This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവനന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവനന്റ്‌

Covenant

ദൈവവിശ്വാസ പ്രതിജ്ഞ എന്ന അര്‍ഥത്തില്‍ ബൈബിളില്‍ ഉപയോഗിച്ചിട്ടുള്ള ഒരുപദം. മനുഷ്യര്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി എന്ന അര്‍ഥത്തിലും ഈ പദം ഉപയോഗിച്ചുവരുന്നു. ദൈവവും ഇസ്രയേലിലെ ജനങ്ങളും തമ്മിലുണ്ടാക്കിയ പവിത്രമായ ഉടമ്പടിയാണ്‌ "കവനന്റ്‌' എന്ന പദം കൊണ്ട്‌ പ്രധാനമായും വിവക്ഷിക്കപ്പെടുന്നത്‌. ദൈവം മുന്‍കൈയെടുത്തുണ്ടാക്കിയ "ഏകപക്ഷീയമായ' ഈ ഉടമ്പടി പ്രകാരം ഇസ്രയേല്‍ക്കാര്‍ ദൈവത്തിന്റെ ജനങ്ങളാണ്‌; അവര്‍ ദൈവനിയമങ്ങള്‍ അനുസരിച്ചു ജീവിക്കണം (പുറപ്പാട്‌ 19:57; 24:7; 34:10). ദൈവത്തെയും ദൈവത്തിന്റെ നിയമങ്ങളെയും അനുസരിച്ചു ജീവിക്കുന്നിടത്തോളം കാലം ഇവര്‍ക്ക്‌ സ്വാതന്ത്ര്യം, സുരക്ഷിതത്വം, ഐശ്വര്യം എന്നിവ ദൈവം ഉറപ്പുനല്‌കുന്നു; നിയമം ലംഘിക്കപ്പെട്ടാല്‍ ദാരിദ്യ്രം, പീഡനം, നാടുകടത്തല്‍ എന്നിവയാണ്‌ ഫലം.

ബൈബിള്‍ "പഴയ നിയമ'ത്തില്‍ വിശ്വജലപ്രളയത്തിനു മുമ്പ്‌ ദൈവവും നോഹയും തമ്മില്‍ ഉണ്ടാക്കിയ കരാറായിട്ടാണ്‌ "കവനന്റി'നെ പ്രതിപാദിച്ചിരിക്കുന്നത്‌. "പഴയ നിയമ'ത്തിന്റെ അന്തസ്സത്ത മുഴുവനും ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. ദൈവം പ്രത്യക്ഷപ്പെട്ട്‌ തലമുറയിലെ ഏറ്റവും നീതിമാനായ നോഹയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതായി പ്രഖ്യാപിച്ചു. കരാര്‍പ്രകാരം ദൈവത്തിന്റെ പ്രവര്‍ത്തനഫലമായി ഭൂമിയില്‍ മനുഷ്യനു നന്മയും സുരക്ഷിതത്വവും ലഭിക്കുന്നു; മനുഷ്യന്‍ ദൈവത്തോടുള്ള കടപ്പാടുകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥനാണ്‌. നോഹ "ഗോഫര്‍' മരം കൊണ്ട്‌ ഒരു വലിയ കപ്പല്‍ ഉണ്ടാക്കി ജലപ്രളയത്തിനു മുമ്പുതന്നെ കുടുംബസമേതം കപ്പലില്‍ കയറിക്കൊള്ളണമെന്നും മൃഗങ്ങള്‍,പക്ഷികള്‍, ഇഴജാതികള്‍ തുടങ്ങി സകലജീവികളില്‍ നിന്നും ഒരു നിശ്ചിത എണ്ണം വീതം കൂടെകൂട്ടിക്കൊള്ളണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു.

ക്രിസ്‌തു മുന്‍കൈയെടുത്ത്‌ ദൈവവും മനുഷ്യരും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ളതും ക്രിസ്‌തുവിന്റെ മരണത്തോടു കൂടി നിയമസാധുത്വം സിദ്ധിച്ചിട്ടുള്ളതുമായ പവിത്ര ഉടമ്പടിയായിട്ടാണ്‌ "കവനന്റ്‌' ബൈബിള്‍ "പുതിയ നിയമ'ത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. ദൈവത്തിന്റെ പരിശുദ്ധ പ്രഖ്യാപനം (റോമ. 11:27) ആയും ദൈവത്തിന്റെ ശാസനം (ക കൊരി. 11:25) ആയും "പുതിയ നിയമ'ത്തില്‍ കവനന്റ്‌ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ദൈവാജ്ഞ അനുസരിച്ചുകൊള്ളാമെന്ന വ്യവസ്ഥയില്‍ ആദിപിതാവായ ആദാമിനെ മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ സംയുക്ത പ്രതിനിധിയായി അവരോധിച്ചുകൊണ്ടുള്ള കരാറും കവനന്റ്‌ എന്ന പേരില്‍ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍