This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിമൃഗാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിമൃഗാവലി

കവികളെ മൃഗങ്ങളോട്‌ ഉപമിച്ചുകൊണ്ടു വിരചിതമായ ഒരു പദ്യകൃതി. ഒടുവില്‍ കുഞ്ഞുകൃഷ്‌ണമേനോനാണ്‌ ഇതിന്റെ കര്‍ത്താവ്‌. ഇതില്‍ 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തെ മലയാളകവികളെ മൃഗങ്ങളോട്‌ ഉപമിച്ചിരിക്കുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്‌ ആനയോടും, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‌ കുതിരയോടും, കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക്‌ മാനിനോടും, കാത്തുള്ളി അച്യുതമേനോന്‌ ഒട്ടകത്തിനോടും, ഇരുവനാട്ടു നാരായണന്‍ നമ്പ്യാര്‍ക്ക്‌ ഭ്രാന്തന്‍ നായയോടുമാണ്‌ സാദൃശ്യം കല്‌പിച്ചിരിക്കുന്നത്‌. മൂലൂരിനെ പന്നിയോട്‌ ഉപമിച്ചിരിക്കുന്നു. പ്രസക്ത ശ്ലോകം ഇതാണ്‌:

"നല്‍പ്പൊന്നു വന്‍പടയിലേറ്റു മടങ്ങി നിത്യം
കപ്പം തരുന്ന വരവര്‍ണിനി, വര്‍ണനീയേ,
അപ്പത്രപംക്തികള്‍ തകര്‍ത്തമരുന്ന മൂലൂര്‍
പപ്പുപ്പണിക്കര്‍ തടിയന്‍ കിടി തന്നെ നൂനം'. 
 

മൂലൂരിനോടു ഒടുവില്‍ ദ്വേഷബുദ്ധി കാണിച്ചുവെന്ന്‌ അനേകം സാഹിത്യകാരന്മാര്‍ പരസ്യമായി പ്രസ്‌താവിച്ചു. "ഒരു കവി' എന്ന പേരുവച്ച്‌ മൂലൂര്‍ കേരളചന്ദ്രികയില്‍ ഒടുവിലിനെ എതിര്‍ത്തു. അതേ പത്രികയില്‍ത്തന്നെ "വേറൊരു കവി' എന്ന പേരു വച്ച്‌ ഒടുവില്‍ മൂലൂരിനോട്‌ ഇടഞ്ഞു. ആ സമരം മറ്റു പത്രങ്ങളിലും പടര്‍ന്നുപിടിച്ചു. വിദ്യാവിനോദിനി മാസികയില്‍ പ്രത്യക്ഷപ്പെട്ട നിരൂപണങ്ങള്‍ അത്യധികം രസാവഹമായിരുന്നു. അമ്പാടി നാരായണപ്പൊതുവാളും വടക്കേക്കുറുപ്പത്തു കിഴക്കേ സ്രാമ്പിയില്‍ കുഞ്ഞന്‍ മേനോനും (കെ.എം.) കൂടി കുഞ്ഞുകൃഷ്‌ണമേനോനെ നിര്‍ദയം ആക്രമിക്കുക തന്നെ ചെയ്‌തു; "വങ്കനൊടുവില്‍ക്കഴുത പ്രമാണം' എന്നുപോലും അവര്‍ ആക്ഷേപിക്കുകയുണ്ടായി.

എന്നാല്‍ ഒരിക്കലും ഒടുവില്‍ ചഞ്ചലഹൃദയനായില്ല; എല്ലാവരോടും അദ്ദേഹം പോരാടുകതന്നെ ചെയ്‌തു. തന്റെ വാദം ബലപ്പെടുത്തുന്നതിനുവേണ്ടി അവസാനം അദ്ദേഹം ഒരു പ്രത്യാഖ്യാനം എഴുതി. അതതു കാലത്തുള്ള കവികളെ സംബന്ധിക്കുന്ന സ്‌മരണ കാലാന്തരത്തില്‍ മായാതിരിക്കാന്‍ സാഹിത്യസമരങ്ങള്‍ പ്രയോജനപ്പെടുമെന്നും, കവിതാപരമായ വാദപ്രതിവാദങ്ങള്‍ ദ്വേഷബുദ്ധിയോടുകൂടി പര്‍വതീകരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ്‌ അതില്‍ കുഞ്ഞുകൃഷ്‌ണമേനോന്‍ പ്രസ്‌താവിച്ചത്‌.

(എം.പി. അപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍