This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴഞ്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴഞ്ചി

Bonduc nut

കഴഞ്ചി - ഉള്‍ച്ചിത്രം: കായും വിത്തും

ലെഗുമിനോസീ സസ്യകുടുംബത്തിലെ സിസാല്‍പീനിയേസീ ഉപകുടുംബത്തില്‍പ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ.: സിസാല്‍പീനിയാ ബോണ്‍ഡുസെല്ല (Caesalpinia bonduce-lla). സമുദ്രതീരപ്രദേശങ്ങളിലാണ്‌ ഇത്‌ വളരുന്നത്‌. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍, ഗുജറാത്ത്‌, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. വള്ളിയില്‍ പുറമേ കട്ടിയുള്ള മുള്ളുകളുണ്ട്‌. ഇലകള്‍ക്ക്‌ വൃത്താകൃതിയാണ്‌. ആഗ.സെപ്‌.മാസങ്ങളാണ്‌ പൂക്കാലം. ഇതിന്റെ മഞ്ഞനിറത്തിലുള്ള പൂക്കള്‍ കുലകളില്‍ കാണപ്പെടുന്നു. കട്ടിയുള്ള പുറന്തോടിനുള്ളിലായി വിത്തുകള്‍ കാണാം. വിത്തിനുള്ളിലെ ബീജപത്രങ്ങളില്‍ അന്നജം അടങ്ങിയിട്ടുണ്ട്‌. കഴഞ്ചിക്കുരുവും ഇലയും വേരും കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. സങ്കീര്‍ണങ്ങളായ റെസിനുകളുടെ ഒരു മിശ്രിതമായ ബോണ്‍ഡുസിന്‍ (bonducin) ആണ്‌ കഴഞ്ചിക്കുരുവിന്റെ പ്രത്യേക ഗുണവിശേഷങ്ങള്‍ക്ക്‌ ആധാരമായ വസ്‌തു. ചവര്‍പ്പുരസത്തിനാസ്‌പദമായ "നാറ്റിന്‍' ഒരു ആല്‍ക്കലോയ്‌ഡാണെന്നും മറിച്ച്‌ ഒരു ഗ്ലൂക്കോസൈഡ്‌ ആണെന്നും രണ്ട്‌ അഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. വിത്തില്‍ ഇളം മഞ്ഞനിറമുള്ള ഒരു എണ്ണയുണ്ട്‌. ഒലീക്‌, ലിനോലിക്‌, പാമിറ്റിക്‌, സ്റ്റീറിക്‌ അമ്ലങ്ങളുടെ ഗ്ലിസറൈഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

കഴഞ്ചിക്കുരുവും പട്ടയും പിത്തം, രക്തദോഷം, ആസ്‌ത്‌മ, ശൂല വീക്കം, രക്താര്‍ശസ്സ്‌, പ്രമേഹം, കുഷ്‌ഠം, കൃമി എന്നിവയെ ശമിപ്പിക്കും. വാതം, കഫം, കൃമി, ആന്ത്രശൂല (hydrocele), കല്ലടപ്പ്‌ എന്നിവയ്‌ക്ക്‌ ഇതിന്റെ ഇല ഉത്തമമാണ്‌. ഇതൊരു ആര്‍ത്തവസ്രാവ വര്‍ധനൗഷധം (emmenagogue) കൂടിയാണ്‌. വിത്തിനുള്ളിലെ ഇളം മഞ്ഞനിറമുള്ള പരിപ്പ്‌ കയ്പുള്ളതാണ്‌. കുരു ഉണക്കിപ്പൊടിച്ച്‌ തുല്യ അളവില്‍ കുരുമുളകു പൊടിയും ചേര്‍ത്തു കഴിക്കുന്നത്‌ ഇടവിട്ടുള്ള പനിക്ക്‌ കൈകണ്ട ഔഷധമാണ്‌. കുരു പൊടിച്ച്‌ പുകവലിക്കുന്നത്‌ വയറുവേദനയ്‌ക്ക്‌ ആശ്വാസമരുളുന്നു. പൊടി ചെറു ചൂടുള്ള മോരും കായവും ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ അജീര്‍ണത്തിന്‌ ഫലപ്രദമാണ്‌. കുരു കരിച്ച്‌ ആലവും ചുട്ടപാക്കും ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ മോണരോഗങ്ങള്‍ക്ക്‌ ഉത്തമമത്ര. ആന്ത്രശൂലയ്‌ക്ക്‌ കുരു കരിച്ച്‌ ആവണക്കെണ്ണയില്‍ കുഴച്ചു പുരട്ടാം. കുരുവില്‍ നിന്നെടുക്കുന്ന എണ്ണ ചെവിയിലുണ്ടാകുന്ന പഴുപ്പിന്റെ ശമനത്തിനും മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനും വാതത്തിനും ഉത്തമമാണ്‌. "മേഘനാദവിഷാര്‍ത്തനു കഴഞ്ചിയില ഗോമൂത്രം കൂടി തേപ്പൂ കുടിച്ചിടൂ' എന്ന്‌ വിഷചന്ദ്രികയില്‍ കഴഞ്ചിക്കുരുവിനെക്കുറിച്ചുള്ള ഒരു ആയുര്‍വേദ വിധിയുണ്ട്‌.

എണ്ണുന്നതിനും തൂക്കം നിശ്‌ചയിക്കുന്നതിനും കഴഞ്ചിക്കുരു ഉപയോഗിച്ചിരുന്നു. ഒരു കഴഞ്ചിക്കുരുവിന്റെ തൂക്കമാണ്‌ ഒരു കഴഞ്ച്‌ (പന്ത്രണ്ടു പണമിട). മുന്‍കാലങ്ങളില്‍ ഗര്‍ഭച്ഛിദ്രമുണ്ടാകാതിരിക്കാന്‍ വേണ്ടി ഗര്‍ഭിണികള്‍ കഴഞ്ചിക്കുരു ചുവന്ന പട്ടുനൂലില്‍ കോര്‍ത്തു ധരിക്കുന്ന പതിവുണ്ടായിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍