This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴുതപ്പുലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴുതപ്പുലി

Hyena

മാംസഭോജിയായ ഒരു സസ്‌തനി. ഘടനയില്‍ പൂച്ച, പട്ടി, വെരുക്‌ എന്നീ വ്യത്യസ്‌ത ജീവികളുടെ പല സ്വഭാവസവിശേഷതകളും കഴുതപ്പുലിയില്‍ സമ്മിശ്രമായി കാണപ്പെടുന്നു. ഇതിന്റെ കരച്ചില്‍ കേട്ടാല്‍ ഉച്ചത്തിലുള്ള ചിരിയാണെന്നേ തോന്നൂ.

കഴുതപ്പുലി, കാര്‍ണിവോറ ഗോത്രത്തില്‍ ഹയീനിഡേ ജന്തുകുടുംബത്തില്‍പ്പെടുന്നു. ഒരു കാലത്ത്‌ യൂറോപ്പിലെങ്ങും സമൃദ്ധമായിരുന്ന ഈ ജീവികളെ ഇപ്പോള്‍ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കാഴ്‌ചയ്‌ക്ക്‌ വെറുപ്പുളവാക്കുന്നതാണ്‌ കഴുതപ്പുലിയുടെ രൂപം. ശരീരത്തിന്റെ ഏറിയ ഭാഗവും പരുപരുത്തതും എഴുന്നു നില്‌ക്കുന്നതുമായ കുറ്റിരോമങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

സ്‌പോട്ടഡ്‌ ഹയീന

കഴുത്തിന്റെ ഭാഗത്ത്‌ ഇതു കുഞ്ചിരോമം പോലെയാണ്‌. മുന്‍കാലുകള്‍ പിന്‍കാലുകളെക്കാള്‍ നീളം കൂടിയതും ബലമേറിയതുമാണ്‌. ഒരു അല്‍സേഷ്യന്‍ നായയെക്കാള്‍ കുറച്ചു കൂടി വലുപ്പം ഇതിനുണ്ടാവും. വലുപ്പമേറിയ പല്ലുകള്‍ക്ക്‌ എല്ലിനെപ്പോലും പൊട്ടിക്കാനുള്ള അസാമാന്യശക്തിയുണ്ട്‌. എന്നാല്‍ എണ്ണത്തില്‍ (34) ഇവ താരതമ്യേന കുറവാണ്‌. കവിളിലെ പേശികള്‍ വളരെ നന്നായി വികാസം പ്രാപിച്ചവയാകുന്നു.

കൂര്‍ത്തതല്ലാത്ത നഖങ്ങള്‍ ഒരിക്കലും വേട്ടയ്‌ക്ക്‌ ഉപയോഗപ്പെടുന്നില്ല. പൂച്ചയുടേതുപോലെ ഇവ ഉള്ളിലേക്ക്‌ വലിക്കാവുന്നവയും അല്ല. എന്നാല്‍ കുഴികള്‍ തുരക്കുന്നതില്‍ നഖം സഹായകമാകുന്നു. നാലു വിരലുകളുള്ളതും വിരലുപയോഗിച്ചു നടക്കു ന്നതും (digitigrade) ആയ ജന്തുക്കളാണിവ.

സ്റ്റ്രപ്‌ഡ്‌ ഹയീന

താരതമ്യേന ഉയരം കുറഞ്ഞ പിന്‍ഭാഗവും, വളഞ്ഞ കാലുകളും ക്രൂരമായ മുഖവും ഉള്ള ജന്തുവാണ്‌ കഴുതപ്പുലി. വൃത്തികെട്ട ശരീരാവരണവും ദേഹത്തു നിന്നു പുറപ്പെടുന്ന ദുര്‍ഗന്ധവും ഇവയുടെ പ്രത്യേകതകളാണ്‌. മൂന്നു സ്‌പീഷീസ്‌ കഴുതപ്പുലികളുണ്ട്‌: സ്‌പോട്ടഡ്‌ ഹയീന, സ്റ്റ്രപ്‌ഡ്‌ ഹയീന, ബ്രൗണ്‍ ഹയീന. സ്‌പോട്ടഡ്‌ ഹയീന (Hyena crocuta) മൂന്നിനങ്ങളിലും വച്ചു വലുപ്പമേറിയതാണ്‌. മറ്റു രണ്ടിനങ്ങളില്‍ നിന്നു വ്യത്യസ്‌തമായി "കുഞ്ചിരോമം' ഇല്ല എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്‌. ചുവപ്പു കലര്‍ന്ന ചാരനിറമുള്ള ദേഹത്തില്‍ തവിട്ടു നിറമുള്ള പൊട്ടുകള്‍ കാണാം. സഹാറയ്‌ക്കു തെക്കുള്ള ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ എല്ലായിടത്തും ഇവ കാണപ്പെടുന്നു. ഏറ്റവും ചെറിയ ഇനമായ സ്റ്റ്രപ്‌ഡ്‌ ഹയീന (H. hyena) എത്യോപ്യയും ഏഷ്യാമൈനറും മുതല്‍ കിഴക്കോട്ട്‌ ഇന്ത്യ വരെയാണ്‌ കാണപ്പെടുന്നത്‌. ബ്രൗണ്‍ ഹയീന (H. brunniea) ആകട്ടെ ദക്ഷിണാഫ്രിക്കയില്‍ ഒതുങ്ങി നില്‌ക്കുന്നു.

ബ്രൗണ്‍ ഹയീന

വര്‍ഷത്തിലൊരിക്കലാണ്‌ കഴുതപ്പുലി പ്രസവിക്കുന്നത്‌. ഒരു പ്രസവത്തില്‍ മൂന്നോ നാലോ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കും. ജനനസമയം കുഞ്ഞുങ്ങള്‍ക്ക്‌ തവിട്ടുനിറമാണ്‌. ശരീരത്തില്‍ അടയാളങ്ങള്‍ ഉണ്ടാവില്ല. (110 ദിവസമാണ്‌ സ്‌പോട്ടഡ്‌ ഹയിനയുടെ ഗര്‍ഭകാലം; മറ്റു രണ്ടിനങ്ങള്‍ക്കും 90 ദിവസവും.)ഈ മൂന്നിനങ്ങളും തമ്മില്‍ പറയത്തക്ക യാതൊരു വ്യത്യാസവുമില്ല. രാത്രിയാകുന്നതോടെ, ഹിസ്റ്റീറിയ ബാധിച്ച ചിരി പോലെയോ പരുത്ത ശബ്‌ദത്തിലുള്ള കുരപോലെയോ തോന്നുന്ന തരത്തില്‍ ശബ്‌ദമുണ്ടാക്കിക്കൊണ്ട്‌ കഴുതപ്പുലികള്‍ ഇരതേടാനിറങ്ങുന്നു. നൂറോളം അംഗങ്ങളുള്ള കൂട്ടമായാണ്‌ ഇവ സഞ്ചരിക്കുന്നത്‌. മറ്റു ജന്തുക്കള്‍ വേട്ടയാടിപ്പിടിച്ച്‌, കഴിച്ച ശേഷം ഉപേക്ഷിക്കുന്ന ഉച്ഛിഷ്ടമാണ്‌ സാധാരണയായി ഇവ ആഹരിക്കുക. എന്നാല്‍ അപൂര്‍വമായി വേട്ടയാടാറുമുണ്ട്‌. കൂട്ടം ചേര്‍ന്ന്‌ ആട്ടിന്‍പറ്റത്തെയും; കുതിര, പശു, കഴുത തുടങ്ങിയവയെപ്പോലും ഇവ ആക്രമിക്കും. വയര്‍ വലിച്ചു കീറാനുള്ള ശ്രമത്തില്‍ ഇരയുടെ അകിട്ടിലാണ്‌ മിക്കവാറും കടിയേല്‌പിക്കുന്നത്‌. ഇവയുടെ കടി പലപ്പോഴും മാരകമാകാറില്ലെങ്കിലും മുറിവുകളില്‍ രോഗാണുബാധയേല്‌ക്കുന്നതിനാല്‍ ആക്രമണത്തിനിരയാകുന്ന ജന്തു ജീവിക്കുക പതിവില്ല.

ഗ്രാമങ്ങളില്‍ കടന്നുചെല്ലുന്ന കഴുതപ്പുലികള്‍, എറിഞ്ഞു കളയുന്ന അവശിഷ്ടങ്ങളും ചാണകം വരെയും കഴിച്ചുകൊള്ളും. ശരിയായി, ആഴത്തില്‍, കുഴിച്ചിടാത്ത ശവശരീരങ്ങള്‍ തോണ്ടിയെടുത്ത്‌ ആഹരിക്കുന്നതും ഇവയുടെ പതിവാണ്‌. എന്നാല്‍ മനുഷ്യരെ ഇവ ഉപദ്രവിക്കാറില്ല എന്നു തന്നെ പറയാം; കുട്ടികളെ പിടിച്ചു കൊണ്ടു പോയിട്ടുള്ള സന്ദര്‍ഭങ്ങളും അപൂര്‍വമായി ഉണ്ടായിട്ടുണ്ട്‌.

ഇണങ്ങാത്ത മൃഗമാണ്‌ കഴുതപ്പുലി എന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്നെങ്കിലും നല്ല "കാവല്‍മൃഗ'മാക്കി ഇതിനെ ഇണക്കി വളര്‍ത്താന്‍ കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. ചീഞ്ഞു നാറുന്ന മാംസം തിന്നുതീര്‍ക്കുന്ന ഈ ജന്തുക്കള്‍ അത്തരത്തില്‍ പരിസരശുചീകരണത്തിന്‌ സഹായിക്കുന്നവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍