This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവചിതസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവചിതസേന

Armoured Corp

കരസേനയിലെ ഒരു പ്രധാന ഘടകം. വലിയതരം തോക്കുകളും യന്ത്രത്തോക്കുകളും ഘടിപ്പിച്ച പലതരം ടാങ്കുകളും മറ്റു കവചിതവാഹനങ്ങളും ആണ്‌ കവചിതസേനയുടെ പ്രധാന ഘടകങ്ങള്‍.

ചരിത്രം. ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ നിധികളും വിലപിടിച്ച മറ്റു വസ്‌തുക്കളും സുരക്ഷിതമായി കൊണ്ടുപോകുന്നതിന്‌ കവചിതവാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു. 19-ാം ശ.ത്തിന്റെ അവസാനത്തില്‍ വന്‍തോക്കുകള്‍ യുദ്ധമുന്നണിയിലെത്തിക്കുന്നതിനും കവചിതവാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു. 1899ല്‍ ബ്രിട്ടനില്‍ എഫ്‌.ആര്‍.സിംസ്‌ തോക്കു ഘടിപ്പിച്ച ഒരു കവചിതവാഹനം പരീക്ഷണാര്‍ഥം നിര്‍മിക്കുകയുണ്ടായി. ഏതാണ്ട്‌ അതേ കാലഘട്ടത്തില്‍ത്തന്നെ മേജര്‍ ആര്‍.പി. ഡേവിസ്സന്‍ കവചിതവാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ ആശാവഹമായ പുരോഗതി നേടി. 1906ല്‍ ഒരു ഫ്രഞ്ച്‌ കമ്പനി വന്‍തോക്ക്‌ സ്ഥാപിക്കുന്നതിന്‌ ഒരു ഗോപുരം (turret) ഘടിപ്പിച്ച കവചിതവാഹനങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി.

ഒന്നാം ലോകയുദ്ധകാലത്ത്‌ (1914-18) ബ്രിട്ടനും ഫ്രാന്‍സും സാമാന്യം ഭേദപ്പെട്ട ടാങ്കുകളും കവചിത വാഹനങ്ങളും നിര്‍മിച്ചെടുത്തു. തുടര്‍ന്ന്‌ അവര്‍ ചെറിയ കവചിത സേനാവിഭാഗങ്ങളെയും സംഘടിപ്പിച്ചു. (നോ: ഒന്നാം ലോകയുദ്ധം) ഈ യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ജര്‍മനിയുമായി നടത്തിയ പോരാട്ടങ്ങളില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യങ്ങള്‍ ജര്‍മന്‍ സമരനിരകളിലേക്കു കടക്കാന്‍ സാധിക്കാത്ത സ്‌തംഭനാവസ്ഥയിലെത്തിയിരുന്നു. "വെര്‍ഡന്‍' യുദ്ധരംഗത്തുമാത്രം ഇരുഭാഗങ്ങളിലെയും ഭടന്മാരില്‍ പത്തുലക്ഷത്തോളംപേര്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ തടവുകാരാക്കപ്പെടുകയോ ചെയ്യുകയുണ്ടായി. 1916 ജൂലായ്‌ മുതല്‍ നവംബര്‍ വരെ സോം നദീതീരത്തുവച്ചുണ്ടായ യുദ്ധത്തിലാണ്‌ (Battle of Somme)ആദ്യമായി ബ്രിട്ടനും ഫ്രാന്‍സും ടാങ്കുകളുടെ അകമ്പടിയോടെ സംഘടിതമായ കവചിതസേനയെ ഇറക്കിയത്‌.

ഈ യുദ്ധത്തില്‍ ബ്രിട്ടനും ഫ്രാന്‍സും പൂര്‍ണവിജയം കൈവരിച്ചില്ലെങ്കിലും ജര്‍മന്‍ സൈന്യങ്ങള്‍ക്ക്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തിവയ്‌ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇരുഭാഗത്തുമായി പതിമൂന്നുലക്ഷം പേര്‍ക്ക്‌ ജീവഹാനി സംഭവിച്ച ഈ യുദ്ധം ജര്‍മനിയുടെ തകര്‍ച്ചയ്‌ക്ക്‌ കളമൊരുക്കി.

1917 നവംബറില്‍ "ഷാംബേ' യുദ്ധരംഗത്ത്‌ ബ്രിട്ടന്‍ 470 ടാങ്കുകള്‍ ഉള്‍ക്കൊള്ളുന്ന വമ്പിച്ചൊരു കവചിതസേനയെ ജര്‍മനിക്കെതിരായി അണിനിരത്തി ഉഗ്രമായി യുദ്ധം ചെയ്‌തു. തുടര്‍ന്ന്‌ "അമീന്‍സ്‌' യുദ്ധരംഗത്ത്‌ 600ല്‍ പ്പരം ടാങ്കുകള്‍ ഇറക്കി ജര്‍മനിക്ക്‌ കനത്ത പ്രഹരം ഏല്‌പിക്കുകയും ചെയ്‌തു.

ഒന്നാംലോകയുദ്ധകാലത്ത്‌ ആംഗ്ലോഫ്രഞ്ച്‌ സൈന്യങ്ങളിലെ കവചിതസേനകള്‍ ഉപയോഗിച്ചിരുന്ന ടാങ്കുകള്‍ക്ക്‌ മുപ്പത്‌ ടണ്‍വരെ ഭാരമുണ്ടായിരുന്നു. ഇതിന്റെ പുറംചട്ടകള്‍ വളരെ കട്ടികൂടിയ ലോഹത്തകിടുകള്‍ കൊണ്ടു നിര്‍മിച്ചവയും, മിശ്രിതലോഹക്കൂട്ടുകൊണ്ടു നിര്‍മിച്ച ചങ്ങലകളുടെ (driving chains) സഹായത്തോടെ ഓടുന്നവയുമായിരുന്നു.

ഒന്നാംലോകയുദ്ധത്തില്‍ കവചിതസേനകള്‍ കൈവരിച്ച നേട്ടങ്ങള്‍ എല്ലാ രാഷ്‌ട്രങ്ങളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പടക്കോപ്പു നിര്‍മാണക്കാര്‍ വിവിധതരത്തിലുള്ള ടാങ്കുകളും മറ്റു കവചിതവാഹനങ്ങളും നിര്‍മിക്കുന്നതില്‍ മത്സരിച്ചു മുന്നോട്ടു നീങ്ങി.

രണ്ടാംലോകയുദ്ധം (1939-45) തുടങ്ങുമ്പോഴേക്കും ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി, റഷ്യ, യു.എസ്‌., ജപ്പാന്‍ തുടങ്ങിയ എല്ലാ വന്‍രാഷ്‌ട്രങ്ങളും നവീനരീതിയിലുള്ള ടാങ്കുകളും കവചിതവാഹനങ്ങളും നിര്‍മിക്കുന്നതിലും കവചിത സേനാവിഭാഗത്തെ സംഘടിപ്പിക്കുന്നതിലും കാര്യമായ പുരോഗതി നേടി.സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇന്ത്യയിലും പാകിസ്‌താനിലും വിവിധതരം ടാങ്കുകളും കവചിതവാഹനങ്ങളും നിര്‍മിക്കുന്നുണ്ട്‌.

ജനകീയ ചൈനയും യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളും മറ്റു ചെറിയ രാഷ്‌ട്രങ്ങള്‍ പോലും ഇന്നു നവീനരീതിയിലുള്ള ടാങ്കുകള്‍ നിര്‍മിച്ചു കവചിതസേനകളെ സംഘടിപ്പിച്ചിട്ടുണ്ട്‌.

ടാങ്കുകള്‍. ആധുനിക കവചിതസേനയുടെ ഉപയോഗത്തിലുള്ള ടാങ്കുകളെ ലൈറ്റ്‌ ടാങ്ക്‌, മീഡിയം ടാങ്ക്‌, ഹെവി ടാങ്ക്‌ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഈ ടാങ്കുകളിലെല്ലാം തന്നെ ഭാരത്തോക്കുകളും (heavy guns) യന്ത്രത്തോക്കുകളും വാര്‍ത്താവിനിമയത്തിന്‌ വയര്‍ലസ്‌ സജ്ജീകരണങ്ങളും ഉണ്ടായിരിക്കും. യുദ്ധഭൂമിയില്‍ ഉണ്ടാകുന്ന പൊടിപടലം തരണം ചെയ്യുന്നതിന്‌ ഇപ്പോള്‍ ടാങ്കുകളിലും മറ്റു കവചിതവാഹനങ്ങളിലും "ഇന്‍ഫ്രാറെഡ്‌' ഉപകരണങ്ങള്‍ ഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌.

മറ്റുപകരണങ്ങള്‍. ആധുനിക കവചിതസേനകള്‍ ഇപ്പോള്‍ (i) "ടാങ്ക്‌ ഡോസര്‍', (ii) "ബ്രിഡ്‌ജ്‌ ലേയര്‍ടാങ്ക്‌', (iii) "ഫ്‌ളെയിം ത്രായിങ്‌ ടാങ്ക്‌', (iv) "മൈന്‍ ഡിസ്‌റ്റ്രായിങ്‌ ടാങ്ക്‌', (v) "ആര്‍മര്‍ റിക്കവറി വെഹിക്കിള്‍' തുടങ്ങിയവയും ഉപയോഗിച്ചുവരുന്നു. ചതുപ്പു നിലങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ഉപയോഗിക്കുന്നതിന്‌ "ആംഫിബിയസ്‌ ടാങ്കു'കളും ഉണ്ട്‌.

യുദ്ധമുറകള്‍. കവചിതസേനാവിഭാഗത്തിന്റെ യുദ്ധമുറകള്‍ വളരെ സങ്കീര്‍ണമാണ്‌. യുദ്ധമുന്നണികളില്‍ ശത്രുക്കളെ നേരിടുന്നതിലും അതേ സമയംതന്നെ ശത്രുസങ്കേതങ്ങളിലേക്ക്‌ ഇരച്ചുകയറി ശത്രുസന്നാഹങ്ങളെ തകര്‍ക്കുന്നതിലും കവചിതസേനാവിഭാഗം നിര്‍ണായകപങ്കുവഹിക്കുന്നു. ശത്രുസങ്കേതങ്ങളെ ആക്രമിച്ചു പിടിക്കാന്‍ നിയോഗിക്കപ്പെടുന്ന കവചിതസേനയോടൊപ്പം കാലാള്‍പ്പടയും ഉണ്ടായിരിക്കും. ഈ കാലാള്‍പ്പട ഒറ്റപ്പെട്ടുപോകുന്ന ടാങ്കുകള്‍ക്കും നാശം സംഭവിച്ച ടാങ്കുകളിലെ സൈനികര്‍ക്കും സുരക്ഷിതത്വം നല്‌കുന്നതോടൊപ്പം കവചിതസേന ആക്രമിച്ചു തകര്‍ക്കുന്ന സങ്കേതങ്ങളെ പിടിച്ചെടുത്തു നിലയുറപ്പിക്കുന്നതിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നു.

കവചിതസേനയുടെ യുദ്ധപ്രവര്‍ത്തനങ്ങളുടെ വിജയം താഴെ വിവരിക്കുന്ന വസ്‌തുതകളെ ആശ്രയിച്ചിരിക്കും: (i) യുദ്ധഭൂമിയുടെ കിടപ്പും പരപ്പും; (ii) ടാങ്കുകളുടെ എണ്ണം, യന്ത്രസംവിധാനമേന്മകള്‍, വേഗത; (iii) വിവിധതരം പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നതിനുള്ള കഴിവ്‌; (iv) ടാങ്കില്‍ ഘടിപ്പിച്ചിരിക്കുന്ന തോക്കുകളുടെ പ്രവര്‍ത്തനക്ഷമതയും റെയ്‌ഞ്ചും; (v) ടാങ്കിന്റെ ചട്ടക്കൂടിനും, ചങ്ങലയ്‌ക്കും ശത്രുക്കളുടെ ഷെല്ലുകളെ ചെറുത്തു നില്‌ക്കാനുള്ള കഴിവ്‌;

(vi) അതിവേഗത്തില്‍ ഭിന്നദിശകളിലേക്കു നീങ്ങാനുള്ള കഴിവ്‌;

(vii) ശത്രുക്കള്‍ നീങ്ങുന്ന ലക്ഷ്യത്തിലേക്ക്‌ അതിവേഗത്തില്‍ മാറിമാറി വെടിവയ്‌ക്കാനുള്ള സംവിധാനം; (viii) പോഷകസേനകളുടെ ലഭ്യത.

സമരമുഖങ്ങളില്‍ പീരങ്കിപ്പടയും കാലാള്‍പ്പടയും യുദ്ധം ചെയ്യുന്നതില്‍ നിന്ന്‌ വളരെ വിഭിന്നമായ രീതിയായിരിക്കും കവചിതസേന സ്വീകരിക്കേണ്ടിവരിക. ശത്രുക്കളുടെ പ്രതിരോധനിരയെ ഭേദിച്ചു കടക്കാനോ തകര്‍ക്കാനോ സാധിക്കാത്ത സ്‌തംഭനാവസ്ഥയില്‍ എത്തിച്ചേര്‍ന്നാല്‍ കവചിതസേന സഹായത്തിനെത്തിക്കൊള്ളും. യന്ത്രത്തോക്കുകളും വന്‍തോക്കുകളും ഘടിപ്പിച്ച ടാങ്കുകള്‍ ശത്രുനിരകളിലേക്ക്‌ പാഞ്ഞുകയറി പൊടിപടലങ്ങള്‍ നിറഞ്ഞ യുദ്ധഭൂമിയില്‍ ശത്രുസങ്കേതങ്ങളെ ലാക്കാക്കി വെടിയുണ്ടകള്‍ വര്‍ഷിക്കുകയും, ശത്രുവിന്റെ പ്രതിരോധ നിരകളെ തകര്‍ത്ത്‌ വിടവുകള്‍ സൃഷ്ടിച്ചു തങ്ങളുടെ മറ്റു സേനാഘടകങ്ങള്‍ക്ക്‌ മുന്നേറുവാനുള്ള സൗകര്യം ചെയ്‌തു കൊടുക്കുകയും ചെയ്യുന്നു. പ്രതിരോധ നിരയുടെ മുന്നില്‍ ശത്രുസൈന്യങ്ങള്‍ മൈനുകള്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അവയെ നശിപ്പിക്കുന്നതിനുതകുന്ന പ്രത്യേകതരം ടാങ്കുകളുമുണ്ട്‌.

പരിമിതികള്‍. കവചിതസേനാവിഭാഗത്തിന്‌ യുദ്ധരംഗത്ത്‌ തന്ത്രപരമായി കടന്നുകയറി ശത്രുക്കളെ ആഞ്ഞടിക്കാനും, നിര്‍ണായകമായ വിജയം കൈവരിക്കാനും സാധിക്കുമെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പല പരിമിതികളുമുണ്ട്‌.ശത്രുവിന്റെ പീരങ്കിപ്പടയുടെ വെടിയുണ്ടകള്‍ കവചിത സേനകളുടെ മുന്നേറ്റത്തെ തടഞ്ഞെന്നു വരും. ഉഷ്‌ണമേഖലകളില്‍ ടാങ്കിനുള്ളിലിരുന്നു യുദ്ധം ചെയ്യുന്നത്‌ വളരെയേറെ ശ്രമകരമാണ്‌.ശത്രുക്കളുടെ വെടിയേല്‍ക്കാതിരിക്കാന്‍ ടാങ്കിന്റെ "കപ്പോള' (പുറത്തേക്കു നോക്കാനുള്ള ജാലകത്തിന്റെ വാതില്‍) അടയ്‌ക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ ചുറ്റിലും നടക്കുന്നതെന്തെന്നറിയാന്‍ വളരെ വിഷമമാണ്‌.ടാങ്കുകളുടെ നീക്കങ്ങള്‍ സൃഷ്ടിക്കുന്ന ഭീകര ശബ്‌ദങ്ങളും പൊടിപടലവും "ടാങ്ക്‌ ക്രൂ'വിന്റെ കാര്യക്ഷമതയെ സാരമായി ബാധിക്കുന്നു. ഒറ്റപ്പെട്ടു പോകുന്ന ടാങ്കുകളും അതിലെ ഭടന്മാരും ശത്രുവിന്റെ പിടിയില്‍പ്പെട്ടുപോകാനിടയുണ്ട്‌. ശത്രുക്കള്‍ നിര്‍മിക്കുന്ന ആന്റിടാങ്ക്‌ ഡിച്ചുകളും മൈന്‍ ഫീല്‍ഡുകളും താണ്ടിക്കടന്നു യുദ്ധം ചെയ്യുകയെന്നത്‌ വളരെ അപകടകരമാണ്‌. ഇതിനു പുറമേ ശത്രുക്കളുടെ പീരങ്കികളില്‍ നിന്നും "ആന്റി ടാങ്ക്‌ മിസൈല്‍' ബോംബാക്രമണങ്ങളില്‍ നിന്നുമുള്ള ചെറുത്തു നില്‌പിനും കവചിതസേനകള്‍ തയ്യാറായിരിക്കേണ്ടതുണ്ട്‌.

ടാങ്കുകളുടെ എണ്ണക്കൂടുതലും സാങ്കേതികമേന്മയും കവചിതസേനയ്‌ക്ക്‌ അനുഗ്രഹമാണെങ്കിലും മികച്ച പരിശീലനം ലഭിച്ച ധീരരായ പടയാളികള്‍ക്കു മാത്രമേ കവചിതസേനാവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളു. പ്രവര്‍ത്തനങ്ങള്‍.

(i) ചലനാത്‌മകമായ യുദ്ധത്തിലെ മുന്നണിപ്പടയെന്ന നിലയില്‍ ശത്രുസേനയുടെ മുന്നേറ്റത്തെ തടയല്‍;

(ii) ശത്രുസങ്കേതങ്ങളെ തിരഞ്ഞു പിടിച്ചു നശിപ്പിക്കല്‍;

(iii) ശത്രുസേനയുടെ നീക്കങ്ങളെ മണത്തറിഞ്ഞു പാഞ്ഞെത്തി അവരുടെ നീക്കങ്ങളെ സ്‌തംഭിപ്പിക്കല്‍;

(iv) സുരക്ഷിതസ്ഥാനങ്ങളിലേക്കു പിന്‍വാങ്ങുന്ന (safe and strategic retreat) ശേത്രുസേനയെ പിന്തുടര്‍ന്ന്‌ അവരുടെ രക്ഷാമാര്‍ഗങ്ങള്‍ അടച്ച്‌ അവരെ നശിപ്പിക്കല്‍;

(v)ശത്രുസേനയുടെ പിന്‍ഭാഗത്തേക്കു തന്ത്രപരമായി കുതിച്ചുകയറി അവരുടെ സങ്കേതങ്ങളെ നശിപ്പിക്കല്‍;

(vi) ശത്രുസേനയുടെ അടവുകളും തന്ത്രങ്ങളും മനസ്സിലാക്കി മിന്നലാക്രമണങ്ങള്‍ സംഘടിപ്പിച്ചു ശത്രുസേനയെ ശിഥിലമാക്കല്‍;

(vii) സ്വന്തം സൈന്യവിഭാഗങ്ങളുടെ മുന്നേറ്റത്തിനുവേണ്ട സഹായസഹകരണങ്ങള്‍ നല്‌കല്‍;

(viii) സ്വന്തം സൈനികവ്യൂഹത്തിന്റെ പാര്‍ശ്വങ്ങളെ ശത്രുക്കളുടെ കടന്നാക്രമണങ്ങളില്‍ നിന്നു രക്ഷിക്കല്‍;

(ix) വിവിധ യുദ്ധരംഗങ്ങളിലുള്ള സ്വന്തം സൈന്യങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി അവരുടെ സുരക്ഷിതത്വത്തിനുറപ്പു വരുത്തല്‍;

(x) അപ്രതിരോധ്യമെന്നു (no penetration line) കരുതപ്പെടുന്ന ശത്രുനിരകളെ തന്ത്രപരമായി കടന്നാക്രമിച്ച്‌ ശത്രുസൈന്യങ്ങളുടെ മനോവീര്യം നശിപ്പിച്ച്‌ സ്വന്തം സൈന്യത്തിന്റെ മുന്നേറ്റത്തിനുള്ള സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങി നിരവധി യുദ്ധമുറകള്‍ കവചിതസേനയ്‌ക്ക്‌ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്‌.

അതിസങ്കീര്‍ണങ്ങളായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിശീഘ്രം ചെയ്‌തു തീര്‍ക്കുന്നതിന്‌ കവചിതസേനയിലെ ടാങ്കുകള്‍ തമ്മിലും സ്‌ക്വാഡ്രനുകള്‍ തമ്മിലും, മറ്റു സേനാവിഭാഗങ്ങള്‍ തമ്മിലും നല്ല ആശയവിനിമയസംവിധാനം കൂടിയേ കഴിയു. വാര്‍ത്താവിനിമയോപാധികള്‍ കുറ്റമറ്റതായിരിക്കണം. തന്ത്രപരമായ നീക്കങ്ങള്‍, ആക്രമണങ്ങള്‍, ചെറുത്തുനില്‌പ്‌, തീരുമാനങ്ങളെടുത്തു നടപ്പില്‍ വരുത്തല്‍ എന്നിവയ്‌ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഇതിനും പുറമേ ശത്രുനശീകരണ സംവിധാനങ്ങളും കിടയറ്റതാവണം. ടാങ്കുകളില്‍ ഘടിപ്പിച്ചിട്ടുള്ള വന്‍തോക്കുകള്‍ ഉപയോഗിച്ച്‌ ശത്രുവിന്റെ ബങ്കറുകളും പീല്‍ബോക്‌സുകളും നശിപ്പിക്കുക; യന്ത്രത്തോക്കുകള്‍ തന്ത്രപരമായി പ്രവര്‍ത്തിപ്പിച്ച്‌ ശത്രുക്കളുടെ കാലാള്‍പ്പടയെയും, തകര്‍ന്ന ടാങ്കുകളില്‍ നിന്നു രക്ഷപ്പെടുന്ന കവചിതസേനാംഗങ്ങളെയും വകവരുത്തുക; വിമാനവേധത്തോക്കുകള്‍ ഉപയോഗിച്ച്‌ യുദ്ധരംഗത്തു പറന്നെത്തുന്ന ശത്രുവിന്റെ ബോംബര്‍ വിമാനങ്ങളെയും ഫൈറ്റര്‍ വിമാനങ്ങളെയും വെടിവച്ചു വീഴ്‌ത്തുക; സ്‌പോട്ടര്‍ റൈഫിള്‍ ഉപയോഗിച്ച്‌ ശത്രുസൈന്യങ്ങളുടെയും ടാങ്കുകളുടെയും നീക്കങ്ങള്‍ മനസ്സിലാക്കി അവയെ നശിപ്പിക്കുക; യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ടാങ്കുകള്‍ക്കും മറ്റുപകരണങ്ങള്‍ക്കും അപ്പോഴപ്പോള്‍ വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക; യുദ്ധരംഗത്തു നിന്ന്‌ വിശ്രമത്തിനും ഇന്ധനം നിറയ്‌ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ടാങ്കുകളെ രഹസ്യമായി നിര്‍ദിഷ്ടസുരക്ഷിതത്താവളത്തിലേക്കു കൊണ്ടുപോയി (tank harbour)വീണ്ടും യുദ്ധരംഗത്തേക്കു കുതിക്കുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക; ഈ തരം രഹസ്യസങ്കേതങ്ങളെ തിരഞ്ഞുപിടിച്ച്‌ ശല്യം ചെയ്യുന്നതിനു ശത്രുക്കള്‍ അവരുടെ കാലാള്‍പ്പടയില്‍ നിന്നു തിരഞ്ഞെടുത്തു സംഘടിപ്പിക്കുന്നവരുടെ ((tank hunting parties)മിന്നലാക്രമണങ്ങളില്‍ നിന്ന്‌ ടാങ്കുകള്‍ക്ക്‌ കുറ്റമറ്റ സുരക്ഷിതത്വം നല്‌കുകതുടങ്ങി നിരവധി ജോലികള്‍ കവചിതസേനാവിഭാഗം നിര്‍വഹിക്കുന്നു. നോ: ഇന്ത്യന്‍ കരസേന; കരസേന; ടാങ്കുകള്‍

(എം.പി. മാധവമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍