This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവര്‍ഡേല്‍, മൈല്‍സ്‌ (1488 - 1569)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവര്‍ഡേല്‍, മൈല്‍സ്‌ (1488 - 1569)

Coverdale, Myles

മൈല്‍സ്‌ കവര്‍ഡേല്‍

എക്‌സിറ്ററിലെ ബിഷപ്പും ആദ്യമായി മുദ്രിതമായ (1535 ഒ. 4) ഇംഗ്ലീഷ്‌ ബൈബിളിന്റെ പരിഭാഷകനും. 1488ല്‍ യോര്‍ക്ക്‌ഷയറില്‍ ജനിച്ചു. കേംബ്രിഡ്‌ജിലെ അഗുസ്‌തീനിയന്‍ സന്ന്യാസി സഭയില്‍ വിദ്യാഭ്യാസം നടത്തി. 1514ല്‍ നോര്‍വിച്ചില്‍വച്ച്‌ പൗരോഹിത്യപട്ടം ലഭിച്ചു. 1526 ആയതോടെ മതത്തെ സംബന്ധിച്ച്‌ ഇദ്ദേഹത്തിനുള്ള അഭിപ്രായങ്ങള്‍ക്ക്‌ പരിപൂര്‍ണമായി മാറ്റം വരുകയും ഇദ്ദേഹം സഭ ഉപേക്ഷിച്ച്‌ പോകുകയും ചെയ്‌തു. കുമ്പസാരത്തിനെതിരായി ഇദ്ദേഹം പ്രചാരണം നടത്തി. 1532ല്‍ യൂറോപ്പില്‍ പര്യടനം നടത്തി.

കവര്‍ഡേലിന്റെ സങ്കീര്‍ത്തനങ്ങള്‍ ബുക്ക്‌ ഒഫ്‌ കോമണ്‍ പ്രയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 1538ല്‍ കവര്‍ഡേല്‍ പാരിസില്‍ ഒരു ബൈബിള്‍ പരിഭാഷയുടെ അച്ചടി സംബന്ധമായ മേല്‍നോട്ടം വഹിച്ചു. അതിന്റെ നിരവധി കോപ്പികള്‍ ധര്‍മവിചാരണ സഭ പിടിച്ചെടുത്തു; എങ്കിലും ചില കോപ്പികള്‍ ബ്രിട്ടനിലെത്തുകയും 1539ല്‍ ഗ്രാഫ്‌റ്റണ്‍ ആന്‍ഡ്‌ വിറ്റ്‌ചര്‍ച്ച്‌ അച്ചടിശാല പ്രസ്‌തുത ബൈബിള്‍ അച്ചടിച്ച്‌ പുറത്തിറക്കുകയും ചെയ്‌തു. 1551ല്‍ കവര്‍ഡേല്‍ എക്‌സിറ്ററിലെ ബിഷപ്പായി. മേരി രാജ്ഞിയുടെ ഭരണകാലത്ത്‌ ഇദ്ദേഹം യൂറോപ്പില്‍ അഭയം തേടി.

സൂറിച്ചിലും പാരിസിലും ബൈബിള്‍ അച്ചടിച്ച്‌ പ്രസിദ്ധം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക്‌ ചില എതിര്‍പ്പുകള്‍ നേരിട്ടു. തുടര്‍ന്ന്‌ അച്ചടിയന്ത്രവും ടൈപ്പുകളും ബ്രിട്ടനിലേക്കു കടത്തിക്കൊണ്ടുപോയി ദി ഗ്രറ്റ്‌ ബൈബിള്‍ എന്ന പേരില്‍ ഇദ്ദേഹം തന്നെ പുനഃപ്രസാധനം നടത്തി. ഹെന്‌റി VIIIന്റെ കാലശേഷം ഇദ്ദേഹത്തിന്‌ സ്വരാജ്യം വിട്ടുപോകേണ്ടിവന്നു. യൂറോപ്യന്‍ പര്യടനത്തിനിടയില്‍, 1560ല്‍ "ജനീവാ ബൈബിള്‍' എന്ന പേരില്‍ വേദപുസ്‌തകത്തിന്റെ മറ്റൊരു പരിഭാഷയും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

1559ല്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയ കവര്‍ഡേലിന്‌ എക്‌സിറ്റര്‍ ഇടവകയില്‍ സ്ഥാനം ലഭിച്ചില്ല. യൂറോപ്പിലെ നവീകരണപ്രസ്ഥാനക്കാരുടെ സ്വാധീനം ഉണ്ടായിരുന്നതാണ്‌ ഇതിനു കാരണം. 1564ല്‍ ലണ്ടനിലെ സെന്റ്‌മാഗ്‌നസിലെ റെക്ടര്‍ സ്ഥാനം ഇദ്ദേഹം സ്വീകരിച്ചുവെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം തത്‌സ്ഥാനം രാജിവച്ചു. നവീകരണ സിദ്ധാന്ത പ്രചാരണത്തിനായി ഇദ്ദേഹം ധാരാളം ലഘുലേഖകള്‍ തയ്യാറാക്കി. 1569 ജനു. 20നു ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍