This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴുകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴുകന്‍

പരുന്ത്‌, ഗരുഡന്‍ തുടങ്ങിയ പക്ഷികളുടെ ഗോത്ര(Falcones or Acci-piters)ത്തില്‍പ്പെടുന്നതും "പക്ഷിരാജാവ്‌' എന്നറിയപ്പെടുന്നതുമായ ഒരു വലിയ പക്ഷി. ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായി പ്രാചീനകാലം മുതല്‌ക്കു തന്നെ കഴുകന്‍ വ്യവഹരിക്കപ്പെട്ടു വന്നു.

ലോകത്തിന്റെ ഏതു ഭാഗത്തും കഴുകനെ കാണാവുന്നതാണ്‌. ഇത്‌ 40 സ്‌പീഷീസിലേറെയുണ്ട്‌. അറ്റം കൊളുത്തുപോലെ വളഞ്ഞ അതിശക്തമായ ചുണ്ടും, വളഞ്ഞ്‌ മൂര്‍ച്ചയേറിയ നഖങ്ങളുള്ള വിരലുകളും കഴുകന്റെ സവിശേഷതകളാകുന്നു. പെണ്ണിന്‌ ആണിനെക്കാള്‍ വലുപ്പം കൂടുതലാണെന്ന ഒരു പ്രത്യേകതയുമുണ്ട്‌. സ്വന്തം ഇരയെ കൊന്നു ഭക്ഷിക്കുകയാണ്‌ സാധാരണ പതിവെങ്കിലും ശവം തിന്നാന്‍ മടി കാണിക്കുന്ന കഴുകന്മാര്‍ ഇല്ല എന്നു തന്നെ പറയാം. വളരെ ഉയരത്തില്‍ ചിറകനക്കാതെ, അനായാസമായി പറക്കുവാന്‍ കഴുകനുള്ള കഴിവ്‌ മറ്റൊരു പക്ഷിക്കും ഇല്ല. ഇതിന്റെ കാഴ്‌ചശക്തിയും അന്യാദൃശമാണ്‌. "അത്യുന്നതങ്ങളി'ലൂടെ പറന്നുപോകുന്ന കഴുകന്‍, ഭൂമിയില്‍ നടക്കുന്ന ചെറിയ മുയല്‍, ആട്ടിന്‍കുട്ടി, "ഗ്രൗസ്‌' പോലെയുള്ള പക്ഷികള്‍ എന്നിവയെ കണ്ടെത്തുന്നത്‌ വളരെ സൂക്ഷ്‌മമായാണ്‌. "ഗൃദ്‌ധ്രദൃഷ്ടി' എന്ന പ്രയോഗം ഇതില്‍ നിന്നാണുണ്ടായത്‌. കയറിപ്പറ്റാനാവാത്ത തൂക്കായ പാറകളിലും പൊക്കം കൂടിയ വൃക്ഷങ്ങളിലുമാണ്‌ കമ്പുകള്‍ ചേര്‍ത്തു വച്ച്‌ കഴുകന്‍ കൂടുകെട്ടുന്നത്‌. ഈ വലിയ കൂടുകളില്‍ ഒരു തവണ രണ്ടോ മൂന്നോ മുട്ടയിടുന്നു.

ഗോള്‍ഡന്‍ ഈഗിള്‍

പര്‍വതപ്രദേശങ്ങളില്‍ കഴിയുന്ന മനോഹരമായ ഗോള്‍ഡന്‍ ഈഗിള്‍ (Aquila chrysaetus) യൂറോപ്പ്‌, ഉത്തര ഏഷ്യ, വടക്കേ അമേരിക്കയുടെ മിക്കവാറും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഒരു മീറ്ററിലേറെ നീളവും, വിരിക്കുമ്പോള്‍ ചിറകിന്‌ 2.25 മീറ്ററോളം വിസ്‌താരവുമുള്ള ഈ പക്ഷിശ്രഷ്‌ഠന്റെ ശരീരം തവിട്ടുനിറത്തിലുള്ള തൂവലുകളാല്‍ ആവൃതമായിരിക്കുന്നു. കാലിലെ വിരലുകള്‍വരെയും തൂവല്‍കൊണ്ടു മറഞ്ഞതാണ്‌.

"ബാള്‍ഡ്‌ ഈഗിള്‍' അഥവാ "വൈറ്റ്‌ഹെഡഡ്‌ ഈഗിള്‍' (Halia-etus leucocephalus)എന്ന കഴുകന്‍ യു.എസ്സിന്റെ ദേശീയചിഹ്നം ആകുന്നു. കാഴ്‌ചയില്‍ സുന്ദരനായ ഇത്‌ "കടല്‍ക്കഴുക'നാണ്‌. വടക്കേ അമേരിക്കയില്‍ മുഴുവനും ഇതിനെ കണ്ടെത്താം. ഗോള്‍ഡന്‍ ഈഗിളിനോളം തന്നെ വലുപ്പമുള്ള ഈ പക്ഷിയുടെ തലയും കഴുത്തും വാലും, പ്രായപൂര്‍ത്തിയാകുമ്പോള്‍, തൂവെള്ളയായിരിക്കും. ഇതിന്റെ പ്രധാനാഹാരം മീന്‍ ആണ്‌. ജീവനുള്ള മത്സ്യങ്ങളെ ഇതു പിടിക്കുന്നു, കരയില്‍ കിടക്കുന്നതിനെ ഭക്ഷിക്കുന്നതിനും ഇതിനു മടിയില്ല.

കതാര്‍റ്റിഡേ കുടുംബത്തില്‍പ്പെടുന്നതും "റ്റര്‍ക്കി'യോടു സാദൃശ്യമുള്ളതുമായ വലിയ പക്ഷികളും "കഴുകന്‍' എന്ന പേരില്‍ത്തന്നെയാണ്‌ അറിയപ്പെടുന്നത്‌. ഇരപിടിയന്മാരായ ഈ പക്ഷികള്‍ക്ക്‌ അതിശക്തമായ ചിറകുകളാണുള്ളത്‌. ഇവ പറക്കുന്നത്‌ മനോഹരമായ ഒരു കാഴ്‌ചയാകുന്നു. അമേരിക്കയില്‍ മാത്രമേ ഈ പക്ഷികള്‍ കാണപ്പെടുന്നുള്ളൂ. തലയും കഴുത്തിന്റെ മുകള്‍ഭാഗവും തൂവലുകളില്ലാതെ നഗ്‌നമായിരിക്കും. നീണ്ട്‌ അല്‌പം വളഞ്ഞ ചുണ്ട്‌ ദുര്‍ബലമാകുന്നു. നാസാരന്ധ്രങ്ങള്‍ സുഷിരിതമാണ്‌. വിരലുകളിലെ നഖങ്ങള്‍ കൂര്‍ത്തതല്ല. ഈ ഇനത്തിന്‌ യാതൊരു ശബ്‌ദവും ഉണ്ടാക്കാന്‍ കഴിവില്ല; കൂടു കെട്ടുന്ന സ്വഭാവവുമില്ല. പാറകള്‍ക്കിടയിലുള്ള വിള്ളലുകളിലും, പൊള്ളയായ മരങ്ങളിലും, വെറും തറയിലുമാണ്‌ മുട്ടയിടുന്നത്‌. ഒരു തവണ ഒന്നു മുതല്‍ മൂന്നുവരെ മുട്ടകളുണ്ടായിരിക്കും. ഏകദേശം ഒന്‍പത്‌ സ്‌പീഷീസുകളുണ്ട്‌. താരതമ്യേന ചൂടു കൂടുതലായ പ്രദേശങ്ങളിലാണ്‌ ഇവ കഴിയുന്നത്‌.

റ്റര്‍ക്കി വള്‍ച്ചര്‍ അഥവാ റ്റര്‍ക്കി ബസാഡ്‌ (Cathartesaura) എന്നയിനം കഴുകന്‍ സാസ്‌കാചവന്‍ മുതല്‍ പാറ്റഗോണിയ വരെ കാണപ്പെടുന്നു. കഷ്ടിച്ച്‌ ഒരു മീറ്റര്‍ നീളമുള്ള ഇതിന്റെ ചിറകുകളുടെ വിസ്‌തൃതി രണ്ടേമുക്കാല്‍ മീറ്ററോളം വരും. തൂവലുകള്‍ നല്ല തിളങ്ങുന്ന കറുപ്പായിരിക്കും; നഗ്‌നമായ തലയ്‌ക്കും കഴുത്തിനും ഒരു പ്രത്യേക കടുംചുവപ്പുനിറം (crimson) ആണ്‌; കൊക്ക്‌ വെള്ളയും. വളരെ ഉയരത്തില്‍, വിസ്‌തൃതമായ വലയങ്ങളായി ഇതു പറക്കുന്നത്‌ വളരെ മനോഹരമായ കാഴ്‌ചയാകുന്നു. അഴുകിത്തുടങ്ങിയ മാംസമാണ്‌ പ്രധാന ഭക്ഷണം. ചെറു സസ്‌തനികളെയും പക്ഷികളെയും ഇഴജന്തുക്കളെപ്പോലും ഇത്‌ ഭക്ഷണമാക്കുന്നതും അപൂര്‍വമല്ല.

ബ്ലാക്‌ വള്‍ച്ചര്‍ അഥവാ കാരിയണ്‍ ക്രാ (Catharistaurubu) എന്നയിനം ഗള്‍ഫ്‌ രാജ്യങ്ങള്‍ മുതല്‍ അര്‍ജന്റീന വരെ കാണപ്പെടുന്നു. ഉദ്ദേശം 60 സെ.മീ. നീളമുള്ള ഇതിന്റെ ചിറകുകളുടെ വിസ്‌തൃതി 1.5 മീറ്ററാണ്‌. റ്റര്‍ക്കി ബസാഡുമായി ചേര്‍ന്ന്‌ ജനബാഹുല്യമുള്ള തെരുവുകളില്‍ "തോട്ടിവേല' നടത്തുന്നത്‌ ഇതിന്റെ പതിവാകുന്നു. കാലിഫോര്‍ണിയ കോന്‍ഡര്‍ (Gymnogyps californi-anus)എന്നയിനം ഭൂമുഖത്തുള്ള "പറവവര്‍ഗ'ത്തില്‍ത്തന്നെ ഏറ്റവും വലുതില്‍ ഒന്നാണ്‌ എന്നുപറയാം. "കാലിഫോര്‍ണിയ കോന്‍ഡര്‍' എന്നും ഇതിനു പേരുണ്ട്‌. 110 മുതല്‍ 140 വരെ സെ.മീ. നീളമുള്ള ഈ പക്ഷിയുടെ ചിറകുകള്‍ തമ്മിലുള്ള അകലം 2.753.75 മീറ്ററാണ്‌. 911 കി.ഗ്രാം. ഭാരവും കാണും. ചിറകുകളുടെ വിസ്‌തൃതിയില്‍ ആന്‍ഡീസ്‌ കോന്‍ഡര്‍ എന്നയിനം കഴുകനെപ്പോലും ഇത്‌ പലപ്പോഴും പരാജയപ്പെടുത്താറുണ്ടെങ്കിലും താരതമ്യേന ഭാരം കുറഞ്ഞ പക്ഷിയാണിത്‌.തെക്കേ അമേരിക്കയിലെ ആന്‍ഡീസില്‍ പെറു മുതല്‍ പാറ്റഗോണിയ വരെയുള്ള ഭൂഭാഗങ്ങളില്‍, 3,0005,400 മീ. ഉയരത്തില്‍ കാണപ്പെടുന്നതും ഏറ്റവും വലുപ്പം കൂടിയ പക്ഷികളുടെ ഇനങ്ങളില്‍ ഒന്നുമാണ്‌ ആന്‍ഡീസ്‌ കോന്‍ഡര്‍ (Sarcorhamphus gryphus).

ശരീരത്തിന്റെ നീളം 110-140 സെ.മീറ്ററും ചിറകുകളുടെ വിസ്‌തൃതി 2.753.5 മീറ്ററും ആകുന്നു. മറ്റു കഴുകന്മാരുടേതുപോലെ ഇതിന്റെയും തലയും കഴുത്തും നഗ്‌നമാണ്‌. കഴുത്തില്‍ കാണുന്ന വെളുത്ത "കോളറും', ചിറകുകളില്‍ കുറുകെ കാണപ്പെടുന്ന വീതിയുള്ള വെളുത്ത പട്ടകളും ഒഴിവാക്കിയാല്‍, തൂവലുകള്‍ മുഴുവന്‍ ഒരേ പോലെ കറുപ്പാകുന്നു. കടന്നുപറ്റാന്‍ പ്രയാസമായ പാറകളിലാണ്‌ ഇതും കൂടുകെട്ടുന്നത്‌. ഒരു തവണ രണ്ടു മുട്ടകളേ ഉണ്ടാവൂ. മുട്ടയുടെ നിറം വെളുപ്പാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ഉദ്ദേശം രണ്ടു വയസ്സ്‌ പ്രായമാകുന്നതുവരെ പറക്കാന്‍ കഴിവുണ്ടാകയില്ല.

ചീഞ്ഞഴുകിയ മാംസമാണ്‌ ഇതിന്റെ പ്രധാന ഭക്ഷണം. എന്നാല്‍ ഭക്ഷണദൗര്‍ലഭ്യം അനുഭവപ്പെടുന്ന പക്ഷം ആട്‌, പശുക്കുട്ടി, മാന്‍ തുടങ്ങിയവയെ ആക്രമിച്ച്‌ വിശപ്പടക്കാന്‍ ഇവ മടിക്കാറില്ല. സമൃദ്ധമായ ഒരു വിരുന്നു കഴിഞ്ഞാല്‍ തറയില്‍ നിന്നു പറന്നുയരുക ഇതിനു വളരെ പ്രയാസമാണ്‌. ആ സന്ദര്‍ഭത്തില്‍ നിഷ്‌പ്രയാസം ഇതിനെ പിടിക്കാം. ചിറകുകളനക്കാതെ, വളരെ ഉയരത്തില്‍, വായുവിലൂടെ ഒഴുകുന്നതു മാതിരിയുള്ള ഇതിന്റെ പറക്കല്‍ കാണുക കൗതുകകരമത്ര.

മധ്യ അമേരിക്കയിലെ "ഗൃദ്‌ധ്രരാജാവാ'ണ്‌ (king vulture - Sarcor-hamphus papa) കഴുകന്മാരുടെ കൂട്ടത്തില്‍ ഏറ്റവും വര്‍ണപ്പകിട്ടേറിയ അംഗം. ശരീരം മുഴുവന്‍ വെളുപ്പുനിറമുള്ള ഇതിന്റെ ചിറകുകളും വാലും കറുത്തതാണ്‌; നഗ്‌നമായ തലയില്‍ ചുവപ്പ്‌, മഞ്ഞ, നീല, വയലറ്റ്‌ എന്നീ നിറങ്ങള്‍ കാണപ്പെടുന്നു. ഭംഗിയേറിയ ആടകളും ഇതിന്റെ പ്രത്യേകതയാണ്‌. ദക്ഷിണയൂറോപ്പ്‌ മുതല്‍ ഇന്ത്യ വരെയും, ആഫ്രിക്കയുടെ പല ഭാഗങ്ങളിലും, മധ്യേഷ്യയിലും, ചൈനയിലും കാണപ്പെടുന്ന വിവിധയിനങ്ങളെല്ലാം ആക്‌സിപിറ്റ്രിഡേ കുടുംബത്തില്‍ പെടുന്നു. "താടിക്കാരന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ലാമര്‍ഗയര്‍ (Gypaet-us barbatus), ഗ്രിഫണ്‍ (Gypsfulvus), അശുഭകരമായ തോന്നലുകളുണ്ടാക്കുന്ന ആഫ്രിക്കന്‍ ശ്വേതശിരസ്‌കന്‍ (Trigonoceps), ഈജിപ്‌ഷ്യന്‍ വള്‍ച്ചര്‍ (Neophron percnopterus) ഇവയെല്ലാം ഇക്കൂട്ടത്തിലെ പ്രധാനികളാണ്‌. ഈജിപ്‌ഷ്യന്‍ വള്‍ച്ചറിന്റെ ശരീരം മുഴുവന്‍ വെളുത്തതാണ്‌; ചിറകുകള്‍ മാത്രം കറുപ്പും. താരതമ്യേന വലുപ്പം കുറവായ ഈ പക്ഷിയുടെ ചിറകുകള്‍ തമ്മിലുള്ള അകലം ഒരു മീറ്ററോളമേ കാണൂ. എന്നാല്‍ ഗംഭീരനായ ലാമര്‍ഗയറിന്‍െറ ഉയരം മാത്രം ഒന്നേകാല്‍ മീറ്ററാണ്‌. കോന്‍ഡറിനോളം വലുപ്പമുള്ള ഏഷ്യന്‍ സ്‌പീഷീസുകള്‍ അപൂര്‍വമല്ല.

തുറസ്സായ വിജനപ്രദേശങ്ങളില്‍ കഴിയാനാണ്‌ കഴുകന്മാര്‍ക്ക്‌ കൂടുതലിഷ്ടം. എന്നാല്‍ ഇവ ഗ്രാമങ്ങളും പട്ടണങ്ങള്‍ പോലും സന്ദര്‍ശിക്കുക അസാധാരണമല്ല. മനുഷ്യനെ ഒട്ടും ഭയപ്പെടാത്ത ഈ പക്ഷികള്‍ തിരക്കേറിയ തെരുവീഥികളിലും കമ്പോളങ്ങളിലും ഇരിക്കുന്നതും, ശാന്തരായി നടന്നു നീങ്ങുന്നതും കാണാന്‍ പ്രയാസമില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കുക പതിവില്ലാത്ത തിബത്തിലും, ഇന്ത്യയില്‍ ചില പ്രത്യേക മതവിഭാഗക്കാര്‍ക്കിടയിലും ആ കര്‍മം നിര്‍വഹിക്കുന്നത്‌ കഴുകനാണ്‌. ചില പ്രത്യേക സ്ഥലങ്ങളില്‍ ആളുകള്‍ ഉപേക്ഷിച്ചു പോകുന്ന ശവശരീരം കഴുകന്മാര്‍ തിന്നു തീര്‍ക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B5%81%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍