This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവനോദയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവനോദയം

ഒരു മലയാള മാസിക. 1907ല്‍ പ്രസിദ്ധീകരണമാരംഭിച്ചു. കടത്തനാട്ട്‌ ഉദയവര്‍മത്തമ്പുരാന്‍ 1891ല്‍ ആരംഭിച്ച ജനരഞ്‌ജിനിയാണ്‌ പിന്നീട്‌ കവനോദയമായി മാറിയത്‌. തമ്പുരാന്റെ ഉടമസ്ഥതയിലും ഇരുവനാട്ടു കെ.സി. നാരായണന്‍ നമ്പ്യാരുടെ പത്രാധിപത്യത്തിലും ആരംഭിച്ച ജനരഞ്‌ജിനിയാണ്‌ വടക്കേ മലബാറിലെ ഒന്നാമത്തെ പത്രഗ്രന്ഥമെന്ന്‌ മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. സമസ്യാപൂരണവും ചിത്രപ്രശ്‌നവും മറ്റുമായിരുന്നു ഇതില്‍ മുഖ്യമായി കൈകാര്യം ചെയ്‌ത വിഷയങ്ങള്‍. കടത്തനാട്ടു (നാദാപുരം) നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഈ മാസികയുടെ പത്രാധിപത്യം കടത്തനാട്ടു കൃഷ്‌ണവാരിയരും വഹിച്ചിട്ടുണ്ട്‌. 1907ല്‍ ജനരഞ്‌ജിനി പരിഷ്‌കരിക്കണമെന്ന്‌ തമ്പുരാനു തോന്നിയതിന്റെ ഫലമായാണ്‌ ഇത്‌ "കവനോദയം' എന്ന പേരില്‍ പുനഃപ്രസിദ്ധീകരണം നടത്തിയത്‌. പ്രാചീനാര്‍വാചീനകൃതികളുടെ പ്രകാശനമായിരുന്നു ഈ മാസികയുടെ പ്രധാന ലക്ഷ്യം. ചെല്ലൂര്‍ നാഥോദയം ചമ്പു, ഭാരതചമ്പു, ചന്ദ്രാത്‌സവം തുടങ്ങി ഒട്ടനവധി പഴയ കൃതികള്‍ പ്രസ്‌തുത മാസികയിലൂടെ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളോടൊപ്പം അതതിന്റെ കര്‍ത്താക്കളെക്കുറിച്ച്‌ ലഭ്യമായ വിവരങ്ങള്‍ കൂടി ചേര്‍ത്തിരുന്നു എന്നത്‌ ആ കാലഘട്ടത്തിലെ മറ്റു മലയാള മാസികകളെ അപേക്ഷിച്ച്‌ കവനോദയത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. കടത്തനാട്ടു കൃഷ്‌ണവാരിയരുടെ ഭാഷാരാമായണ ചമ്പു, സീമന്തിനീചരിതം (കാവ്യം), കോടിവിരഹം (തര്‍ജുമ), നാരായണന്‍ നമ്പ്യാരുടെ ഉദയാലങ്കാരം, തേലപ്പുറത്തു നാരായണന്‍ നമ്പിയുടെ യയാതിചരിതം, കറുത്തപാറ ദാമോദരന്‍ നമ്പൂതിരിയുടെ അക്ഷയപാത്രം, വി.സി. ബാലകൃഷ്‌ണപ്പണിക്കരുടെ ഇന്ദുമതീസ്വയംവരം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പാഞ്ചാലധനഞ്‌ജയം, ജാനകീപരിണയം മുതലായവ കവനോദയം വഴി പ്രസിദ്ധീകരിക്കപ്പെട്ട നവീനകൃതികളില്‍ ചിലതാണ്‌. തേലപ്പുറത്തു നാരായണന്‍ നമ്പിയുടെ ജാനകി (നോവല്‍), സ്വാത്മനിരൂപണം (വേദാന്തം), ഭാഗവതപൗരാണികന്‍ അയ്യാത്തുര ശാസ്‌ത്രിയുടെ വേദാന്തദര്‍പ്പണം, മുത്തുലക്ഷ്‌മി എന്നീ ഗദ്യഗ്രന്ഥങ്ങളും കുക്കയില്‍ കണിയാരുടെ പ്രശ്‌നരീതി, കാരാട്ടുനമ്പൂതിരിയുടെ ജ്യോത്സ്‌നിക (വിഷവൈദ്യം) എന്നീ ശാസ്‌ത്രഗ്രന്ഥങ്ങളും കവനോദയം വഴി പ്രസിദ്ധീകരിക്കപ്പെട്ടതാണ്‌.

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ വളരെയേറെ സംഭാവന നല്‌കിയിട്ടുള്ള പ്രസിദ്ധീകരണമാണ്‌ കവനോദയം. കൃഷ്‌ണഗാഥ ചെറുശ്ശേരിയുടെ കൃതിയല്ല, പുനത്തിന്റെ കൃതിയാണെന്നുള്ള വാദം ആദ്യമായാരംഭിച്ചത്‌ കവനോ ദയം പ്രവര്‍ത്തകരാണ്‌. ഇതിനെത്തുടര്‍ന്നാണ്‌ സാഹിത്യപഞ്ചാനനന്റെ കൃഷ്‌ണഗാഥാനിരൂപണവും മറ്റും ഉണ്ടായത്‌.

പ്രാചീന കവികളുടെ ജീവചരിത്രം തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതില്‍ കവനോദയത്തിന്റെ പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. ഇത്തരത്തില്‍ ഏതാണ്ട്‌ അറുപതിലധികം സംസ്‌കൃതകവികളുടെ ജീവചരിത്രം അടങ്ങുന്നതാണ്‌ കവനോദയത്തില്‍ പ്രസിദ്ധീകരിച്ചു വന്ന കവികലാപം. അദൃഷ്ടപൂര്‍വങ്ങളായ കൃതികളെക്കുറിച്ചും അവയുടെ കര്‍ത്താക്കളെക്കുറിച്ചും മലയാളത്തിലാദ്യമായി ഗവേഷണസ്വഭാവത്തിലുള്ള സമീപനം അവലംബിച്ചത്‌ കവനോദയം ആണെന്ന്‌ പറയാം. ബോംബെയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കാവ്യമാല എന്ന സംസ്‌കൃതത്രമാസികയായിരുന്നു ഉദയവര്‍മത്തമ്പുരാനു മാര്‍ഗദര്‍ശകമായതെന്നാണ്‌ മഹാകവി ഉള്ളൂരിന്റെ (കേരളസാഹിത്യചരിത്രം) അഭിപ്രായം. 16 വര്‍ഷത്തെ പ്രസിദ്ധീകരണ ചരിത്രത്തിനിടയില്‍ 40ലധികം കൃതികള്‍ കവനോദയം വഴി വെളിച്ചത്തുകൊണ്ടു വരാന്‍ തമ്പുരാനു കഴിഞ്ഞു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B5%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍