This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവാബത്ത യസുനാരി (1899 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവാബത്ത യസുനാരി (1899 - 1972)

Kawabata Yasunari

കവാബത്ത യസുനാരി

നോബല്‍സമ്മാനാര്‍ഹനായ ജാപ്പനീസ്‌ നോവലിസ്റ്റ്‌. ഒസാക്കാ നഗരത്തില്‍ 1899 ജൂണ്‍ 11നു ജനിച്ചു. കവാബത്തയുടെ രണ്ടാം വയസ്സില്‍ അച്ഛനും മൂന്നാം വയസ്സില്‍ അമ്മയും മരിച്ചു. പിന്നീട്‌ അമ്മൂമ്മയും മുത്തച്ഛനുമാണ്‌ വളര്‍ത്തിയത്‌. ഒരു ചിറ്റമ്മയുടെ സംരക്ഷണത്തിലായിരുന്ന ഇളയ സഹോദരി ഏഴാമത്തെ വയസ്സില്‍ മരിച്ചു. കവാബത്തയ്‌ക്ക്‌ പതിനാറു വയസ്സായപ്പോള്‍ മുത്തച്ഛനും മരിച്ചു. അതിനു മുമ്പുതന്നെ അമ്മൂമ്മ മരിച്ചുകഴിഞ്ഞിരുന്നു. ഈ അനാഥത്വത്തില്‍ നിന്നുണ്ടായ ഏകാന്തതാബോധവും നിസ്സഹായതയുമാണ്‌ പില്‌ക്കാലത്ത്‌ ഇദ്ദേഹത്തിന്റെ കൃതികളെ വിഷാദാര്‍ദ്രമാക്കിത്തീര്‍ത്തത്‌.

ഒരു ചിത്രകാരനാകണമെന്നാണ്‌ കവാബത്ത ആഗ്രഹിച്ചത്‌. എന്നാല്‍ ജാപ്പനീസ്‌ ഇതിഹാസ സാഹിത്യവുമായുണ്ടായ പരിചയം ഇദ്ദേഹത്തെ ഒരു സാഹിത്യകാരനാകാന്‍ പ്രരിപ്പിച്ചു; വിശ്വസാഹിത്യനായകന്മാരുടെ മുന്‍നിരയില്‍ ഇദ്ദേഹം എത്തിച്ചേരുകയും ചെയ്‌തു. രണ്ടാംലോകയുദ്ധത്തിന്റെ കെടുതികളില്‍ മനസ്സു നൊന്ത കവാബത്ത പൗരസ്‌ത്യ തത്ത്വചിന്തകളില്‍ അഭയം തേടിയതിന്റെ കാരണവും ചെറുപ്പകാലത്തു നേടിയ ഇതിഹാസസാഹിത്യസംസ്‌കാരമായിരുന്നു. "കിഴക്കന്‍ ദിക്കുകളിലെ പുരാതന വിശിഷ്ട ഗ്രന്ഥങ്ങളാണ്‌ ലോകത്തിലെ ഏറ്റവും മഹത്തായ സാഹിത്യകൃതികള്‍' എന്ന്‌ ഇദ്ദേഹം വിശ്വസിച്ചു.

കൃതികള്‍. ഷോകോണ്‍സായ്‌ ഇക്കേഇ (പുലകുളി അടിയന്തിരത്തില്‍ നിന്നൊരു രംഗം) എന്ന നോവലാണ്‌ കവാബത്തയുടെ ആദ്യ കൃതി. 22-ാം വയസ്സില്‍ കലാലയവിദ്യാഭ്യാസകാലത്ത്‌ എഴുതിയ ഈ നോവല്‍ ഒരു വാഗ്‌ദാനമായിരുന്നു. വിദ്യാഭ്യാസാനന്തരം ഇസുനോ ഒദോറികോ (ഇസുവിലെ നര്‍ത്തകി) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഊരു ചുറ്റാനിറങ്ങിപ്പുറപ്പെട്ട ഒരു യുവവിദ്യാര്‍ഥിയും വഴിക്കുവച്ചു പരിചയപ്പെട്ട ഒരു നര്‍ത്തകിയും തമ്മിലുള്ള പ്രമകഥയാണ്‌ ഇതിലെ പ്രതിപാദ്യം. ഇസുവിലെ നര്‍ത്തകി പ്രസിദ്ധീകരിച്ച്‌ ഒരു ദശകത്തിനുശേഷമാണ്‌ കവാബത്തയുടെ ഉത്തമകൃതിയെന്നു പലരും കരുതുന്ന യൂക്കിഗുനി (ഹിമഭൂമി) പ്രസിദ്ധീകരിക്കപ്പെട്ടത്‌. ജപ്പാന്റെ പശ്ചിമോത്തരഭാഗത്ത്‌, ഹിമപാതത്തിന്റെ മരവിപ്പ്‌ ഉറഞ്ഞു കൂടുന്ന ഒരു കോണില്‍, ഒരു ചൂടുറവുകേന്ദ്രത്തില്‍ സുഖവാസത്തിനെത്തുന്ന ഒരു സ്‌ത്രീലമ്പടനും രണ്ടു പെണ്‍കിടാങ്ങളുമായുള്ള വിചിത്ര ബന്ധമാണ്‌ ഇതിലെ പ്രമേയം. യുദ്ധാനന്തരം 1949ല്‍ ഇദ്ദേഹം യമാനോ ഒത്തോ (മലയുടെ ശബ്‌ദം) എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഇസുവിലെ നര്‍ത്തകിയും "ഹിമഭൂമി'യും ചെറുപ്പക്കാരുടെ പ്രമപ്രശ്‌നങ്ങളാണ്‌ പ്രതിപാദിച്ചതെങ്കില്‍ മല യുടെ ശബ്‌ദം മരണത്തോടടുക്കുമ്പോള്‍ ഞെട്ടിത്തെറിക്കുന്ന വാര്‍ധക്യത്തിന്റെ പ്രതികരണങ്ങളാണ്‌ പ്രപഞ്ചനം ചെയ്യുന്നത്‌.

1950ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച സെമ്പാസുറു (ആയിരം കൊറ്റികള്‍) ജാപ്പനീസ്‌ ആര്‍ട്ട്‌ അക്കാദമിയുടെ അവാര്‍ഡിനര്‍ഹമായി. മിത്താനി കിക്കുജി എന്ന യുവാവിന്റെ പ്രമബന്ധങ്ങളാണ്‌ നോവലിന്റെ പ്രമേയം. അയാളുടെ അച്ഛന്‌ രണ്ടു വെപ്പാട്ടിമാരുണ്ട്‌ചിക്കാക്കോവും ഓതായും. കിക്കുജി ഓതായുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നു. അതേസമയം കിക്കുജിയെ തന്റെ വരുതിയിലുള്ള ഒരു പെണ്‍കുട്ടിയില്‍ തളച്ചിടാന്‍ ചിക്കാക്കോ ശ്രമിക്കുന്നു. കിക്കുജിയും ഓതായുമായുള്ള ബന്ധം നീണ്ടുനില്‌ക്കുന്നില്ല. സ്വന്തം മനസ്സാക്ഷിയുടെ മുമ്പില്‍ കുറ്റക്കാരിയായ ഓതാ ആത്മഹത്യ ചെയ്യുന്നു. പിന്നീട്‌ കിക്കുജി ഓതായുടെ മകള്‍ ഫൂമിക്കോവിന്റെ കാമുകനായിത്തീരുന്നു. എന്നാല്‍ കിക്കുജി അമ്മയുടെ കാമുകനും അമ്മയുടെ കാമുകന്റെ മകനുമാണെന്ന സത്യം താങ്ങാന്‍ കഴിയാതെ ഫൂമിക്കോ സ്വയം പിന്‍വാങ്ങുന്നതോടെ കഥ അവസാനിക്കുന്നു. കവാബത്തയുടെ മറ്റൊരുജ്ജ്വലകൃതിയാണ്‌ നെമുരേരു ബീജോ (ഉറങ്ങുന്ന സുന്ദരികള്‍1961). ഇത്‌ സഹശയനം എന്ന പേരില്‍ വിലാസിനി (എം.കെ. മേനോന്‍) മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. തന്റെ 62-ാം വയസ്സിലാണ്‌ കവാബത്ത ഈ നോവല്‍ രചിച്ചത്‌. നഗരത്തിനു പുറത്തുള്ള ഏകാന്തമായ ഒരു സത്രത്തില്‍, ലൈംഗികശേഷി നഷ്ടപ്പെട്ട വൃദ്ധന്മാര്‍ മരുന്നുകൊടുത്തു മയക്കിക്കിടത്തിയ നഗ്‌നസുന്ദരികളുമായി സഹശയിക്കുവാന്‍ രഹസ്യമായി ചെന്നെത്തുന്നു. നഷ്ടയൗവനം വീണ്ടെടുക്കാന്‍ അതിയുവതികളോടുള്ള സംയോഗം സഹായിക്കുമെന്ന സങ്കല്‌പമാണ്‌ വൃദ്ധന്മാരെ സത്രത്തിലെത്തിക്കുന്നത്‌. കാമാസക്തിയെക്കാള്‍ യൗവനം വീണ്ടെടുക്കാനുള്ള അദമ്യപ്രരണ! പക്ഷേ അതൊരു പാഴ്‌വേലയായിത്തീരുന്നു. കാരണം സംയോഗം ഈ സത്രത്തില്‍ അനുവദനീയമല്ല; അവരില്‍ ഒട്ടുമിക്കവരും ലൈംഗികശേഷി നശിച്ചവരുമാണ്‌. നിര്‍ജീവമായിക്കഴിഞ്ഞ യുവത്വത്തെ സുപ്‌തസുന്ദരികളുടെ നഗ്‌നതാസ്‌പര്‍ശനം കൊണ്ട്‌ ഉത്തേജിപ്പിക്കാമെന്ന മോഹം തകര്‍ന്നുവീഴുമ്പോള്‍, കാലത്തെ പുറകോട്ടു പിടിച്ചുവലിക്കുന്നതിന്റെ വ്യര്‍ഥത അവരെ ഞെട്ടിക്കുന്നു.

ഒരേ സമയത്ത്‌ സുന്ദരവും ബീഭത്സവുമായ ഒരനുഭവത്തിന്റെ വിചിത്രമായ ആവിഷ്‌കാരമാണ്‌ ഈ കഥയെന്നു തോന്നാമെങ്കിലും ഒരു ദാര്‍ശനിക കൃതിയാണിതെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. "മൃത്യുവിന്റെ ഗോപുരവാതിലില്‍ നില്‌ക്കുന്ന മനുഷ്യന്‍ ഒരിക്കലും നിറവേറാനിടയില്ലാത്ത മോഹങ്ങളുടെ പുറകേ പോയി സ്വയം പീഡിപ്പിക്കുന്നതിന്റെ അന്തസ്സാരവിഹീനതയാണ്‌ കവാബത്ത ഈ നോവലിലൂടെ ധ്വനിപ്പിക്കുന്നത്‌' സത്രവും സത്രക്കാരിയും സുപ്‌തസുന്ദരികളുമെല്ലാം വെറും പ്രതീകങ്ങളത്ര. ക്യോത്തോ, മിസുമി (തടാകം), മെയ്‌ജിന്‍ (വിദഗ്‌ധന്‍) എന്നീ നോവലുകളും ഏതാനും ചെറുകഥകളും കൂടി കവാബത്ത രചിച്ചിട്ടുണ്ട്‌. ഒരു കവികൂടിയായിരുന്ന കവാബത്തയ്‌ക്ക്‌ നാച്വറലിസവും ഇംപ്രഷണിസവും കൂട്ടിയിണക്കി ഒരു പുതിയ കാവ്യപഥം വെട്ടിത്തുറക്കുവാന്‍ കഴിഞ്ഞു. ജപ്പാന്റെ സാംസ്‌കാരിക പാരമ്പര്യം പൂര്‍ണമായും സ്വാംശീകരിച്ച ഒരു സാഹിത്യകാരനായിരുന്നു കവാബത്ത. അതീവ ലളിതവും അതേസമയം അതിസൂക്ഷ്‌മവും അതിഗഹനവുമാണ്‌ ഇദ്ദേഹത്തിന്റെ ശൈലിയും പ്രതിപാദനരീതിയും. "മനുഷ്യനിധികുംഭം' എന്നാണ്‌ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചിരുന്നത്‌.

1968ല്‍ കവാബത്ത സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. കഠിനരോഗത്താല്‍ അവശനായ ഇദ്ദേഹം 1972 ഏ. 16നു ആത്മഹത്യ ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍