This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിത്രയഭാരതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിത്രയഭാരതം

തെലുഗുവിലെ നന്നയ്യ ഭട്ടാരക, തിക്കന സോമയാജി, എര്‍റണ പ്രഗ്‌ഗഡ എന്നീ മൂന്നു പ്രസിദ്ധ കവികള്‍ പല കാലങ്ങളിലായി പൂര്‍ത്തിയാക്കിയ മഹാഭാരത വിവര്‍ത്തനം. കവിത്രയം (തെലുഗുവില്‍) എന്നറിയപ്പെടുന്ന ഇവരില്‍, നന്നയ്യ ആദി, സഭാപര്‍വങ്ങള്‍ മുഴുവനും ആരണ്യപര്‍വത്തില്‍ കുറച്ചും; തിക്കന വിരാടപര്‍വം മുതല്‌ക്കുള്ള പതിനഞ്ച്‌ പര്‍വങ്ങളും; എര്‍റണ ആരണ്യപര്‍വത്തില്‍ നന്നയ്യ കൈകാര്യം ചെയ്യാത്ത ഭാഗങ്ങളുമാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.

വ്യാസഭാരതത്തിന്റെ പദാനുപദ തര്‍ജുമ എന്നതിനുപരി സ്വതന്ത്രവിവര്‍ത്തനമാണ്‌ "കവിത്രയ ഭാരതം'. മൂലകൃതിയില്‍ ആവശ്യമായ ത്യാജ്യഗ്രാഹ്യവിവേചനം വരുത്തി തങ്ങളുടെ കാവ്യവ്യക്തിത്വം പ്രകടമാക്കുവാന്‍ ഈ കവികള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌.

രാജമഹേന്ദ്രപുരം രാജധാനിയാക്കി നാടുവാണിരുന്ന രാജരാജനരേന്ദ്ര (രാജരാജു)ന്റെ (11-ാം ശ.) ആസ്ഥാനകവിയായിരുന്നു നന്നയ്യ. കൃഷ്‌ണദ്വൈപായന ശ്രഷ്‌ഠനാല്‍ വിരചിതമായ മഹാഭാരതത്തിലെ "നിരൂപിതാര്‍ഥം' വ്യക്തമാക്കിക്കൊണ്ട്‌ തെലുഗുഭാഷയിലെഴുതണമെന്ന രാജരാജുവിന്റെ അഭ്യര്‍ഥനയനുസരിച്ചാണ്‌ ഇദ്ദേഹം ഭാരത വിവര്‍ത്തനം നിര്‍വഹിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. മറ്റു മതങ്ങളുടെ അധിനിവേശം നിമിത്തം ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന വൈദികമതത്തിന്റെ ഉദ്ധാരണമായിരുന്നു നന്നയ്യയുടെ മുഖ്യലക്ഷ്യം. അതുകൊണ്ട്‌ തര്‍ജുമയെന്നതിനെക്കാള്‍ ഒരു സ്വതന്ത്രകാവ്യമാണ്‌ നന്നയ്യയുടെ ഭാരത പരിഭാഷ. ഭാവചിത്രണത്തോടു കൂടിയ കഥാകഥനസമ്പ്രദായം, ശയ്യാഗുണം തികഞ്ഞ ശൈലി, "നാനാര്‍ഥരുചിരാര്‍ഥസൂക്തങ്ങള്‍' എന്നീ ഘടകങ്ങള്‍ ഇദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതകളാണ്‌. പണ്ഡിതന്മാരെയും പാമരന്മാരെയും ഒരുപോലെ രസിപ്പിക്കുവാന്‍ പോന്നതാണ്‌ നന്നയ്യയുടെ ഭാരതവിവര്‍ത്തനം. ചിന്നിച്ചിതറിക്കിടന്ന ഭാഷയ്‌ക്ക്‌ ഐകരൂപ്യം വരുത്തി എന്നതിനാലാവാം "ശബ്‌ദസ്യാസനന്‍' എന്ന ബഹുമതിനന്നയ്യയ്‌ക്കു ലഭിച്ചത്‌. നന്നയ്യയുടെ ഉന്നം വൈദികമതോദ്ധാരണമായിരുന്നെങ്കില്‍ തിക്കന(13-ാം ശ.)യുടേത്‌ ഹരിഹരനാഥതത്ത്വം പ്രചരിപ്പിക്കലായിരുന്നു.

"കിമസ്‌തിമാലം കിമുകൗസ്‌തുഭം വാ
പരിഷ്‌ക്രിയായാം ബഹുമന്യസേ ത്വം
കിം കാലകൂടഃ കിമുവാ യശോദാ
സ്‌തന്യം തവ സ്വാദുവദ പ്രഭോ മേ'
 

എന്ന രീതിയില്‍ ഹരിഹരനാഥ പ്രകീര്‍ത്തനം നടത്തുകയാണ്‌ തിക്കന തന്റെ ഭാരത രചന വഴി ചെയ്‌തത്‌. നാടകീയത മുറ്റി നില്‌ക്കുന്ന ഒരു ആഖ്യാനസമ്പ്രദായമാണ്‌ തിക്കന അവലംബിച്ചത്‌. നന്നയ്യ സംസ്‌കൃതപദങ്ങള്‍ കൂടുതലുപയോഗിച്ചെങ്കില്‍ തിക്കന സ്വീകരിച്ചത്‌ ചെറിയ ചെറിയ തെലുഗു പദങ്ങളെക്കൊണ്ടുള്ള രചനാശൈലിയാണ്‌. പാത്രസൃഷ്ടിയുടെ കാര്യത്തിലും തിക്കനയാണ്‌ മുന്നിട്ടു നില്‌ക്കുന്നത്‌. ഗാന്ധാരി, കുന്തി, ദ്രൗപദി, ശ്രീകൃഷ്‌ണന്‍, കര്‍ണന്‍, വിദുരര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ വളരെ മിഴിവുറ്റവയാണ്‌. മരിച്ചു കിടക്കുന്ന തന്റെ പുത്രന്മാരെയെല്ലാം കണ്ടിട്ട്‌ (സ്‌ത്രീപര്‍വം) പരിതപിച്ച്‌ അവരുടെ മരണത്തിനു കാരണക്കാരനായ ഭീമനോട്‌ എന്റെ മക്കളില്‍ ഒരാള്‍ പോലും നിനക്കു ദ്രാഹം ചെയ്യാത്തവനായിട്ടില്ലായിരുന്നോ എന്ന്‌ വേദനയോടെ ചോദിക്കുന്ന ഗാന്ധാരിയുടെ ചിത്രം അനുവാചകമനസ്സില്‍ ചിരപ്രതിഷ്‌ഠ നേടുന്നതാണ്‌. നന്നയ്യ നേരിട്ടു കഥാകഥനം നടത്തുമ്പോള്‍ തിക്കന പുറകില്‍ നിന്ന്‌ കഥാപാത്രങ്ങളെക്കൊണ്ട്‌ സംസാരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എര്‍റണ ആരണ്യപര്‍വരചനയില്‍ ആദ്യമൊക്കെ നന്നയ്യയെ അനുകരിക്കുകയാണ്‌ ചെയ്‌തത്‌. പിന്നീട്‌ തിക്കനയുടെ രീതി സ്വീകരിച്ചു. ഒരു വശത്ത്‌ ആദിസഭാപര്‍വങ്ങളെയും മറുവശത്ത്‌ വിരാടപര്‍വം തുടങ്ങിയുള്ള പതിനഞ്ചു പര്‍വങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി വര്‍ത്തിക്കുന്നു എര്‍റണയുടെ രചന. അതേ സമയം സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌.

(നാ. ഭക്തവത്‌സല റെഡ്‌ഡി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍