This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിഭാരതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിഭാരതം

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെറുപ്പകാലത്തു രചിച്ച ഒരു ലഘുകാവ്യം. കവിപക്വാവലി, കവിപുഷ്‌പമാല എന്നീ കൃതികളായിരിക്കണം തമ്പുരാന്‌ ഇതിന്റെ രചനയ്‌ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയത്‌. ഈ കാവ്യത്തിനു പാണ്ഡവപക്ഷമെന്നും കൗരവപക്ഷമെന്നും രണ്ടു ഭാഗങ്ങളുണ്ട്‌. കവികളില്‍ ചിലരെ പാണ്ഡവപക്ഷത്തിലും മറ്റു ചിലരെ കൗരവപക്ഷത്തിലുമാണ്‌ നിര്‍ത്തിയിരിക്കുന്നത്‌: വെണ്‍മണി അച്ഛന്‍ നമ്പൂതിരി (ഹനുമാന്‍), വെണ്‍മണി മഹന്‍ നമ്പൂതിരി (ദ്രാണര്‍), നടുവത്തച്ഛന്‍ നമ്പൂതിരി (കൃപര്‍), കൊച്ചുണ്ണിത്തമ്പുരാന്‍ (അര്‍ജുനന്‍), കേരളവര്‍മവലിയകോയിത്തമ്പുരാന്‍ (ഭീമന്‍), ഒറവങ്കര നീലകണ്‌ഠന്‍ നമ്പൂരി (സാത്യകി), കൈക്കുളങ്ങര രാമവാരിയര്‍ (കര്‍ണന്‍), കറുത്തപാറ ദാമോദരന്‍ നമ്പൂരി (ശല്യര്‍). തന്റെ അദ്‌ഭുതാവഹമായ കവിത്വശക്തിയെപ്പറ്റിയും തന്റെ അതിവിപുലമായ കവിയശസ്സിനെപ്പറ്റിയും ബോധവാനായിരുന്നിട്ടും കൗരവപക്ഷത്തില്‍ കൃതവര്‍മാവിന്റെ സ്ഥാനം കൊണ്ടുതമ്പുരാന്‍ തൃപ്‌തിപ്പെട്ടു എന്നത്‌ അദ്ദേഹത്തിന്റെ അന്യാദൃശമായ അനുദ്ധതയ്‌ക്കു ദൃഷ്ടാന്തമാണ്‌.

തമ്പുരാന്റെ പരിചയവലയത്തില്‍പ്പെട്ട കവികളെ മാത്രമേ കവിഭാരതത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. അന്ന്‌ അദ്ദേഹത്തിന്റെ ബാഹ്യലോകപരിചയം പരിമിതമായിരുന്നു. അപക്വവും അപൂര്‍ണവുമായ ആ കാവ്യത്തിനു വലിയ പ്രാധാന്യമൊന്നും കവി കല്‌പിച്ചിരുന്നില്ല.

"ഓര്‍ക്കുമ്പോളിനിയോര്‍മപോര; കവിത
ക്കാരുണ്ടനേകം തരം
പാര്‍ക്കുമ്പോള്‍ കുരുവീരരാക്കുക, നിറു
ത്തുന്നേന്‍ പൊറുത്തിന്നു ഞാന്‍'.
 

എന്നാണ്‌ അദ്ദേഹം പ്രസ്‌താവിച്ചിട്ടുള്ളത്‌. ആ കാവ്യം പരിഷ്‌കരിച്ചു വീണ്ടും പ്രസിദ്ധപ്പെടുത്തണമെന്നു കണ്ടത്തില്‍ വറുഗീസുമാപ്പിള തമ്പുരാനെ നിര്‍ബന്ധിക്കുകയുണ്ടായി. പുതിയ കവികളുടെ പേരുകള്‍ ചേര്‍ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി തമ്പുരാന്‍ ചില പത്രപ്രസ്‌താവനകളും ഇറക്കി. മൂലൂര്‍ പദ്‌മനാഭപ്പണിക്കരും മറ്റും ചില നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. ഒടുവില്‍ യാതൊരു പരിഷ്‌കാരവും കൂടാതെ പഴയ രൂപത്തില്‍ത്തന്നെ കവിഭാരതത്തിന്റെ പുതിയ പതിപ്പു പ്രസിദ്ധീകരിച്ചു. അതിന്റെ ഫലമായിട്ടാണ്‌ മൂലൂരിന്റെ കവിരാമായണം പുറത്തുവന്നത്‌. കവിഭാരതത്തിലെ ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു:

വെണ്‍മണി മഹന്‍ നമ്പൂരി
"പാര്‍ത്തട്ടില്‍ക്കണ്ട ഭാഷാകവികളുടെയശേ
ഷം ഗുരുസ്ഥാനമായി
പ്പാര്‍ത്തീടും ഹേതുകൊണ്ടും ബഹുവിധ
കവിതാശാസ്‌ത്രസമ്പത്തു കൊണ്ടും
ഇത്രലോക്യം മുഴുക്കെപ്പുകഴയുടയ പുമാന്‍
വെണ്‍മണിക്ഷോണിദേവന്‍
പുത്രന്‍ പൂജ്യന്‍ പുരാണ പ്രഥിത ഗുണഗണ
പ്രീണനാം ദ്രാണനല്ലോ'.
 

വെണ്‍മണിമഹനു ദ്രാണന്റെ സ്ഥാനം നല്‌കിയത്‌ എന്തുകൊണ്ടാണെന്നു കൂടി ഇതില്‍ കവി വ്യക്തമാക്കിയിട്ടുണ്ട്‌. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

"ആയം കണ്ടാഞ്ഞടുക്കും കവിവരകരിസം
ഘങ്ങള്‍ തട്ടിത്തകര്‍പ്പാ
നായിക്കൊണ്ടെത്തിയെന്നാല്‍ പൊരുതു വിരുതു കാ
ട്ടീട്ടെതിര്‍ത്തിട്ടുമൊട്ടും
കായക്ലേശം ജനിക്കാഞ്ഞൊരു കവിമണി വ
ഞ്ചീശ്വരീപ്രാണനാഥന്‍
കോയിപ്പണ്ടാല പാര്‍ത്താല്‍ കവികുരുപൃതനാ
ഭീമനാം ഭീമനത്ര'
കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍
"ഊനത്വം പിണയാതെ രാജകവിയോ
ടൊട്ടൊട്ടടുക്കുന്നൊരീ
ഞാനത്ര കവിസംഘസംഗരമതു
ണ്ടായെങ്കില്‍ മായം വിനാ
മാനത്താല്‍പ്പൊരുതുന്ന ചാരുകൃതവര്‍
മാവെന്നൊരാ യാദവ
സ്ഥാനത്തിന്നനുരൂപനെന്നു മതമി
ദ്‌ദിക്കില്‍ച്ചിലര്‍ക്കൊക്കെയും'.
 

തന്റെ വംശജനും തനിക്കു ഗുരുസ്ഥാനീയനുമായ കൊച്ചുണ്ണിത്തമ്പുരാനെപ്പറ്റി പ്രസ്‌താവിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌:

"സ്വച്ഛന്ദം ഭാഷകൊണ്ടും സുരുചിരതരമാം
സംസ്‌കൃതം കൊണ്ടുമൊപ്പം
മെച്ചം നേടും പ്രകാരം ബഹുവിധ കവിതാ
സൂക്തി വര്‍ഷിക്കമൂലം
ഇച്ചൊന്നോരക്കവിപ്രൗഢരില്‍ മികവുടയോന്‍
കോടിലിംഗാദിനാഥന്‍
കൊച്ചുണ്ണിക്ഷോണിപാലന്‍ കൊടിയ കവിവരന്‍
ദിവ്യനാം സവ്യസാചി'.
 

കാവ്യരൂപത്തില്‍ ഉള്ള ഒരു കവിതാ നിരൂപണമാണ്‌ ഈ വാങ്‌മയം. ഈ ലഘുകാവ്യം ഒരുകാലത്ത്‌ സാഹിത്യകാരന്മാരാല്‍ ആദരിക്കപ്പെട്ടുവന്നിരുന്നു. അന്നത്തെ കവികളെപ്പറ്റി പ്രസ്‌താവിക്കുമ്പോള്‍ ഭാഷാചരിത്രകര്‍ത്താവായ പി. ഗോവിന്ദപ്പിള്ള കവിഭാരതകര്‍ത്താവിന്റെ അഭിപ്രായം ഉദ്ധരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. നോ: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍

(എം.പി. അപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍