This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴ്‌സണ്‍, ജോര്‍ജ്‌ നഥാനിയല്‍ (1859-1925)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴ്‌സണ്‍, ജോര്‍ജ്‌ നഥാനിയല്‍ (1859-1925)

Curzon, George Nathanial

ജോര്‍ജ്‌ നഥാനിയല്‍ കഴ്‌സണ്‍

ഇന്ത്യയിലെ വൈസ്രായിയും (1899-1905) ബ്രിട്ടീഷ്‌ ഭരണതന്ത്രജ്ഞനും. 1859 ജനു. 11നു ഡര്‍ബിഷയറില്‍ ജനിച്ചു. ഈറ്റന്‍ പബ്ലിക്‌സ്‌കൂളിലും ഓക്‌സ്‌ഫഡിലെ ബാലിയോള്‍ കോളജിലും വിദ്യാഭ്യാസം ചെയ്‌തു. ഓക്‌സ്‌ഫഡ്‌ യൂണിയന്റെ പ്രസിഡന്റും, ആള്‍ സോള്‍സ്‌ കോളജിലെ ഫെലോയുമായി (1883) ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1886ല്‍ യാഥാസ്ഥിതിക കക്ഷിയെ പ്രതിനിധീകരിച്ച്‌ കഴ്‌സണ്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ അംഗമായി. 1891ല്‍ ഇന്ത്യാകാര്യങ്ങള്‍ക്കും, 1895ല്‍ വിദേശകാര്യങ്ങള്‍ക്കുമുള്ള അണ്ടര്‍ സെക്രട്ടറിയായി നിയമിതനായി. ഈ കാലഘട്ടത്തില്‍ അമേരിക്ക, മധ്യേഷ്യ, ഇന്ത്യ, ചൈന, പശ്‌ചിമേഷ്യ മുതലായ പ്രദേശങ്ങളില്‍ ഇദ്ദേഹം പര്യടനം നടത്തുകയും തന്റെ യാത്രാനുഭവങ്ങളെ ആസ്‌പദമാക്കിറഷ്യ ഇന്‍ സെന്‍ട്രല്‍ ഏഷ്യ (1889), പേര്‍ഷ്യ ആന്‍ഡ്‌ പേര്‍ഷ്യന്‍ ക്വസ്‌റ്റ്യന്‍ (1892), പ്രാബ്‌ളംസ്‌ ഒഫ്‌ ദി ഫാര്‍ ഈസ്റ്റ്‌ (1894) എന്നീ മൂന്നു ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്‌തു.

1899 ജനു.ല്‍ ഇന്ത്യന്‍ വൈസ്രായിയായി നിയമിതനായി. ഇദ്ദേഹത്തിന്റെ കാലത്ത്‌ പല ഭരണപരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. ആന്റണി മക്‌ഡോനാലിന്റെ നേതൃത്വത്തില്‍ നിയമിച്ച ക്ഷാമനിവാരണ കമ്മിഷന്റെ നിര്‍ദേശപ്രകാരം ഊര്‍ജിതപ്പെടുത്തപ്പെട്ട ക്ഷാമനിവാരണ നടപടികളും കര്‍ഷകരുടെ സര്‍വതോമുഖമായ ഉത്‌കര്‍ഷത്തെ ലക്ഷ്യമാക്കിയുള്ള പരിഷ്‌കാരങ്ങളും കഴ്‌സണ്‍ നടപ്പിലാക്കി. ഇന്ത്യന്‍ സൈന്യത്തെയും പൊലീസ്‌ സേനയെയും പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍, പൊലീസ്‌ വകുപ്പില്‍ രഹസ്യവിഭാഗം (സി.ഐ.ഡി.) സംഘടിപ്പിക്കല്‍, ജലസേചനപദ്ധതികള്‍, പുതിയ തീവണ്ടിപ്പാത (11,040 കി.മീ.) യുടെ നിര്‍മാണം എന്നിവ ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

1902ല്‍ സര്‍ തോമസ്‌ റാലിയുടെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട സര്‍വകലാശാല കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ സര്‍വകലാശാലകളുടെ മേല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയതും സര്‍വകലാശാലാസമിതികള്‍ പുനഃസംഘടിപ്പിച്ചതും ശാസ്‌ത്രവിഷയാധ്യയന പരിപാടികള്‍ക്ക്‌ പ്രത്യേകം പ്രാധാന്യം നല്‌കിയതും ദേശീയ തലത്തില്‍ വിദ്യാഭ്യാസ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്‌. പുരാവസ്‌തു ശാസ്‌ത്ര പഠനവും ഗവേഷണവും ഇദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌ പ്രാചീന സ്‌മാരകനിയമം (Ancient Monuments Act, 1904) പാസ്സാക്കപ്പെട്ടത്‌. സുപ്രസിദ്ധ പുരാവസ്‌തുശാസ്‌ത്രജ്ഞനായ ജോണ്‍ മാര്‍ഷലിനെ ഇന്ത്യയിലെ പുരാവസ്‌തു വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലാക്കി നിയമിച്ചത്‌ ഇദ്ദേഹമാണ്‌.

കഴ്‌സന്റെ കാലത്തു നടപ്പാക്കിയ ബംഗാള്‍ വിഭജനം (1905) ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷിച്ചു. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ഈ നടപടിയെ എതിര്‍ത്തു. വിഭജനവിരുദ്ധ പ്രക്ഷോഭണങ്ങള്‍ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ സര്‍വസൈന്യാധിപനായ കിച്ച്‌നര്‍ പ്രഭുവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ 1905ല്‍ കഴ്‌സണ്‍ തന്റെ ഉദ്യോഗം രാജിവച്ച്‌ ഇന്ത്യ വിട്ടു.

1907ല്‍ കഴ്‌സണ്‍ പ്രഭു ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിതനായി. 1911ല്‍ ഇദ്ദേഹത്തിന്‌ പ്രഭു പദവി നല്‌കപ്പെട്ടു. താമസിയാതെ ഇദ്ദേഹം സജീവ രാഷ്‌ട്രീയത്തിലേക്കു തിരിച്ചു വന്നു. 1915 മേയില്‍ ആസ്‌ക്വിത്ത്‌ പ്രഭുവിന്റെ യുദ്ധകാല കൂട്ടുമന്ത്രിസഭയിലെ "ലോര്‍ഡ്‌ പ്രിവിസീല്‍' ആയും 1916ല്‍ ലോയ്‌ഡ്‌ ജോര്‍ജ്‌ മന്ത്രിസഭയിലെ യുദ്ധകാര്യങ്ങള്‍ക്കായുള്ള ഉന്നതസമിതിയിലെ അംഗമായും സേവനമനുഷ്‌ഠിച്ചു. ലോയ്‌ഡ്‌ ജോര്‍ജിന്റെ യുദ്ധാനന്തര മന്ത്രിസഭയില്‍ ഇദ്ദേഹം വിദേശകാര്യമന്ത്രിയായി നിയമിതനായി. എന്നാല്‍ പ്രധാന മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ കഴ്‌സണ്‍ തന്റെ മന്ത്രിപദം രാജിവച്ചു. 1922 ഒ.ല്‍ ആന്‍ഡ്രൂബോണാര്‍ലായുടെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ കഴ്‌സണ്‍ പ്രഭു ലാസേന്‍ സമ്മേളനത്തില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച്‌ തുര്‍ക്കിയെ സംബന്ധിച്ചുള്ള സങ്കീര്‍ണ പ്രശ്‌നത്തിനു പരിഹാരം കാണുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. 1923 മേയില്‍ ബോണാര്‍ലാ രാജിവച്ചു. തുടര്‍ന്ന്‌ ബാല്‍ഡ്‌വിന്നിന്റെ മന്ത്രിസഭയിലും കഴ്‌സണ്‍ വിദേശകാര്യമന്ത്രിയായി തുടര്‍ന്നു. 1924ല്‍ രൂപവത്‌കരിക്കപ്പെട്ട രണ്ടാമത്തെ ബാള്‍ഡ്‌വിന്‍ മന്ത്രിസഭയില്‍ കഴ്‌സണ്‍ "ലോര്‍ഡ്‌ പ്രിവിസീല്‍' ആയി നിയുക്തനായി. 1925 മാ. 20നു ഒരു ഹ്രസ്വമായ രോഗബാധയെത്തുടര്‍ന്ന്‌ കഴ്‌സണ്‍ നിര്യാതനായി. ഇദ്ദേഹത്തിന്റെ പ്രമുഖകൃതിയായ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇന്‍ ഇന്ത്യ (രണ്ടു വാല്യങ്ങള്‍) 1925ല്‍ പ്രസിദ്ധീകൃതമായി. കഴ്‌സന്റെ അന്ത്യകാലത്തെ മറ്റൊരു കൃതിയാണ്‌ ടെയ്‌ല്‍സ്‌ ഒഫ്‌ ട്രാവല്‍ (1923).

(എ. ശ്രീധരമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍