This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിതാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവിതാവലി

രാമായണകഥയെ ആധാരമാക്കി തുളസീദാസന്‍ വ്രജഭാഷയില്‍ രചിച്ച ഒരു പ്രകൃഷ്ടകൃതി. കവിതാരാമായണമെന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. കാവ്യശയ്യയില്‍ കാണുന്ന വൈവിധ്യവും കവിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും വച്ചു നോക്കുമ്പോള്‍ ഇതിന്റെ രചനാകാലം എ.ഡി. 1598നും 1623നും ഇടയ്‌ക്കാണെന്ന്‌ ഊഹിക്കാം.

കഥാഘടനകൊണ്ട്‌ പ്രബന്ധകാവ്യമാണെങ്കിലും സവൈയാ, കവിത്ത്‌, ഛപ്പയ്‌, ഝൂല്‍നാ എന്നീ വൃത്തങ്ങളില്‍ എഴുതിയിട്ടുള്ള ഇതിലെ പദ്യങ്ങള്‍ മുക്തകങ്ങളാണ്‌. രാമായണത്തെപ്പോലെ കാണ്ഡങ്ങളായി വിഭജിച്ചിട്ടുള്ള ഈ കൃതിയില്‍ ആകെ 325 പദ്യങ്ങളടങ്ങിയിരിക്കുന്നു. പക്ഷേ കാണ്ഡങ്ങളുടെ വലുപ്പം ആനുപാതികമല്ല. ഉദാ. ഉത്തരകാണ്ഡത്തിലെ പദ്യസംഖ്യ: 183 ആണ്‌; ആരണ്യകിഷ്‌കിന്ധാകാണ്ഡങ്ങളിലാകട്ടെ ഒന്നു വീതവും. അയോധ്യയില്‍ വിശ്വാമിത്രന്‍ വരുന്നതും, ശ്രീരാമന്‍ അഹല്യയ്‌ക്കു മുക്തി നല്‌കുന്നതും, കൈകേയി ദശരഥനോടു വരം വാങ്ങുന്നതും മറ്റുമായ പല പ്രധാന കഥാഭാഗങ്ങളും കവി വിട്ടു കളഞ്ഞിരിക്കുന്നു. ഉത്തരകാണ്ഡത്തിന്‌ കഥയുമായി യാതൊരു ബന്ധവും കാണുന്നില്ല. എങ്കിലും ഈ കാണ്ഡത്തിലെ ജ്ഞാനഭക്തിവൈരാഗ്യ പ്രതിപാദകങ്ങളും ആത്മനിവേദനപരങ്ങളുമായ അനേകം പദ്യങ്ങള്‍ കവിയുടെ വ്യക്തിജീവിതത്തിലും സമകാലീന സാമൂഹികജീവിതത്തിലും വെളിച്ചം വീശുന്നവയാകയാല്‍ ശ്രദ്ധേയങ്ങളാണ്‌. കഥാഘടന ശിഥിലമാണെങ്കിലും വര്‍ണനാപാടവം, രസാവിഷ്‌കരണം, പദഘടനാചാതുരി എന്നിവയില്‍ മികച്ചു നില്‌ക്കുന്ന "കവിതാവലി'യെ "ഭക്തികാല'ത്തെത്തുടര്‍ന്നു വന്ന "രീതികാല'ത്തെ കവികള്‍ രൂപപ്രധാനമായ സ്വകാവ്യശില്‌പത്തിന്‌ മാതൃകയായി അംഗീകരിക്കുകയുണ്ടായി.

(സി.ജി. രാജഗോപാല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍