This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവന്‍ട്രി, വില്യം (1628 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവന്‍ട്രി, വില്യം (1628 - 86)

Coventry, William

ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞന്‍. തോമസ്‌ കവന്‍ട്രിയുടെ നാലാമത്തെ പുത്രനായി 1628ല്‍ ജനിച്ചു. 1642ല്‍ ഓക്‌സ്‌ഫഡിലെ ക്വീന്‍സ്‌ കോളജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ രാജകീയസേനയില്‍ ചേരുകയാണുണ്ടായത്‌. പിന്നീട്‌ ചാള്‍സ്‌ IIന്റെ (ഭ.കാ. 1630-85) കുടുംബത്തോടൊപ്പം അല്‌പകാലം രാജ്യത്തിനു വെളിയില്‍ കഴിയേണ്ടിവന്നു. 1652ല്‍ കവന്‍ട്രി ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. ചാള്‍സ്‌ കകന്റെ ഭരണകാലത്ത്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രീയത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയവരില്‍ ഒരാളായിരുന്നു കവന്‍ട്രി. ഇദ്ദേഹം 1661ല്‍ ഗ്രറ്റ്‌യാര്‍മത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവര്‍ഷം നേവിയിലെ ഒരു കമ്മീഷണറായി നിയമിതനായി. പിന്നീട്‌ പ്രഭുസ്ഥാനം ലഭിച്ച കവന്‍ട്രി 1665ല്‍ പ്രിവികൗണ്‍സിലറായി. 1667 മേയില്‍ ട്രഷറി കമ്മീഷനില്‍ അംഗത്വം ലഭിച്ചു. കോമണ്‍സ്‌ സഭയിലെ ശക്തനായ ഒരു വാഗ്‌മി കൂടിയായിരുന്ന ഇദ്ദേഹം ഈ പദവിയിലിരുന്നുകൊണ്ട്‌ സദ്‌ഭരണത്തിനുവേണ്ടി തീവ്രശ്രമം നടത്തി. ക്ലാരന്‍ഡന്‍ പ്രഭുവിന്റെ നിസ്സഹകരണം മൂലം 1667 സെപ്‌.ല്‍ ഇദ്ദേഹം രാജിവച്ചു. എന്നാല്‍ ക്ലാരന്‍ഡന്‍ പ്രഭുവിന്റെ ഇംപീച്ച്‌മെന്റില്‍ ഇദ്ദേഹം നിഷ്‌പക്ഷത പാലിച്ചു. 1668 കാലത്ത്‌ ചെലവിനങ്ങളില്‌മേലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്‌ രാജാവുമായി ഭിന്നിപ്പുണ്ടായതോടെ ഇദ്ദേഹത്തിന്റെ ജനസമ്മതി കുറഞ്ഞു. കുറച്ചുകാലം ഇദ്ദേഹത്തിന്‌ ലണ്ടന്‍ ടവറില്‍ തടവുകാരനായി കഴിയേണ്ടി വന്നു. 1679ല്‍ വീണ്ടും പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1680നു ശേഷം പാര്‍ല. പ്രവര്‍ത്തനത്തില്‍ നിന്നും ഇദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്‌.

ടന്‍ബ്രിഡ്‌ജ്‌ വെല്‍സിനു സമീപം വച്ച്‌ 1686 ജൂണ്‍ 23നു കവന്‍ട്രി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍