This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴകം

പ്രാചീന കാലത്ത്‌ കേരളത്തിന്റെ ഭരണകാര്യങ്ങള്‍ കൂടിയാലോചിച്ചു നടപ്പിലാക്കി വന്ന സഭ. കേരളം സൃഷ്ടിച്ചശേഷം പരശുരാമന്‍ ബ്രാഹ്മണരെ ഇവിടെ കൊണ്ടു വന്നു കുടിപാര്‍പ്പിച്ചു എന്നാണ്‌ ഐതിഹ്യം. ബ്രാഹ്മണരുടെ അധിവാസസങ്കേതങ്ങളെ അടിസ്ഥാനമാക്കി തുളുനാടും മലനാടും അറുപത്തിനാലു ഗ്രാമങ്ങളായി വിഭജിച്ചു. (നോ: അറുപത്തിനാലു ഗ്രാമങ്ങള്‍) കാലക്രമേണ ഈ ഗ്രാമങ്ങളില്‍ ശൈഥില്യം സംഭവിക്കാതിരിക്കാനായി അവയെ കഴകങ്ങളുടെ ഭരണത്തിന്‍ കീഴില്‍ കൊണ്ടു വന്നതായി കേരളോത്‌പത്തിയില്‍ സൂചനകളുണ്ട്‌.

64 ഗ്രാമങ്ങളെയും 16 വീതം നാലായി പകുത്തു കഴകങ്ങള്‍ ഉണ്ടാക്കി. ഈ നാലു കഴകവും കൂടി സകല ജനസമുദായത്തിന്റെയും പ്രാതിനിധ്യം വഹിക്കേണ്ടതു കൊണ്ട്‌ ഓരോ കഴകത്തിനും ജാതിയനുസരിച്ച്‌ ബ്രാഹ്മണകഴകം, ക്ഷത്രിയക്കഴകം, വൈശ്യക്കഴകം, ശൂദ്രക്കഴകം എന്നിങ്ങനെ പേരിടുകയും പെരിഞ്ചെല്ലൂര്‍, പന്നിയൂര്‍, പിറപ്പൂര്‍ (പറവൂര്‍), ചെങ്ങന്നിയൂര്‍ എന്നീ ഗ്രാമങ്ങളെ ഓരോ കഴകത്തിന്റെയും തലസ്ഥാനങ്ങളായി നിശ്ചയിക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ കഴകങ്ങള്‍ക്ക്‌ പെരിഞ്ചെല്ലൂര്‍ കഴകം, പന്നിയൂര്‍ കഴകം, പിറപ്പൂര്‍ കഴകം, ചെങ്ങന്നിയൂര്‍ കഴകം എന്നീ പേരുകളുണ്ടായത്‌. ഓരോ കഴകത്തിലെയും അംഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ കഴകത്തിന്റെ മേലധികാരിയായി (രക്ഷാപുരുഷന്‍) ഉണ്ടായിരിക്കണമെന്നും അവരുടെ ഭരണകാലാവധി മൂന്നു വര്‍ഷം വീതമായിരിക്കണമെന്നും നിശ്ചയിച്ചിരുന്നു. ഈ കാലാവധി പിന്നീട്‌ പന്ത്രണ്ട്‌ വര്‍ഷമായി ഉയര്‍ത്തുകയുണ്ടായി. കഴകനിശ്‌ചയങ്ങള്‍ നടത്തിക്കൊടുക്കുന്നതിന്‌ പ്രതിഫലമായി രക്ഷാപുരുഷന്‍ കഴകത്തില്‍പ്പെട്ട ഗ്രാമങ്ങളിലെ വിളവിന്റെ ആറിലൊരു ഭാഗം പിരിച്ചെടുത്തിരുന്നു. അവരോധ നമ്പി, വാഴുവര്‍, വാഴുന്നവര്‍, ആളുവര്‍, വാള്‍നമ്പി, ചാത്തിരര്‍ എന്നീ ഔദ്യോഗിക നാമങ്ങള്‍ ഇവര്‍ സ്വീകരിച്ചിരുന്നു.

കഴകങ്ങളുടെയും അവയുടെ മേലധികാരികളായ രക്ഷാപുരുഷന്മാരുടെയും ഭീകരഭരണം കൊണ്ടു പൊറുതി മുട്ടിയപ്പോഴാണ്‌ പില്‌ക്കാലത്ത്‌ തിരുനാവായയില്‍ സമ്മേളിച്ച്‌ കേരളം ഭരിക്കാന്‍ ഒരു പെരുമാളിനെ ക്ഷണിക്കണമെന്നു തീരുമാനിച്ചത്‌. അങ്ങനെ ആദ്യമായി പരദേശത്തു ചെന്ന്‌ കോയാപുരത്തിങ്കല്‍ (കോയമ്പത്തൂര്‍) നിന്നു കേയപ്പെരുമാളെ കൂട്ടിക്കൊണ്ടുവന്ന്‌ പന്ത്രണ്ടു വര്‍ഷത്തേക്ക്‌ കേരളത്തിന്റെ ഭരണം ഏല്‌പിച്ചു. കേയപ്പെരുമാള്‍ എ.ഡി. 216 മുതല്‍ 225 വരെ കേരളം ഭരിച്ചു. പെരുമാക്കന്മാരുടെ കാലത്തു കഴകി എന്നു പര്യായമുള്ള അവരോധ ഗ്രാമദേവിയുടെ ക്ഷേത്രവളപ്പില്‍ വച്ച്‌ യോഗങ്ങള്‍ നടത്തിവന്നിരുന്നതുമൂലം ഗ്രാമസഭകള്‍ക്കും കഴകങ്ങള്‍ എന്ന പേരു കിട്ടി.

സഭ, കൂട്ടം, പ്രവൃത്തിസ്ഥാനം, കളരി, വിദ്യാലയം എന്നീ അര്‍ഥങ്ങളിലും കഴകം എന്ന പദം ഉപയോഗിച്ചുവരുന്നു. ഉദാ. ദ്രാവിഡകഴകം. പഴയ ദ്രാവിഡ സമ്പ്രദായത്തിലുള്ള ആരാധനാസ്ഥലങ്ങളെയും കഴകം എന്നു പറയാറുണ്ട്‌. ക്ഷേത്രത്തിലെ പരിചാരകവൃത്തിക്കും കഴകം എന്നു പേരുണ്ട്‌. യോഗം കൂടി ന്യായവിചാരണ നടത്തുക എന്ന അര്‍ഥത്തില്‍ "കഴകം കേള്‍ക്കുക' എന്നൊരു ശൈലി തന്നെ പ്രചാരത്തിലിരുന്നിരുന്നു. കഴകം കെട്ട (ലക്ഷണം കെട്ട), കഴകക്കേട്‌ (പോരായ്‌മ), കഴകം മൂത്ത്‌ ഊരാണ്‌മയാകുക (സേവകന്‍ ഉടമസ്ഥനാകുക) എന്നീ ശൈലികള്‍ കഴകം എന്ന പദത്തിന്റെ അര്‍ഥവ്യാപ്‌തിയെ സൂചിപ്പിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍