This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവികുഞ്‌ജരഭാരതി (1810-96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവികുഞ്‌ജരഭാരതി (1810-96)

തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ഒരു സംഗീതജ്ഞന്‍. ഇദ്ദേഹം 1810ല്‍ രാമനാട്ടു ജില്ലയിലെ "പെരുങ്കരൈ' എന്ന സ്ഥലത്തു ജനിച്ചു. പ്രശസ്‌ത സംഗീതജ്ഞനായിരുന്ന സുബ്രഹ്മണ്യഭാരതി ഇദ്ദേഹത്തിന്റെ പിതാവും കോടീശ്വരയ്യര്‍ പിതാമഹനുമായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര്‌ കോടീശ്വരന്‍ എന്നായിരുന്നു.

ബാല്യത്തില്‍ത്തന്നെ തമിഴ്‌, സംസ്‌കൃതം എന്നീ ഭാഷകള്‍ വശമാക്കുകയും അവയില്‍ കവിതകള്‍ രചിച്ചു തുടങ്ങുകയും ചെയ്‌തു. ഗോപാലകൃഷ്‌ണഭാരതിയെപ്പോലെ തന്നെ ഇദ്ദേഹവും തമിഴില്‍ അനേകം സംഗീതകൃതികള്‍ രചിച്ചിട്ടുണ്ട്‌. ശിവഗംഗയിലെ ഗൗരീവല്ലഭ മഹാരാജാവ്‌ കോടീശ്വരന്റെ സംഗീതനൈപുണിയില്‍ ആകൃഷ്‌ടനായി ഇദ്ദേഹത്തെ ആസ്ഥാനവിദ്വാനായി നിയമിക്കുകയും "കവികുഞ്‌ജരം' എന്ന ബിരുദം നല്‌കി ബഹുമാനിക്കുകയും ചെയ്‌തു. പിന്നീട്‌ രാമനാഥപുരത്തെ മുത്തുരാമലിംഗസേതുപതി മഹാരാജാവും ഇദ്ദേഹത്തെ ആസ്ഥാനവിദ്വാനായി അംഗീകരിക്കുകയുണ്ടായി.

സംഗീതലോകത്ത്‌ സുപ്രസിദ്ധമായിക്കഴിഞ്ഞിട്ടുള്ള, സ്‌കന്ദപുരാണ കീര്‍ത്തനങ്ങള്‍, പേരിമ്പ കീര്‍ത്തനങ്ങള്‍ എന്നിവ ഇദ്ദേഹം രചിച്ചിട്ടുള്ളവയാണ്‌. സേതുപതി രാജാവിന്റെ ജ്യേഷ്‌ഠനായ പൊന്നുസ്വാമിതേവരുടെ അഭ്യര്‍ഥന അനുസരിച്ചാണ്‌ സ്‌കന്ദപുരാണത്തെ ആധാരമാക്കി തമിഴില്‍ സ്‌കന്ദപുരാണകീര്‍ത്തനങ്ങള്‍ രചിച്ചത്‌. 55-ാമത്തെ വയസ്സില്‍ ആരംഭിച്ച ഇതിന്റെ രചന പൂര്‍ത്തിയാക്കിയത്‌ അഞ്ചു വര്‍ഷം കൊണ്ടാണ്‌. ഇതിനു പുറമേ അനേകം കീര്‍ത്തനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കീര്‍ത്തനങ്ങളിലെല്ലാം കവികുഞ്‌ജരം എന്ന മുദ്രയാണ്‌ ഇദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്‌. അഴകര്‍ കുറവഞ്ചി എന്ന പേരില്‍, മധുരയിലെ സുന്ദരരാജ പെരുമാളെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഒരു നൃത്തനാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമി, ശ്യാമശാസ്‌ത്രി, മുത്തുസ്വാമിദീക്ഷിതര്‍ എന്നിവരുടെ സമകാലീനനായിരുന്ന ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങളില്‍ പലതും ഇന്ന്‌ കച്ചേരികളില്‍ പാടിവരുന്നുണ്ട്‌. 1896ല്‍ ഇദ്ദേഹം നിര്യാതനായി. തമിഴില്‍ എഴുപത്തിരണ്ടു മേളരാഗങ്ങളില്‍ കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുളള പ്രശസ്‌തസംഗീതജ്ഞനായ കോടീശ്വരയ്യര്‍ ഇദ്ദേഹത്തിന്റെ പൗത്രനാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍