This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവരത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവരത്തി

Kavarathi

ലക്ഷദ്വീപിലുള്‍പ്പെട്ട ഒരു തുരുത്ത്‌; ലക്ഷദ്വീപിന്റെ ഭരണകേന്ദ്രവും കവരത്തിയിലാണ്‌. അറബിക്കടലില്‍ മാലിദ്വീപിന്‌ (Maldives)375 കി.മീ. വടക്കും കേരളത്തിന്റെ പശ്‌ചിമതീരത്തിന്‌ 350 കി.മീ. പടിഞ്ഞാറുമായാണ്‌ ഈ ദ്വീപിന്റെ സ്ഥാനം. കേന്ദ്രഭരണപ്രദേശ മായ ലക്ഷദ്വീപിലെ 27 തുരുത്തുകളില്‍ ജനവാസമുള്ള 11 ദ്വീപുകളെ ഉള്‍ക്കൊള്ളുന്ന നാലു താലൂക്കുകളില്‍ ഒന്നിന്റെ ആസ്ഥാനംകൂടിയാണ്‌ കവരത്തി. ദ്വീപിന്‌ വിസ്‌തൃതി: 3.6 ച.കി.മീ. മത്സ്യബന്ധനമാണ്‌ ജനങ്ങളുടെ മുഖ്യതൊഴില്‍; നാളികേരം മുഖ്യ കാര്‍ഷികവിളയും. (നോ: ലക്ഷദ്വീപ്‌)

സമുദ്രനിരപ്പില്‍ നിന്നു സു. 4 മീ. ഉയരത്തില്‍ ചുറ്റും പവിഴപ്പാറകളാല്‍ സംരക്ഷിക്കപ്പെട്ടുകിടക്കുന്ന ഈ ദ്വീപ്‌ പ്രകൃതിമനോഹരമാണ്‌. കുന്നും മലയും കാടും തോടുമില്ലാത്ത കവരത്തിയില്‍ തെങ്ങ്‌ സമൃദ്ധിയായി വളരുന്നു. കേരളത്തിന്റെ ഒരു ചെറുപതിപ്പാണ്‌ ഈ ദ്വീപെങ്കിലും കേരളത്തിലെ പക്ഷിമൃഗാദികളിലും വൃക്ഷലതാദികളിലും ചുരുക്കം ചിലതു മാത്രമേ ഇവിടെയുള്ളു. ദ്വീപിലെ സ്ഥിരതാമസക്കാരെല്ലാം മുസ്‌ലിങ്ങളാണ്‌; ഇവരില്‍ ഭൂരിപക്ഷവും പട്ടികവര്‍ഗക്കാരും. ദ്വീപിലെ മാതൃഭാഷയായ മലയാളം കേരളത്തിലെ മലയാളത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌; ദ്വീപുമലയാളത്തില്‍ തമിഴ്‌, കന്നഡ, അറബി തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ ധാരാളമായി കലര്‍ന്നിട്ടുണ്ട്‌. മലബാര്‍പ്രദേശത്തെ മുസ്‌ലിങ്ങളുടെ പഴയ വസ്‌ത്രധാരണ സമ്പ്രദായമാണ്‌. ഇവിടെ നിലവിലുള്ളത്‌. പുരുഷന്‌മാരുടെ പ്രധാന തൊഴില്‍ മീന്‍പിടിത്തവും തെങ്ങുകൃഷിയുമാണ്‌; സ്‌ത്രീകളിലേറെപ്പേരും കയര്‍ത്തൊഴിലാളികളാണ്‌. അടുത്തകാലംവരെ ശാസ്‌ത്രീയമായ കൃഷിരീതികളോ, മത്സ്യബന്ധനരീതികളോ ദ്വീപുകാര്‍ക്ക്‌ അറിവില്ലായിരുന്നു. ഇപ്പോള്‍ ഈ സ്ഥിതി മാറിവരുന്നു. ചോറും മീനുമാണ്‌ ദ്വീപുനിവാസികളുടെ മുഖ്യ ആഹാരം.

ഉജ്‌റ പള്ളി - ഉള്‍ച്ചിത്രം: അവിടത്തെ ശില്‌പകലയുടെ മാതൃക

കേരളത്തിലെ അവസാനത്തെ പെരുമാളിന്റെ ഭരണകാലത്തിനുശേഷമാണ്‌ കവരത്തിയിലും ചുറ്റുമുള്ള ദ്വീപുകളിലും കുടിപ്പാര്‍പ്പുറപ്പിച്ചതെന്ന്‌ ഐതിഹ്യം പറയുന്നു. 1956 ന. 1നു ലക്ഷദ്വീപ്‌ ഒരു കേന്ദ്രഭരണ പ്രദേശമായിത്തീരുന്നതുവരെ കവരത്തി ഉള്‍പ്പെടെ അഞ്ചു ദ്വീപുകള്‍ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു. 1964 വരെ ദ്വീപിന്റെ ആസ്ഥാനം കോഴിക്കോട്‌ ആയിരുന്നു. 1884ല്‍ കവരത്തിയില്‍ ആദ്യത്തെ സ്‌കൂള്‍ തുറന്നു. എങ്കിലും വിദ്യാഭ്യാസനിലവാരം ഇപ്പോഴും വളരെ പിന്നാക്കമാണ്‌. 1972 ജൂല. 15നു കവരത്തിയില്‍ കോഴിക്കോട്‌ സര്‍വകലാശാലയുടെ കീഴില്‍ ഒരു ജൂനിയര്‍ കോളജ്‌ (ജവാഹര്‍ലാല്‍ നെഹ്‌റു കോളജ്‌) ആരംഭിച്ചു. വിദ്യാഭ്യാസം എല്ലാ തലത്തിലും സൗജന്യമാണ്‌. വിദ്യാര്‍ഥികള്‍ക്ക്‌ പുസ്‌തകം, വസ്‌ത്രം എന്നിവ സൗജന്യമായി നല്‌കുന്നതിനുപുറമേ അവരുടെ ഹോസ്റ്റല്‍ ചെലവുകളും ഗവണ്‍മെന്റ്‌ വഹിക്കുന്നു. ഇവിടെ എട്ടാം ക്ലാസ്സു മുതല്‍ മത്സ്യബന്ധനം ഐച്ഛിക വിഷയമാണ്‌. 1971 മേയ്‌ 5നു 50 ലൈനുള്ള ആദ്യത്തെ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ കവരത്തിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന റേഡിയോടെലിഫോണ്‍ സര്‍വിസ്‌ 1972ലാണ്‌ ആരംഭിച്ചത്‌. ദ്വീപില്‍ ഒരു എര്‍ത്ത്‌ സാറ്റലൈറ്റ്‌ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഉദ്ദേശ്യമുണ്ട്‌. ദ്വീപില്‍ ഏറ്റവും പ്രചാരമുള്ള വാഹനം സൈക്കിളാണ്‌. 1978ലെ റിപ്പബ്ലിക്‌ ദിനത്തില്‍ കവരത്തിയില്‍ മിനി ബസ്‌ സര്‍വിസ്‌ ആരംഭിച്ചു. യന്ത്രവത്‌കൃത മത്സ്യബന്ധന ബോട്ടുകളുടെ ആവശ്യം വര്‍ധിച്ചുവന്നതിനെത്തുടര്‍ന്ന്‌ 1964ല്‍ ഒരു ബോട്ടുനിര്‍മാണശാല ഇവിടെ സ്ഥാപിതമായി. പതിനൊന്നു ലക്ഷം രൂപ ചെലവഴിച്ച്‌ 1970ല്‍ ഒരു മത്സ്യബന്ധനതുറമുഖവും കവരത്തിയില്‍ നിര്‍മിച്ചു. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു ആശുപത്രി കവരത്തിയിലുണ്ട്‌. ലക്ഷദ്വീപിലെ ആദ്യത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറി 1976ല്‍ കവരത്തിയിലാരംഭിച്ചു. കരകൗശലശില്‌പങ്ങളുടെ കാര്യത്തില്‍ ദ്വീപ്‌ പിന്നിലല്ല. ഇവിടത്തെ പുരാതനമായ "ഉജ്‌റ' പള്ളിയിലെ ശില്‌പകല ആരെയും ആകര്‍ഷിക്കുന്നതാണ്‌. പവിഴപ്പുറ്റുകള്‍ കൊണ്ടുള്ള പലതരം കൗതുകവസ്‌തുക്കള്‍ ഇവിടെ ധാരാളമായി നിര്‍മിക്കപ്പെടുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B5%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍