This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവചം

യുദ്ധത്തില്‍ പങ്കെടുക്കുന്ന പടയാളികളുടെയും; കുതിര, ആന തുടങ്ങിയ മൃഗങ്ങളുടെയും; രഥം, ട്രക്ക്‌, കപ്പല്‍, വിമാനം തുടങ്ങിയ സൈനികവാഹനങ്ങളുടെയും സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി ഉപയോഗിക്കപ്പെടുന്ന പുറംചട്ട (പടച്ചട്ട). കുപ്പായം, ആവരണം, രക്ഷാമന്ത്രം എഴുതിയ തകിട്‌ അടങ്ങിയ കൂട്‌ എന്നീ അര്‍ഥങ്ങളിലും ഈ പദം പ്രയോഗിച്ചുവരുന്നു. വര്‍മം, ഉരച്‌ഛദം, കങ്കടകം, ജഗരം, തനുത്രം തുടങ്ങിയ പദങ്ങള്‍ ഇതിന്റെ പര്യായങ്ങളാണ്‌. കവചങ്ങളുടെ ചരിത്രവും യുദ്ധങ്ങളുടെ ചരിത്രവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഇതിന്‌ ഉപോദ്‌ബലകമായിട്ടുള്ള നിരവധി തെളിവുകള്‍ ഭാരതീയയവന പുരാണേതിഹാസങ്ങളില്‍ ലഭ്യമാണ്‌.

ബ്രഹ്മാവിനെ തപസ്സുചെയ്‌തു സന്തോഷിപ്പിച്ചു പ്രസാദമായി ആയിരം കവചങ്ങള്‍ വാങ്ങിയ സഹസ്രകവചന്റെയും കവചകുണ്ഡലങ്ങളോടുകൂടി ജനിച്ച കര്‍ണന്റെയും കഥകള്‍ ഭാരതീയ പുരാണേതിഹാസങ്ങളില്‍ പ്രസിദ്ധമാണ്‌.

"കുന്തി കന്യകയിലുണ്ടായി
സൂര്യാല്‍ കര്‍ണന്‍ മഹാബലന്‍
ജനനാല്‍ കവചം ചാര്‍ത്തി
മണികുണ്ഡലമണ്ഡിതന്‍'
 

എന്ന്‌ ഭാഷാഭാരതം ആദിപര്‍വത്തില്‍ (അധ്യായം 63. ശ്ലോകം 99) കര്‍ണനെപ്പറ്റി പ്രസ്‌താവിച്ചുകാണുന്നു. ഈ കവചകുണ്ഡലങ്ങള്‍ അണിഞ്ഞിരിക്കുന്നിടത്തോളം കാലം കര്‍ണനെ വധിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നു സൂര്യഭഗവാന്‍ അനുഗ്രഹിച്ചിരുന്നു. അര്‍ജുനനോടു യുദ്ധം ചെയ്യുന്നതിനുവേണ്ടി ദ്രാണാചാര്യര്‍ യാതൊരസ്‌ത്രത്താലും ഭേദ്യമല്ലാത്ത, അഭിമന്ത്രിതമായ ഒരു ദിവ്യ കവചം ദുര്യോധനനു നല്‌കിയിരുന്നതായി മഹാഭാരതം ദ്രാണപര്‍വത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. യവനപുരാണങ്ങളിലും ദിവ്യകവചങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്‌; ഹെര്‍ക്കുലിസിന്റെ കവചം വളരെ പ്രസിദ്ധമാണ്‌. ആദ്യകാലങ്ങളില്‍ ഇരുമ്പും ഓടുമായിരുന്നു കവച നിര്‍മാണത്തിനു പ്രധാനമായും ഉപയോഗിച്ചിരുന്നത്‌. 12ഉം 13ഉം നൂറ്റാണ്ടില്‍ ലോഹവളയങ്ങള്‍ ഉപയോഗിച്ച്‌ ഉടുപ്പിന്റെ ആകൃതിയില്‍ നിര്‍മിച്ചിരുന്ന പടച്ചട്ടകള്‍ റോമില്‍ വര്‍ധിച്ച തോതില്‍ പ്രചാരത്തിലുണ്ടായിരുന്നു. 14-ാം നൂറ്റാണ്ടു മുതല്‍ക്ക്‌ ഉരുക്കുകവചങ്ങളുടെ നിര്‍മാണം ആരംഭിച്ചു. രണ്ടാം ലോകയുദ്ധത്തോടുകൂടി സ്റ്റീല്‍, അലുമിനിയം, റസീന്‍, കട്ടിയുള്ള നൈലോണ്‍ എന്നിവകൊണ്ടു നിര്‍മിക്കപ്പെട്ട കവചങ്ങള്‍ നിലവില്‍വന്നു. വെടിയുണ്ടകളും ബോംബുകളും ചെറുക്കുന്നതിന്‌ ഒരു പരിധിവരെ ഇവയ്‌ക്ക്‌ കഴിഞ്ഞിരുന്നു. ക്രാമിയം നിക്കല്‍, ക്രാമിയംനിക്കല്‍മോളിബ്‌ഡിനം, നിക്കല്‍മോളിബ്‌ഡിനംവനേഡിയം എന്നീ ലോഹസങ്കരങ്ങളും ഇക്കാലത്ത്‌ കവചനിര്‍മാണത്തിന്‌ ഉപയോഗിച്ചിരുന്നു.

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി അണുവികിരണങ്ങളില്‍നിന്ന്‌ സംരക്ഷണം നല്‌കുന്ന രക്ഷാകവചങ്ങള്‍ നിലവില്‍വന്നു. ഫാക്‌ടറികളിലും മറ്റു ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവരും ഇത്തരം കവചങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഉയര്‍ന്ന അണുസംഖ്യയുള്ള കറുത്തീയം, പാരഫിന്‍ തുടങ്ങിയ വസ്‌തുക്കള്‍ കലര്‍ന്ന ലോഹസങ്കരങ്ങള്‍ കൊണ്ടാണ്‌ ഇത്തരം കവചങ്ങള്‍ നിര്‍മിക്കപ്പെടുന്നത്‌.

വിപത്തുക്കളില്‍ നിന്നു രക്ഷപ്രാപിക്കുന്നതിനായി പ്രാര്‍ഥനാരൂപേണ രചിക്കപ്പെട്ടിട്ടുള്ള സ്‌തോത്ര (രക്ഷാമന്ത്രം)ത്തിനും കവചം എന്ന പേര്‍ മന്ത്രശാസ്‌ത്രത്തില്‍ പറഞ്ഞുകാണുന്നു. ഉദാ. ദേവീ കവചം, നാരായണകവചം. "ഏലസ്സ്‌', "രക്ഷ' മുതലായവയ്‌ക്കും കവചമെന്നുപേരുണ്ട്‌. തന്ത്രസമുച്ചയാര്‍ഥതാത്‌പര്യത്തില്‍ (കുഴിക്കാട്ടു മഹേശ്വരന്‍ ഭട്ടതിരി) പ്രധാന ദേവതമാരുടെ കവചമന്ത്രങ്ങള്‍ പരാമൃഷ്‌ടമായിട്ടുണ്ട്‌. "അസ്‌ത്രണവാശിവേതത്ര കവചം കൊണ്ടഥോക്ഷത്‌' (ക്രിയാദീപിക 17-ാംശ.) എന്ന നിര്‍ദേശത്തിലെ കവചപദം മന്ത്രസൂചകമാണ്‌. തന്ത്രവിധിപ്രകാരമുള്ള പൂജാദികളില്‍ കവചമുദ്ര കാണിക്കുന്ന ബീജാക്ഷരം ചേര്‍ന്ന രക്ഷാമന്ത്രം ഉച്ചരിക്കണമെന്നു തന്ത്രസമുച്ചയം, തന്ത്രരത്‌നം, ക്രിയാദീപിക തുടങ്ങിയ ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു. നോ: ഏലസ്സ്‌

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B5%E0%B4%9A%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍