവയില്‍ ഏറ്റവും പ്രധാനമാണ്‌ വെറ്റില മുറുക്ക്‌. 95 ശ.മാ. രോഗികളും അമിതമായി മുറുക്കുന്നവരാണെന്ന്‌ തിരുവനന്തപുരം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയിട്ടുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. വെറ്റില, ചുണ്ണാമ്പ്‌, പാക്ക്‌, പുകയില എന്നിവയില്‍ ഏതാണ്‌ കാന്‍സറിനു പ്രരകമായിത്തീരുന്ന ഘടകമെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ല. പരിശോധനയ്‌ക്കു വിധേയരായ മിക്ക രോഗികളും ദിവസം 10 മുതല്‍ 20 വരെ തവണ മുറുക്കുന്ന പതിവുള്ളവരായിരുന്നു. പ്രമേഹ രോഗികളും സബ്‌മ്യൂക്കസ്‌ ഫൈബ്രാസിസ്‌ എന്ന രോഗം ബാധിച്ചിട്ടുള്ളവരും കുറച്ചുകാലം കുറഞ്ഞ അളവില്‍ മുറുക്കിയാലും ഈ രോഗം ഉണ്ടായിക്കാണാറുണ്ട്‌. വായിലെ ശ്ലേഷ്‌മചര്‍മം വെളുത്തു വിളറുക, നാക്കിലെ രുചി അറിയാനുള്ള മൊട്ടുകള്‍ മിനുസപ്പെടുക, വായ്‌ക്കകത്ത്‌ ഉണക്കനുഭവപ്പെടുക, വായ്‌ പൂര്‍ണമായും തുറക്കാനോ നാക്കു പുറത്തേക്കു നീട്ടാനോ പ്രയാസം അനുഭവപ്പെടുക, എരിവുള്ള ആഹാരം കഴിക്കാന്‍ പ്രയാസം തോന്നുക എന്നിവയാണ്‌ സബ്‌മ്യൂക്കസ്‌ ഫൈബ്രാസിസ്‌ എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ രോഗത്തിന്റെ കാരണം ശരിയായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അമിതമായ മുറുക്ക്‌, ആഹാരത്തില്‍ ജീവകങ്ങളുടെയും ലവണങ്ങളുടെയും കുറവ്‌ എന്നിവ ഇതിനു കാരണമാകാം. ഈ രോഗമുള്ളവരില്‍ നാല്‌ ശ.മാ. പേര്‍ക്കേ വായില്‍ കാന്‍സര്‍ രോഗം ഉണ്ടാകുന്നുള്ളൂ.

കാന്‍സര്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ ഏകദേശം 10 ശ.മാ. പേരില്‍ രോഗത്തിലേക്കു നയിക്കാവുന്ന ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. തുടച്ചുനീക്കാന്‍ പറ്റാത്തതും ശ്ലേഷ്‌മചര്‍മത്തില്‍ നിന്നു പൊന്തിനില്‌ക്കുന്നതുമായ വെളുത്ത പാടുകളാണ്‌ (ലൂക്കോ പ്ലേക്കിയ) ഇവയില്‍ പ്രധാനം. ഈ പാടുകള്‍ വായുടെ ഒരു ഭാഗം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന വിധത്തിലോ അനേകം ചെറിയ പാടുകളായിട്ടോ കാണാം. പുകവലിക്കാരില്‍ ഈ പാടുകള്‍ അണ്ണാക്കിലും വായയുടെ മൂലകളിലും ചുണ്ടിലും കൂടുതലായിക്കാണുമ്പോള്‍ മുറുക്കുന്നവരില്‍ കവിളിന്റെ അകവശത്തും അണകളിലും കവിളും അണയും ചേരുന്ന ഭാഗത്തുമാണ്‌ കണ്ടുവരുന്നത്‌. ഇപ്രകാരമുള്ള വെളുത്ത പാടുകള്‍ വളരെക്കാലം മാറ്റമൊന്നുമില്ലാതെ വായില്‍ കണ്ടെന്നു വരാം. ധാരാളം ജീവകങ്ങള്‍ കഴിച്ചാല്‍ ചിലപ്പോള്‍ ഈ പാടുകള്‍ പരിപൂര്‍ണമായും മങ്ങിമറയുകയും ചെയ്യും. ഈ വെള്ളപ്പാടുകളില്‍ വിള്ളലുകളോ, അവയുടെ ചുറ്റും ചുവന്ന പാടുകളോ തടിപ്പോ കാണപ്പെട്ടാല്‍ കാന്‍സര്‍ ആരംഭിച്ചതായി കണക്കാക്കാം. വായില്‍ ഉണ്ടാകുന്ന വെളുത്ത പാടുകള്‍ ആറു മാസത്തിലൊരിക്കല്‍ ഒരു വിദഗ്‌ധ ഡോക്ടറെ കാണിച്ച്‌ ആവശ്യമായ ചികിത്സ ലഭ്യമാക്കിയാല്‍ കാന്‍സര്‍ തടയാന്‍ കഴിയും. ലൂക്കോപ്ലേക്കിയകളില്‍ അഞ്ച്‌ ശ.മാ. കാന്‍സറായിത്തീരാറുണ്ട്‌. പുകവലിക്കാര്‍ക്ക്‌ ആദ്യകാലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യത്യസ്‌തങ്ങളാണ്‌. ഇവര്‍ക്ക്‌ ഉമിനീര്‍ കൂടുതലായി സ്രവിക്കുന്നു. അതിനുശേഷം വായിലെ ശ്ലേഷ്‌മപടലത്തില്‍ അവിടവിടെയായി ചാരനിറം ഉണ്ടാകുന്നു. ശ്ലേഷ്‌മപടലത്തില്‍ നീരുണ്ടാവുക, കെരാറ്റിന്‍ എന്ന വസ്‌തു കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുക എന്നിവയാണ്‌ ഇതിനു കാരണം. കാന്‍സറിന്‌ ഉത്തേജകമായ പുകയില്‍ നിന്ന്‌ ചര്‍മത്തെ സംരക്ഷിക്കുവാനുള്ള ശരീരത്തിന്റെ സ്വയം രക്ഷാമാര്‍ഗങ്ങളാണ്‌ ഇവ രണ്ടും. ഇതിനുശേഷം വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടും. കുറച്ചു കാലം കഴിയുമ്പോള്‍ അത്‌ കാന്‍സറായി മാറും.

രൂക്ഷമായ ഗുഹ്യരോഗങ്ങള്‍ ചിലരില്‍ കവിള്‍വാര്‍പ്പുണ്ടാക്കാറുണ്ട്‌. കൂര്‍ത്ത പല്ല്‌, ശ്ലേഷ്‌മപടലത്തില്‍ ഉരസുന്ന കൃത്രിമദന്തം എന്നിവയും കവിള്‍വാര്‍പ്പിനു കാരണമാകാം. ജീവകങ്ങളുടെ കുറവ്‌, മദ്യപാനം കൊണ്ടുണ്ടാകുന്ന പോഷണക്കുറവ്‌, ആഹാരത്തില്‍ ഇരുമ്പ്‌, ലവണങ്ങള്‍ എന്നിവയുടെ അഭാവം, ദന്തരോഗങ്ങള്‍ തുടങ്ങിയവയും വായില്‍ കാന്‍സറുണ്ടാവാന്‍ കാരണമാവുന്നു.

ചുരുക്കം ചിലരില്‍ മേല്‌പറഞ്ഞ ലക്ഷണങ്ങള്‍ ആദ്യം ഉണ്ടാകാറുണ്ടെങ്കിലും 90 ശ.മാ. പേരിലും വായിലെ കാന്‍സര്‍ വേദനയില്ലാത്ത വ്രണമായിട്ടോ തടിപ്പായിട്ടോ വിള്ളലായിട്ടോ ചെറിയ വളര്‍ച്ച ആയിട്ടോ ആണ്‌ പ്രത്യക്ഷപ്പെടുന്നത്‌. വേദനയില്ലാത്തതിനാല്‍ മിക്കവരും ഇത്‌ ശ്രദ്ധിക്കാറില്ല. മേല്‌പറഞ്ഞ ലക്ഷണങ്ങള്‍ വായുടെ ഏതുഭാഗത്തും ഉണ്ടാകാം. കവിളിലും നാക്കിലും അണകളിലുമാണ്‌ കേരളീയരില്‍ കൂടുതല്‍ കണ്ടുവരുന്നത്‌.

പ്രാരംഭദശയില്‍ ചികിത്സ ആരംഭിച്ചെങ്കില്‍ മാത്രമേ രോഗം പൂര്‍ണമായി ഭേദമാവുകയുള്ളു. രോഗം മൂര്‍ച്ഛിക്കുന്തോറും കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ അതു വ്യാപിക്കുന്നു. അതോടെ രോഗിക്കു കൊടുക്കേണ്ട റേഡിയേഷന്‍ ചികിത്സയും ശസ്‌ത്രക്രിയയും വ്യാപിപ്പിക്കേണ്ടിവരുന്നു. ഇത്‌ സുസാധ്യമല്ല. ലിംഫ്‌ ഗ്രന്ഥികളിലേക്കു രോഗം വ്യാപിച്ചുകഴിഞ്ഞാല്‍ പൂര്‍ണസുഖം പ്രാപിക്കാനുള്ള സാധ്യത

10 ശ.മാ. ആയി കുറയുന്നു. കാന്‍സറിന്റെ വലുപ്പം കൂടുന്തോറും റേഡിയേഷനു വഴങ്ങാത്ത കോശങ്ങളുടെ എണ്ണവും പെട്ടെന്നു പെരുകുന്നു. തന്മൂലം രോഗവിമുക്തിക്കുള്ള സാധ്യത കുറയുന്നു. കവിള്‍വാര്‍പ്പിന്‌ ശസ്‌ത്രക്രിയ ചെയ്യുകയാണെങ്കില്‍ വായുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരും. ഇതുകൊണ്ട്‌ റേഡിയേഷന്‍ ചികിത്സയാണ്‌ ആദ്യം പ്രയോഗിക്കുക. അസ്ഥികള്‍, ലിംഫ്‌ ഗ്രന്ഥികള്‍ എന്നിവയെ രോഗം ബാധിച്ചുകഴിഞ്ഞാല്‍ റേഡിയേഷന്‍ ചികിത്സ സാധ്യമല്ല. അപ്പോള്‍ ഗാമാരശ്‌മികളോ എക്‌സ്‌റേയോ ഉപയോഗിക്കുന്നു. ഗാമാ രശ്‌മികള്‍ ഉണ്ടാക്കുന്ന ചികിത്സായന്ത്രമാണ്‌ കോബാള്‍ട്ട്‌ യൂണിറ്റ്‌. കൂടിയ ഊര്‍ജമുള്ള എക്‌സ്‌റേകള്‍ ഉണ്ടാക്കുന്ന ഉപകരണമാണ്‌ ലീനിയര്‍ ആക്‌സിലേറ്റര്‍. ചില അവസരങ്ങളില്‍ റേഡിയേഷനോടുനബന്ധിച്ച്‌ ആധുനികങ്ങളായ ചില ഔഷധങ്ങളും നല്‌കാറുണ്ട്‌. മുറുക്ക്‌, പുകവലി, ദന്തരോഗങ്ങള്‍ എന്നിവ നിയന്ത്രിക്കുകയാണെങ്കില്‍ കവിള്‍വാര്‍പ്പും വായിലെ കാന്‍സറും സമൂഹത്തില്‍ നിന്നു തുടച്ചുമാറ്റാവുന്നതാണ്‌.

(ഡോ. എം. കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍