This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴുത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴുത

Donkey

അശ്വവംശത്തിലെ ഇക്വസ്‌ ജീനസില്‍പ്പെടുന്നതും, കുതിരയെക്കാള്‍ വലുപ്പം കുറഞ്ഞതും ആയ ഒരു സസ്‌തനി. നീണ്ട ചെവിയും കൂടുതല്‍ പരുത്തതും മുഷിഞ്ഞതുമായ രോമങ്ങളും ഇവയുടെ പ്രത്യേകതകളാണ്‌. സീബ്രയ്‌ക്കും കാട്ടുകുതിരയ്‌ക്കുമിടയിലാണ്‌ കഴുതകളില്‍ പല സ്‌പീഷീസുകളുടെയും സ്ഥാനം. കുതിരയുടെ പിന്‍കാലുകളില്‍ കാണപ്പെടുന്ന "ചെറുമുഴ'കളോ "തഴമ്പു'കളോ കഴുതയുടെ കാലില്‍ കാണാറില്ല. മാത്രവുമല്ല, കുതിരയില്‍ നിന്നു വ്യത്യസ്‌തമായി വാലിന്റെ വശങ്ങളിലെ രോമം ചെറുതും അഗ്രഭാഗത്തുള്ളവ മാത്രം വലുതുമായിരിക്കുന്നു. കഴുതയുടെ കരച്ചിലും കുതിരയുടേതിനെക്കാള്‍ കുറേക്കൂടി രൂക്ഷമാണ്‌. വരയന്‍കുതിരയില്‍ നിന്ന്‌ കഴുതയ്‌ക്കുള്ള പ്രധാന വ്യത്യാസം വരകളുടെ അഭാവമാണ്‌. പ്രധാനമായി രണ്ടിനം കഴുതയാണുള്ളത്‌: ഏഷ്യന്‍ കഴുതയും ആഫ്രിക്കന്‍ കഴുതയും.

ഏഷ്യയിലെ വരണ്ട പ്രദേശങ്ങളില്‍ എല്ലായിടത്തും ധാരാളമായി കാണപ്പെടുന്ന ഇനമാണ്‌ ഏഷ്യന്‍ കഴുത. മാനിറച്ചിയോളം തന്നെ സ്വാദിഷ്ടമായി കരുതപ്പെടുന്ന ഇതിന്റെ ഇറച്ചിക്കുവേണ്ടി പണ്ടുകാലം മുതല്‌ക്കേ കഴുത ധാരാളമായി വേട്ടയാടപ്പെട്ടിരുന്നു. കയാങ്‌, എന്ന പേരിലറിയപ്പെടുന്ന തിബത്തന്‍കാട്ടുകഴുത (Equus hemionus kiang) തിബത്ത്‌, സിക്കിം, മങ്‌ഗോളിയ എന്നിവിടങ്ങളിലെ തരിശു ഭൂമികളിലും പര്‍വതങ്ങളിലുമാണ്‌ കഴിയുന്നത്‌. ഹിമരേഖ വരെയും ഇവയെ കണ്ടെത്താം. കഴുതകളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പം കൂടിയതും, കുതിരയോട്‌ ഏറ്റവുമധികം സാദൃശ്യമുള്ളതുമായ ഇത്‌ ഏറ്റവും വേഗതയുള്ളതുമാകുന്നു. ഇതിന്‌ തോള്‍ഭാഗത്ത്‌ ഉദ്ദേശം ഒന്നേകാല്‍ മീറ്ററോളം ഉയരമുണ്ടായിരിക്കും. ഇരുണ്ട ചുവപ്പു നിറവും കറുത്ത കുഞ്ചിരോമവും വാലും നട്ടെല്ലിലൂടെ തല മുതല്‍ വാല്‍ വരെയുള്ള കറുത്ത വരയും കയാങ്ങിന്റെ സവിശേഷതകളാണ്‌. 4,3006,000 മീ. ഉയരം വരെയുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുവാന്‍ ഇവയ്‌ക്ക്‌ കഴിവുണ്ട്‌. ഇതിന്റെ ചാണകം കത്തിക്കുവാന്‍ ഉപയോഗിക്കാറുണ്ട്‌.

ഒണജര്‍ (E.h. onager) ഇറാനിന്റെയും ഇന്ത്യയുടെയും സമ്പത്താണെന്നു പറയാം (നോ: ഒണജര്‍). കൂളാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മങ്‌ഗോളിയന്‍ കാട്ടുകഴുത (Equus hemionus hemionus)കയാങ്ങിനെക്കാള്‍ കുറച്ചു കൂടി ചെറുതും ഇളംനിറമുള്ളതുമാകുന്നു. കടന്നു പറ്റാന്‍ പ്രയാസമുള്ള മങ്‌ഗോളിയന്‍ ഭാഗങ്ങളില്‍ മാത്രമേ ഇന്ന്‌ ഈ ഇനം കാണപ്പെടുന്നുള്ളു. എങ്കിലും, ദക്ഷിണ സൈബീരിയയും പശ്ചിമ മഞ്ചൂറിയയും മുതല്‍ പടിഞ്ഞാറോട്ട്‌ മങ്‌ഗോളിയയ്‌ക്കു കുറുകെ ചൈനീസ്‌ ടര്‍ക്കിസ്‌താന്‍ വരെ ഇവയും ഇവയുടെ വംശത്തില്‍പ്പെട്ടവയും ധാരാളമായി ഉണ്ടായിരുന്നു. ഗോബി മരുഭൂമിയില്‍ മങ്‌ഗോളിയന്‍ കാട്ടുകഴുത ധാരാളമുണ്ടായിരുന്നു എന്നും 1,000 അംഗങ്ങള്‍ വരെയുള്ള പറ്റങ്ങളായി ഇവ കാണപ്പെട്ടിരുന്നു എന്നും അമേരിക്കന്‍ പ്രകൃതി ശാസ്‌ത്രജ്ഞനായ റോയ്‌ ചാപ്‌മാന്‍ ആന്‍ഡ്രൂസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സഹനശക്തിക്കും വേഗതയ്‌ക്കും ഈ സ്‌പീഷീസിനുള്ള കഴിവ്‌ അന്യാദൃശമാണ്‌. കഴുതകള്‍ക്ക്‌ തണുപ്പു സഹിക്കുന്നതിനുള്ള ശേഷി പൊതുവേ കുറവാണെങ്കിലും മങ്‌ഗോളിയന്‍ കാട്ടുകഴുതയും സിറിയന്‍ കാട്ടുകഴുതയും (E.h. hemippus) ഇതിന്‌ അപവാദമാണ്‌. ന്യൂയോര്‍ക്ക്‌ സുവോളജിക്കല്‍ സൊസൈറ്റിയുടെ "കാട്ടുകഴുത ശേഖര'ത്തിലെ തിബത്തന്‍ കാട്ടുകഴുതയ്‌ക്ക്‌ അതിശൈത്യത്തെ നേരിടുന്നതിനുപകരിക്കുന്ന വിധത്തില്‍ ഇടതിങ്ങിയ രോമം വളര്‍ന്നിരിക്കുന്നതായി രേഖകള്‍ ഉണ്ട്‌. വസന്തകാലമാകുന്നതോടെ അംഗങ്ങള്‍ ഇണചേരലിനും മറ്റുമായി പറ്റം വിട്ടു പിരിയുന്നു.

സിറിയന്‍ കാട്ടുകഴുത (E.h. hemippus) ഇന്ന്‌ വംശനാശത്തിന്റെ വക്കോളമെത്തിയിരിക്കുന്നു. കാഴ്‌ചയില്‍ ഒണജറിനെപ്പോലെ തോന്നിക്കുന്ന ഈ ഇനം ഇറാനിലും അസീറിയയിലുമാണ്‌ കാണപ്പെടുന്നത്‌. ബൈബിള്‍ പഴയനിയമത്തില്‍ പലയിടത്തും പരാമൃഷ്ടമാകുന്നത്‌ ഈ ഇനമാണെന്നു കരുതേണ്ടിയിരിക്കുന്നു. നാല്‌ക്കാലികളില്‍ ഏറ്റവുമധികം ചലനക്ഷമതയുള്ള മൃഗമായാണ്‌ ഇതു കരുതപ്പെടുന്നത്‌.

അബിസീനിയന്‍ കാട്ടുകഴുത (Equus asinus somalicus), നൂബിയന്‍ കാട്ടുകഴുത (E.a. africanus)എന്നിവയാണ്‌ ആഫ്രിക്കയിലെ പ്രധാന ഇനങ്ങള്‍. ഏഷ്യന്‍ കഴുതകളുടേതിനെക്കാള്‍ നീളം കൂടിയ ചെവികളും, ചെറിയ കുഞ്ചിരോമവും, രോമം കുറവായ വാലും ആഫ്രിക്കന്‍ ഇനത്തിന്റെ പ്രത്യേകതകളാകുന്നു. ചാരനിറത്തില്‍ നീലച്ഛവി കലര്‍ന്ന "ക്രീം' നിറമാണ്‌ ദേഹത്തിനുള്ളത്‌. തോളുകള്‍ക്കു കുറുകെയും നട്ടെല്ലിലും കാണപ്പെടുന്ന ഇരുണ്ട വര ഇതിന്റെ പ്രത്യേകതയാകുന്നു. സോമാലീലന്‍ഡ്‌ മുതല്‍ ചെങ്കടല്‍ വരെയും പടിഞ്ഞാറ്‌ സഹാറസുഡാന്‍ വരെയുമുള്ള തുറസ്സായ പ്രദേശങ്ങളാണ്‌ ഇതിന്റെ വിഹാരരംഗം. ജന്മസ്ഥലമായ മരുപ്രദേശങ്ങളില്‍ ഇവ സാമാന്യത്തിലധികം ചുറുചുറുക്കുള്ള ഒരു മൃഗമാകുന്നു. പാറകള്‍ക്കു മുകളിലും മണ്ണിലുമൊക്കെക്കൂടി ഏതാണ്ട്‌ കുതിരയോളം തന്നെ വേഗത്തില്‍ ഓടുന്നതിന്‌ ഇതിനു യാതൊരു പ്രയാസവും അനുഭവപ്പെടുന്നില്ല. ഇണക്കിവളര്‍ത്തപ്പെട്ട കഴുതയുടെ (donkey) പൂര്‍വികര്‍ ഈ ആഫ്രിക്കന്‍ ഇനങ്ങളാകണം എന്നാണ്‌ കരുതപ്പെടുന്നത്‌.

ആഫ്രിക്കയില്‍ നിന്നു വന്നതു കൊണ്ടാവണം നാട്ടില്‍ വളര്‍ത്തപ്പെടുന്ന കഴുതകള്‍ക്ക്‌ ചൂടുകൂടി, ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥയാണ്‌ കൂടുതല്‍ യോജിച്ചതായി കാണപ്പെടുന്നത്‌. ഈജിപ്‌തിലാണ്‌ ആദ്യമായി ഇതിനെ ഇണക്കി വളര്‍ത്തിയതെന്നു കരുതേണ്ടിയിരിക്കുന്നു. ഏഷ്യാ മൈനര്‍, തുര്‍ക്കി എന്നിവിടങ്ങള്‍ വഴി ഇത്‌ ബാള്‍ക്കന്‍ പ്രദേശങ്ങളിലാണ്‌ ആദ്യമെത്തിയത്‌. 9-ാം ശ.ത്തോടെ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. 1868ലാണ്‌ ഇണങ്ങിയ കഴുത യു.എസ്സിലെത്തിയത്‌. ഭാരം ചുമക്കാന്‍ പറ്റിയ മൃഗമാണ്‌ കഴുത. തണുപ്പൊഴിച്ച്‌ എന്തും ചെറുത്തു നില്‌ക്കാനുള്ള കഴിവ്‌ ഇതിനു ജന്മസിദ്ധമാണ്‌. മിക്കവാറും എല്ലാ കഴുതകളും ആവര്‍ത്തിച്ചുള്ള സങ്കരങ്ങളുടെ ഫലമായതിനാല്‍ അതിന്റെ ഇനത്തെപ്പറ്റി നിഷ്‌കൃഷ്ടമായി നിര്‍വചിക്കുക എളുപ്പമല്ല. പാദത്തിനടുത്തുള്ള "വര'യടയാളങ്ങള്‍, പുറത്തു കൂടിയുള്ള ഇരുണ്ട വര, തോളുകള്‍ക്കു കുറുകെയുള്ള വര എന്നിവ മിക്കവാറും എല്ലാ കഴുതകളിലും കാണാന്‍ കഴിയും. ഈ അടയാളങ്ങള്‍ ഈജിപ്‌ഷ്യന്‍ കഴുതകളില്‍ കൂടുതല്‍ വ്യക്തമാണ്‌. ഇവ കാട്ടുകഴുതകളോട്‌ പരിണാമപരമായി കൂടുതല്‍ അടുത്തു നില്‌ക്കുന്നതാകാം ഇതിനു കാരണം.

കുതിരകള്‍ ഉപയോഗത്തില്‍ വരുന്നതിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ തന്നെ കഴുതയെ ഇണക്കിയെടുത്ത്‌ മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഗ്രീസില്‍ പണ്ടു കാലത്തു തന്നെ കഴുത ഉണ്ടായിരുന്നെങ്കിലും ഹോമറും മറ്റു പ്രാചീന യവനസാഹിത്യകാരന്മാരും "കോവര്‍കഴുത'യോളം പ്രാധാന്യം കഴുതയ്‌ക്കു കൊടുത്തതായി കാണുന്നില്ല. ബൈബിളിന്റെ കാലമായപ്പോഴേക്ക്‌ വെളുത്ത കഴുതപ്പുറത്തെ സവാരി സമ്പന്നരുടെ ലക്ഷണമായി തീര്‍ന്നിരുന്നു. പൗരസ്‌ത്യദേശങ്ങളില്‍ പലയിടത്തും വെളുത്ത നിറമുള്ള കഴുതകളെയാണ്‌ കൂടുതല്‍ ഇഷ്ടപ്പെടുന്നത്‌.

മുന്തിരിയും ഒലീവും കൃഷികള്‍ പാശ്‌ചാത്യദേശങ്ങളിലേക്കു വ്യാപിച്ചതോടൊപ്പം ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ കഴുതകളും കൊണ്ടുവരപ്പെട്ടു. 11-ാം ശ. മുതല്‍ തന്നെ ഇംഗ്ലണ്ടില്‍ കഴുതകള്‍ ഉപയോഗത്തിലിരുന്നിരുന്നു. തെക്കേ അമേരിക്കയിലും മെക്‌സിക്കോയിലും കഴുതകള്‍ എത്തിച്ചേര്‍ന്നത്‌ സ്‌പെയിന്‍കാരുടെ യാത്രാപര്യവേക്ഷണഫലമായിട്ടായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി കാണപ്പെടുന്ന വിവിധയിനം കഴുതകള്‍ തമ്മില്‍ കാഴ്‌ചയിലുള്ള അന്തരം വളരെയാണ്‌. വെസ്റ്റ്‌ ഇന്ത്യന്‍ കഴുത വളരെ ചെറുതാണ്‌. മുക്കാല്‍ മീറ്ററില്‍ താഴെയേ ഇതിന്‌ ഉയരമുണ്ടാവു. എന്നാല്‍ സ്‌പാനിഷ്‌ കഴുതകളാവട്ടെ ഒന്നേമുക്കാല്‍ മീറ്ററിലേറെ ഉയരമുള്ള "ഭീമ'ന്മാരാണ്‌. 4050 വര്‍ഷം വരെയാണ്‌ കഴുതയുടെ ശരാശരി ആയുസ്സ്‌.

തണുപ്പുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിവില്ലാത്ത മൃഗമാണ്‌ കഴുത എന്നുവരുകിലും, ചൂടുള്ളതും വരണ്ടതും പര്‍വതങ്ങള്‍ നിറഞ്ഞതുമായ പ്രദേശങ്ങളില്‍ ഭാരം ചുമക്കാന്‍ പറ്റിയ മൃഗം കഴുതയാകുന്നു. ദക്ഷിണ ഫ്രാന്‍സ്‌, സ്‌പെയിന്‍, ഇറ്റലി, മെക്‌സിക്കോ, ആന്‍ഡിയന്‍ തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചരക്കുകള്‍ കൊണ്ടുപോകുന്നതിനും മറ്റുമായി കഴുതകള്‍ വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ട്‌. "ബറോ' എന്നറിയപ്പെടുന്ന ചെറിയയിനം കഴുതകളെ പടിഞ്ഞാറന്‍ യു.എസ്സിലുള്ള ഖനിജോലിക്കാരാണ്‌ കൂടുതലായി ഉപയോഗിച്ചു വരുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B5%81%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍