This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കവിത

കവിയുടെ കര്‍മമാണ്‌ കാവ്യം അഥവാ കവിത. കവിത സാമാന്യാര്‍ഥത്തിലും കാവ്യം വിശേഷാര്‍ഥത്തിലും ഉപയോഗിക്കാറുണ്ടെങ്കിലും പര്യായശബ്‌ദങ്ങള്‍ പോലെയും പ്രയോഗിക്കും. ശബ്‌ദിക്കുക എന്നര്‍ഥമുള്ള "കു', ധാതുവില്‍ നിന്നോ വര്‍ണിക്കുക എന്നര്‍ഥമുള്ള "കവൃ' ധാതുവില്‍ നിന്നോ "കവി'ശബ്‌ദം നിഷ്‌പാദിപ്പിക്കാം. ഇംഗ്ലീഷിലെ പോയറ്റ്‌, പോയട്രി എന്നീ പദങ്ങള്‍ "സൃഷ്‌ടിക്കുക' എന്നര്‍ഥം വരുന്ന ഒരു ഗ്രീക്ക്‌ (പോയ്യിന്‍ Poiein) ധാതുവിനോടു ബന്ധപ്പെട്ടിരിക്കുന്നു. കവിയുടെ സൃഷ്‌ടി കവിതയാകുന്നു. സംസ്‌കൃതത്തിലെ കവിശബ്‌ദത്തിന്‌ നിരുക്തിയനുസരിച്ചു സൃഷ്‌ടിയോടു ബന്ധമില്ലെങ്കിലും കവിയെ പ്രജാപതി എന്നു വിളിക്കാറുണ്ട്‌. കവിയും ബ്രഹ്മാവിനെപ്പോലെ സൃഷ്‌ടികര്‍ത്താവാണെന്നര്‍ഥം. റോമില്‍ കവികളെ "വാത്തസ്‌' (Vates)എന്നാണ്‌ വിളിച്ചുവരുന്നത്‌. ഇത്‌ കവിയുടെ ദീര്‍ഘദര്‍ശനസ്വഭാവത്തിലാണ്‌ ഊന്നുന്നത്‌. കവിയെ ക്രാന്തദര്‍ശിയായി സംസ്‌കൃതാലങ്കാരികന്മാര്‍ കരുതുന്നു. ചുരുക്കത്തില്‍ കവിയുടെ സവിശേഷമായ കഴിവുകളുടെ ഫലമായ നൂതനസൃഷ്‌ടി തന്നെ കവിത.

സ്വരൂപ നിര്‍ധാരണം

പൗരസ്‌ത്യ ദൃഷ്‌ടിയില്‍

പ്രതിഭാശാലിയായ ഒരാള്‍ ആത്‌മാവിഷ്‌കാരത്തിനുള്ള ആന്തരികത്വരയാല്‍ ചലിപ്പിക്കപ്പെടുമ്പോള്‍ ഭാഷയിലൂടെ സര്‍ഗവ്യാപാരം നടത്തുകയും അങ്ങനെ കാവ്യം സംജാതമാവുകയും ചെയ്യുന്നു. കവിതയില്‍ ശബ്‌ദവും അര്‍ഥവും എപ്പോഴും ഒരുമിച്ചു ചേര്‍ന്നിരിക്കും. എങ്കിലും വ്യവഹാരസൗകര്യത്തിനുവേണ്ടി അവ രണ്ടും വേര്‍തിരിച്ചു പറയാറുണ്ട്‌. വേര്‍തിരിഞ്ഞിരിക്കുന്നതെന്നു സങ്കല്‌പിക്കപ്പെടുന്ന ശബ്‌ദവും അര്‍ഥവും ചേര്‍ന്നാല്‍ കാവ്യമായി. " ശബ്‌ദാര്‍ഥൗ സഹിതൗ കാവ്യം' എന്ന്‌ ഭാമഹന്‍ പറയുന്നു (കാവ്യാലങ്കാരം ക16). എന്നാല്‍ ശബ്‌ദവും അര്‍ഥവും സഹിതമായി വന്നാല്‍ സാര്‍ഥക ശബ്‌ദമേ ആകുന്നുള്ളു; ഭാഷണത്തിന്റെ ഏറ്റവും ചെറിയ ഏകകമായ വാക്യം പോലും ആവുന്നില്ല. കൂടാതെ, നിത്യജീവിത വ്യവഹാരത്തിലും ശബ്‌ദവും അര്‍ഥവും സഹിതമായ സ്ഥിതിയില്‍ത്തന്നെ ഭാഷ പ്രയോഗിക്കപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ മുന്‍പറഞ്ഞ നിര്‍വചനം പരിഷ്‌കരിക്കേണ്ടിവരുന്നു.

ശബ്‌ദവും അര്‍ഥവും തമ്മിലുള്ള ഹൃദയംഗമമായ സമ്മേളനമാണ്‌ കവിത എന്ന പദം കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. പാര്‍വതീപരമേശ്വരന്മാരുടേതുപോലെ ഹൃദ്യവും നിത്യവുമാണിത്‌. സാധാരണ വ്യവഹാരത്തില്‍ സമഞ്‌ജസത കാണുകയില്ല. പദങ്ങള്‍ ചേര്‍ന്ന്‌ വാക്യവും വാക്യങ്ങള്‍ ചേര്‍ന്ന്‌ ഖണ്ഡികയും ഖണ്ഡികകള്‍ ചേര്‍ന്ന്‌ പ്രബന്ധവും ആരചിതമാവുന്നു. ഇവിടെയും ആഹ്ലാദകാരിയായ ചേര്‍ച്ചയാണ്‌ ഉന്നം. "രമണീയാര്‍ഥത പ്രതിപാദകഃശബ്‌ദഃ കാവ്യം' (രസഗംഗാധരം) എന്ന്‌ ജഗന്നാഥപണ്ഡിതന്‍ പറഞ്ഞത്‌ അതുകൊണ്ടാണ്‌. രമണീയമായ അര്‍ഥം വേണം. രമണീയത എന്താണ്‌? "രമണീയതാ ച ലോകോത്തരാഹ്ലാദജനകജ്ഞാനഗോചരതാ'എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ലോകോത്തരമായ ആഹ്ലാദം ഉളവാക്കുന്ന ജ്ഞാനത്തിനു ഗോചരമായിരിക്കുന്ന സ്ഥിതിയാണ്‌ രമണീയത. അപ്പോള്‍ കാവ്യപാരായണം ആഹ്ലാദജനകമാണ്‌. ആ ആഹ്ലാദമാകട്ടെ ചീട്ടുകളിയില്‍നിന്നോ സദ്യയുണ്ണുന്നതില്‍ നിന്നോ കിട്ടുന്ന തരത്തിലുള്ളതല്ല; ലോകോത്തരമാണ്‌; അലൗകികമെന്നും ബ്രഹ്മാനന്ദസഹോദരമെന്നും വരെ ആ ആനന്ദത്തെപ്പറ്റി ഭാരതീയര്‍ പറയുന്നുണ്ട്‌. സ്വന്തം സുഖദുഃഖങ്ങളെ പാടേ വിസ്‌മരിച്ചുകൊണ്ട്‌ ശബ്‌ദാര്‍ഥങ്ങളുടെ പരസ്‌പരമേളനത്താല്‍ കവി സൃഷ്‌ടിക്കുന്ന ഭാവപ്രപഞ്ചത്തിലേക്ക്‌ ഭാവുകന്‍ പ്രവേശിക്കുമ്പോഴാണ്‌ ഈ ആനന്ദം ജനിക്കുന്നത്‌.

പാശ്ചാത്യ ദൃഷ്‌ടിയില്‍

കാവ്യത്തെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടുള്ള പാശ്‌ചാത്യരില്‍ ഏറ്റവും പ്രാചീനനും പ്രാമാണികനും ആയ പണ്ഡിതന്‍ പ്ലേറ്റോ (ബി.സി. 428-348)ആണ്‌. ഇദ്ദേഹം "പൗരശാസ്‌ത്ര'ത്തെപ്പറ്റി പറയുന്ന കൂട്ടത്തില്‍ കവിതയെപ്പറ്റി ആനുഷംഗികമായി ചിലതു പറയുകയാണുണ്ടായത്‌. ഉത്തമ വിദ്യാഭ്യാസ മാധ്യമമെന്ന നിലയ്‌ക്കോ ചിത്സ്വരൂപത്തിന്റെ (The Idea) അനുകരണമെന്ന നിലയ്‌ക്കോ കവിത വിജയിക്കുന്നില്ലെന്നും കവികളുടെ ആവിഷ്‌ടവാണി യുക്തിരഹിതമാണെന്നും അതു പൗരന്മാരെ അപഥത്തിലേക്കു നയിച്ചേക്കാമെന്നും ഇദ്ദേഹം പറഞ്ഞു. പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ (ബി.സി. 384-322) ഗുരു പരത്തിയ ധാരണകളെ തിരുത്തി. കാവ്യം (വിശേഷിച്ചും ദുരന്തനാടകം) മനുഷ്യമനസ്സിനെ കഥാര്‍സിസ്‌ (വികാരവിമലീകരണം) കൊണ്ട്‌ ശുദ്ധമാക്കുമെന്ന്‌ ഇദ്ദേഹം പറഞ്ഞു. ഈ രണ്ടു യവനാചാര്യന്മാരും കാവ്യമെന്തെന്നല്ല, കാവ്യ പ്രയോജനമെന്തെന്നാണ്‌ വിവരിച്ചത്‌.

വേഡ്‌സ്‌വര്‍ത്ത്‌, കോള്‍റിജ്‌, ഹാസ്‌ലിറ്റ്‌, ഷെല്ലി, മാത്യു ആര്‍ണോള്‍ഡ്‌ എന്നീ പ്രശസ്‌ത ആംഗലേയ സാഹിത്യകാരന്മാരുടെ വാക്യങ്ങള്‍ പലതും കവിതയുടെ തനി നിര്‍വചനങ്ങളല്ല; സാന്ദര്‍ഭികമായി നടത്തിയ ചില വിലയിരുത്തലുകളാണ്‌. "ഭാവനയുടെ വാഗ്രൂപം' എന്നാണ്‌ ഷെല്ലി (ഡിഫെന്‍സ്‌ ഒഫ്‌ പോയട്രി) പറഞ്ഞത്‌. " ഉത്തമപദങ്ങള്‍ ഉത്തമ സംവിധാനഭംഗിയില്‍' (ബയോഗ്രഫിയാ ലിറ്റററിയ) എന്നു കോള്‍റിജും "ഉത്തമ വികാരങ്ങളുടെ നൈസര്‍ഗിക പ്രവാഹം', "സമാധിയില്‍ സമാഹിതമായ വികാരം' എന്നിങ്ങനെ (ലിറിക്കല്‍ ബാലഡ്‌സിന്‍െറ അവതാരിക) വേഡ്‌സ്‌വര്‍ത്തും, "സൗന്ദര്യത്തിന്റെ താളാത്മകമായ (റിഥ്‌മിക്‌) സൃഷ്‌ടി'എന്ന്‌ എഡ്‌ഗര്‍ അലന്‍പോയും കവിതയെ നിര്‍വചിച്ചിട്ടുണ്ട്‌. "ഭാവനയുടെയും വികാരങ്ങളുടെയും ഭാഷ' എന്ന്‌ ഹാസ്‌ലിറ്റും (ലെക്‌ച്ചേഴ്‌സ്‌ ഓണ്‍ ദ ഇംഗ്ലീഷ്‌ പോയെറ്റ്‌സ്‌) പറഞ്ഞു. ഈ നിര്‍വചനങ്ങളെക്കാളെല്ലാം പ്രസിദ്ധമായിത്തീര്‍ന്നിട്ടുണ്ട്‌. മാത്യു ആര്‍ണോള്‍ഡിന്റെ "കവിത മൗലികമായ ജീവിതവിമര്‍ശനമാണ്‌' എന്ന പ്രസ്‌താവം (വേഡ്‌സ്‌വര്‍ത്തിനെപ്പറ്റിയുള്ള പ്രബന്ധത്തില്‍ 1879). "കാവ്യസത്യം, കാവ്യസൗന്ദര്യം എന്നിവയുടെ നിയമങ്ങള്‍ക്കു വിധേയമായിക്കൊണ്ടുള്ള ജീവിതവിമര്‍ശം' എന്ന്‌ ആര്‍ണോള്‍ഡ്‌ ഇതിനു വിവരണം നല്‌കിയിട്ടുള്ളതും കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കേണ്ടതത്ര. "ഭാവനോത്തേജിതമായ വിചാരത്തിന്റെയും വികാരത്തിന്റെയും സമുചിതവും ഛന്ദോപസ്‌കൃതവും ആയ പ്രകാശനം കൊണ്ട്‌ ചമത്‌കാരം ജനിപ്പിക്കുന്ന കലയാണ്‌ കവിത' എന്ന കൂര്‍ത്തോപ്പിന്റെ നിര്‍വചനം കുറേക്കൂടി ശാസ്‌ത്രീയമാണ്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സംവേദനശീലമായ ഒരു സംസ്‌കൃത മനസ്സില്‍ ഹര്‍ഷോദ്രകമുളവാക്കുന്നവിധത്തില്‍ വിചാരവികാരങ്ങളെ താളാത്മകമായും ലയാത്മകമായും സംവിധാനം ചെയ്യുന്ന കലയാണ്‌ കവിത.



കവിതയുടെ ഉദ്‌ഭവം

സ്വൈരമായി വിഹരിച്ചിരുന്ന ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷി വേടന്റെ അമ്പേറ്റ്‌ ചോരയില്‍ കുളിച്ചു നിലത്തുകിടന്നു പിടയ്‌ക്കുന്നതുകണ്ട്‌ ശോകാര്‍ത്തയായ പെണ്‍പക്ഷിയുടെ ദുഃഖം വീക്ഷിച്ച വാല്‌മീകി "മാനിഷാദ' എന്നു തുടങ്ങുന്ന ഛന്ദോബദ്ധവും ലയാത്മകവുമായ പദ്യം ഉച്ചരിച്ചു. അടുത്ത നിമിഷത്തില്‍ താനെന്താണു പറഞ്ഞതെന്ന്‌ അദ്ദേഹം അദ്‌ഭുതംകൂറുകയും ഈ വിചാരം ശക്തിപ്രാപിച്ചപ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ട്‌, വാല്‌മീകി ആദികവിയായിത്തീര്‍ന്നുവെന്നു വെളിപ്പെടു ത്തുകയും ചെയ്‌തുവെന്നാണ്‌ വിശ്വാസം. അങ്ങനെ ശോകം എന്ന വികാരത്തില്‍ നിന്നാണ്‌ ഈ ആദ്യകവിത ഉദ്‌ഭവിച്ചതെന്നു കരുതപ്പെടുന്നു.

മറ്റേതുകലയുമെന്ന പോലെ കവിതയും മനുഷ്യനു ജന്മവാസനയായിട്ടാണു സിദ്ധിച്ചിട്ടുള്ളത്‌. ഏറ്റക്കുറച്ചിലോടെ എല്ലാവരിലും ഇതു കാണും. ഏതെങ്കിലും ഒരു പ്രത്യേക നിമിഷത്തിന്റെ പ്രരണയാല്‍ ഓര്‍ത്തിരിക്കാതെ കവിത വാര്‍ന്നുവീഴുന്നു. അനുകരണത്തിലൂടെ ജ്ഞാനം നേടി ആഹ്ലാദിക്കുക എന്ന ലക്ഷ്യം ഇതിനു പുറകിലുള്ളതായി അരിസ്റ്റോട്ടില്‍ കരുതി. കവിത തുടക്കത്തില്‍ തന്നിമിഷചോദിതം (extempore) ആണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.

കവിതയും മറ്റു കലകളും

കവിതയും പാട്ടും ആട്ടവും ഒരുമിച്ചുദ്‌ഭവിച്ചിരിക്കണം എന്ന്‌ അഭിജ്ഞന്മാര്‍ കരുതുന്നു. പകല്‍ വേട്ടയാടി നടന്നുനേടിയ മാംസം ഗുഹാന്തര്‍ഭാഗത്തിരുന്ന്‌ സുരക്ഷിതബോധത്തോടെ പാകം ചെയ്‌ത പ്രാകൃതമനുഷ്യര്‍ തീക്ക്‌ ചുറ്റും ഉള്ളില്‍ നിറഞ്ഞ അവ്യക്താനുഭൂതികളുടെ പ്രരണയാല്‍ മൂളിപ്പാട്ടോടെ കൈയടിച്ചു തുള്ളിച്ചാടിയ നിമിഷം ഇവ മൂന്നും പിറന്നുവീണിരിക്കണം. കുറേക്കൂടി പരിഷ്‌കൃതരായ ഘട്ടത്തില്‍ കൈകൂപ്പുക മുതലായ അംഗവിക്ഷേപങ്ങളോടെ പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിച്ചപ്പോഴും ഇവ മൂന്നും ഒരുമിച്ചിരുന്നു. പില്‌ക്കാലത്ത്‌ ഇവ ഓരോന്നും തനതായ മണ്ഡലത്തില്‍ വികസിച്ച്‌ ഭാഗം പിരിയുകയാണുണ്ടായത്‌. ഇന്നും കവിതയും സംഗീതവും തമ്മില്‍ ഭാഗം പിരിഞ്ഞിട്ടില്ല. ഛന്ദസ്സ്‌ സംഗീതത്തിന്റെ ആദിരൂപമാണ്‌. ഛന്ദസ്സുണ്ടെങ്കില്‍ അവിടെ സംഗീതവുമുണ്ട്‌. ആധുനികകവികള്‍ നടത്താറുള്ള ചൊല്‍ക്കാഴ്‌ചകള്‍ കവിതയില്‍ താളത്തെയും സംഗീതത്തെയും വീണ്ടും കൊണ്ടുവരാനുള്ള ശ്രമമാണ്‌.

കവിതാരചനയിലും ആസ്വാദനത്തിലും ചിത്രരചനാസങ്കേതങ്ങള്‍ ചിലര്‍ ഉപയോഗിച്ചുവരുന്നു. ഇംപ്രഷനിസം, ക്യൂബിസം മുതലായ പദങ്ങള്‍ കവിതയുടെ മണ്ഡലത്തില്‍ കടന്നുവന്നു. കവിതയും ചിത്രകലയും സമാനസ്വഭാവകലകളാണെന്നും രണ്ടും അനുകരണത്തില്‍ വ്യാപൃതമാണെന്നും ബെന്‍ ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നു; കവിത സംസാരിക്കുന്ന ചിത്രവും ചിത്രം മൂകകവിതയും ആണെന്ന പ്ലൂട്ടാര്‍ക്കിന്റെ പക്ഷം അനുവദിക്കുകയും ചെയ്യുന്നു. രണ്ടിനും തമ്മിലുള്ള വേറെ പല സമാനതകളും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. രണ്ടും പല വസ്‌തുക്കളും കണ്ടെത്തുകയും ഭാവിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നു; അവ കണ്ടെത്തുന്നതെല്ലാം പ്രകൃതിയുടെ ഉപയോഗത്തിനും സേവനത്തിനും ഉതകുമാറാക്കുന്നു. ഇവയില്‍ കവിതയ്‌ക്കാണ്‌ കൂടുതല്‍ മേന്മ. കാരണം അത്‌ ധാരണയോടു സംസാരിക്കുന്നു, മറ്റേത്‌ ഇന്ദ്രിയങ്ങളോടും. ആനന്ദമാണ്‌ രണ്ടിനും ലക്ഷ്യം. അവ ഹീനമായ ആനന്ദത്തിനു പുറകേ പോകുന്നില്ല. മനുഷ്യരുടെ മനസ്സു നന്നാക്കാന്‍ നോക്കുന്നു. രണ്ടും കൂടുതല്‍ നൈസര്‍ഗികമാണ്‌, കൃത്രിമമല്ല. അവയില്‍ പഠനത്തെക്കാള്‍ ശക്തി പ്രകൃതിക്കാണ്‌.

കവിതയും ചരിത്രവും

ചരിത്രം സംഭവിച്ചതും സംഭവിക്കാവുന്നതും ചിത്രീകരിക്കുന്നു എന്ന്‌ അരിസ്റ്റോട്ടില്‍ പറയുന്നു. കവിതയുടെ ആദര്‍ശാത്‌മകത വച്ചുനോക്കുമ്പോള്‍ സംഭവിക്കാവുന്നതുമാത്രമല്ല സംഭവിക്കേണ്ടതും കവിതയുടെ വിഷയമാണെന്നു പറയണം. ചരിത്രം വിശേഷവും കവിത സാമാന്യവും പ്രതിപാദിക്കുന്നു എന്നും അരിസ്റ്റോട്ടില്‍ നിരീക്ഷിച്ചിട്ടുണ്ട്‌. വാസ്‌തവത്തില്‍ വിശേഷത്തിന്റെ പ്രതീതിവരുത്തത്തക്കവിധത്തില്‍ സാമാന്യം ചിത്രീകരിക്കുകയാണ്‌ കവി ചെയ്യുന്നത്‌. ഓരോ ആളും ഒരു വ്യക്തിയായിരിക്കെ തന്നെ മനുഷ്യസാമാന്യത്തില്‍പ്പെടുകയും ചെയ്യുന്നു എന്ന കാര്യം മറക്കരുത്‌. അയോധ്യയില്‍ ദശരഥന്റെ മകനായി ജനിച്ച സീതാപതിയായ രാമന്‍ എന്ന രാജാവ്‌ മനുഷ്യസാമാന്യത്തില്‍ക്കൂടിപ്പെടുന്നതുകൊണ്ടാണ്‌ സഹൃദയന്‌ തന്മയീഭാവവും രസാസ്വാദനവും സാധിക്കുന്നത്‌.

കവിതയും തത്ത്വചിന്തയും

കവിത സാമാന്യപ്രതിപാദകമാകയാല്‍ ചരിത്രത്തെക്കാള്‍ തത്ത്വചിന്താപരത പ്രകടിപ്പിക്കുന്നു എന്നും അരിസ്‌റ്റോട്ടില്‍ നിരൂപിക്കുന്നു. കവിതയും തത്ത്വചിന്തയും തമ്മില്‍ വേറെ തരത്തിലും ബന്ധമുണ്ട്‌. തത്ത്വചിന്താപരമായ ഒരാശയം പ്രതിപാദിക്കാന്‍ വേണ്ടി കവിത എന്ന മാധ്യമത്തെ ഉപയോഗിക്കാം. ഇവിടെ കാവ്യത്തിന്റെ ആഹ്ലാദകാരിത കുറഞ്ഞും പ്രബോധനപരത കൂടിയും ഇരിക്കും. ശ്രീനാരായണ ഗുരുവിന്റെ ആത്‌മോപദേശ ശതകം ഉദാഹരണം. എന്നാല്‍ കവിയുടെ ദാര്‍ശനികവീക്ഷണം കാവ്യാന്തര്‍ഗതമായി വികാരസ്‌ഫൂര്‍ത്തിയോടെ ആവിഷ്‌കരിക്കാനും കവിത ഉപയോഗപ്പെടുത്താം. കുമാരനാശാന്റെ പ്രരോദനം ഉദാഹരണം. ഒരു കവി പ്രപഞ്ചപ്രതിഭാസങ്ങളുടെ മുമ്പില്‍ വന്നുനിന്ന്‌ അതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന അചിന്ത്യാമേയശക്തിയെക്കുറിച്ചു വിസ്‌മയാവിഷ്ടനായി കവിതയെഴുതിപ്പോകുന്നു എന്നു സങ്കല്‌പിക്കുക. അതും ദാര്‍ശനികമായ കവിതയാകുന്നു. ജി. ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം ഉദാഹരണം.

കവിതയും മനശ്ശാസ്‌ത്രവും

മനശ്ശാസ്‌ത്രതത്ത്വങ്ങള്‍ കവിതയിലൂടെ ആവിഷ്‌കാരം കാണാറുണ്ടെന്നതു സത്യമാണ്‌. ഒരു കവിയുടെ മനസ്സിന്റെ ഉള്ളറകളിലേക്ക്‌ കടക്കാന്‍ കവിതയെ മനശ്ശാസ്‌ത്ര തത്ത്വമനുസരിച്ച്‌ അപഗ്രഥിച്ചാല്‍ മതിയാവും. ഫ്രായ്‌ഡ്‌, യുങ്‌, ആഡ്‌ലര്‍ മുതലായ മനശ്ശാസ്‌ത്രജ്ഞന്മാരുടെ പ്രയത്‌നഫലമായി കവിതയെ കൂടുതല്‍ ആഴത്തില്‍ അറിയുന്നതിനുള്ള ഒരു പുതിയ ഉപാധി കൈവന്നിരിക്കുന്നു. ഫ്രായ്‌ഡിന്റെ ഈഡിപ്പസ്‌ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ഹാംലറ്റിന്റെ ചിത്തവികാരങ്ങളെ കൂടുതല്‍ അര്‍ഥവത്തായി വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന്‌ വിമര്‍ശകന്മാര്‍ തെളിയിച്ചിട്ടുണ്ട്‌.

കവിതയും യുക്തിയും

കവിത യുക്തിയുടെ മണ്ഡലത്തില്‍ നിന്നകന്നുനില്‌ക്കുന്നു എന്നൊരു പക്ഷമുണ്ട്‌. എന്നാല്‍ ശാസ്‌ത്രരംഗത്തെ യുക്തിയെക്കാള്‍ കര്‍ശനമാണിവിടത്തെ യുക്തിയെന്നു വേറെ ചിലര്‍ പറയുന്നു. നേരു പറഞ്ഞാല്‍ ശാസ്‌ത്രത്തിലെയും ലോകവ്യവഹാരത്തിലെയും കാവ്യമണ്ഡലത്തിലെയും യുക്തികള്‍ക്ക്‌ അല്‌പസ്വല്‌പം വ്യത്യാസമുണ്ട്‌. കവിതയുടെ ആന്തരവളര്‍ച്ചയ്‌ക്കൊപ്പം അതില്‍ നിന്നുതന്നെ ഉരുത്തിരിയുന്ന ഒരു യുക്തിബോധമുണ്ട്‌. ഇതു പാലിച്ചില്ലെങ്കില്‍ ഔചിത്യഭംഗം എന്ന ദോഷത്തിനു വിധേയമാകും. ഔചിത്യരാഹിത്യത്തെ കവിത സ്വീകാര്യകോടിയില്‍ നിന്ന്‌ പുറംതള്ളും. വിക്രമോര്‍വശീയം എന്ന നാടകത്തിന്റെ യുക്തി മാളവികാഗ്‌നിമിത്രത്തിനു യോജിക്കയില്ല. സ്വര്‍ഗത്തിനു സ്വര്‍ഗത്തിന്റെ യുക്തി. ഭൂമിക്കു ഭൂമിയുടെ യുക്തി. ഇവ വച്ചുമാറ്റാന്‍ പറ്റുകയില്ല.

കവിതയും താളവും

ഒരാളുടെ ഉള്ളില്‍ത്തട്ടിയ സംഭവങ്ങള്‍ അയാളില്‍ ഉണര്‍ത്തിയ പ്രതിപ്രവര്‍ത്തനങ്ങള്‍ അതേ തോതിലും ശക്തിയിലും മറ്റൊരാളില്‍ ഉദ്ദീപ്‌തമാക്കി അയാളുടെ സൗന്ദര്യബോധത്തെ തര്‍പ്പണം ചെയ്‌ത്‌ അയാളെ ആനന്ദിപ്പിക്കുന്ന കലയാണ്‌ കവിത. വേറൊരുവിധത്തില്‍ പറഞ്ഞാല്‍ വികാരത്തിന്റെ സന്തതിയായ കവിത വികാരത്തെ സൗന്ദര്യാനുഭൂതിയായി പരിണമിപ്പിക്കുന്നു. ഈ പരിണാമം ദിവ്യമായൊരു രാസപ്രക്രിയയിലൂടെമാത്രമേ സാധിക്കുകയുള്ളു. വികാരത്തോട്‌ താളത്തിന്‌ അവിഭാജ്യമായൊരു ബന്ധമുണ്ട്‌. ഹൃദയചലനം താളാത്‌മകഭാഷയിലൂടെ പ്രവഹിക്കുന്നതാണ്‌ കാവ്യം. ആന്തരമായ ഭാവത്തിന്റെ വികാരാര്‍ദ്രവും ഭാവനാദീപ്‌തവും ആവിര്‍ഭാവോന്മുഖവുമായ സര്‍ഗാത്‌മകസങ്കല്‌പത്തിന്റെ ഉദ്‌ഗ്രഥനലയം എന്ന്‌ ജി. ശങ്കരക്കുറുപ്പ്‌ താളത്തെ (റിഥത്തെ) നിര്‍വചിച്ചിരിക്കുന്നു. താളവും ഭാവവും വേര്‍പിരിയാത്തതുകൊണ്ട്‌ കവിതയില്‍ ഏതെങ്കിലും തരത്തിലുള്ള താളം കാണും. താളം നിയതാവര്‍ത്തനങ്ങളായും അനിയതാവര്‍ത്തനങ്ങളായും പ്രത്യക്ഷപ്പെടും. ഗദ്യത്തില്‍ സ്‌പഷ്ടമായ താളത്തിന്‌ പ്രസക്തിയില്ല.

കാവ്യം പദ്യരൂപത്തിലായിരിക്കണമെന്ന്‌ പൗരസ്‌ത്യര്‍ ശഠിച്ചില്ല. കവിതയെ ഗദ്യത്തില്‍ നിന്നു വേര്‍തിരിക്കുന്ന ഒരു ഘടകമായി പദ്യരൂപത്തെ അരിസ്‌റ്റോട്ടിലും കരുതിയിട്ടില്ല. എന്നാല്‍ പാശ്ചാത്യരുടെ ഇടയില്‍ കവിതയ്‌ക്കു പദ്യം അവശ്യംഭവിയാണെന്ന ധാരണ പില്‌ക്കാലത്ത്‌ ഉറച്ചു; ഫ്രീ വേഴ്‌സ്‌ (അനിബദ്ധ പദ്യം), ഗദ്യകവിത ഇവയില്‍ താളത്തെ ഛന്ദസ്സില്‍ നിന്നു വേര്‍പെടുത്തി കാണുകയാണ്‌. കവിതയില്‍ ഛന്ദസ്സ്‌ (വൃത്തം) നിര്‍ബന്ധമല്ലെന്നു ശഠിക്കുന്ന കവികള്‍പോലും താളം വേണ്ടെന്നു പറയാറില്ല. പദസംവിധാനം വികാരോദ്ദീപകമാകണമെങ്കില്‍ അതു താളാത്മകമായിരിക്കണം. താളം കവിതയ്‌ക്കു സംഗീതാത്‌മകത്വം ഉളവാക്കുന്നു. "ഭാവത്തിനു ചിട്ട നല്‌കുന്നതാണ്‌ കവിത; ഭാവം സഹജമായി വരണം. ചിട്ട, കലകൊണ്ട്‌ നേടാന്‍ കഴിയും' എന്ന്‌ തോമസ്‌ ഹാര്‍ഡി അഭിപ്രായപ്പെടുന്നു. "താളാത്‌മക സൗന്ദര്യസൃഷ്ടി' എന്ന്‌ എഡ്‌ഗര്‍ അലന്‍ പോയും "വൃത്തനിബദ്ധം' എന്ന്‌ കാര്‍ലൈലും കാവ്യത്തെ നിര്‍വചിക്കുമ്പോള്‍ താളത്തിലും പദ്യരൂപത്തിലുമാണ്‌ ഊന്നുന്നത്‌. സംഗീതത്തിലും കാവ്യത്തിലും സമാനമായ ഘടകം താളമാണ്‌. ഗദ്യത്തിന്‌ ഉപേക്ഷണീയമായ ഘടകവും താളം തന്നെ.

പ്രാസം

കവിതയില്‍ പ്രാസം താളത്തെ സഹായിക്കുന്നു. പ്രാസം കവിതയുടെ ശൈശവാവസ്ഥ സൂചിപ്പിക്കുന്നു എന്നും ബാലിശമായ ഈ പ്രവണത കവിതയ്‌ക്കു പ്രൗഢി വരുമ്പോള്‍ താനെ പൊഴിഞ്ഞു കൊള്ളുമെന്നും ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. പക്ഷേ കാവ്യത്തിന്റെ ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പ്രാസം അത്രവേഗം അപ്രത്യക്ഷമാകുന്ന പ്രതിഭാസമല്ലെന്നു വ്യക്തമാകും. മലയാളികള്‍ക്കു ദ്വിതീയാക്ഷരപ്രാസത്തോടാണ്‌ പണ്ടേ തന്നെ പ്രിയം. അതു സജാതീയം കൂടിയാകണമെന്ന്‌ കേരളവര്‍മ വാദിച്ചപ്പോള്‍ എതിരഭിപ്രായങ്ങള്‍ പൊന്തിവന്നു. ദ്വിതീയാക്ഷരമായാലും ആദ്യക്ഷരമായാലും അന്ത്യാക്ഷരമായാലും രമണീയമായ ശബ്‌ദവിന്യാസത്തിന്‌ പ്രാസം സുഖപ്രദമാണെന്നതു മാത്രമാണ്‌ സത്യം. ഉത്തരേന്ത്യന്‍ കവികള്‍ക്ക്‌ ഇപ്പോഴും അന്ത്യപ്രാസം വളരെ പഥ്യമാണ്‌. വര്‍ണങ്ങളില്‍ ചിലതിന്റെ ഉച്ചാരണം മധുരമായും വേറെ ചിലതിന്റേത്‌ പരുഷമായും ചെവികള്‍ക്ക്‌ അനുഭവപ്പെടുന്നു. ഈ വസ്‌തുത പരിഗണിച്ച്‌ വര്‍ണങ്ങള്‍ ഔചിത്യപൂര്‍വം തെരഞ്ഞെടുത്ത്‌ പദ്യപാദങ്ങളിലെ നിയതസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ചുപയോഗിച്ചാല്‍ സവിശേഷഹൃദ്യത ഉളവാക്കാം. ഇതാണ്‌ പ്രാസത്തിന്റെ അടിസ്ഥാനം. ശബ്‌ദവും അര്‍ഥവും താളാത്മകമായും ഹൃദയരഞ്‌ജകമായും സമ്മേളിക്കുമ്പോള്‍ കവിവിവക്ഷ ഏറ്റവും അഴകുറ്റ രൂപത്തില്‍ അവതരിച്ചുകൊള്ളും. വര്‍ണങ്ങളുടെ തിരഞ്ഞെടുപ്പ്‌ സ്വാഭാവികമായും പദങ്ങളിലേക്കു വ്യാപിക്കും. നിത്യവ്യവഹാരത്തിലുപയോഗിക്കുന്ന പദങ്ങള്‍ക്ക്‌ കാവ്യാത്‌മകത സംസിദ്ധമാകുന്നത്‌ ഈ തിരഞ്ഞെടുപ്പു വഴിയാണ്‌. "ദൈനംദിന സംഭാഷണത്തിനുപയോഗിക്കുന്ന പദസംഹിതയില്‍നിന്ന്‌ തിരഞ്ഞെടുത്തത്‌' എന്ന്‌ വേഡ്‌സ്‌വര്‍ത്ത്‌ കാവ്യഭാഷയെപ്പറ്റി പറഞ്ഞിരിക്കുന്നു. പദങ്ങളെ പടക്കുതിരകളോടുപമിക്കുന്ന ദാന്തേ ഏറ്റവും നല്ല ഭടന്‌ ഏറ്റവും നല്ല പടക്കുതിരയെന്നപോലെ ഏറ്റവും നല്ല കവിക്ക്‌ ഏറ്റവും നല്ല പദങ്ങള്‍ വേണ്ടിവരും എന്നാണ്‌ നിരീക്ഷിക്കുന്നത്‌. നമ്മള്‍ ഉപയോഗിക്കുന്ന ശബ്‌ദങ്ങളും അര്‍ഥങ്ങളും തന്നെ സ്വീകരിച്ച്‌ വിന്യാസവിശേഷഭവ്യങ്ങളാക്കി കവികള്‍ ലോകത്തെ സമ്മോഹിപ്പിക്കുന്നു എന്ന്‌ നീലകണ്‌ഠദീക്ഷിതരും ആവിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഥം മാത്രം വ്യവച്ഛേദിക്കുന്ന പദാവലി ("ഇഷ്ടാര്‍ഥ വ്യവച്ഛിന്നാ പദാവലി')യാണ്‌ കാവ്യമെന്ന്‌ ദണ്ഡിയും പറയുന്നു.

ഭാവന

ശബ്‌ദാര്‍ഥ സന്നിവേശ വൈചിത്ര്യം കൊണ്ടുമാത്രം കാവ്യം മനോരമമാകയില്ല. കവിഹൃദയത്തെ മഥിച്ച ഒരനുഭവം ഉപബോധത്തിലാണ്ടുപോയി അവിടെക്കിടന്ന്‌ പല പരിണാമങ്ങളും സംഭവിച്ച്‌ ഏതോ ഒരസുലഭനിമിഷത്തില്‍ ഭാഷയിലൂടെ പുറത്തുവരുന്നു. ഇതൊരു പ്രതിഭാശാലിയില്‍ മാത്രമേ സംഭവിക്കു. ആദ്യത്തെ അനുഭവത്തിന്‌ ഏര്‍പ്പെട്ട രാസപരിണാമം ചമത്‌കാരകാരിയാകണമെങ്കില്‍ കവി ഭാവനാസമ്പന്നനായിരിക്കണം. കാവ്യവിഷയം വസ്‌തുക്കളുടെ അടിത്തറയില്‍ ഉറപ്പിച്ചിരിക്കുമെങ്കിലും എഴുതാന്‍ തുടങ്ങുന്നതോടെ കവിഭാവന മേല്‌പോട്ടുയരുന്നു. നിലത്തുനിന്നു നിയന്ത്രിക്കപ്പെടുന്ന ഒരു പട്ടത്തോട്‌ ഇതിനെ ഉപമിക്കാം. കവിഭാവന സ്വര്‍ഗത്തിലും ഭൂമിയിലും അലഞ്ഞുതിരിഞ്ഞ്‌ വായുസമാനം അവ്യക്തവും ശൂന്യവുമായതിന്‌ ഊരും പേരും നല്‌കി അവതരിപ്പിക്കുന്നുവെന്ന്‌ ഷെയ്‌ക്‌സ്‌പിയര്‍ പറയുന്നതില്‍ നിന്ന്‌ ഭാവനയുടെ പ്രാധാന്യം വ്യക്തമാകും. ശാകുന്തളത്തില്‍ കാളിദാസഭാവന സ്വര്‍ഗത്തെയും ഭൂമിയെയും സമ്മേളിപ്പിച്ചുവെന്ന്‌ ഗോയ്‌ഥേ നിരീക്ഷിച്ചതിലും ഇതേ കാര്യം ഊന്നുന്നു. "ഭാവനഒരൊറ്റ ശക്തിയാണ്‌ കവിയെ കവിയാക്കുന്നത്‌' എന്ന്‌ ബ്ലേക്‌ പറഞ്ഞു. "ഭാവഗംഭീരം ധ്വനി സുഭഗോജ്ജ്വലഭാവനകവനം' എന്ന്‌ മുളയും കടലും (പഥികന്റെ പാട്ട്‌) എന്ന കവിതയില്‍ ജി. ശങ്കരക്കുറുപ്പ്‌ കാവ്യത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌. ജീവിതാനുഭവങ്ങളുടെ സജീവവും സുഭഗവും ഭാഷാരൂപവുമായ ഉദ്‌ഗ്രഥനമാണ്‌ കവിത അല്ലെങ്കില്‍ കാവ്യം എന്ന്‌ അദ്ദേഹം തന്നെ കവിതയെ നിര്‍വചിച്ചിട്ടുണ്ട്‌. സാമാന്യമായി കവിതയെ ഭാവനയുടെ ചാരുവായ ആവിഷ്‌കാരമെന്നു നിര്‍വചിക്കാം. "ഭാവന ബിംബങ്ങളെ സംസ്‌കരിക്കുകയും അവയുടെ അനന്ത വൈവിധ്യത്തിന്‌ അഖണ്ഡത നല്‌കുകയും ചെയ്യുന്നു' ("ടേബിള്‍ ടോക്ക്‌' Table Talk) എന്ന്‌ കോള്‍റിജ്‌ പ്രസ്‌താവിക്കുമ്പോള്‍ "മുമ്പെങ്ങും പൂര്‍ണമായി ദര്‍ശിച്ചിട്ടില്ലാത്തതിനെ ആസ്‌പദമാക്കി ഒരു മാനസിക ബിംബം രൂപവത്‌കരിക്കുന്ന ക്രിയ അല്ലെങ്കില്‍ ശക്തി' എന്ന്‌ വെബ്‌സ്റ്ററും തന്റെ നിഘണ്ടുവില്‍ ഇതിനെ നിര്‍വചി ക്കുന്നു. പ്രപഞ്ച സൃഷ്ടികര്‍ത്താവിന്‌ അനുഭൂതമായ അതേ അലൗകികാനന്ദമാണ്‌ കവിക്കും അപ്പോള്‍ അനുഭൂതമാകുന്നത്‌ (ഫ്യൂച്ചര്‍ പോയട്രി) എന്ന്‌ അരവിന്ദഘോഷ്‌ പറയുന്നു. കവി പ്രജാപതിക്കു തുല്യനാകുന്നത്‌ ഭാവനയുടെ ഈ സര്‍ഗ വ്യാപരത്തിലൂടെയാണ്‌.

ധ്വനിയും രസവും

പ്രതിഭോത്ഥവും ഭാവനാമയവും ഭാവോദ്ദീപകവും ചിന്താബന്ധുരവും താളാത്മകവുമായ കാവ്യത്തില്‍ ശബ്‌ദാര്‍ഥങ്ങള്‍ അവയുടെ സാധാരണവ്യാപാരത്തിനപ്പുറം വേറെ ചിലതുകൂടെ നിര്‍വഹിക്കുന്നുണ്ട്‌. കവിത കലാസുഭഗമാകുമ്പോള്‍ ശബ്‌ദാര്‍ഥങ്ങള്‍ ധ്വന്യാത്മകമായിത്തീരുന്നു. കാവ്യത്തിന്റെ ആത്മാവ്‌ ധ്വനിയാണെന്ന്‌ ആനന്ദവര്‍ധനന്‍ വാദിച്ചു ("കാവ്യസ്യാത്മാ ധ്വനിഃ' ധ്വന്യാലോകം). ധ്വനിപ്പിക്കപ്പെടുന്നതെന്ത്‌? ഭാവം അല്ലെങ്കില്‍ രസം. അപ്പോള്‍ രസം കാവ്യാത്മാവാണെന്ന്‌ സിദ്ധിക്കുന്നു. രസം കൂടാതെ ഒന്നും നില്‌ക്കില്ല എന്ന അവതാരികയോടെ ഭരതന്‍ നാട്യശാസ്‌ത്രത്തില്‍ "വിഭാവാനുഭാവ വ്യഭിചാരിസംയോഗാത്‌ രസനിഷ്‌പത്തിഃ' എന്ന പ്രസിദ്ധസൂത്രം അവതരിപ്പിച്ചിരിക്കുന്നു. തക്കതായ ചുറ്റുപാടില്‍ ഉചിത കഥാപാത്രങ്ങളെക്കൊണ്ടുവന്ന്‌ അവര്‍ക്കു തക്കതായ സംഭാഷണവും അവരുടെ ഭാവഹാവാദികളും ചിത്രീകരിച്ചാല്‍ ഭാവം ഉദ്ദീപ്‌തമാകും. അത്‌ പ്രക്ഷകന്‍ രസമായി ആസ്വദിക്കുന്നു എന്നാണ്‌ ഈ സൂത്രത്തിന്റെ താത്‌പര്യം. ഭരതന്‍, ആനന്ദവര്‍ധനന്‍, അഭിനവഗുപ്‌തന്‍ എന്നിവരെ സൂക്ഷ്‌മമായി പഠിച്ച വിശ്വനാഥന്‍ "വാക്യം രസാത്മകം കാവ്യം' എന്നു കാവ്യത്തെ നിര്‍വചിച്ചു. ഒരിക്കല്‍ ഒരാളിനുഭവിച്ച ഒരു ഭാവം അയാളില്‍ത്തന്നെ ഉണര്‍ത്തിയശേഷം വാക്കുകളിലൂടെ ആവിഷ്‌കൃതമാകുന്ന രൂപം വഴി അതു മറ്റൊരാളില്‍ ഉണര്‍ത്തുന്ന കലയായി ടോള്‍സ്റ്റോയി കാവ്യത്തെ കാണുന്നു. വാട്ട്‌ ഈസ്‌ ആര്‍ട്ട്‌? കലയിലൂടെ വികാരസംക്രമണം നടക്കുന്നതായി ടോള്‍സ്‌റ്റോയിക്കു പക്ഷമുണ്ടെങ്കിലും നിര്‍വചനത്തില്‍ ഉണര്‍ത്തുക (evoke) എന്ന പദം ഉപയോഗിച്ചിട്ടുള്ളതുകൊണ്ട്‌ ഭരതമുനിയോട്‌ സംവദിക്കുന്നതായി കരുതാം. കവിതയെഴുത്തിനെ അയവിറക്കലിനോട്‌ ഉപമിക്കാറുള്ളത്‌ ഇവിടെ അനുസന്ധേയമാണ്‌. കവി അനുസന്ധാനം ചെയ്‌ത്‌, തന്നില്‍ ഉണര്‍ത്തി ഭാവുകനിലേക്ക്‌ ഒഴുക്കാനാഗ്രഹിക്കുന്ന ഭാവം ഭാവുകന്റെ അനുസന്ധാനത്തിനു ശേഷം അയാളില്‍ത്തന്നെ നിദ്രാണമായിക്കിടക്കുന്ന സമാനഭാവത്തിന്റെ ജാഗരണം സാധിക്കുന്നു എന്നു പറഞ്ഞാല്‍, ഭരതപക്ഷമായി. പ്രയാനെ രാത്രി വളരെ നേരം കാത്തിരുന്നു മയങ്ങിപ്പോയ കാമിനി പാദപാതവും മുട്ടും കേട്ട്‌ തിരിച്ചറിഞ്ഞ്‌ ഞെട്ടിയുണര്‍ന്ന്‌ ഓടിച്ചെന്ന്‌ വാതില്‍ തുറക്കുന്നതിനോട്‌ ഇത്‌ ഏതാണ്ട്‌ സമാനമാണ്‌. കവി സൃഷ്ടിക്കുന്നു, ഭാവുകന്‍ അതു തന്നെ പുനഃസൃഷ്ടിക്കുന്നു എന്ന ഒരാംഗലനിരൂപകന്റെ അഭിപ്രായത്തിനോടൊപ്പം കവിപ്രതിഭയെ കാരയിത്രി എന്നും ഭാവുകന്റെ പ്രതിഭയെ ഭാവയത്രി എന്നും രാജശേഖരന്‍ (കാവ്യമീമാംസ) വിഭജിച്ചു കാണിച്ചതും ശ്രദ്ധിക്കേണ്ടതാണ്‌. വൈകാരികവും താളാത്‌മകവുമായ ഭാഷയില്‍ മൂര്‍ത്തവും കലാപരവുമായി മനുഷ്യമനസ്‌ ആവിഷ്‌കരിക്കലാണ്‌ കാവ്യം എന്ന്‌ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ വാട്‌സ്‌ ഡണ്‍ടണ്‍ കാവ്യത്തെ നിര്‍വചിക്കുന്നു. പൗരസ്‌ത്യരെ സംബന്ധിച്ചിടത്തോളം കവി മനസ്സില്‍ ഉളളതെല്ലാം അതേ അളവില്‍ സഹൃദയഹൃദയത്തില്‍ ഉണര്‍ത്താന്‍ എന്തൊക്കെ വിവരിക്കണമോ അതെല്ലാം വിവരിച്ചാല്‍ കാവ്യമായി. ഈ ഉണര്‍ത്തപ്പെടുന്ന അനുഭവം ആഹ്ലാദകാരി കൂടിയായിരിക്കണം. ആ നിലയ്‌ക്ക്‌ ആഹ്ലാദകാരിയായ ഹൃദയസംവാദം എന്നുപോലും കാവ്യത്തെ നിര്‍വചിക്കാം.

ശബ്‌ദാലങ്കാരങ്ങളും അര്‍ഥാലങ്കാരങ്ങളും

കാവ്യത്തിലേക്ക്‌ സഹൃദയനെ ഒന്നാമതായി ആകര്‍ഷിക്കുന്നത്‌ ശബ്‌ദഭംഗിയാണ്‌. പെട്ടെന്ന്‌ തിരിച്ചറിയാവുന്ന കിലുക്കം തൊട്ട്‌ അതിസൂക്ഷ്‌മമായി ഹൃദയത്തിലേക്ക്‌ കിനിഞ്ഞിറങ്ങുന്ന സൂക്ഷ്‌മധ്വനി വരെ ശബ്‌ദത്തിന്റെ പരിധിയില്‍പ്പെടും. എന്നാല്‍ കാവ്യം സംഗീതം പോലെ അര്‍ഥരഹിതമായ ശബ്‌ദം മാത്രമായാല്‍പ്പോരാ. അങ്ങനെയായാല്‍ നീലകണ്‌ഠദീക്ഷിതര്‍ പറയുന്നതുപോലെ ചെവിയില്‍ വീണ്‌ ചെവിയില്‍ത്തന്നെ വറ്റിപ്പോകും. സംഗീതമാധുരിയോടൊപ്പം അര്‍ഥഗരിമയും കവിതയ്‌ക്ക്‌ ആവശ്യമാണ്‌. എന്നാല്‍ അര്‍ഥം ഒരനര്‍ഥമാണെന്നുപോലും വാദിക്കുന്ന ചില ശബ്‌ദപക്ഷപാതികള്‍ ഉണ്ടായിട്ടുണ്ട്‌. അവരെ ആരും ഗൗരവമായെടുത്തിട്ടില്ല. ശബ്‌ദത്തിലുള്ള അമിതശ്രദ്ധയും കവിതയ്‌ക്കു ഭൂഷണമല്ല. നിസര്‍ഗവാസന കൊണ്ടു വിന്യസിക്കപ്പെടുന്ന ശബ്‌ദത്തിന്റെ പ്രവാഹമാണ്‌ കവിതയെ ധന്യമാക്കുന്നത്‌. അര്‍ഥാലങ്കാരങ്ങളാകട്ടെ ചമത്‌കാരകാരകമാണ്‌. ഉപമയെന്നും ഉത്‌പ്രക്ഷയെന്നും പേര്‍ പറയുന്നതുകൊണ്ട്‌ അലങ്കാരത്തിനു മേന്മ ലഭിക്കയില്ല. സര്‍ഗാത്മകമായ ഭാവനയുടെ സന്താനമാകണം അലങ്കാരങ്ങള്‍. എങ്കില്‍ മാത്രമേ അവ ദണ്ഡി പറയുമ്പോലെ കാവ്യശോഭാകരമായ ധര്‍മമാകു (കാവ്യാദര്‍ശം). ഭാമകന്റെ ദൃഷ്ടിയില്‍ അലങ്കാരങ്ങളെല്ലാം വക്രാക്‌തിയില്‍ നിന്നു ജനിക്കുന്നു ("സൈഷാ സര്‍വത്ര വക്രാക്തിരനയാര്‍ഥാ വിഭാവ്യതേ' കാവ്യാലങ്കാരം). ഇവിടെ വക്രാക്തി എന്നാല്‍ ഉക്തി വൈചിത്യ്രമെന്നാണര്‍ഥം; അല്ലാതെ വളച്ചുകെട്ടിപ്പറയലല്ല. ഉക്തി വൈചിത്യ്രം എന്നതിനെയും വിവരിക്കേണ്ടിയിരിക്കുന്നു. "ഉരിയാടിയില്ല' എന്നതിനു പകരം "നാഴിയില്‍ പാതിയാടിയില്ല' എന്നു പറയുമ്പോള്‍ ഉക്തിവൈചിത്യ്രമുണ്ട്‌. പക്ഷേ അതില്‍ സര്‍ഗകൗശലമൊന്നുമില്ല. എന്നാല്‍ കാളിദാസാദികളുടെ ഉപമാദ്യലങ്കാരങ്ങളുടെ സ്ഥിതി ഇതല്ല. സുന്ദരവും വ്യക്തവും മൂര്‍ത്തവുമായ ആശയചിത്രങ്ങളാണ്‌ ചമത്‌കാരജനകങ്ങളായ ആ അലങ്കാരങ്ങള്‍.

അര്‍ഥാലങ്കാരങ്ങള്‍ ഈ വഴിക്കാണ്‌ കവിതയുടെ പ്രധാന ഘടകമായിത്തീരുന്നത്‌. ഒരു കാവ്യത്തിലെ ശബ്‌ദവിന്യാസവൈചിത്യ്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുകയില്ല. അവയ്‌ക്കു പേരിട്ടു നിര്‍വചിച്ചു വിഭജിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്‌. ദ്രാവിഡത്തിലെ എതുക, മോന, അന്താദിപ്രാസം എന്നിവയും; സംസ്‌കൃതത്തിലെ അനുപ്രാസം, യമകം മുതലായവയും ഇങ്ങനെ നിര്‍വചിക്കപ്പെട്ടതാണ്‌. അര്‍ഥാലങ്കാരങ്ങള്‍ക്കും എണ്ണമില്ല. "ഹൃദയാവര്‍ജകങ്ങളായ എത്രത്തോളം അര്‍ഥപ്രകാരങ്ങള്‍ ഉണ്ടോ അത്രത്തോളം അര്‍ഥാലങ്കാരങ്ങളും ഉണ്ട്‌' എന്ന്‌ നമിസാധു (രുദ്രഭട്ടന്റെ കാവ്യാലങ്കാരത്തിന്റെ വ്യാഖ്യാതാവ്‌11-ാം ശ.) അഭിപ്രായപ്പെടുന്നു. നിര്‍വചിക്കാനും മറ്റും എളുപ്പമായ ചിലതുമാത്രം പഠനവിധേയമാക്കിയപ്പോള്‍ ഉപമ, രൂപകം മുതലായ നൂറില്‍പ്പരം അര്‍ഥാലങ്കാരങ്ങള്‍ സംലബ്‌ധമായി. പാശ്ചാത്യര്‍ ഈ രംഗത്ത്‌ പൗരസ്‌ത്യരോളം അപഗ്രഥനപാടവം വെളിവാക്കിയിട്ടില്ല. എന്നാല്‍ "ഭാവസംവേദനക്ഷമമായ എന്തും ഇമേജ്‌' എന്ന അഭിപ്രായത്തോടെ പുറപ്പെട്ട ഇമേജിസപ്രസ്ഥാനം അലങ്കാരങ്ങളെ പുതിയ മട്ടില്‍ കാണാനുള്ള ശ്രമത്തിന്റെ ഫലം കൂടിയാണ്‌.

ഗുണം

ഭരതമുനിയുടെ നോട്ടത്തില്‍ കവിയുടെ അന്തര്‍ഗതമായ ഭാവത്തെ ഭവിപ്പിക്കുന്നതു മൂലം ഭാവത്തിന്‌ ആ പേര്‍ സിദ്ധമായി. ഓരോ ഭാവത്തിനും അനുഗുണമായി ഭാഷയില്‍ ചില സവിശേഷതകള്‍ മനഃപൂര്‍വമായും അല്ലാതെയും സംഭവിക്കും. ഈ സവിശേഷതകളുടെ സൂക്ഷ്‌മപഠനം ഭാരതീയാലങ്കാരികന്മാരെ ഗുണം, രീതി, ഔചിത്യം മുതലായ സങ്കല്‌പങ്ങളില്‍ എത്തിച്ചിരിക്കുന്നു. ചില കവിതകള്‍ വായിക്കുമ്പോള്‍ അവയിലെ ഭാവം ഉണക്കവിറകില്‍ തീപോലെ, ഹൃദയത്തില്‍ കത്തിപ്പടരുന്നപോലെ തോന്നും; വിപ്ലവവീര്യം തുളുമ്പുന്ന ഒരു യുവാവിന്‌ വിപ്ലവാവേശം പകരുന്ന കവിത വായിക്കുമ്പോഴെന്ന പോലെ സംയതേന്ദ്രിയനും പരിണതപ്രജ്ഞനുമായ ഒരു വൃദ്ധന്‌ ജീവിതം നശ്വരമാണെന്നും അനശ്വരമായ പൊരുളാണ്‌ വരേണ്യമെന്നും ധ്വനിപ്പിക്കുന്ന കവിത വായിക്കുമ്പോള്‍ ഹൃദയം അലിയുന്ന പ്രതീതി ഉണ്ടാവുന്നു. ഇതുപോലെ വേറെ ചില കവിതകള്‍ വായിക്കുമ്പോള്‍ ഹൃദയം വികസിക്കുന്നതായി അനുഭവപ്പെടും. കാവ്യാസ്വാദനവേളയിലെ ഈ അനുഭൂതികളെ യഥാക്രമം ദീപ്‌തി, ദ്രുതി, വികാസം എന്നാണ്‌ പറയുന്നത്‌. ഇവയാണ്‌ ഓജസ്സ്‌, മാധുര്യം, പ്രസാദം എന്നീ ഗുണങ്ങള്‍ക്കടിസ്ഥാനം. വേറെയും ഗുണങ്ങള്‍ വിവേചിക്കപ്പെട്ടിട്ടുണ്ട്‌. ഗുണങ്ങളുടെ എണ്ണം, അവയുടെ ആശ്രയം എന്നിവയെപ്പറ്റി സംസ്‌കൃതാലങ്കാരികന്മാര്‍ക്കിടയില്‍ പല വ്യത്യസ്‌താഭിപ്രായങ്ങളും നിലവിലുണ്ട്‌. (നോ: കാവ്യഗുണങ്ങള്‍)

ദോഷം

ഗുണങ്ങളുടെ മറുപുറമാണ്‌ ദോഷം. ഔചിത്യഭംഗം എന്നൊരു വലിയവലയത്തിനുള്ളില്‍ ദോഷങ്ങള്‍ മുഴുവന്‍ ഒതുക്കാം. വക്താവ്‌, ശ്രാതാവ്‌, വാച്യം, സ്ഥലം, കാലം, സന്ദര്‍ഭം എന്നിവ നോക്കി വേണംഎന്തും പ്രയോഗിക്കാന്‍. ഇവയില്‍ ഏതെങ്കിലും ഒന്നോ ഒന്നില്‍ കൂടുതലോ അംശങ്ങളില്‍ പിഴച്ചാല്‍ ഔചിത്യഭംഗം സംഭവിക്കും. ഔചിത്യപൂര്‍വം പ്രയോഗിക്കുന്ന കവിഭണിതി സൗന്ദര്യനാമ്പുകളായി മാറി സഹൃദയ ഹൃദയരഞ്‌ജനം നടത്തുന്നെങ്കില്‍ അത്‌ വക്രാക്‌തിയായി ഗണിക്കാമെന്നു കുന്തകന്‍ കരുതുന്നു. ഉള്ളിലേറി മാധുര്യമൂറുന്ന ഭാഷാപ്രയോഗം ലോകോത്തരമാണെന്നാണ്‌ ഈ ആലങ്കാരികന്റെ അഭിപ്രായം. (നോ: കാവ്യദോഷങ്ങള്‍)

രീതി

കവി എഴുതുന്നതില്‍ അയാളുടെ സമഗ്രവ്യക്തിത്വം പ്രതിഫലിക്കും എന്നു പറയാറുണ്ട്‌. ഇതെങ്ങനെ സംഭവിക്കുന്നു എന്നന്വേഷിച്ചു ചെന്നപ്പോള്‍ രീതി അല്ലെങ്കില്‍ ശൈലി എന്ന സങ്കല്‌പം രൂപംകൊണ്ടു. ആത്മനിഷ്‌ഠവും വസ്‌തുനിഷ്‌ഠവുമായ ധര്‍മങ്ങള്‍ രീതിനിയാമകതത്ത്വങ്ങളായി വിവേചിക്കപ്പെട്ടിരിക്കുന്നു. പൗരസ്‌ത്യര്‍ രീതിയില്‍ വസ്‌തുനിഷ്‌ഠധര്‍മങ്ങള്‍ക്ക്‌ പ്രാമുഖ്യം കല്‌പിച്ചിരിക്കുന്നു. വര്‍ണം, പദം, പദഘടന, ഗുണം, രസം, വക്താവ്‌, കാവ്യസ്വരൂപം, സര്‍വോപരി ഔചിത്യബോധം എന്നിവയൊക്കെ രീതിയില്‍ മാറ്റം വരുത്തുവാന്‍ പരിഗണിക്കേണ്ട വസ്‌തുതകളായി അവര്‍ പരിസംഖ്യാനം ചെയ്‌തിരിക്കുന്നു. രീതിയുടെ ആരംഭനിഷ്‌ഠസ്വഭാവത്തെക്കുറിച്ചും അവര്‍ ബോധവാന്മാരായിരുന്നു. രീതി പ്രതികവിസ്ഥിതമെന്നു ദണ്ഡിയും, അതു കവിപ്രതിഭാനുസൃതമായിരിക്കുമെന്നു കുന്തകനും, മനുഷ്യസ്വഭാവസദൃശമെന്ന്‌ അര്‍ക്കസൂരിയും, ഓരോ കവിക്കും ഓരോ വിഷയത്തിനും ഓരോ രസത്തിനും അനുഗുണമായി അതു മാറുമെന്നു ശാരദാതനയനും പറഞ്ഞിട്ടുള്ളതില്‍ നിന്ന്‌ ഇക്കാര്യം ഊഹിക്കാം. റൊമാന്റിക്‌ കാലഘട്ടത്തോടെ പാശ്ചാത്യര്‍, ശൈലിയുടെ (സ്റ്റൈലിന്റെ) ആത്മനിഷ്‌ഠധര്‍മങ്ങള്‍ക്കുമുന്‍ഗണന കൊടുക്കാന്‍ തുടങ്ങി. വ്യക്തിത്വസാകല്യം ശൈലിയില്‍ നിഴലിക്കും എന്നര്‍ഥം വരുന്ന ഒരു പ്രസിദ്ധവാക്യം (style is the man himself'ബഫണ്‍) ശൈലീപഠിതാക്കള്‍ കൂടെക്കൂടെ ഉദ്ധരിക്കാറുണ്ട്‌. "നിന്റെ സ്വത്വത്തോടുതന്നെ സത്യസന്ധത പുലര്‍ത്തുക'(To thine own self be true) എന്നു ഷെയ്‌ക്‌സ്‌പിയര്‍ സാധാരണ ഉപദേശമായി പറഞ്ഞത്‌ കവികള്‍ക്കും നന്നേ യോജിക്കും.

പ്രയോജനം

ആത്മാവിഷ്‌കാരത്വരയാല്‍ പ്രരിതനായി എഴുതുന്ന കവിക്ക്‌ കീര്‍ത്തിയും ധനവും ലഭിക്കുന്നു. പരമമായ ആനന്ദവും ലക്ഷ്യമാകാം. തുളസീദാസന്‍ "സ്വാന്തഃസുഖ'ത്തിനാണത്ര രാമായണം രചിച്ചത്‌. ഇതു കൂടാതെ ശിവേതരക്ഷതിയും കവിതയുടെ പ്രയോജനമായി പൗരസ്‌ത്യര്‍ കരുതുന്നു. കാവ്യരചനയും കാവ്യാനുശീലനവും കൊണ്ട്‌ രോഗവിമുക്തി ഉണ്ടാകുമെന്ന പൗരസ്‌ത്യപക്ഷം മനശ്ശാസ്‌ത്രതത്ത്വങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു. മനുഷ്യനുണ്ടാകുന്ന ശാരീരികാസ്വസ്ഥ്യങ്ങളില്‍ ഭൂരിപക്ഷത്തിനും നിദാനം മാനസികമാണെന്നാണ്‌ മനശ്ശാസ്‌ത്രസിദ്ധാന്തം. കാവ്യരചനയും അനുശീലനവും വഴി സാധിക്കുന്ന ഏകാഗ്രത ബോധ,അബോധ,ഉപബോധതലങ്ങളിലെ മാനസികവ്യഥകള്‍ വിസ്‌മരിക്കുന്നതിന്‌ ഒരുവനെ സഹായിക്കുകയും തദ്വാരാ രോഗശാന്തിക്കു കാരണമാകുകയും ചെയ്യുന്നു. കാവ്യപ്രയോജനങ്ങളായി ഇവിടെ പറഞ്ഞ ചിലത്‌ സഹൃദയന്‌ കിട്ടുന്നതാണ്‌; എന്നാല്‍ കാവ്യത്തിലൂടെയുള്ള ധര്‍മപ്രബോധനമാകട്ടെ സഹൃദയനുമാത്രമുള്ളതും. തഢകക. കാവ്യപ്രരകം. കവിതയുടെ പ്രരകം എന്താണ്‌? പ്രയോജനമെന്താണ്‌? ദിവ്യമായ എന്തോ ഒന്ന്‌ കവിക്കു പ്രരകമായി വര്‍ത്തിക്കുന്നു എന്നു പണ്ടു മുതല്‍ കരുതപ്പെടുന്നു. ആവിഷ്ടരായെന്നപോലെയാണ്‌ കവികള്‍ എഴുതുന്നതെന്ന്‌ പ്ലേറ്റോ ചൂണ്ടിക്കാട്ടി. സ്വര്‍ഗത്തില്‍ നിന്നൊരു വിളി (ഉള്ളില്‍ നിന്നും ആവാം) ഇവര്‍ക്കുണ്ടാകുമത്ര. കവികള്‍ക്ക്‌ ദിവ്യസിദ്ധിയുണ്ടെന്നു കരുതപ്പെടാന്‍ ഇതാണു കാരണം.

കാവ്യപ്രരകം

കവിതയുടെ പ്രരകം എന്താണ്‌? പ്രയോജനമെന്താണ്‌? ദിവ്യമായ എന്തോ ഒന്ന്‌ കവിക്കു പ്രരകമായി വര്‍ത്തിക്കുന്നു എന്നു പണ്ടു മുതല്‍ കരുതപ്പെടുന്നു. ആവിഷ്ടരായെന്നപോലെയാണ്‌ കവികള്‍ എഴുതുന്നതെന്ന്‌ പ്ലേറ്റോ ചൂണ്ടിക്കാട്ടി. സ്വര്‍ഗത്തില്‍ നിന്നൊരു വിളി (ഉള്ളില്‍ നിന്നും ആവാം) ഇവര്‍ക്കുണ്ടാകുമത്ര. കവികള്‍ക്ക്‌ ദിവ്യസിദ്ധിയുണ്ടെന്നു കരുതപ്പെടാന്‍ ഇതാണു കാരണം.

കാവ്യപ്രക്രിയ

ഒരു പ്രചോദിതനിമിഷത്തില്‍ വേറെ ആരോ പറഞ്ഞുകൊടുത്തിട്ടെന്നപോലെയാണത്ര കാവ്യം രചിക്കപ്പെടുന്നത്‌. കവികളുടെ പ്രവാചകസ്വഭാവം മിക്കവരും അംഗീകരിക്കുന്നുണ്ട്‌. കവി ക്രാന്തദര്‍ശിയാണെന്നു പറയുന്നതില്‍ ഇക്കാര്യം അന്തര്‍ഹിതമായിരിക്കുന്നു. കാവ്യരചനയില്‍ പ്രചോദനത്തോളം തന്നെ പ്രയത്‌നത്തിനും പങ്കുണ്ട്‌. വെണ്ണീര്‍ മൂടിയ ചെറിയൊരു തീക്കനലിനോട്‌ കാവ്യപ്രചോദനം ഉപമിക്കപ്പെട്ടിരിക്കുന്നു. ഊതി ഊതി വെണ്ണീര്‍ കളഞ്ഞ്‌ തീ പെരുക്കാനുള്ള ശ്രമത്തില്‍ അത്‌ കത്തിപ്പടര്‍ന്നുവെന്നും വരാം; കെട്ടുപോയെന്നും വരാം. മനസ്സിന്റെ നിഗൂഢപ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്യുന്നവര്‍ ഉപബോധമനസ്സെന്ന സങ്കല്‌പത്തിന്റെ സഹായത്തോടെ കാവ്യരചനാപ്രക്രിയ കൂടുതല്‍ വിശദമാക്കാന്‍ ശ്രമിച്ചുവരുന്നു.

കാവ്യഹേതു

പ്രതിഭയാണ്‌ കവിതയെഴുതാന്‍ ഒരാളെ പ്രരിപ്പിക്കുന്നതെന്നു സൂചിപ്പിച്ചുവല്ലോ. കേവലം പ്രതിഭ കൊണ്ട്‌ മാത്രമായില്ല. അതു വളര്‍ത്തുവാന്‍ വേണ്ട പഠനങ്ങളും ഉണ്ടായിരിക്കണം. ലോകം നിരീക്ഷിച്ചറിയുക, ഗ്രന്ഥപാരായണം കൊണ്ട്‌ വിജ്ഞാനചക്രവാളം വികസിപ്പിക്കുക, കവിതയെഴുതിയും എഴുതിയത്‌ സ്വയം തിരുത്തിയും അന്യരെക്കൊണ്ടു തിരുത്തിച്ചും കാവ്യരചനാമര്‍മങ്ങള്‍ ഗ്രഹിക്കുകഇങ്ങനെ ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമേ പ്രതിഭ പരിപോഷിപ്പിക്കുകയുള്ളു. സംസ്‌കൃതാലങ്കാരികന്മാര്‍ പ്രതിഭ, വ്യുത്‌പത്തി, അഭ്യാസം എന്നിങ്ങനെ വ്യവഹരിക്കുന്നത്‌ ഇതു തന്നെ. ഈ മൂന്നും ചേര്‍ന്നാല്‍ കാവ്യഹേതുവായി. വിത്ത്‌, മണ്ണ്‌, വെള്ളം എന്നിവയോട്‌ ഇവയെ ഉപമിച്ചുവരുന്നു. കവി പ്രതിഭാശാലിയായിരിക്കണം എന്ന പക്ഷത്തോട്‌ പാശ്ചാത്യരും യോജിക്കുന്നുണ്ട്‌.

കാവ്യ വിഭജനം

കാവ്യം പലതരമുണ്ട്‌. സംസ്‌കൃതത്തില്‍ ഗദ്യം, പദ്യം, ചമ്പു എന്നിങ്ങനെയാണ്‌ ഒരു വിഭജനം; ദൃശ്യകാവ്യം, ശ്രവ്യകാവ്യം എന്നിങ്ങനെ വേറൊന്ന്‌. ദൃശ്യകാവ്യത്തില്‍ നാടകം തുടങ്ങി പത്തു രൂപകങ്ങളും നാടിക തുടങ്ങി പതിനെട്ടു ഉപരൂപകങ്ങളും അടങ്ങുന്നു. ഗദ്യത്തില്‍ കഥ, ആഖ്യായിക എന്നിങ്ങനെ വിഭജനം ഉണ്ട്‌. പദ്യത്തില്‍ പലതരം കാവ്യങ്ങള്‍ വരുന്നു. മുക്തകം, പഞ്ചകം, അഷ്ടകം എന്നു തുടങ്ങിയ ഭാവഗാനങ്ങള്‍ തൊട്ട്‌ ഖണ്ഡകാവ്യം, മഹാകാവ്യം എന്നിവ വരെപോകുന്നു അവയുടെ മണ്ഡലം (ഇംഗ്ലീഷിലെ ഭാവഗാനശാഖയിലെ ഗീതം, ഗീതകം, വിലാപകാവ്യം തുടങ്ങിയ കാവ്യരൂപങ്ങള്‍ക്ക്‌ മലയാളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌). ആത്മനിഷ്‌ഠമെന്നും വസ്‌തുനിഷ്‌ഠമെന്നും കവിതകളെ തരംതിരിക്കാറുണ്ട്‌. സംസ്‌കൃതത്തില്‍ രണ്ടാമത്തെ വകുപ്പില്‍പ്പെടുന്നതാണ്‌ അധികം. ക്ലാസ്സിക്‌ കവിത പ്രായേണ വസ്‌തുനിഷ്‌ഠവും റൊമാന്റിക്‌ കവിത ആത്മനിഷ്‌ഠവും ആയി കണ്ടുവരുന്നു. വിഷയസ്വഭാവമനുസരിച്ചും കാവ്യവിഭജനം നടത്താം; മതപരം, ദാര്‍ശനികം, വൈഷയികം എന്നും മറ്റും. അരിസ്‌റ്റോട്ടിലിന്റെ പോയറ്റിക്‌സ്‌ എന്ന ഗ്രന്ഥത്തില്‍ ട്രാജഡി, കോമഡി, എപിക്‌, ഡിഥിറാംബിക്‌ എന്നീ കാവ്യശാഖകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഇദ്ദേഹത്തെ പിന്തുടര്‍ന്ന്‌ പാശ്ചാത്യര്‍ പലതരം വിഭജനങ്ങളും കൈക്കൊണ്ടിട്ടുണ്ട്‌. കൂടുതല്‍ വൈവിധ്യമാര്‍ന്ന കവിതകള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ വിഭജനങ്ങളും വേണ്ടിവരും. ആകെക്കൂടി, മനുഷ്യന്റെ സഹജാവബോധജന്യമായി ഉള്ളില്‍ "അസ്‌ഫുടസ്‌ഫുരിത'മായി സംഭവിക്കുന്ന സൗന്ദര്യപ്പൊടിപ്പ്‌ പുറത്തെടുത്ത്‌ താരും തളിരും അണിയിച്ച്‌ ആഹ്ലാദകാരിയായി, നിത്യാനന്ദകരമായി, കലാസൃഷ്ടിയായി മാറ്റുന്ന ഒരു പ്രക്രിയയുടെ പരിണതഫലമാണ്‌ കവിത എന്നു പറയാം. കവിതയെ എങ്ങനെയൊക്കെ നിര്‍വചിച്ചാലും നാനാരൂപവിലസിതമായ കാവ്യപ്രപഞ്ചത്തിന്റെ എല്ലാ ഭാവങ്ങളും ഒരു നിര്‍വചനത്തിലും ഒതുങ്ങുമെന്നു വിചാരിക്കേണ്ടതില്ല. ആത്മവിക്ഷോഭകമായ ഒരു വികാരത്തിന്റെ ഹ്രസ്വമധുരമായ ആവിഷ്‌കാരം (ഭാവഗാനം) മുതല്‍ ശ്രീരാമാദി മഹാത്‌മാക്കളുടെ വിസ്‌തൃത ചരിതാനുവര്‍ണനം (ഇതിഹാസം) വരെ കവിത എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്‌. എന്നാല്‍ കവിതയുടെ പരമമായ രസബിന്ദുവില്‍ നമുക്കനുഭൂതമാകുന്ന ചില സമാനാംശങ്ങള്‍ ഉണ്ട്‌: (1) ഛന്ദോബദ്ധമോ താളാത്‌മകമോ ആയ സംവിധാനം, (2) ശബ്‌ദാര്‍ഥസൗഭഗത്തിന്റെ അയത്‌നപ്രവാഹം, (3) ഭാവനയുടെ മൗലിക സൗന്ദര്യം, (4) ജീവിതത്തെ സൂക്ഷ്‌മമായും അവഗാഢമായും സ്‌പര്‍ശിക്കാനുള്ള ശക്തി. ഇത്രയുമൊത്തു ചേരുമ്പോള്‍ കവിത അഥവാ കാവ്യം ഉണ്ടാകുന്നു.

(ഡോ. ടി. ഭാസ്‌കരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍