This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവി

കവനം ചെയ്യുന്നവന്‍. കവിശബ്‌ദത്തിന്‌ കാവ്യകൃത്ത്‌, കവിത, ജ്ഞാനി, ഋഷി, ബ്രഹ്മാവ്‌, ശുക്രാചാര്യന്‍, പക്ഷി, കടിഞ്ഞാണ്‍ എന്നു തുടങ്ങി അനേകം അര്‍ഥാന്തരങ്ങളുണ്ട്‌. എന്നാല്‍ ആദ്യത്തെ അര്‍ഥത്തിലാണ്‌ അതിനു കൂടുതല്‍ പ്രചാരം.

പാണിനീയധാതുപാഠത്തിലെ കവൃ (വര്‍ണേ), കൈ (ശബ്‌ദേ), കു (ശബ്‌ദേ) എന്നീ ധാതുക്കളില്‍ നിന്നെല്ലാം കവിശബ്‌ദം വ്യുത്‌പാദിപ്പിക്കാം. വര്‍ണിക്കുന്നവനോ, ശബ്‌ദമുണ്ടാക്കുന്നവനോ, പാടുന്നവനോ ആണ്‌ കവി. ഇങ്ങനെ നോക്കുമ്പോള്‍ ഏറ്റുപാടുന്നവനും സൂക്തങ്ങള്‍ ഓര്‍ത്തു പാടുന്നവനും കവി തന്നെ. എന്നാല്‍ പാട്ടുണ്ടാക്കിപ്പാടുന്നവനാണ്‌ കവി എന്ന വിശേഷണത്തിനാകുന്നു കൂടുതല്‍ അവകാശം. കാവ്യമീമാംസാകാരനായ രാജശേഖരന്‍ "കവൃ' ധാതുവിനെയാണ്‌ കവിശബ്‌ദനിഷ്‌പത്തിക്ക്‌ അവലംബിച്ചിരിക്കുന്നത്‌. "കവൃവര്‍ണേ ഇത്യസ്യധാതോഃകാവ്യകര്‍മണോ രൂപം', അതായത്‌ കാവ്യകര്‍മാവ്‌ എന്ന അര്‍ഥത്തില്‍, "കവൃ'ധാതു വില്‍ നിന്നുണ്ടായ രൂപമാണ്‌ കവി, എന്ന്‌ അദ്ദേഹം പറഞ്ഞിരിക്കുന്നു. കവിശബ്‌ദം വിപുലമായ അര്‍ഥവൈവിധ്യത്തോടെ വൈദികസാഹിത്യത്തില്‍ പ്രയോഗിച്ചുകാണാം.

 "യുവാസുവാസാഃ പരിവീത ആഗാത്‌ സ ഉ
	 ശ്രയാന്‍ ഭവതി ജായമാനഃ,
 തം ധീരാസഃ കവയഃ ഉന്നയന്തി സ്വാധ്യോ ഇ
	 മനസാ ദേവയന്തഃ' (ഋഗേദം 3,8.4.)
 

എന്ന ഋഗ്വേദത്തിലെ കവി ശബ്‌ദത്തിന്‌ അധ്വര്യു തുടങ്ങിയ ക്രാന്തദര്‍ശികള്‍ എന്നു സായരണാചാര്യര്‍ അര്‍ഥം കല്‌പിച്ചിരിക്കുന്നു. വൈദികയജ്‌ഞ സംവിധാതാക്കളായ ഋത്വിക്കുകളാണ്‌ അധ്വര്യുക്കള്‍. ഐതരേയബ്രാഹ്‌മണത്തില്‍ വേദജ്‌ഞനും വേദമന്ത്രഗായകനും വേദാധ്യാപനാധികാരിയുമായ "അനൂചാന'നാണ്‌ കവി. മറ്റൊരു ഋങ്‌മന്ത്രത്തില്‍ അഗ്‌നിയുടെ സ്രഷ്‌ടാവായി കവി സ്‌മരിക്കപ്പെടുന്നു. അഗ്‌നിയെത്തന്നെ കവി എന്നു സംബോധന ചെയ്യുന്ന സന്ദര്‍ഭങ്ങളും വളരെയുണ്ട്‌. ചില മന്ത്രങ്ങളില്‍ കവി ആദിത്യനാണ്‌. ഐതരേയബ്രാഹ്‌മണത്തില്‍ ചിലേടത്ത്‌ പിതൃക്കളാണ്‌ കവികള്‍. ശതപഥബ്രാഹ്‌മണത്തില്‍ വിദ്വാന്മാരാണ്‌ അവര്‍. "യേ വൈ വിദ്വാസസ്‌തേകവയഃ' (ശ.പ. ബ്രാ. 7. 1. 4. 4). ഉപനിഷത്തുക്കളിലെത്തുമ്പോള്‍ കവികള്‍ ആപ്‌തവചസ്സുകളാണ്‌. "ഉത്തിഷ്‌ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത, ക്ഷുരസ്യധാരാനിശിതാ ദുരത്യയാ ദുര്‍ഗം പഥസ്‌തത്‌ കവയോ വദന്തി' ധതൃതീയവല്ലി 14 എഴുന്നേല്‌ക്കുവിന്‍, ഉണരുവിന്‍, ശ്രഷ്‌ഠന്മാരെ പ്രാപിച്ചിട്ട്‌ അറിയുവിന്‍. നിശിതമായ കത്തിയുടെ വായ്‌ത്തലത്ത്വജ്ഞാനരൂപമാര്‍ഗത്തെ) അതുപോലെ ദുര്‍ഗമമെന്ന്‌ കവികള്‍ പറയുന്നുപ എന്നു കഠോപനിഷത്തില്‍ പരാമൃഷ്‌ടരായ കവികള്‍ മാര്‍ഗദര്‍ശികളായ പ്രാജ്ഞരാണ്‌. മിക്ക ഉപനിഷത്തുകളിലും കവി സനാതന ബ്രഹ്മമാണ്‌. അനാദികാലം മുതല്‍ പ്രാണികള്‍ക്കു പ്രകൃത്യര്‍ഥങ്ങളെ വിഭജിച്ചു വ്യവസ്ഥാപിച്ചു നല്‌കുന്നവനാണ്‌ കവി എന്ന്‌ ഈശാവാസ്യോപനിഷത്തില്‍ പറയുന്നു.

 "കവിര്‍ മനീഷീ പരിഭൂഃ സ്വയംഭൂര്‍
	 യാഥാതഥ്യതോളത്‌ഥാന്‍
 വ്യദധാച്‌ഛാശ്വതിഭ്യഃ സമാഭ്യഃ'	(8)
 

അഗ്‌നിയെ കണ്ടെത്തുകയും അതുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിക്കുകയും ചെയ്‌തവരാണ്‌ കവികള്‍. ആയുധനിര്‍മാണത്തിലും ആയോധനത്തിലും നിപുണന്മാരായി അവര്‍ ദേവസൂക്തങ്ങളില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു. കവിപുത്രനായ ഉശനസ്സാണ്‌ ഇന്ദ്രനു വൃത്രനെ വധിക്കാന്‍ വജ്രായുധം നിര്‍മിച്ചു കൊടുത്തത്‌. ഇത്തരം കണ്ടുപിടിത്തങ്ങള്‍ കൊണ്ടും പ്രകൃതിരഹസ്യജ്ഞാനം കൊണ്ടും അവര്‍ക്ക്‌ മേധാവിയെന്നും ക്രാന്തദര്‍ശിയെന്നുമുള്ള വിശേഷണങ്ങള്‍ സ്വാഭാവികമായി സിദ്ധിച്ചു.

കാലക്രമത്തില്‍ വൈദികസമൂഹം വ്യവസ്ഥാപിതമായതോടുകൂടി കവികളുടെ കിരീടം നഷ്‌ടപ്പെട്ടു. അവരുടെ സ്ഥാനം ഋഷികളും യജ്‌ഞകര്‍മദക്ഷരായ ഋത്വിക്കുകളും കരസ്ഥമാക്കി. എങ്കിലും പ്രതിഭാധനന്മാരായ കവികള്‍ മനുഷ്യകഥാനുഗാനങ്ങള്‍ കൊണ്ട്‌ ജനങ്ങളെ ആകര്‍ഷിച്ചുപോന്നു. അവയില്‍ ഋഷി പ്രഭാവനായ വാല്‌മീകിയുടെ രാമായണത്തിനൊഴികെ മറ്റൊന്നിനും പ്രതിഷ്‌ഠ ലഭിച്ചില്ല. ഋഷിതന്നെയായ വ്യാസന്‍െറ മഹാഭാരതത്തിനു പഞ്ചമവേദം എന്ന പദവി ലഭിച്ചു. അനന്തരം ഒട്ടുവളരെ മനീഷികള്‍ ലൗകികസാഹചര്യത്തിലേക്ക്‌ ആകൃഷ്‌ടരായി. സംഹിതായുഗത്തിലും സംഹിതോത്തരയുഗത്തിലും അനേകം പ്രതിഭാശാലികള്‍ കാവ്യരചനയില്‍ ഏര്‍പ്പെട്ടിരിക്കണം. മിത്രന്‍, വരുണന്‍, ബൃഹസ്‌പതി, ഉശനസ്സ്‌ തുടങ്ങി ഏതാനും കവികളുടെ പേരുകള്‍ സംഹിതകളിലും മറ്റും കാണാം. മഹാപ്രഭാവനായ ഒരു കവി എന്ന നിലയില്‍ പലേടത്തും പരാമൃഷ്‌ടനാണ്‌ ഉശനസ്സ്‌.

 "വൃഷ്‌ണീനാം വാസുദേവോളസ്‌മി 
 പാണ്ഡവാനാം ധനഞ്‌ജയഃ
 മുനീനാമപ്യഹം വ്യാസഃ
 കവീനാമുശനാ കവിഃ' (അധ്യായം 10, ശ്ലോകം 37) 
 

എന്നു ഭഗവദ്‌ഗീതയില്‍ അനുസ്‌മൃതനായിരുന്ന ഉശസ്സിനെ വേണം ആദ്യത്തെ ലോകകവിയായി ഗണിക്കാന്‍. എന്നാല്‍ നമുക്കു ലഭിച്ചിട്ടുള്ള ആദ്യത്തെ മനുഷ്യകഥാനുഗാനം രാമായണമാണ്‌. അങ്ങനെ രാമായണം ആദികാവ്യവും തത്‌കര്‍ത്താവായ വാല്‌മീകി ആദികവിയുമായി.

കവിശബ്‌ദത്തിനു സ്‌തുതിഗായകന്‍ എന്ന അര്‍ഥം സംഹിതായുഗത്തില്‍ത്തന്നെ ഏര്‍പ്പെട്ടിരുന്നു. രാജാക്കന്മാരുടെയോ പ്രഭുക്കന്മാരുടെയോ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്നവരാണ്‌ സ്‌തോതാക്കളായ കവികള്‍. സൂതന്മാരും പ്രാചീന സംഘകാലകവികളും ഈ ഗണത്തില്‍പ്പെട്ടവരാണ്‌. കേവലം സ്‌തുതിഗീതം തൊഴിലാക്കിയ ഗായകകവികള്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സംരക്ഷണത്തില്‍ കഴിഞ്ഞിരുന്നു.

ജീവിതം കൂടുതല്‍ സങ്കീര്‍ണമായപ്പോള്‍ ലോകവ്യവഹാരങ്ങളില്‍ കവിക്കുണ്ടായിരുന്ന നേതൃത്വം നഷ്‌ടപ്പെട്ടുവെങ്കിലും അപാരമായ കാവ്യസംസാരത്തില്‍ കവിതന്നെ പ്രജാപതി. എന്നാല്‍ "യഥാസ്‌മൈരോചതേ വിശ്വം തഥേദം പരിവര്‍ത്തതേ' (അഗ്‌നിപുരാണം 33910)(അവര്‍ ഇഷ്‌ടംപോലെ വിശ്വത്തെ മാറ്റി മറിക്കുന്നു) എന്ന അവകാശവാദത്തിന്‌ ഇന്നു പ്രസക്‌തിയില്ലന്നേയുളളു. ഭാരതീയാചാര്യന്മാരുടെ അഭിപ്രായപ്രകാരം കവിക്കുണ്ടായിരിക്കേണ്ട മുഖ്യമായ ഗുണങ്ങള്‍ പ്രതിഭയും വ്യുത്‌പത്തിയുമാണ്‌.

 "ശക്തിര്‍ നിപുണതാ ലോക
 ശാസ്‌ത്ര കാവ്യാദ്യവേക്ഷണാത്‌
 കാവ്യജ്‌ഞ ശിക്ഷയാഭ്യാസ
 ഇതിഹേതു സ്‌ത ദുദ്‌ഭവേ'.
 

എന്നു കാവ്യപ്രകാശത്തില്‍ മമ്മടന്‍ പറയുന്നു. ശക്തി, ലോകശാസ്‌ത്രകാവ്യാദികളുടെ അവേക്ഷണം കൊണ്ടു സിദ്ധിക്കുന്ന നിപുണത, കാവ്യജ്ഞന്മാരുടെ ഉപദേശത്താലുണ്ടാകുന്ന അഭ്യാസം ഇവയാണ്‌ കാവ്യഹേതുക്കള്‍ എന്നു സാരം. ഇതിലെ ശക്തിതന്നെ പ്രതിഭ. "അപൂര്‍വവസ്‌തു നിര്‍മാണക്ഷമാ പ്രജ്‌ഞാ' എന്നു ലോചനകാരന്‍ പ്രതിഭയെ നിര്‍വചിച്ചിരിക്കുന്നു. കവിക്കു ശക്തിയും വ്യുത്‌പത്തിയും അവശ്യം ഉണ്ടായിരിക്കണം. ബൗദ്ധവും സാങ്കേതികവുമായ അംശങ്ങള്‍ വ്യുത്‌പത്തിയുടെ ഫലങ്ങളാകുന്നു. ബാക്കിയുള്ളവ ശക്തിജന്യങ്ങളത്ര. അന്യാസാധാരണമായ സംവേദനക്ഷമതകൊണ്ട്‌ അനുഗൃഹീതനാണ്‌ കവി. ഏതിന്റെയും ഉള്ളിലേക്കു കടന്ന്‌ അതിന്റെ അന്തഃസത്ത ഗ്രഹിക്കാന്‍ അയാള്‍ക്കു കഴിയുന്നു. ആ കഴിവിനെ പരിഗണിച്ച്‌ ക്രാന്തദര്‍ശി എന്നു കവിയെ വിളിക്കുന്നു. അതേ കഴിവാണ്‌ അയാളെ ഋഷിയാക്കുന്നതും.

 "നാനൃഷിഃ കവിരിത്യുക്‌ത
 മൃഷിശ്ചകില ദര്‍ശനാത്‌'.
 

ഋഷിയല്ലാത്തവന്‍ കവിയല്ല എന്നും ദര്‍ശനം കൊണ്ടാണ്‌ ഋഷിത്വം ലഭിക്കുന്നതെന്നും ഭാരതീയാചാര്യന്മാര്‍ കരുതുന്നു. റോമാക്കാര്‍ കവികളെ "വാത്തസ്‌' Vates)എന്നു വിളിക്കുന്നു. ഏതാണ്ട്‌ വെളിച്ചപ്പാട്‌ എന്നര്‍ഥമുണ്ട്‌ ആ പദത്തിന്‌. ഇംഗ്ലീഷില്‍ കവിയെക്കുറിക്കുന്ന "പോയറ്റ്‌' (poet)എന്ന പദം സൃഷ്‌ടിക്കുക എന്നര്‍ഥമുള്ള പോയ്യിന്‍ Poiein) എന്ന പദത്തില്‍ നിന്നുദ്‌ഭവിച്ചതാണ്‌. "അഗാധചിന്തയും സുന്ദരപദാര്‍ഥങ്ങളുടെ സ്വാദറിയുന്നതിനുള്ള ശക്തിയും പലര്‍ക്കും ഉണ്ടാകാം. എന്നാല്‍ സ്വന്ത ചിന്താഫലത്തെയും സ്വാനുഭവത്തെയും ഹൃദയംഗമമായ വിധത്തില്‍ പ്രതിപാദിക്കുന്ന ആളാണ്‌ കവി' എന്നു ഗിബ്ബണും "കവി അനുഗൃഹീതനായ ഒരു ചിന്തകനാണ്‌; എങ്കിലും അയാള്‍ തന്റെ ഗാനത്താല്‍ ഹിംസ്രമായ ഹൃദയത്തെ മെരുക്കുകയും ഊഷരങ്ങളായ ശിലാഭൂമികളെ ആവാസയോഗ്യമായ പട്ടണങ്ങളും രാജധാനികളുമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു'എന്ന്‌ കാര്‍ലൈലും പറയുന്നു.

ഭാരതീയ കാവ്യമീമാംസകന്മാര്‍ വിവിധ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ കവികള്‍ക്കു പ്രകാരഭേദം നിര്‍ദേശിച്ചിട്ടുണ്ട്‌. കാവ്യമീമാംസാകര്‍ത്താവായ രാജശേഖരന്‍ കവിത്വത്തിനു നിദാനമായ സര്‍ഗപ്രതിഭയെ ആധാരമാക്കി കവികളെ സാരസ്വതകവി, ആഭ്യാസിക കവി, ഔപദേശിക കവി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പൂര്‍വജന്മ സംസ്‌കാരോദിതമായ നൈസര്‍ഗിക പ്രതിഭയുടെ ബലത്താല്‍ കവികര്‍മത്തില്‍ വ്യാപരിക്കുന്നവന്‍ സാരസ്വത കവിയും, അഭ്യാസ ബലത്താല്‍ കവികര്‍മനിരതനാകുന്നവന്‍ ആഭ്യാസിക കവിയും, ദിവ്യോപദേശ പ്രചോദനത്താല്‍ കാവ്യരചന നടത്തുന്നവന്‍ ഔപദേശിക കവിയും ആകുന്നു.

പ്രതിഭയെയും വ്യുത്‌പത്തിയെയും അടിസ്ഥാനപ്പെടുത്തി കാവ്യകവി, ശാസ്‌ത്രകവി, ഉഭയകവി എന്നിങ്ങനെ ഇനിയും ഒരു വിഭജനമുണ്ട്‌. കാവ്യകവിക്കു കവിത്വശക്തി ഏറിയും അഭ്യാസജ്ഞാനങ്ങള്‍ കുറഞ്ഞുമിരിക്കും. നേരെ മറിച്ചാണ്‌ ശാസ്‌ത്ര കവിയുടെ സ്ഥിതി. ഉഭയ കവിക്കു കവിത്വ ശക്തിയും അഭ്യാസബലവും ഒന്നുപോലെ ഉണ്ടായിരിക്കും. രസം, അലങ്കാരം, മാര്‍ഗം മുതലായവയെ ആസ്‌പദമാക്കി കാവ്യകവിക്കു രചനാകവി, ശബ്‌ദകവി, അര്‍ഥകവി എന്നു തുടങ്ങി എട്ടു പ്രഭേദങ്ങള്‍ കല്‌പിച്ചിട്ടുണ്ട്‌: വാക്യശബ്‌ദ വര്‍ണസംഗുംഫനത്തില്‍ ചമത്‌കാരം കാട്ടുന്ന കവി രചനാകവി; ശബ്‌ദരചനയില്‍ ചമത്‌കാരം ദീക്ഷിക്കുന്ന കവി ശബ്‌ദകവി; അര്‍ഥചമത്‌കാരത്തില്‍ ശ്രദ്ധിക്കുന്ന കവി അര്‍ഥ കവി; അലങ്കാര ചമത്‌കാരത്തിനു പ്രാധാന്യം നല്‌കുന്ന കവി അലങ്കാരകവി; ഉക്‌തിചമത്‌കാരത്തിനു പ്രാധാന്യം നല്‌കുന്ന കവി ഉക്‌തികവി; രസസന്നിവേശത്തിനു പ്രാധാന്യം നല്‌കുന്ന കവി രസകവി; രീതിക്ക്‌ അഥവാ ശൈലിക്കു പ്രാധാന്യം നല്‌കുന്ന കവി മാര്‍ഗകവി; ശാസ്‌ത്രതത്ത്വനിരൂപണത്തിനു പ്രാധാന്യം നല്‌കുന്ന കവി ശാസ്‌ത്രാര്‍ഥ കവി എന്നിങ്ങനെ.

രചനയുടെ മൗലികത്വത്തെ അടിസ്ഥാനപ്പെടുത്തി കവികളെ ഉത്‌പാദകകവി, പരിവര്‍ത്തകകവി, ആച്‌ഛാദകകവി, സംവര്‍ഗകകവി എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്‌. സ്വകീയമായ നൂതനോദ്‌ഭാവങ്ങളെ ആശ്രയിച്ചു മൗലിക കൃതി രചിക്കുന്നവര്‍ ഉത്‌പാദകകവിയും, പരകീയ രചനകളില്‍ ഈഷദ്‌ഭേദങ്ങള്‍ വരുത്തി അവയെ സ്വന്തമാക്കുന്നവന്‍ പരിവര്‍ത്തകകവിയും, അന്യരുടെ രചനയെ മറച്ചുവച്ചിട്ട്‌ അവയെ ചില്ലറ മാറ്റങ്ങളോടെ സ്വന്തമെന്ന മട്ടില്‍ പ്രകാശിപ്പിക്കുന്നവന്‍ ആച്‌ഛാദകകവിയും, അന്യസൃഷ്‌ടികളെ അതേപടി സ്വന്തമെന്നപോലെ പ്രകാശിപ്പിക്കുന്നവന്‍ സംവര്‍ഗക കവിയും ആകുന്നു.

രാജശേഖരന്റെ വേറൊരുതരം തിരിവനുസരിച്ച്‌ കവികള്‍ പത്തുവിധമുണ്ട്‌:

(1) കാവ്യവിദ്യാസ്‌നാതകന്‍ ഉത്‌കടമായ കാവ്യനിര്‍മാണാഭിനിവേശത്തോടെ ഗുരുകുലത്തില്‍ പാര്‍ക്കുന്നവന്‍;

(2) ഹൃദയകവി കാവ്യം നിര്‍മിച്ചു സ്വന്തം ഹൃദയത്തില്‍ത്തന്നെ സൂക്ഷിക്കുന്നവന്‍;

(3) അന്യാപദേശി സ്വന്തം കാവ്യത്തെ ദോഷശങ്കയാല്‍ അന്യരുടേതെന്ന മട്ടില്‍ പ്രകാശിപ്പിക്കുന്നവന്‍.

(4) ഉത്‌കൃഷ്‌ടനായ ഒരു പ്രാചീന കവിയെ ഉപജീവിച്ചു കാവ്യരചന നടത്തുന്നവന്‍;

(5) ഘടമാനന്‍ ഇതിവൃത്തരഹിതമായ ഭാവകാവ്യങ്ങള്‍ രചിക്കുന്നവന്‍;

(6) മഹാകവിഏതു പ്രബന്ധരൂപവും രചിക്കാന്‍ കെല്‌പുള്ളവന്‍;

(7) കവിരാജന്‍ വിവിധ ഭാഷകളില്‍ വിവിധ രീതിയില്‍ രസപുഷ്‌കലമായി പ്രബന്ധരചന നടത്താന്‍ കഴിവുള്ളവന്‍;

(8) ആവേശികന്‍ ആവേശം കൊണ്ട്‌ കാവ്യം രചിക്കുന്നവന്‍;

(9) അവിച്‌ഛേദി എപ്പോള്‍ വേണമെങ്കിലും സ്വച്‌ഛന്ദം കാവ്യം രചിക്കാന്‍ കഴിവുള്ളവന്‍;

(10) സംക്രമയിതാവ്‌ മന്ത്രബലത്താല്‍ കവിതാശക്തി അന്യരില്‍ സംക്രമിപ്പിക്കാന്‍ കഴിവുള്ളവന്‍.

കവികള്‍ അലങ്കരിക്കുന്ന സ്ഥാനം അടിസ്ഥാനമാക്കി ചിലര്‍ രാജകവികള്‍ എന്നും ആസ്ഥാനകവികള്‍ എന്നും മറ്റും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌. രാജാവിന്റെയോ രാജസ്ഥാനത്തിന്റെയോ പ്രത്യേക പ്രീതിക്കും ആനുകൂല്യത്തിനും പാത്രവാന്മാരായിട്ടുള്ളവരാണ്‌ ആസ്ഥാനകവികള്‍. മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ രാജസദസ്സിലെ പതിനെട്ടരക്കവികള്‍ ഉദാഹരണം. കവിതയുടെ ഗുണദോഷങ്ങളെ ആശ്രയിച്ച്‌ സത്‌കവികള്‍ എന്നും ദുഷ്‌കവികള്‍ എന്നും രണ്ടു വിശാല കക്ഷ്യകളില്‍ കവികളെ പെടുത്തിയിട്ടുമുണ്ട്‌. ദുഷ്‌കവികള്‍ ആക്ഷേപപാത്രങ്ങളാണ്‌.

 "രസികതയതിലാകുലരായ്‌
 കുകവികളും ജാരപുരുഷന്മാരും
 അര്‍ഥക്ഷയമപശബ്‌ദം
 വൃത്തത്തില്‍ ഭംഗവും ഗണിച്ചീടാ'
	       (സാഹിത്യവിലാസം  കെ.സി. കേശവപിള്ള)
 

എന്ന ഉപാലംഭം നോക്കുക. നേരെ മറിച്ച്‌ സത്‌കവിലക്ഷണം,

"രമണീയാര്‍ഥ വിലാസം
രസപോഷകമായ്‌ കലര്‍ന്നീടും വാക്യം
കമനീയതയോടെഴുതാന്‍
കഴിയുന്ന ബുധന്‍ യഥാര്‍ഥ കവിയത്ര.'

(സാഹിത്യവിലാസം കെ.സി. കേശവപിള്ള) എന്നിങ്ങനെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍