This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കള്‍മാന്‍, കാറല്‍ (1821-81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കള്‍മാന്‍, കാറല്‍ (1821-81)

Culmann, Carl

ജര്‍മന്‍ എന്‍ജിനീയര്‍. മെക്കാനിക്‌സ്‌, എന്‍ജിനീയറിങ്‌ എന്നിവയിലെ അനേകം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനു വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന ഗ്രാഫിക്‌ സ്റ്റാറ്റിക്‌സ്‌ എന്ന സമ്പ്രദായം കണ്ടുപിടിച്ചത്‌ ഇദ്ദേഹമാണ്‌. 1821 ജൂല. 10നു ബെര്‍ഗ്‌സാബേണ്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. പിതാവ്‌ ഒരു പുരോഹിതനായിരുന്നു. 17-ാമത്തെ വയസ്സില്‍ കാള്‍സ്‌ റൂഹെ പോളിടെക്‌നിക്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ ഇദ്ദേഹം ഡിപ്ലോമ നേടി. ബവേറിയന്‍ സിവില്‍ സര്‍വീസില്‍ ഹോഫ്‌റെയില്‍വേ വിഭാഗത്തില്‍ അപ്രന്റീസായി ചേര്‍ന്ന കള്‍മാന്‍ 1847 വരെ അവിടെ തുടര്‍ന്നു. അടുത്ത മൂന്നുവര്‍ഷക്കാലം ഇംഗ്ലണ്ട്‌, അയര്‍ലണ്ട്‌, വ. അമേരിക്ക എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി. ജര്‍മനിയില്‍ തിരിച്ചെത്തിയ കള്‍മാന്‍ വീണ്ടും ബവേറിയന്‍ സിവില്‍ സര്‍വിസില്‍ ചേര്‍ന്നു. 1855ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച്‌ പോളിടെക്‌നിക്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫാക്കല്‍ട്ടിയില്‍ നിയമിതനായി. ഇതോടെ, ഇദ്ദേഹത്തിന്റെ പ്രധാനപ്രവര്‍ത്തനരംഗങ്ങള്‍ അധ്യാപനവും ഗവേഷണവും ആയിത്തീര്‍ന്നു.

സ്വിറ്റ്‌സര്‍ലണ്ടിലെ പര്‍വതസാനുക്കളിലെ കാട്ടാറുകളെ സംബന്ധിച്ച്‌ ഇദ്ദേഹം വിപുലമായ പഠനങ്ങള്‍ നടത്തി. പ്രതികൂല കാലാവസ്ഥകളില്‍ ഈ കാട്ടാറുകളുടെ നിയന്ത്രണം വളരെ പ്രയാസമുള്ളതായിരുന്നു. ഇത്‌ സംബന്ധിച്ച്‌ പഠനം നടത്തിയ ഇദ്ദേഹം 1864ല്‍ വളരെ നിര്‍ണായകമായ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന "സംരചനകളിലെ പ്രതിബലവിതരണം' (stress distribution) സംബന്ധിച്ചുള്ളതാണ്‌.

ഗ്രാഫിക്‌ സ്റ്റാറ്റിറ്റിക്‌സ്‌ സംബന്ധിച്ച ഇദ്ദേഹത്തിന്റെ ആധികാരികഗ്രന്ഥം 1875ല്‍ പ്രസിദ്ധീകരിച്ചു.

1880ല്‍ സൂറിച്ച്‌ സര്‍വകലാശാല ഇദ്ദേഹത്തിന്‌ ഓണററി ഡോക്ടര്‍ ബിരുദം നല്‌കി. സൂറിച്ചിനടുത്തുള്ള റീസ്‌ബാഹില്‍ വച്ച്‌ 1881 ഡി. 9ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍