This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിരാമായണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിരാമായണം

മൂലൂര്‍ എസ്‌. പദ്‌മനാഭപ്പണിക്കരുടെ ഒരു കാവ്യം. കവിഭാരതം പരിഷ്‌കരിച്ചു പ്രസിദ്ധപ്പെടുത്തണമെന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തീര്‍ച്ചയാക്കി. അതനുസരിച്ച്‌ അദ്ദേഹം ഒരു പത്രപ്രസ്‌താവനയും പുറപ്പെടുവിച്ചു. ഈഴവ കവികള്‍ക്കുകൂടി കവിഭാരതത്തിന്റെ പുതിയ പതിപ്പില്‍ സ്ഥാനം നല്‌കണമെന്ന്‌ മൂലൂര്‍ അഭ്യര്‍ഥിച്ചു.

മൂലൂര്‍ എസ്‌. പദ്‌മനാഭപ്പണിക്കര്‍

എന്നാല്‍ യാതൊരു പരിഷ്‌കാരവും വരുത്താതെയാണ്‌ തമ്പുരാന്‍ കവിഭാരതത്തിന്റെ പുതിയ പതിപ്പു പ്രസിദ്ധപ്പെടുത്തിയത്‌. അതില്‍ ഒരൊറ്റ അവര്‍ണകവിയുടെയും പേര്‌ ഉണ്ടായിരുന്നില്ല. അതു കണ്ടപ്പോള്‍ മൂലൂരിന്റെ സമുദായാഭിമാനം വിജൃംഭിച്ചു. അദ്ദേഹം കവിരാമായണം (1894) എഴുതി പ്രസിദ്ധപ്പെടുത്തി. പിന്നീട്‌ കവിതന്നെ പരിഷ്‌കരിച്ചു പുനഃപ്രസിദ്ധീകരിച്ച ഈ കൃതിയില്‍ പല വൃത്തങ്ങളിലായി രണ്ടു മംഗളശ്ലോകങ്ങളുള്‍പ്പെടെ 109 ശ്ലോകങ്ങളാണുള്ളത്‌. കേരളവര്‍മവലിയകോയിത്തമ്പുരാന്‍ മുതല്‍ കര്‍ത്താവു വരെ 113 കവികളെ ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

"ഇക്കാണും ജംഗമസ്ഥാവരനിഖില പദാര്‍
ഥങ്ങള്‍ നിത്യങ്ങളല്ലെ
ന്നുള്‍ക്കാമ്പില്‍ തീര്‍ച്ചചെയ്‌തും ചിലകുറി കവി
താശക്തിയില്‍ സക്‌തനായും
ചിത്‌കാരുണ്യം ലഭിപ്പാന്‍ കരുതിയുമുടനേ
മൗനമേന്തും ശിവശ്രീ
ഭക്തന്‍ "നാരായണസ്വാമികള്‍' സുകൃതിശിരോ
മൗലി വാല്‌മീകിയത്ര'.	(പദ്യം23)
 

എന്ന്‌ ശ്രീനാരായണഗുരുവിന്‌ വാല്‌മീകിയുടെയും വെളുത്തേരി കേശവന്‍ വൈദ്യനു ബാലി(പദ്യം 33)യുടെയും, പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യനു ഹനുമാന്റെ (പദ്യം 37)യും സ്ഥാനങ്ങളാണ്‌ മൂലൂര്‍ നല്‌കിയത്‌. നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി, കെ.സി. കേശവപിള്ള, അഴകത്തു പദ്‌മനാഭക്കുറുപ്പ്‌, കവിയൂര്‍ രാമന്‍ നമ്പ്യാര്‍ മുതലായവര്‍ മൂലൂരിനെ അഭിനന്ദിച്ചു.

"ഇതു കൊള്ളാം ചിലരിതില്‍ വ
ച്ചതിയായ്‌ മുഷിയും ചിലര്‍ക്കു മുത്തുണ്ടാം
ഇതിലില്ലാത്തവര്‍ മാന
ക്കൊതിമൂലം സ്‌പര്‍ധ കാട്ടുവാന്‍ തുനിയും';
 

എന്നിങ്ങനെ എം. ചക്രപാണി വാരിയര്‍ തന്റെ അഭിനന്ദന ശ്ലോകത്തില്‍ ദീര്‍ഘദര്‍ശനം ചെയ്‌തിരുന്നതുപോലെ പല കവികളും മൂലൂരിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്‌. മൂലൂരാകട്ടെ ഉരുളയ്‌ക്ക്‌ ഉപ്പേരിയെന്നതുപോലെ എല്ലാവര്‍ക്കും മറുപടി നല്‌കി. ഒടുവില്‍ കുഞ്ഞുകൃഷ്‌ണമേനോന്‍, ഉള്ളൂര്‍ പരമേശ്വരയ്യര്‍, കെ. രാമകൃഷ്‌ണ പിള്ള (സ്വദേശാഭിമാനി), നടുവം മഹന്‍ മുതലായവര്‍ വ്യാജനാമങ്ങളോടു കൂടിയാണ്‌ മൂലൂരിന്റെ മുമ്പില്‍ ചാടിവീണത്‌. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മാത്രമേ മറയില്ലാതെ പടവെട്ടിയുള്ളു.

പെരുന്നെല്ലിക്ക്‌ ഹനുമാന്റെ സ്ഥാനം നല്‌കിയതാണ്‌ എല്ലാവരുടെയും വിമര്‍ശനത്തിനു ഹേതുവായത്‌. മൂലൂര്‍ തന്റെ നിലപാട്‌ സാധൂകരിച്ചത്‌ ഇപ്രകാരമായിരുന്നു:

"ഗോഗ്വാകൊണ്ടഖിലാണ്ഡവും കിടുകിടു
പ്പിക്കും കവിക്കൊമ്പരേ
വര്‍ഗത്തോടു ജയിച്ചു നല്ല കവിത
പ്പെണ്‍പിള്ളയാം പുള്ളിയെ
ശീഘ്രം കൈക്കലണച്ച കൃഷ്‌ണകവിയെ
ശ്രീമത്‌ ഹനൂമത്‌പദേ
വയ്‌ക്കാതീയൊടുവില്‍പ്പെടും മടയരെ
ച്ചേര്‍ക്കണമെന്നോ മതം?'
 

"ഒടുവില്‍പെടും മടയരെ' എന്ന പ്രയോഗം കുറിക്കു കൊള്ളുകതന്നെ ചെയ്‌തു.

കവിരാമായണയുദ്ധത്തില്‍ നിന്നുയര്‍ന്ന തീ സാഹിത്യലോകത്തില്‍ പടര്‍ന്നുപിടിച്ചു. ആ തീ അണയ്‌ക്കാതെ ഗത്യന്തരമില്ലെന്നു ബോധ്യമായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അനുരഞ്‌ജനത്തിനു തയ്യാറായതോടെ കവിരാമായണസമരം അവസാനിച്ചു. ഈ കവിരാമായണവാദകോലാഹലം കേവലം ഒരു സാഹിത്യവിനോദമായിരുന്നില്ല, മറിച്ച്‌ ഒരു സാമുദായികസംഘട്ടനം തന്നെയായിരുന്നുവെന്ന്‌ കെ. ഭാസ്‌കരപിള്ള സാഹിത്യസമരങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌.

കവിരാമയണയുദ്ധത്തെക്കുറിച്ച്‌ ഉള്ളൂര്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ ഇപ്രകാരമാണ്‌: ".....ആ തരത്തില്‍ ഉള്ള സമരങ്ങള്‍ കൊണ്ട്‌ ഈഴവര്‍ക്ക്‌ സവര്‍ണ ഹിന്ദുക്കളോടൊപ്പം സാഹിത്യമണ്ഡലത്തില്‍ ശാശ്വതമായ സ്ഥാനം ലഭിച്ചു. അവരുടെ ആത്മവിശ്വാസം പൂര്‍വാധികം വിജൃംഭിച്ചു......' (കേരള സാഹിത്യചരിത്രം, IV) "ജാതിചൊല്ലി സാഹിത്യകാരന്മാരെ വിലയിരുത്താമെന്ന വ്യാമോഹത്തെ എന്നേക്കുമായി കൊന്നു കുഴിച്ചു മൂടിയത്‌ മൂലൂര്‍ ഒരാളുടെ ശക്തമായ തൂലികയാണ്‌........' എന്നാണ്‌ മുണ്ടശ്ശേരി അഭിപ്രായപ്പെട്ടിട്ടുള്ളത്‌. നോ: പദ്‌മനാഭപ്പണിക്കര്‍, മൂലൂര്‍

(എം.പി. അപ്പന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍