This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവളപ്പാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവളപ്പാറ

പാലക്കാട്‌ ജില്ലയില്‍ ഭാരതപ്പുഴയുടെ വടക്ക്‌, ഒറ്റപ്പാലം താലൂക്കിന്റെ മിക്കഭാഗങ്ങളും ഉള്‍ക്കൊണ്ടിരുന്ന നാട്ടുരാജ്യം. കണ്ണിയംപുറംതോടു മുതല്‍ ഓങ്ങല്ലൂര്‍ മേടു വരെ സു. 260 ച.കി.മീ. വ്യാപിച്ചിരുന്ന ഒരു സ്വതന്ത്രരാജ്യമായിരുന്നു കവളപ്പാറ. 1792ലെ ശ്രീരംഗം കരാറിലൂടെ മദ്രാസ്‌ പ്രസിഡന്‍സിയില്‍ ലയിച്ച മലബാറില്‍ തെക്കന്‍ ഡിവിഷനിലെ രണ്ടു ചെറിയ താലൂക്കുകളിലൊന്നായിരുന്നു ഈ പ്രദേശം.

കവളപ്പാറസ്വരൂപം. ചേരമാന്‍ പെരുമാള്‍ രാജ്യഭാരം ഉപേക്ഷിക്കുകയും അന്നത്തെ പ്രധാന നാടുവാഴികള്‍ക്കും, വിശ്വസ്‌തരായ തന്റെ പടനായകന്മാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റുമായി കേരളത്തെ വിഭജിച്ചുകൊടുക്കുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം. കൊച്ചി, കോഴിക്കോട്‌, പാലക്കാട്‌ എന്നീ രാജവംശങ്ങള്‍ക്കെന്നപോലെ തന്റെ വിശ്വസ്‌തസുഹൃത്തും പടനായകനുമായ കവളപ്പാറ നായര്‍ക്കും കേരളത്തിന്റെ ഒരു ഭാഗം പെരുമാള്‍ സമ്മാനിക്കുകയുണ്ടായി എന്നും അങ്ങനെയാണ്‌, കവളപ്പാറ സ്വരൂപം ഉദ്‌ഭവിച്ചതെന്നും കരുതപ്പെടുന്നു. കവളപ്പാറ നായര്‍ എന്ന്‌ കീര്‍ത്തികേട്ട ഭരണാധികാരിയുടെ സ്ഥാനപ്പേര്‌ മൂപ്പില്‍ നായര്‍ എന്നായിരുന്നു. ദക്ഷിണമലബാറിലെ പ്രശസ്‌ത നായര്‍ കുടുംബങ്ങളിലൊന്നാണ്‌ മൂപ്പില്‍ നായരുടേത്‌. "പറയി പെറ്റ പന്തിരു കുല'ത്തില്‍ ഒരംഗമായ കാരയ്‌ക്കലമ്മയുടെ വംശപരമ്പരയാണ്‌ കവളപ്പാറ സ്വരൂപമെന്നും ഐതിഹ്യം ഘോഷിക്കുന്നു. കാരയ്‌ക്കാട്ട്‌ അംശത്തിലാണ്‌ കവളപ്പാറ സ്വരൂപം സ്ഥിതി ചെയ്യുന്നത്‌. "കാരയ്‌ക്കാട്ട്‌ കുമാരന്‍ രാമന്‍' എന്ന്‌ മൂപ്പില്‍ നായര്‍ക്ക്‌ സ്ഥാനപ്പേരുണ്ട്‌. മൂപ്പില്‍ നായരുടെ തണ്ടേറ്റവും അരിയിട്ടു വാഴ്‌ചയും മൂലകുടുംബത്തില്‍ വച്ചു നടത്തിവന്നിരുന്നു. ഇവരുടെ സ്ഥാനമാനങ്ങളില്‍ പലതും, അരിയിട്ടു വാഴ്‌ച, തണ്ടേറ്റം മുതലായ അധികാരങ്ങളും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‌കിയിട്ടുള്ളതാണ്‌.

കവളപ്പാറ സ്വരൂപം ആദ്യം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‌ അല്‌പം വടക്കുമാറിയായിരുന്നു എന്നും പിന്നീട്‌, മേനകത്തൊടി എന്ന സ്ഥലത്തേക്കു മാറ്റുകയാണുണ്ടായതെന്നും പഴമക്കാര്‍ പറയുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷന്‌ മൂന്ന്‌ കി.മീ. വടക്കുമാറിയാണ്‌ കവളപ്പാറ കൊട്ടാരം. പാലക്കാട്‌, കോഴിക്കോട്‌, പെരുമ്പടപ്പ്‌ എന്നീ രാജ്യങ്ങളുടെ ഇടയ്‌ക്ക്‌ തന്ത്രപ്രധാനമായ ഒരു സ്ഥാനത്തായിരുന്നു കവളപ്പാറ സ്ഥിതി ചെയ്‌തിരുന്നത്‌. പെരുമ്പടപ്പും പാലക്കാടും തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ പാലക്കാടിനെ സഹായിച്ച മൂപ്പില്‍ നായരുടെ കുടുംബത്തിലേക്ക്‌ പാലക്കാടു പ്രദേശങ്ങളില്‍ പലതും പ്രതിഫലമായി ലഭിച്ചിരുന്നു.

പില്‌ക്കാലത്ത്‌ കൊച്ചിയിലെ അയ്യഴിപ്പടനായകന്മാരുടെ വംശം അന്യം നിന്നപ്പോള്‍ കവളപ്പാറ സ്വരൂപത്തില്‍ നിന്നു ദത്തെടുക്കുകയും അങ്ങനെ അവരുടെ സ്വത്ത്‌ കവളപ്പാറ സ്വരൂപത്തില്‍ ലയിക്കുകയും ചെയ്‌തു. കവളപ്പാറ സ്വരൂപത്തിന്‌ തിരുവിതാംകൂറുമായും ചിര പുരാതനബന്ധം ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ തിരുവിതാംകൂര്‍ രാജാവ്‌ കവളപ്പാറ സ്വരൂപത്തിലെ കുടുംബാംഗങ്ങളെ തിരുവനന്തപുരത്ത്‌ താമസിപ്പിച്ചു സംരക്ഷണം നല്‌കി.

പില്‌ക്കാലത്ത്‌ സാമൂതിരിയും കൊച്ചിരാജാവും തിരുവിതാംകൂര്‍ രാജാവും മൂപ്പില്‍ നായര്‍ക്കെതിരെ കവളപ്പാറ ദേശത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി കോഴിക്കോട്ടുണ്ടായിരുന്ന ബ്രിട്ടീഷ്‌ കമ്മീഷണര്‍ മുമ്പാകെ വാദിക്കുകയുണ്ടായി. 18-ാം ശ.ത്തിന്റെ ആദ്യപാദത്തില്‍ത്തന്നെ വെട്ടത്തുനാട്‌, കവളപ്പാറ എന്നീ ദേശങ്ങളുടെ ഉടമസ്ഥാവകാശം പരമ്പരയാ ഇവരില്‍ ആരും തന്നെ അര്‍ഹിക്കുന്നില്ല എന്ന നിഗമനത്തില്‍ കമ്മീഷണര്‍ എത്തുകയും ഇവിടമാകെ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ലയിപ്പിക്കുകയു ചെയ്‌തു. കവളപ്പാറ നായര്‍ കുടുംബത്തിനു ബ്രിട്ടീഷുകാര്‍ മാലിഖാന കൊടുത്തു. അതോടെ കവളപ്പാറ സ്വരൂപത്തിന്റെ രാഷ്‌ട്രീയപ്രാധാന്യം നശിച്ചു.

കവളപ്പാറ സ്വരൂപത്തില്‍ ഏകസന്തതിയായി കേവലം ആറു വയസ്സുപ്രായമായ ഒരു പെണ്‍കുട്ടി മാത്രമായപ്പോള്‍, സ്വരൂപത്തിന്റെ ഭരണം 1870ല്‍ കോര്‍ട്ട്‌ ഒഫ്‌ വാര്‍ഡ്‌സ്‌ ഏറ്റെടുത്തു. ഇവരുടെ സീമന്തപുത്രനാണ്‌ കേണല്‍ മൂപ്പില്‍ നായര്‍. ഇദ്ദേഹത്തിനു പ്രായപൂര്‍ത്തിയായപ്പോള്‍ സ്വരൂപത്തിന്റെ ഭരണഭാരം തിരിച്ചു ലഭിച്ചു.

യുദ്ധങ്ങള്‍ കൊണ്ടും ഉള്‍പ്പോരുകള്‍ കൊണ്ടും കലങ്ങിമറിഞ്ഞ അന്നത്തെ അന്തരീക്ഷത്തില്‍ തന്റെ രാജ്യത്ത്‌ ശാന്തിയും സമാധാനവും കൈവരുത്തുവാന്‍ കവളപ്പാറ മൂപ്പില്‍ നായര്‍ക്കു കഴിഞ്ഞിരുന്നു. മലബാര്‍ കലാപകാലത്ത്‌ കേണല്‍ മൂപ്പില്‍ നായര്‍ അഭയാര്‍ഥികളായ ഹിന്ദുക്കള്‍ക്ക്‌ സകലവിധ സംരക്ഷണവും നല്‌കുകയുണ്ടായി.

മതം, സാഹിത്യം, സുകുമാരകലകള്‍ എന്നിവയുടെ സംരക്ഷണവും പരിപോഷണവും കവളപ്പാറ സ്വരൂപക്കാര്‍ ഏറ്റെടുത്ത്‌ നടത്തിയിരുന്നു. അമൂല്യങ്ങളായ നിരവധി താളിയോലഗ്രന്ഥങ്ങള്‍ അവര്‍ സംരക്ഷിച്ചു. സ്വരൂപത്തിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും തഴച്ചുവളര്‍ന്ന നിരവധി ക്ഷേത്രങ്ങളുണ്ട്‌. ഇതില്‍ പ്രമുഖമാണ്‌ ആര്യങ്കാവ്‌ ഭദ്രകാളീക്ഷേത്രം. സ്വരൂപം വക കഥകളിയോഗത്തില്‍ക്കൂടി വളര്‍ന്നുവന്നവരാണ്‌ പുത്തന്‍വീട്ടില്‍ ശേഖര മേനോന്‍, കവളപ്പാറ നാരായണന്‍ നായര്‍, പ്രസിദ്ധ ചുവന്നതാടിവേഷക്കാരനായ കുട്ടിരാമപ്പണിക്കര്‍ തുടങ്ങിയവര്‍. കുചേലവൃത്തം വഞ്ചിപ്പാട്ട്‌, കവളപ്പാറ അപ്പുക്കുട്ടനുണ്ണി മൂപ്പില്‍നായര്‍ എഴുതിയപ്രദോഷമാഹാത്‌മ്യം എന്ന ആട്ടക്കഥ തുടങ്ങിയ ഒട്ടേറെ സാഹിത്യകൃതികള്‍ സ്വരൂപത്തില്‍ നിന്ന്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. സ്വരൂപം 12 കളരികള്‍ നടത്തിവന്നതായും പ്രസ്‌താവമുണ്ട്‌. ഹരിജനങ്ങളുടെയും മറ്റ്‌ അവര്‍ണരുടെയും വിദ്യാഭ്യാസോന്നമനത്തിനായി ഒരു പ്രത്യേക വിദ്യാലയം തന്നെ സ്വരൂപം ഏറ്റെടുത്തു നടത്തിയിരുന്നു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍