This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിപുഷ്‌പമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിപുഷ്‌പമാല

വെണ്‍മണി മഹന്‍നമ്പൂതിരിയുടെ പ്രശസ്‌തമായ ഒരു ലഘുകാവ്യം. അന്നത്തെ പ്രസിദ്ധകവികളില്‍ ഓരോരുത്തരെയും ഓരോ പുഷ്‌പത്തോട്‌ ഉപമിച്ചുകൊണ്ട്‌ ഒരു ചെറു പദ്യകൃതി കാത്തുള്ളില്‍ അച്യുതമേനോന്‍ രചിക്കുകയും അതു പരിശോധിക്കുന്നതിനുവേണ്ടി തന്റെ ആത്‌മസുഹൃത്തായ വെണ്‍മണിമഹന്‌ അയച്ചുകൊടുക്കുകയും ചെയ്‌തു.

രോഗശയ്യയിലായിരുന്ന മഹന്‍ വളരെ നാള്‍ കഴിഞ്ഞിട്ടും മറുപടി അയച്ചില്ല. തെറ്റിദ്ധാരണയ്‌ക്കു വശഗനായ കാത്തുള്ളി പരിഭവപരുഷമായ ഒരു കത്തു വെണ്‍മണിക്ക്‌ അയച്ചു. അതു കണ്ടപ്പോള്‍ വെണ്‍മണി ക്രുദ്ധനായി, കാത്തുള്ളിയുടെ കാവ്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടു നിര്‍മിച്ച (1885) കവനമാണ്‌ "കവിപുഷ്‌പമാല'. വെണ്‍മണിയുടെ വിമര്‍ശനം കണ്ടപ്പോള്‍ സ്വന്തം കാവ്യം വെളിയില്‍ എടുക്കേണ്ട എന്നു കാത്തുള്ളി തീരുമാനിച്ചു. മാത്രമല്ല, ഈ കൃതി അന്നത്തെ കവിതാരംഗത്തു പ്രക്ഷുബ്‌ധത (കവിപുഷ്‌പമാലാവാദം) സൃഷ്ടിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇത്തരത്തിലുള്ള ഏതാനും കൃതികള്‍ (കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കവിഭാരതം, മൂലൂര്‍ പദ്‌മനാഭപ്പണിക്കരുടെ കവിരാമായണം, ഒടുവില്‍ കുഞ്ഞുകൃഷ്‌ണ മേനോന്റെ കവിമൃഗാവലി, പി. കൃഷ്‌ണപിള്ളയുടെ കവിശാകുന്തളം, കോയിപ്പള്ളി പരമേശ്വരക്കുറുപ്പിന്റെ കവിപക്ഷിമാല; കവിമത്സ്യാവലി തുടങ്ങിയവ) കൂടി രചിക്കപ്പെടുകയുണ്ടായി.

കവിപുഷ്‌പമാലയില്‍ വിവിധവൃത്തങ്ങളിലായി 39 ശ്ലോകങ്ങളാണുള്ളത്‌. വെണ്‍മണിയുടെ കവിത്വശക്തി ഇതില്‍ ഉദ്ദാമമായി പ്രകാശിക്കുന്നു. കൂസലില്ലായ്‌മയും തന്റേടവും നിരങ്കുശത്വവും, പരിഹാസപാടവവും ഓരോ ശ്ലോകത്തിലും ഓളം വെട്ടുന്നുണ്ട്‌. പായ്‌ക്കാട്ടു നമ്പൂതിരി എന്ന കവിയെ കാത്തുള്ളി "എച്ചില്‍ക്കുഴിയതില്‍വളരും കാവളപ്പൂവി'നോടായിരുന്നു ഉപമിച്ചത്‌. വെണ്‍മണിയുടെ ധര്‍മരോഷത്തെ ഏറ്റവും കൂടുതല്‍ ഉജ്ജ്വലിപ്പിച്ചത്‌ ഈ പരാമര്‍ശമായിരുന്നു. പ്രസ്‌തുത ശ്ലോകത്തിന്റെ രചനയില്‍ കവിസാര്‍വഭൗമന്‍ കൊച്ചുണ്ണിത്തമ്പുരാന്റെ കൈയുണ്ടെന്നു വെണ്‍മണി ന്യായമായി ഊഹിച്ചു.

തമ്പുരാന്റെ കവിതയെ,
"കേട്ടാല്‍ ഭംഗി ചുരുക്ക, മല്‌പരസമ
		ദ്ധാരാള, മിത്യാദി കൊ
ണ്ടാട്ടേ നല്‌പവിഴാഖ്യമല്ലികയതാ
		കട്ടേ പകിട്ടെന്നിയേ'
 

എന്നിങ്ങനെ, പവിഴമല്ലിയായി കല്‌പിച്ച്‌, ഇടിച്ചു കാണിക്കാനും വെണ്‍മണി മടിച്ചില്ല.

പല കവികള്‍ക്കും കാത്തുള്ളി നല്‌കിയ സ്ഥാനം ശരിയല്ലെന്ന്‌ വെണ്‍മണി യുക്തിയുക്തം സ്ഥാപിച്ചിട്ടുണ്ട്‌. തനിക്കു പനിനീര്‍പ്പൂവിന്റെ സ്ഥാനം തന്നിരിക്കുന്നതു തന്റെ സേവ പിടിക്കാനാണോ എന്നു വെണ്‍മണി ചോദിക്കുന്നു. തനിക്ക്‌ അത്ര വലിയ യോഗ്യതയില്ലെന്ന്‌ അദ്ദേഹം പറയുന്നുണ്ട്‌. ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നത്‌ ഏതു മനുഷ്യനും ഇഷ്ടമായിരിക്കുമെന്നും ആ സ്ഥിതിക്കു തനിക്കു കിട്ടിയ സ്ഥാനം ഇരിക്കട്ടെ എന്നുമാണ്‌ കവിയുടെ പ്രസ്‌താവന. വെണ്‍മണിയുടെ വിനയവും നര്‍മബോധവും ആ ശ്ലോകത്തില്‍ പരിസ്‌ഫുരിക്കുന്നുണ്ട്‌.

"ശങ്കാഹീനം ശശാങ്കാമലതരയശസാ
		കേരളോത്‌പന്ന ഭാഷാ
വന്‍കാട്ടില്‍ സഞ്ചരിക്കും സിതമണിധരണീ
		ദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കവികരിനിടിലം
		തച്ചുടയ്‌ക്കുമ്പോള്‍ നിന്ദാ
ഹങ്കാരം പൂണ്ട നീയാമൊരു കുറുനരിയെ
		ക്കൂസുമോ കുന്നിപോലും'.
 

എന്ന പ്രസിദ്ധ ശ്ലോകം വെണ്‍മണിയുടെ പ്രസ്‌തുത കാവ്യത്തിലുള്ളതാണ്‌. നോ: മഹന്‍ നമ്പൂതിരി, വെണ്‍മണി

(എം.പി. അപ്പന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍