This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിതാവിനോദങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിതാവിനോദങ്ങള്‍

ബുദ്ധിപരമായ ഒരു വിനോദമായി കവിതയെ ഉപയോഗപ്പെടുത്തുന്ന സമ്പ്രദായം. ദ്രുതകവിതാരചന, സമസ്യാപൂരണം കവിതയിലൂടെ കത്തുകള്‍ കൈമാറുക തുടങ്ങി കവിതാവിനോദങ്ങള്‍ പലവിധമുണ്ട്‌. മുമ്പ്‌ ദ്രുതകവിതാരചന നമ്മുടെ കവികളുടെ ഒരു പ്രധാന സാഹിത്യവിനോദമായിരുന്നു. അന്ന്‌ കവിതാസമാജങ്ങള്‍ പതിവായിരുന്നു. ഈ സമാജങ്ങളില്‍ കവിതാവിംശതി പരീക്ഷകളും കവിതാചാതുര്യപരീക്ഷകളും നടത്തപ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കുണ്ടൂര്‍ നാരായണമേനോന്‍, കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കെ.സി. കേശവപിള്ള, പന്തളം കേരളവര്‍മ തമ്പുരാന്‍ തുടങ്ങിയ നമ്മുടെ മഹാകവികള്‍ ദ്രുതകവിതാരചനയില്‍ മുമ്പന്മാരായിരുന്നു. വര്‍ണനാചാതുര്യം, പദഘടനാപാടവം, പ്രാസപ്രയോഗവൈദഗ്‌ധ്യം എന്നിവയായിരുന്നു ഇവരുടെ പ്രത്യേകതകള്‍. "സരസദ്രുതകവികിരീടമണി' എന്ന ബഹുമാന്യബിരുദത്താല്‍ സുവിദിതനായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. ഈ വിഷയത്തില്‍ തമ്പുരാന്റെ സമസ്‌കന്ധനായിരുന്നു കെ.സി. കേശവപിള്ള. കെ.സി.യുടെ,

"അങ്കത്തിങ്കലലം കളങ്കരഹിതം സംക്രാന്തമായീടുമ
ത്തങ്കപ്പങ്കജ മങ്കതന്‍ കുളുര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കും കുങ്കുമ പങ്ക സങ്കലനയാലങ്കാര സങ്കാരമാ
മങ്കം പങ്കഹരം കലര്‍ന്നൊരുടല്‍ മേ സങ്കേതമാം കേവലം'
 

എന്ന ശ്ലോകം 1862ല്‍ കോട്ടയത്തുവച്ചു നടത്തപ്പെട്ട ദ്രുതകവിതാമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. 1895ല്‍ തിരുവനന്തപുരത്തു വച്ചു നടന്ന കവിതാചാതുര്യപ്പരീക്ഷയിലും കെ.സി. പ്രഥമസ്ഥാനം കരസ്ഥമാക്കി. സമസ്യാപൂരണമായിരുന്നു മറ്റൊരു കവിതാവിനോദം. ഇതില്‍ ഒരു ശ്ലോകത്തിലെ നാലാംപാദം നല്‌കിയിട്ട്‌ ആദ്യപാദങ്ങള്‍ പൂരിപ്പിക്കാനാവശ്യപ്പെടുന്നു. ഓരോരുത്തരും തനതായ രീതിയില്‍ അതു പൂരിപ്പിക്കുന്നു. ഒരു ഉദാഹരണം:

"....................................................
ദുഷ്‌കാവ്യവും മൂട്ടയുമെന്നപോലെ'.
ഈ സമസ്യയുടെ ഒരു പൂരണമിങ്ങനെയാണ്‌:
"ഉള്‍ക്കാമ്പിനേറ്റീടിന ബാധ നല്‌കും
ചിക്കെന്നു ശയ്യക്കതിദോഷമേകും
തീര്‍ക്കായ്‌കില്‍ വേഗത്തില്‍ വളര്‍ന്നു കൂടും
ദുഷ്‌കാവ്യവും മൂട്ടയുമൊന്നുപോലെ.'
 

ദുഷ്‌കാവ്യവും മൂട്ടയും ഒരുപോലെ ശല്യകാരികളാണ്‌. അവ ഉള്‍ക്കാമ്പിനെ വേദനിപ്പിക്കും: ശയ്യയ്‌ക്കു ദോഷം ചെയ്യും. (ദുഷ്‌കാവ്യം കവിതാശയ്യയ്‌ക്കെന്നപോലെ മൂട്ട കിടക്കയ്‌ക്കു ദോഷമുണ്ടാക്കും). അവയെ നശിപ്പിച്ചില്ലെങ്കില്‍ അവ വേഗത്തില്‍ വളര്‍ന്നു പെരുകും. മറ്റൊന്ന്‌ താഴെ കൊടുക്കുന്നു:

"....................................................
ഗജേന്ദ്രവൃന്ദം ഗഗനേ പറന്നു'.
ആനകള്‍ ആകാശത്തു പറന്നു! ആയില്യം തിരുനാള്‍ മഹാരാജാവിന്റേതാണ്‌ ഈ സമസ്യ. 1876ല്‍ മുറജപത്തില്‍ സന്നിഹിതനായ വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാടിനോട്‌ ചൊല്ലിയതാണിത്‌. വെണ്‍മണി മഹന്‍ അതു പെട്ടെന്നു പൂരിപ്പിച്ചു:
"ദ്വിജാവനം ചെയ്‌തരുളും ത്വദീയ
ദ്വിജാധിപ ശ്രീ കലരുന്ന കീര്‍ത്ത്യാ
നിജാക്രമം വിട്ടഥ കൂരിരുട്ടാം
ഗജേന്ദ്രവൃന്ദം ഗഗനേ പറന്നു'.
 

ശ്ലോകരൂപേണ കത്തുകളയയ്‌ക്കുകയെന്നത്‌ മുമ്പ്‌ നമ്മുടെ കവികളുടെ മറ്റൊരു വിനോദമായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്‌ ഈ രീതിക്കു പ്രചാരമുണ്ടാക്കിയത്‌. തമ്പുരാന്‍ സുഹൃത്തുക്കളായ മറ്റു കവികളോടു സംസാരിച്ചു വന്നതുപോലും കവിതയിലായിരുന്നു. ഒരിക്കല്‍ തമ്പുരാനും കെ.സി. കേശവപിള്ളയും കൂടി വള്ളത്തില്‍ യാത്ര ചെയ്‌തു. യാത്ര തീരുന്നതുവരെ തമ്പുരാന്‍ ശ്ലോകരൂപത്തിലും കെ.സി. ഗാനരൂപത്തിലുമാണത്ര സംഭാഷണം നടത്തിയത്‌. മകളുടെ മരണവും മകനെ പട്ടികടിച്ചതും ഒക്കെ തമ്പുരാന്‍ സുഹൃത്തുക്കളെ എഴുതിയറിയിച്ചത്‌ കവിതയിലൂടെയാണ്‌. കൊട്ടാരത്തില്‍ ശങ്കുണ്ണിക്കുതന്നെ ഇദ്ദേഹം കത്തുകളായി അഞ്ഞൂറില്‍പ്പരം ശ്ലോകങ്ങള്‍ അയച്ചിരുന്നു. കെ.സി.ക്ക്‌ അയച്ച "കവിതക്കത്തുകള്‍' നൂറിലധികമുണ്ട്‌. ഒരിക്കല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ച ഒരു കത്തില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഇങ്ങനെ എഴുതി:

"നമ്മുടെ മകനുടെ കൈയില്‍ ചുമ്മാ നില്‌ക്കുന്ന
			നേരമൊരു പട്ടി
നിര്‍മര്യാദം കടിപിടിയമ്മേ, പറ്റിച്ചു, പറ്റിച്ചു.
പതിനഞ്ചുദിനം കഴിഞ്ഞുവെന്നാലതിനിന്നും 
			വ്രണമുണങ്ങീടാതെ
അതിസങ്കടമേകീടുന്നു പാര്‍ത്താലതിലാണധികം
			സഖേ, വിഷാദം.'
 

മറ്റൊരു കത്തില്‍ ഗ്രന്ഥരചന തുടര്‍ന്നു നടത്താന്‍ ശങ്കുണ്ണിയെ ഇദ്ദേഹം ഉപദേശിക്കുന്നു:

"മുറയ്‌ക്കു താന്‍ ഗ്രന്ഥമിരുന്നു തീര്‍ക്കു
കറയ്‌ക്കുകെന്നാകിലറച്ചിടട്ടെ;
ഉറയ്‌ക്കണം വേണ്ടതില്‍ വേണ്ടപോലെ
യിരിക്കണം; വന്നതു വന്നു പിന്നെ.
ജനിച്ചിടുമ്പോള്‍ കവിവര്യനായി
ജ്ജനിച്ചൊരാളാരിഹ പാരിടത്തില്‍?
നിനയ്‌ക്കുകുത്‌സാഹസുധാരസത്താല്‍
നനയ്‌ക്കില്‍ നേരേ വളരാത്തതുണ്ടോ?
തുടങ്ങണം കാര്യ, മതൊന്നിടയ്‌ക്കു
മുടങ്ങിയാലന്നു മുടങ്ങിടട്ടെ.
നടുങ്ങിടാതായതിലേതുമേ പിന്‍
മടങ്ങിടാഞ്ഞാലൊരു നാള്‍ ജയിക്കും.'
 

പി.വി. കൃഷ്‌ണവാരിയരോട്‌ ഒരു പെന്‍സില്‍ ആവശ്യപ്പെടുന്നു, തമ്പുരാന്‍:

"പെരുമാള്‍ച്ചെട്ടിപ്പെന്‍സിലി
നറുതിയിതാ വന്നു ഭാരതാപ്പീസില്‍
ഒരു കോലയച്ചു തരേണം
വെറുതേ കരുതിക്കിടന്നീടും വകയില്‍'.
 

സ്വകാര്യക്കത്തുകള്‍ കൂടാതെ കവിതാരൂപത്തിലുള്ള കത്തുകള്‍ പത്രപംക്തികളില്‍ പ്രസിദ്ധീകരിക്കുന്നതിലും അന്നത്തെ കവികള്‍ ഉത്‌സുകരായിരുന്നു. കട്ടക്കയത്തിന്റെ കവിതകള്‍ അല്‌പകാലം കാണാഞ്ഞിട്ട്‌ മനോരമയില്‍ നടുവത്തച്ഛന്‍ ഇങ്ങനെയെഴുതി:

"കോട്ടം വിനാ തന്‍കവിതാമൃതത്തെ
പ്പെട്ടെന്നൊഴിക്കാതെ ജഗത്തിലെങ്ങും
കഷ്ടം വസിക്കുന്നതിനെന്തു ബന്ധം
കട്ടക്കയം തെല്ലുനികന്നു പോയോ?'
 

ഒടുവില്‍ കുഞ്ഞിക്കൃഷ്‌ണമേനോന്‍ മനോരമയോട്‌ ചോദിച്ചതിങ്ങനെയാണ്‌:

"ചട്ടറ്റിടുന്ന നവഭൂഷകള്‍ നിന്‍ കഴുത്തില്‍
കെട്ടിച്ചു പണ്ടു വളരെപ്പുകഴാണ്ട വിദ്വാന്‍
കട്ടക്കയത്തിലമരുന്ന കവീന്ദ്രനാമെ
ന്നിഷ്ടന്നു നല്ല സുഖമോ ശുകവാണിയാളേ?'
 

കട്ടക്കയം കവിതയിലൂടെതന്നെ മറുപടി പറഞ്ഞു.

"പാലായില്‍ നിന്നു മൈലഞ്ചു കിഴക്കു ഞാനെന്‍
സ്യാലത്രയം സഹജനൊത്തിവരോടു കൂടി
ബാലേ, വിലയ്‌ക്കു നിലമിത്തിരി വാങ്ങിയപ്പോള്‍
ചാലുണ്ടതില്‍ നടുവിലെന്നുമറിഞ്ഞിടേണം.
ചാലൊക്കെയും സമനിരപ്പുവരുത്തി നല്ല
ചേലാക്കി നെല്‍ക്കൃഷിയതിന്നുപയുക്തമാക്കി
ചാലില്‍ കുറേ കമുകു, തെങ്ങു, പിലാവു, വാഴ
കോലും മുദാ മരിചയെന്നിവ നട്ടിടുന്നു'.
 

കട്ടക്കയത്തിനെ കളിയാക്കി ഏതോ ഒരു കവി രചിച്ച ഒരു ശ്ലോകവും കവിതാവിനോദത്തിന്‌ ഉദാഹരണമാണ്‌:

"പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍ പുറത്താഖു മൃഗാധിരാജന്‍,,
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍,
കട്ടക്കയം ക്രസ്‌തവ കാളിദാസന്‍'.
 

കവിതാരൂപേണയുള്ള സംവാദങ്ങളില്‍ പ്രസിദ്ധമാണ്‌ സരസകവി മൂലൂരിന്റെ പണിക്കര്‍ സ്ഥാനത്തെച്ചൊല്ലി ഉണ്ടായ സാഹിത്യവഴക്ക്‌. മൂലൂര്‍ ആദ്യകാലത്ത്‌ "ശൗണ്ടികന്‍' എന്ന തൂലികാനാമത്തിലാണ്‌ കവിതകള്‍ പ്രസിദ്ധപ്പെടുത്തിവന്നത്‌. ആ പേര്‌ അന്നത്തെ ഈഴവപ്രമാണിമാര്‍ക്കു രസിച്ചില്ല. ശൗണ്ടികന്‍ എന്ന വാക്കിന്‌ കള്ളുവില്‌പനക്കാരന്‍ എന്നര്‍ഥമുണ്ടത്ര. അതിനാല്‍ മൂലൂര്‍ പണിക്കര്‍ സ്ഥാനം സ്വീകരിച്ചു. സവര്‍ണരായ കവികള്‍ക്ക്‌ അതിഷ്ടപ്പെട്ടില്ല. ഒടുവില്‍ കുഞ്ഞിക്കൃഷ്‌ണമേനോന്‍ മൂലൂരിനെ കളിയാക്കി:

"മാനം ചേരും ഭവാനോടഹമൊരുകഥ
		ചോദിച്ചിടുന്നിപ്പണിക്കര്‍
സ്ഥാനം ശ്രീവഞ്ചിഭൂപാലകനൊടു തിരുമുല്‍
		ക്കാഴ്‌ചയാല്‍ വാങ്ങുമെന്നോ,
താനേ പ്രായം തികഞ്ഞീടുകിലണയുവതോ
		പൂര്‍വസിദ്ധാധികാരാ
ലൂനം കൈവിട്ടു ചൊല്ലീടണമിതു
കപടച്ചോദ്യമെന്നോര്‍ത്തിടല്ലേ!'
 

സി.എസ്‌. സുബ്രഹ്മണ്യന്‍ പോറ്റിയും മൂലൂരിനെ പരിഹസിക്കുകയുണ്ടായി:

"പണിക്കനെയൊന്നു പരിഷ്‌കരിച്ചാല്‍
പണിക്കരാമെന്നു നിനച്ചിടേണ്ട.
നിനയ്‌ക്കെടോ കാക്ക കുളിച്ചു നന്നായ്‌
മിനുക്കിയാല്‍ ഹംസമതാകുമെന്നോ?'
 

ഇതിനു മൂലൂര്‍ കവിതയില്‍ത്തന്നെ മറുപടി നല്‌കി. മലയാളമനോരമയും വിദ്യാവിനോദിനിയും മറ്റും കവിതാരൂപേണയുള്ള സാഹിത്യവിനോദത്തെ പ്രാത്‌സാഹിപ്പിച്ചിരുന്നു. എന്നാല്‍ ആപാദചൂഡം പദ്യമായിത്തന്നെ ഒരു പ്രതിപക്ഷപത്രം കൊ.വ. 1080 വൃശ്ചികം ഒന്നിനു പന്തളത്തു നിന്നു പ്രസിദ്ധീകൃതമായികേരളവര്‍മത്തമ്പുരാന്റെ കവനകൗമുദി. ഒരു പക്ഷേ, ലോകഭാഷകളില്‍ മറ്റൊന്നിലും തന്നെ ഇത്തരമൊരു പ്രസിദ്ധീകരണം ഉണ്ടായിക്കാണുകയില്ല. വാര്‍ത്തകള്‍, പുസ്‌തക നിരൂപണങ്ങള്‍, മുഖലേഖനങ്ങള്‍ എന്നു വേണ്ട പരസ്യങ്ങള്‍ പോലും പദ്യത്തിലായിരുന്നു:

"പണമിടപെട്ടൊരെഴുത്തുകളണുവും
		തെറ്റാതപേക്ഷയും
അടിയില്‍ക്കാണും പേര്‍ വെച്ചുടനി
		വിടെത്തിച്ചു കൊള്ളണം നിയതം'.
 

എന്നാണ്‌ ഏജന്റുമാര്‍ക്കും വരിക്കാര്‍ക്കും നിര്‍ദേശം നല്‌കുന്നത്‌.നോ: കവനകൗമുദി പ്രഹേളിക അഥവാ കടംകഥയാണ്‌ മറ്റൊരു കവിതാവിനോദം. യഥാര്‍ഥമായ അര്‍ഥത്തെ മറച്ചുവച്ച്‌ വാച്യമായ മറ്റൊരര്‍ഥം പ്രകാശിപ്പിക്കുന്ന പ്രയോഗരീതിയാണ്‌ പ്രഹേളികയുടേത്‌. അര്‍ഥപ്രധാനവും ശബ്‌ദപ്രധാനവുമായ പ്രഹേളികകളുണ്ട്‌. അര്‍ഥ പ്രധാന പ്രഹേളികയുടെ ഒരു ഉദാഹരണം:

"തരുണ്യാലിംഗതഃ കണ്‌ഠേ
നിതംബ സ്ഥല മാശ്രിതഃ
ഗുരൂണാം സന്നിധാനേളപി
കഃകൂജതി മുഹുര്‍ മുഹുഃ'
 

കണ്‌ഠത്തില്‍ തരുണിയാല്‍ ആലിംഗിതനും, നിതംബസ്ഥലത്തെ ആശ്രയിക്കുന്നവനും ആയ ആരാണ്‌ ഗുരുസന്നിധിയില്‍ പോലും വീണ്ടും വീണ്ടും ശബ്‌ദമുണ്ടാക്കുന്നത്‌? അശ്ലീലാര്‍ഥദ്യോതകമായ ഒരു "ഇമേജ്‌' ആണ്‌ ഈ ശ്ലോകത്തില്‍ പ്രത്യക്ഷമായി അനുഭവപ്പെടുക. എന്നാല്‍ യഥാര്‍ഥമായ അര്‍ഥം മറ്റൊന്നാണ്‌: സ്‌ത്രീയുടെ ഒക്കത്തിരിക്കുന്ന, കഴുത്തില്‍ കൈചേര്‍ത്തു പിടിച്ചിരിക്കുന്ന, അവള്‍ നടന്നു പോകുമ്പോള്‍ ഉള്ളിലെ വെള്ളം ശബ്‌ദമുണ്ടാക്കുന്ന കുടം! ശബ്‌ദപ്രധാനമായ പ്രഹേളികയെ താഴെച്ചേര്‍ത്തിരിക്കുന്ന ശ്ലോകം ഉദാഹരിക്കുന്നു:

"സദാരിമധ്യാ വിന വൈരിയുക്താ
നിതാന്ത രക്താപി സിതൈവനിത്യം
യഥോക്തിവാദിന്ന്യപി നൈവദൂതി
കാനാമ കാന്തേതി നിവേദയാശു?'
 

സദാരിമധ്യ (എപ്പോഴും ശത്രുക്കളുടെ നടുവില്‍) ആണെങ്കിലും വൈരിയുക്ത (വൈരികളോടു കൂടിയവള്‍) അല്ല; നിതാന്തരക്ത (ഏറ്റവും ചുവന്ന നിറത്തോടു കൂടിയവള്‍) ആണെങ്കിലും എപ്പോഴും സിത (വെളുത്തവള്‍) ആണ്‌. യഥോക്തിവാദി (പറഞ്ഞതുപോലെ പറഞ്ഞവള്‍) ആണെങ്കിലും ദൂതിയല്ല; അപ്രകാരമുള്ള കാന്ത (സുന്ദരി)യുടെ പേരെന്താണ്‌? വേഗം പറയൂ (ആശുനിവേദയ). മൂന്നു പാദത്തിലും വിരോധം തോന്നുന്നുണ്ട്‌. എന്നാല്‍ താഴെപ്പറയും പോലെ അര്‍ഥം സ്വീകരിക്കുമ്പോള്‍ അതു പരിഹൃതമാകുന്നു. സദാരിമധ്യാ ണ്ണ സദാ + രിമധ്യാ. എപ്പോഴും രി എന്ന അക്ഷരം മധ്യത്തിലുള്ളവള്‍. സിതൈവ ണ്ണ സിത + ഏവ. "സ' എന്ന അക്ഷരത്തോടു കൂടിയവള്‍ (സാ + ഇത). കാന്താ എന്നതിന്‌ കാ എന്ന അക്ഷരം അന്ത്യത്തിലുള്ളവള്‍ എന്നര്‍ഥം. അപ്പോള്‍ സാകാരാദ്യവും രികാരമധ്യവും കാകാരാന്ത്യവും ഉള്ള പദംസാരികാ. ഇത്തരം കവിതാവിനോദങ്ങള്‍ ഇന്ന്‌ അത്ര സാധാരണമല്ല. നോ: സമസ്യാപൂരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍