This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവര്‍ച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവര്‍ച്ച

ഭയപ്പെടുത്തി നടത്തുന്ന അപഹരണം. "പിടിച്ചുപറി' അല്ലെങ്കില്‍ ബലപ്രയോഗം കൊണ്ടുള്ള അപഹരണം എന്നും ഇതിനെ വ്യവഹരിക്കാം. ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയില്‍ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങളുടെ കൂട്ടത്തില്‍ കനത്ത ശിക്ഷയ്‌ക്കര്‍ഹമായ ഒരിനമാണ്‌ കവര്‍ച്ച (വകുപ്പ്‌ 390, 392). മോഷണവും കവര്‍ച്ചയും ഭയപ്പെടുത്തിയുള്ള അപഹരണവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. മോഷണം ബലപ്രയോഗത്തോടു കൂടിയതാണെങ്കില്‍ കവര്‍ച്ചയാകും. കവര്‍ച്ചയ്‌ക്കു 10 കൊല്ലം വരെ കഠിനതടവും പിഴയുമാണ്‌ ശിക്ഷ. സൂര്യാസ്‌തമയത്തിനും സൂര്യോദയത്തിനുമിടയ്‌ക്കാണ്‌ കവര്‍ച്ച നടക്കുന്നതെങ്കില്‍ ശിക്ഷ 14 കൊല്ലം വരെ ദീര്‍ഘിപ്പിക്കും. കൊള്ളനടത്താനുള്ള ഉദ്യമങ്ങള്‍ നടത്തുന്നതും അതിനുള്ള സജ്ജീകരണങ്ങള്‍ സംഘടിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്‌; ശരിക്കും കൃത്യം നടക്കണമെന്നില്ല. അഞ്ചോ അധികമോപേര്‍ ചേര്‍ന്നുനടത്തുന്ന കവര്‍ച്ചയെ കൂട്ടക്കവര്‍ച്ച (dacoity) എന്നു പറയുന്നു. ശിക്ഷാനിയ മം കവര്‍ച്ച കര്‍ശനമായി കൈകാര്യം ചെയ്യുന്നുണ്ട്‌. "തഗ്‌സ്‌' എന്നും "പിണ്ടാരികള്‍' എന്നും അറിയപ്പെട്ടിരുന്ന കൊള്ളസംഘങ്ങള്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭീകരസ്വഭാവികളായിരുന്ന ഇക്കൂട്ടരെ അമര്‍ച്ച ചെയ്യുന്നതിനും അത്തരം കുറ്റവാസന ജനങ്ങളില്‍ ഉണ്ടാകാതിരിക്കുന്നതിനും വേണ്ടി ക്രിമിനല്‍ നിയമം അത്രകണ്ട്‌ കര്‍ക്കശമാക്കിയിട്ടുണ്ടെങ്കിലും കവര്‍ച്ച പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഒരു ഗവണ്‍മെന്റിനുംകഴിഞ്ഞിട്ടില്ല.

സമൂഹത്തിന്റെ വളര്‍ച്ചയുടെ തോതനുസരിച്ച്‌ കവര്‍ച്ചകളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെങ്കിലും അതിന്‍െറ സ്വഭാവത്തിന്‌ വ്യത്യാസം വന്നിട്ടുണ്ട്‌. പല കൗശലങ്ങളും ഉപയോഗിച്ച്‌ നടത്തിയിരുന്ന കവര്‍ച്ചയുടെ സ്ഥാനത്ത്‌ ഇന്ന്‌ വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ ഉപയോഗിച്ചുതന്നെ കവര്‍ച്ച നടത്തുന്നതായി കാണുന്നു. വികസിത രാജ്യങ്ങളിലെ ഹൈവേകളിലെ കവര്‍ച്ച ഇതിനുദാഹരണമാണ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചമ്പല്‍ കൊള്ളക്കാര്‍ നടത്തുന്ന കവര്‍ച്ചയും തീവണ്ടികളില്‍ നടക്കുന്ന കവര്‍ച്ചയും ഇതിന്റെ രൂപം തന്നെയാണ്‌. കുപ്രസിദ്ധ അന്താരാഷ്‌ട്ര കവര്‍ച്ച സംഘമാണ്‌ "മാഫിയ'.

(ജസ്റ്റിസ്‌ കെ. സദാശിവന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍