This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കള്ളിച്ചെടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കള്ളിച്ചെടികള്‍

Cactus

മരുഭൂമികളിലും വരണ്ട കാലാവസ്ഥ, ദീര്‍ഘകാലത്തേക്ക്‌ നിലനില്‌ക്കുന്ന പ്രദേശങ്ങളിലും ജീവിക്കാനുള്ള ബാഹ്യവും ആന്തരികവുമായ രൂപാന്തരങ്ങള്‍ കൈവന്നിട്ടുള്ള പ്രത്യേകതരം സസ്യങ്ങള്‍.

കാക്‌റ്റേസീ സസ്യകുടുംബത്തില്‍പ്പെടുന്ന കാക്‌റ്റസുകള്‍ (Cactus) മാത്രമല്ല കള്ളിച്ചെടികള്‍ എന്ന പദം കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. എല്ലാ കാക്‌റ്റസുകളും കള്ളിച്ചെടികളാണെങ്കിലും കള്ളിച്ചെടികളില്‍ കാക്‌റ്റസുകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്‌. യൂഫോര്‍ബിയേസീ കുടുംബത്തിലെ ചതുരക്കള്ളി (യൂഫോര്‍ബിയ ആന്റിക്വാറം), തിരുക്കള്ളി (യൂ. തിരുക്കള്ളി), ഇലക്കള്ളി (യൂ. നീരിഫോളിയ) എന്നീ സസ്യങ്ങള്‍ പലപ്പോഴും കാക്‌റ്റസുകളെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.

ഭീമന്‍ കാക്‌റ്റസ്‌ - സീറിയാ ജൈജാന്‍ഷ്യ

മാംസളമായതും മുള്ളുള്ളതുമായ സസ്യങ്ങള്‍ പൊതുവേ രസഭരസസ്യങ്ങള്‍ (succulants)എന്നറിയപ്പെടുന്നു. കാക്‌റ്റേസീ കുടുംബത്തിലെ കാക്‌റ്റസുകളാണ്‌ ഇവയില്‍ ഭൂരിഭാഗവും. യൂഫോര്‍ബിയേസീ, അഗവേസീ, ലിലിയേസീ, അപ്പോസൈനേസീ, ക്രാസുലേസീ, അസ്‌ക്ലിപിയഡേസീ, കമ്പോസിറ്റേ, പോര്‍ട്ടുലാക്കേസീ എന്നീ കുടുംബങ്ങളിലെ രസഭരങ്ങളായ പല ചെടികളെയും കള്ളിച്ചെടികളുടെ കൂട്ടത്തിലുള്‍പ്പെടുത്താറുണ്ട്‌. എന്നാല്‍ യഥാര്‍ഥ കാക്‌റ്റസുകളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ല. യൂഫോര്‍ബിയേസീ കുടുംബത്തിലുള്ള ചെടികളിലെ പാലുപോലുള്ള കറ കാക്‌റ്റസുകളില്‍ ഉണ്ടായിരിക്കില്ല. കാണ്ഡത്തിലെ പാര്‍ശ്വമുകുളങ്ങള്‍ രൂപം പ്രാപിച്ചുണ്ടാകുന്ന കുഷന്‍ പോലുള്ള "ഏരിയോളുകള്‍' (aeriols) കാക്‌റ്റസുകളുടെ മാത്രം പ്രത്യേകതയാണ്‌. ഈ ഏരിയോളുകളില്‍ നിന്ന്‌ മുള്ളുകളും ചില ജീനസുകളുടേതില്‍ നിന്ന്‌ പുഷ്‌പങ്ങളും രൂപമെടുക്കുന്നു. ഒപന്‍ഷ്യ (opuntia), പെരസ്‌കിയോപ്‌സിസ്‌ (Pereskiopsis)എന്നീ ജീനസുകളിലെ ഏരിയോളുകളില്‍ ഗ്ലോക്കിഡു (glochidia)കളും കാണാം. ഗ്ലോക്കിഡുകള്‍ ശരീരത്തില്‍ ഉരസിയാല്‍ തൊലിയില്‍ തുളച്ചു കയറുകയും മണിക്കൂറുകളോളം നിലനില്‌ക്കുന്ന ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കാക്‌റ്റസിലെ മുള്ളുകള്‍ കാണ്ഡത്തിന്റെ അക്ഷവുമായി ബന്ധിച്ചിട്ടില്ല. അവ ഏരിയോളുകളില്‍ നിന്നു പുറപ്പെടുന്നു. നിവര്‍ന്നവയും ചൂണ്ടക്കൊളുത്തുപോലെ വളഞ്ഞവയുമായ മുള്ളുകള്‍ നക്ഷത്രാകൃതിയിലോ ചീര്‍പ്പിന്റെ പല്ലുപോലെയോ ക്രമീകരിക്കപ്പെടാറുണ്ട്‌. ചിലപ്പോള്‍ മധ്യത്തില്‍ ഒരു വലിയ മുള്ളും ചുറ്റും ചെറിയ മുള്ളുകളുമായി ക്രമീകരിക്കപ്പെട്ടിരിക്കും. മിര്‍ട്ടിലോ കാക്‌റ്റസ്‌ ജിയോമെട്രിസാന്‍സ്‌ എന്ന കാക്‌റ്റസിന്റെ മധ്യത്തിലുള്ള മുള്ളിന്‌ കഠാരിയുടേതുപോലുള്ള വായ്‌ത്തലയുണ്ട്‌. ഭീമന്‍ കാക്‌റ്റസ്‌ എന്നറിയപ്പെടുന്ന കാലിഫോര്‍ണിയാ സ്വദേശിയായ സീറിയാ ജൈജാന്‍ഷ്യ ആണ്‌ കാക്‌റ്റസുകളില്‍ ഏറ്റവും വലുത്‌. ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ ശാഖോപശാഖകളോടെ ഇതു വളരുന്നു. 200 വര്‍ഷത്തോളം നിലനില്‌ക്കുന്ന കാക്‌റ്റസുകളുമുണ്ട്‌. പെരസ്‌കിയ (Pereskiopsis) തുടങ്ങിയ അപൂര്‍വം ചില ജീനസുകള്‍ക്ക്‌ സാധാരണ സസ്യങ്ങളുടേതുപോലുള്ള കാണ്ഡവും ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളുമുണ്ട്‌.

മിര്‍ട്ടിലോകാക്‌റ്റസ്‌ ജിയോമെട്രിസാന്‍സ്‌

ചരിത്രം. രസഭരസസ്യങ്ങളെക്കുറിച്ചുള്ള സാമാന്യരൂപം ലഭ്യമായത്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ സസ്യശാസ്‌ത്ര പ്രാഫസറായിരുന്ന റിച്ചാര്‍ഡ്‌ ബ്രാഡ്‌ലി ഹിസ്റ്ററി ഒഫ്‌ സക്കുലന്റ്‌ പ്ലാന്റ്‌സ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ്‌ (1716). "മുള്ളുള്ളത്‌' എന്നര്‍ഥം വരുന്ന കാക്‌റ്റോസ്‌ (kaktos)എന്ന ഗ്രീക്ക്‌ പദം ആദ്യമായി ഉപയോഗിച്ചത്‌ ആധുനിക സസ്യശാസ്‌ത്രത്തിന്റെ പിതാവ്‌ എന്നു കരുതപ്പെടുന്ന കാള്‍ ലിനയസ്‌ (1707-78) ആണ്‌. ഇദ്ദേഹത്തിന്റെ ഫിലൊസോഫിക്കാ ബൊട്ടാണിക്ക എന്ന ഗ്രന്ഥത്തില്‍ മുപ്പതോളം രസഭര ജീനസുകളെക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. 1794നു ശേഷമാണ്‌ രസഭര സസ്യങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ അറിവ്‌ ലഭിച്ചു തുടങ്ങിയത്‌. 1767നും 1833നുമിടയ്‌ക്ക്‌ ആര്‍ഡിയന്‍ ഹാരിഹാവൊത്ത്‌ രസഭരസസ്യങ്ങളെ ക്രാഡീകരിച്ചുകൊണ്ട്‌ അഞ്ച്‌ ആധികാരികഗ്രന്ഥങ്ങളും ഇരുപത്തഞ്ചോളം ശാസ്‌ത്രലേഖനങ്ങളും പ്രസിദ്ധം ചെയ്‌തു. ഡൂവല്‍ 1809ല്‍ പ്രസിദ്ധീകരിച്ച "പ്ലാന്റെ സക്കുലെന്റാ' എന്ന പ്രബന്ധം ഈ വിഭാഗം സസ്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ വെളിച്ചം വീശുന്നതായിരുന്നു. എന്‍.ഇ. ബ്രൗണ്‍, ജെ.ആര്‍. ഡ്രമ്മണ്ട്‌, എ. വൈറ്റ്‌, ബി.എന്‍. സ്ലോണ്‍, ഗ്രവ്‌ലി, സി.ജി. ലൂക്കോഫ്‌, കെ. ഷൂമാന്‍, എസ്‌. ഷോണ്‍ലാന്‍ഡ്‌, മയൂരനാഥന്‍, ജി. റെയ്‌നോള്‍ഡ്‌, സി.ജി. സ്‌മിത്ത്‌ ബ്രിട്ടന്‍, എച്ച്‌. ജേക്കബ്‌സണ്‍, എസ്‌.എച്ച്‌. സ്‌കോട്ട്‌ എന്നിവരുടെ നിഷ്‌കൃഷ്ടമായ പഠനങ്ങള്‍ ഈ രംഗത്ത്‌ വളരെയധികം ശ്രദ്ധേയങ്ങളാണ്‌.

ജന്മദേശം, വിതരണം. മിക്ക കാക്‌റ്റസുകളും യു.എസ്‌., കാലിഫോര്‍ണിയ, മെക്‌സിക്കോ, മധ്യ അമേരിക്ക, ബ്രസീല്‍, ബൊളീവിയ, ചിലി, വെസ്റ്റ്‌ ഇന്‍ഡീസ്‌ എന്നിവിടങ്ങളിലാണ്‌ ജന്മം കൊണ്ടതെന്ന്‌ കരുതാം. മറ്റു രസഭരസസ്യങ്ങള്‍ക്ക്‌ മുഖ്യമായും ജന്മം നല്‌കിയത്‌ ആഫ്രിക്കന്‍ വനാന്തരങ്ങളാണ്‌. ഇന്ത്യന്‍ വംശജരായ ചില കള്ളിച്ചെടികളുമുണ്ട്‌. കള്ളിച്ചെടികളുടെ നൈസര്‍ഗിക വാസസ്ഥലം മരുഭൂമികളാണെങ്കിലും ഉഷ്‌ണമേഖലാപ്രദേശങ്ങളിലെ ഈര്‍പ്പമുള്ള കാടുകളില്‍ ഇവ ധാരാളമായി വളരുന്നു. രണ്ട്‌ ഒപന്‍ഷ്യാ സ്‌പീഷീസ്‌ ബ്രിട്ടീഷ്‌ കൊളംബിയയിലും എക്കൈനോസീറിയസ്‌, എക്കൈനോകാക്‌റ്റസ്‌, മാമിലേറിയ എന്നീ സ്‌പീഷീസ്‌ കൊളറാഡോയിലും കാണുന്നു. യു.എസ്സിന്റെ തെ. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, മെക്‌സിക്കന്‍ പീഠഭൂമി എന്നിവിടങ്ങളില്‍ മരുസ്വഭാവമുള്ള കാക്‌റ്റസുകള്‍ മാത്രം നിറഞ്ഞ കാടുകളുണ്ട്‌. അര്‍ജന്റീന, ഉറുഗ്വേ എന്നിവിടങ്ങളിലും കള്ളിച്ചെടികള്‍ ധാരാളമായി വളരുന്നു. കാനറിദ്വീപുകളില്‍ ചില പ്രധാന കള്ളിച്ചെടികള്‍ കാണുന്നുണ്ട്‌.

യൂഫോര്‍ബിയ, എയോണിയം, സിറോപീജിയ എന്നിവയുടെ ചില സ്‌പീഷീസ്‌ ഇവയില്‍ ഉള്‍പ്പെടുന്നു. സ്‌പെയിനിലും ഇറ്റലിയിലും വടക്കേ ആഫ്രിക്കയിലും അഗേവ്‌, ആലോ, യൂഫോര്‍ബിയ എന്നിവയുടെ ഏതാനും സ്‌പീഷീസ്‌ വളരുന്നുണ്ട്‌. ചില പ്രത്യേകയിനം പാറകളില്‍ മാത്രം വളരുന്ന കള്ളിച്ചെടികളുമുണ്ട്‌. പീഡിയോകാക്‌റ്റസ്‌ ജീനസിലെ പതിനൊന്നു സ്‌പീഷീസില്‍ എട്ടെണ്ണവും കൊളറാഡോ പീഠഭൂമിയിലെ പ്രത്യേകയിനം പാറകളില്‍ കാണുന്നു.

യൂഫോര്‍ബിയ ഗ്രാന്‍ഡികോര്‍ണിസ്‌

ഘടനയും ജീവശാസ്‌ത്രവും. ചുട്ടു പൊള്ളുന്ന മരുഭൂമിയിലെ ജീവിതത്തിനനുസൃതമായ അനുകൂലനം സംഭവിച്ചിട്ടുള്ള ഈ ചെടികളിലെ ശ്രദ്ധേയമായ രൂപവൈവിധ്യംമൂലം ഇവയ്‌ക്ക്‌ ചില മൃഗങ്ങള്‍, പക്ഷികള്‍, ചെടികള്‍, ശില്‌പ മാതൃകകള്‍ എന്നിവയോട്‌ സാദൃശ്യമുണ്ട്‌. "കരടി' , "പല്ലി', "മുയല്‍ച്ചെവി', "കൂണ്‍', "ഓര്‍ക്കിഡ്‌', "ആഡംസ്‌ നീഡില്‍', "ടര്‍ക്‌സ്‌ ക്യാപ്‌', "ബ്രൂം', "ബട്ടണ്‍', "ഓള്‍ഡ്‌മാന്‍', "ഷേവിങ്‌ ബ്രഷ്‌', "ക്രീപ്പിങ്‌ ഡെവിള്‍', "ലിവിങ്‌ റോക്ക്‌', എന്നിങ്ങനെ രസകരമായ പല പേരുകളിലും അറിയപ്പെടുന്ന കള്ളിച്ചെടികളുമുണ്ട്‌.

കഴിയുന്നത്ര ജലം സംഭരിക്കുന്നതിനു വേണ്ടി മണ്ണില്‍ വളരെ വിശാലമായി വ്യാപിച്ചു കിടക്കുന്ന വേരുകളോടും ജലവ്യയം ആവുന്നത്ര നിയന്ത്രിക്കുന്നതിനായി മണ്ണിനു മുകളില്‍ തുലോം ക്രമീകരിക്കപ്പെട്ടു വളരുന്ന കായികഭാഗങ്ങളോടും കൂടിയവയാണ്‌ മിക്ക കള്ളിച്ചെടികളും. സസ്യസ്വേദനം മൂലമുള്ള ജലനഷ്ടം തടയുവാനായി ഇലകളില്‍ കട്ടി കൂടിയ ക്യൂട്ടിക്കിള്‍ ആവരണവും ഉപരിവൃതിയില്‍ ആഴത്തില്‍ സ്ഥാപിതമായ ആസ്യരന്ധ്രങ്ങളും (sunken stomata) അവയ്‌ക്കിടയില്‍ സൂക്ഷ്‌മലോമങ്ങളും മെഴുകുപോലുള്ള പദാര്‍ഥവും ഇത്തരത്തിലുള്ള പല സസ്യങ്ങളിലും കാണാം. കൂടാതെ ഉപരിവൃതിക്കുള്ളിലായി കട്ടിയേറിയ ഭിത്തികളോടു കൂടിയ സ്‌ക്ലീറന്‍കൈമ കോശങ്ങളുടെ ഏതാനും നിരകളടങ്ങിയ ഒരു അധശ്‌ചര്‍മവും (Hypodermis) സസ്യാന്തര്‍ഭാഗങ്ങളില്‍ നിന്ന്‌ ജലം നീരാവി രൂപത്തില്‍ നഷ്ടപ്പെടുന്നത്‌ തടയുന്നു.

ജലനഷ്ടം ഒഴിവാക്കാന്‍ മിക്ക കള്ളിച്ചെടികളും സ്വീകരിച്ചിരിക്കുന്ന മറ്റൊരു ഉപായം ഇലകള്‍ തീരെ ഉത്‌പാദിപ്പിക്കാതിരിക്കുക എന്നതാണ്‌. ഈ പരിതഃസ്ഥിതിയില്‍ ഇലയുടെ ധര്‍മങ്ങള്‍ കൂടി കാണ്ഡം ഏറ്റെടുത്തിരിക്കും. ജലനഷ്ടം ഒഴിവാക്കുന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ജലം സംഭരിക്കുന്നതും. ജലം ഏറ്റവും കൂടുതല്‍ സംഭരിക്കാന്‍ തക്ക വിപുലമായ വാഹകകലയാണ്‌ ഇവയ്‌ക്കുള്ളത്‌. ആഗിരണം ചെയ്‌ത ജലം ദ്രാവക രൂപത്തില്‍ സംഭരിക്കുന്നതിന്‌ സഹായകമായ രീതിയില്‍ കായിക ഭാഗങ്ങള്‍ മാംസളമായിരിക്കും; അവയില്‍ ജല സംഭരണ അറകളും ഉണ്ടായിരിക്കും. കോശദ്രവ്യം ഉയര്‍ന്ന സാന്ദ്രതയോടുകൂടിയതാണ്‌.

യൂഫോര്‍ബിയ ഒബേസ

മിക്ക കാക്‌റ്റസുകളിലും പൂക്കള്‍ ഒറ്റയായാണ്‌ കാണപ്പെടുക. എന്നാല്‍ പെരസ്‌കിയയിലേത്‌ ശാഖിതമായ പൂങ്കുലയാണ്‌. വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള പ്രത്യേക അനുകൂലന സ്വഭാവങ്ങളൊന്നും തന്നെ പൂക്കള്‍ പ്രദര്‍ശിപ്പിക്കാറില്ല. "ഏരിയോളി'ന്റെ മധ്യഭാഗത്തോ തൊട്ടു പിന്നിലായോ ആണ്‌ പൂക്കള്‍ കാണപ്പെടുന്നത്‌. റോസ്‌, കടുംചുവപ്പ്‌, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച്‌, ചെമ്പുനിറം ഇവയിലേതെങ്കിലുമായിരിക്കും പൂക്കള്‍ക്ക്‌. വിരിയുമ്പോള്‍ തൂവെള്ളയും ക്രമേണ റോസ്‌ നിറവുമായിത്തീരുന്ന പൂക്കളുമുണ്ട്‌. നീലനിറത്തിലുള്ള പൂക്കള്‍ കാണപ്പെടുന്നില്ല. ചില ചെടികളില്‍ പൂക്കള്‍ തീരെച്ചെറുതായിരിക്കും; മറ്റുചിലവയില്‍ ചെടികളെക്കാള്‍ വലുതും. സെലെനിസീറിയസിലാണ്‌ ഏറ്റവും വലുപ്പം കൂടിയ പൂക്കളുണ്ടാവുന്നത്‌. 810 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവണിയുന്ന കള്ളിച്ചെടികളുമുണ്ട്‌. ചില കള്ളിച്ചെടികളില്‍ പ്രഭാതത്തില്‍ പൂക്കള്‍ വിടര്‍ന്ന്‌ വൈകുന്നേരമാകുമ്പോഴേക്കും വാടുകയും മറ്റു ചിലവയില്‍ ദിവസങ്ങളോളം വാടാതെ നില്‌ക്കുകയും ചെയ്യാറുണ്ട്‌. പകല്‍ ഒരു നിശ്ചിത സമയത്തു വിടര്‍ന്ന്‌ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വാടുന്നവയും അപൂര്‍വമല്ല. അര്‍ധരാത്രിയില്‍ വിടര്‍ന്ന്‌ നിമിഷങ്ങള്‍ കൊണ്ട്‌ കൂമ്പുന്നവയുമുണ്ട്‌. ഏകദേശം 450 ഇനം കള്ളിച്ചെടികള്‍ നിശാഗന്ധികളാണ്‌. തീക്ഷ്‌ണസൗരഭ്യമുള്ള പൂക്കളോടൊപ്പം അത്യധികം ദുര്‍ഗന്ധമുള്ള പുഷ്‌പങ്ങളും കള്ളിച്ചെടികളില്‍ കാണാവുന്നതാണ്‌.

കാക്‌റ്റസ്‌ പുഷ്‌പങ്ങളില്‍ നിരവധി പരിദളങ്ങളും കേസരങ്ങളും കാണാം. കേസരങ്ങള്‍ പരിദളങ്ങളിലോ പരിദളപുടക്കുഴലിലോ സ്ഥിതി ചെയ്യുന്നു. വര്‍ത്തിക പ്രകടമായ നിറമുള്ളതോ നക്ഷത്രാകൃതി പൂണ്ടതോ ആയിരിക്കും. അധഃസ്ഥിതമായ അണ്ഡാശയം പുഷ്‌പവാഹിയായ കാണ്ഡത്തില്‍ ആഴ്‌ന്നിരിക്കും. അണ്ഡാശയത്തിന്‌ നിരവധി അണ്ഡപര്‍ണങ്ങളുണ്ടെങ്കിലും അറ ഒന്നു മാത്രമേ കാണൂ. നിരവധി ബീജാണ്ഡങ്ങളുണ്ട്‌. വിത്തു പാകമാകുന്നതോടെ ബീജാണ്ഡങ്ങളുടെ ഞെട്ട്‌ മാംസളമാകുകയും വിത്തിനെ പൊതിയുന്ന മാധുര്യമുള്ള "പള്‍പ്പാ'യി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

കാക്‌റ്റസ്‌ ഫലങ്ങള്‍ നിരവധി രൂപവൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്‌. ആപ്പിളിന്റെ ആകൃതിയും തൊലിപ്പുറമേ ഇലകള്‍ പോലുള്ള നിരവധി സഹപത്രങ്ങളും പെരസ്‌കിയാ അക്യൂലിയേറ്റായിലെ ഫലങ്ങളുടെ സവിശേഷതയാണ്‌. ഇക്കാരണത്താല്‍ ചില സ്ഥലങ്ങളില്‍ ഇതിന്‌ "ഇല ആപ്പിള്‍' എന്ന പേരുണ്ട്‌. പെരസ്‌കിയോപ്‌സിസുകളിലെ നീണ്ടുരുണ്ട കായ്‌കള്‍ക്കുള്ളില്‍ തണ്ണിമത്തങ്ങയുടേതുപോലുള്ള "കഴമ്പും' രോമാവൃതമായ വിത്തുകളും കാണാം. ഒപന്‍ഷ്യയിലെയും നൊപാലിയയിലെയും ഫലങ്ങള്‍ "പ്രിക്‌ലി പിയര്‍' എന്നറിയപ്പെടുന്നു. പുറന്തോടില്‍ മാംസളമായ ചെറുപത്രങ്ങള്‍ ഉള്ള കായ്‌കള്‍ പാകമാകുന്നതോടെ, ഏരിയോളുകളില്‍ ചൊറിച്ചിലുണ്ടാക്കുന്ന ഗ്ലോക്കിഡുകള്‍ മാത്രം അവശേഷിപ്പിച്ചു കൊണ്ട്‌ "കുഞ്ഞില'കള്‍ കൊഴിഞ്ഞുപോകും. സീറിയസ്‌ ജീനസിലെ ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്‌. എക്കൈനോകാക്‌റ്റസ്‌ ഫലങ്ങളുടെ തൊലിപ്പുറം ശല്‌ക്കസദൃശമായിരിക്കും. ചില എക്കൈനോസീറീയസ്‌ സ്‌പീഷീസിലെ കായ്‌കളുടെ സവിശേഷ സുഗന്ധം അവയ്‌ക്ക്‌ "സ്‌ട്രാബറി കാക്‌റ്റസ്‌' എന്ന പേര്‌ നേടിക്കൊടുത്തിരിക്കുന്നു. എക്കൈനോകാക്‌റ്റസ്‌ ലോന്‍ജി ഹമാറ്റസിന്റെ കായ്‌കളുടെ പ്രത്യേകാകൃതിയും പുളിരസവുംമൂലം അവ കാക്‌റ്റസ്‌ നാരങ്ങ എന്നാണ്‌ അറിയപ്പെടുന്നത്‌.

കാക്‌റ്റസ്‌ വിത്തുകളും നിരവധി രൂപവൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌. നാണയത്തുട്ട്‌, കാത്‌ മുതലായവയെ അനുസ്‌മരിപ്പിക്കുന്നവയും കറുത്തു തിളങ്ങുന്നവയും പഞ്ഞിപോലെ മൃദുവായവയും ചെറുമുള്ളുകള്‍ നിറഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്‌. വിത്തുകളുടെ ഇമ്മാതിരിയുള്ള ആകാരവൈവിധ്യം കാക്‌റ്റസ്‌ ജീനസുകളെ വേര്‍തിരിക്കുന്ന സുവ്യക്തമായ മാനദണ്ഡങ്ങളിലൊന്നായി സ്വീകരിച്ചുപോരുന്നു.

എപ്പിഫില്ലം

കള്ളിച്ചെടി വളര്‍ത്തല്‍. വിളകളും മറ്റും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വേലിയെന്ന നിലയിലാണ്‌ ആദ്യമായി കള്ളിച്ചെടികള്‍ നട്ടുവളര്‍ത്തിത്തുടങ്ങിയത്‌. കേരളത്തില്‍ എ.ഡി. 1670നു മുമ്പേ ചതുരക്കള്ളിയും തിരുക്കള്ളിയും വേലിക്കായി ഉപയോഗിച്ചിരുന്നു. 1678ല്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്ന ഹെന്‌ഡ്രിക്‌വാന്റീഡ്‌ തയ്യാറാക്കിയ ഹോര്‍ത്തൂസ്‌ മലബാറികസ്‌ എന്ന ഗ്രന്ഥത്തില്‍ തിരുക്കള്ളിയെക്കുറിച്ചുള്ള വിവരണമുണ്ട്‌. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലത്താണ്‌ ഉദ്യാനസസ്യമെന്ന നിലയില്‍ ഭാരതീയര്‍ക്ക്‌ കള്ളിച്ചെടിയില്‍ കമ്പം ജനിച്ചു തുടങ്ങിയത്‌. വിദേശങ്ങളില്‍ നിന്ന്‌ പല അപൂര്‍വയിനം കള്ളിച്ചെടികളും നമുക്ക്‌ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌.

അതീവ ശ്രദ്ധയോടുകൂടിയ പരിചരണം കൂടാതെ തന്നെ കള്ളിച്ചെടികള്‍ വിജയകരമായി നട്ടുവളര്‍ത്താവുന്നതാണ്‌. ഇതര ഉദ്യാനസസ്യങ്ങള്‍ക്കുള്ള സൗന്ദര്യാത്‌മകമൂല്യം മാത്രമല്ല ഉദ്യാനപ്രമികള്‍ക്ക്‌ ഇത്തരം ചെടികളോട്‌ മമത തോന്നാന്‍ കാരണം. കമനീയ വര്‍ണങ്ങളിലുള്ള പൂക്കളോടൊപ്പം അതിശയകരമായ ശില്‌പചാതുര്യത്തെ അനുസ്‌മരിപ്പിക്കുന്ന ഇവയുടെ രൂപവിശേഷം പ്രചാരത്തിനു പ്രധാന കാരണമായി.

യൂഫോര്‍ബിയ ആന്റിക്വാറം

വിവിധ വര്‍ണങ്ങളിലും വലുപ്പത്തിലും ആകൃതിയിലുമുള്ള പൂക്കളുതിര്‍ത്ത്‌ കൊടും ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്ന വിജനമായ മണല്‍ക്കാടുകളെ ചേതോഹരമാക്കുന്ന കള്ളിച്ചെടികള്‍ നമ്മുടെ ഉദ്യാനങ്ങളില്‍ പൂവണിയണമെങ്കില്‍ അവയുടെ നൈസര്‍ഗിക ചുറ്റുപാടുകള്‍ കഴിയുന്നത്ര സൃഷ്ടിച്ചു കൊടുക്കേണ്ടതാണ്‌. സൂര്യപ്രകാശമാണ്‌ ഏറ്റവും അത്യാവശ്യമായ ഘടകം. വെള്ളമൊഴിച്ചു കൊടുക്കുന്നതിലും ശ്രദ്ധാപൂര്‍വമായ ക്രമീകരണം ആവശ്യമാണ്‌.

കള്ളിച്ചെടിയുടെ വേരുകള്‍ അധികം ആഴത്തിലേക്ക്‌ വളര്‍ന്നിറങ്ങാത്തതിനാല്‍ നടാനുപയോഗിക്കുന്ന ചട്ടികള്‍ക്ക്‌ കൂടുതല്‍ ഉയരം ആവശ്യമില്ല. രണ്ടുഭാഗം ആറ്റുമണലും ഒരുഭാഗം കരിയില വളവും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ്‌ മിക്ക കള്ളികള്‍ക്കും ഉത്തമം. ഇതിനോടൊപ്പം കക്കയോ മുട്ടത്തോടോ പൊടിച്ചു ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ആദ്യമായി ചട്ടിയുടെ ഏറ്റവും അടിയില്‍ ഒരു പിടി ചരലോ ഓടിന്‍ കഷണങ്ങളോ നിരത്തി, മുക്കാല്‍ഭാഗത്തോളം തയ്യാറാക്കിയ മിശ്രിതം നിറച്ചശേഷം ബാക്കിയുള്ള ഭാഗത്ത്‌ ചെറിയ ഇഷ്ടികക്കഷണങ്ങളും കരിക്കട്ടയും നിരത്തണം. വായുസഞ്ചാരം ലഭ്യമാക്കുന്നതിനും ഈര്‍പ്പം തങ്ങിനിന്ന്‌ ചെടികള്‍ അഴുകിപ്പോകാതിരിക്കുന്നതിനും വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ചെടിയുടെ കമ്പ്‌ മുറിച്ച്‌ നനഞ്ഞ മണലില്‍ പാകിയാല്‍ വേഗം വേരു പിടിച്ചു കിട്ടും. ചട്ടിയില്‍ നടുന്നതിനു നാലഞ്ചുദിവസം മുമ്പ്‌ തൈച്ചെടി പിഴുതെടുത്ത്‌ വേരുകള്‍ കോതി നീളം കുറയ്‌ക്കണം. പുതുതായി നട്ട ചെടികള്‍ക്ക്‌ 45 ആഴ്‌ചയോളം വളരെ ലഘുവായി മാത്രം വെള്ളം നല്‌കിയാല്‍ മതി. ആഴ്‌ചയില്‍ ഒരു കപ്പ്‌ വെള്ളത്തില്‍ക്കൂടുതല്‍ ആവശ്യമില്ല. അനുക്രമമായി വെള്ളത്തിന്റെ അളവ്‌ വര്‍ധിപ്പിച്ച്‌ പൂക്കാലമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ജലമൊഴിച്ചു കൊടുക്കണം. എന്നാല്‍ വെള്ളം കൂടുതലാകാനേ പാടില്ല. ആഴ്‌ചകളോളം മഴ പെയ്യുകയും ഒപ്പം സൂര്യപ്രകാശം ലഭിക്കാതിരിക്കുകയും ചെയ്‌താല്‍ മിക്ക കള്ളിച്ചെടികളും അഴുകിപ്പോകും. കള്ളിച്ചെടികള്‍ മിക്കവയ്‌ക്കും വിശ്രമകാലമുണ്ട്‌. ഈ അവസരത്തില്‍ ഇവ വളരുന്നതേയില്ല. അതുകൊണ്ട്‌ വെള്ളം ഒഴിച്ചുകൊടുക്കേണ്ടതുമില്ല; കലകളില്‍ സംഭൃതമായിരിക്കുന്ന ഈര്‍പ്പം ഉപയുക്തമാക്കിക്കൊള്ളും. വീണ്ടും വളരാന്‍ തുടങ്ങുന്നുവെന്ന്‌ മനസ്സിലായാല്‍ വെള്ളമൊഴിച്ചു തുടങ്ങാം. ചെടിയെ വളരുന്ന ചട്ടിയില്‍ നിന്നും അതിനെക്കാള്‍ ചെറിയ ഒരു ചട്ടിയിലേക്കു മാറ്റുമ്പോഴും പുഷ്‌പിക്കുന്നതായി കണ്ടിട്ടുണ്ട്‌.

മാമിലേറിയ കംപ്രസ

മുറിക്കുള്ളിലെ ജനാലപ്പടികളിലും ഗ്രീന്‍ ഹൗസുകളിലും കള്ളിച്ചെടികള്‍ വളരുമെങ്കിലും കൂടുതല്‍ സൂര്യപ്രകാശം വേണ്ടുന്നവയാണ്‌ മിക്കവയും. ശിലാരാമ(rock garden)ങ്ങളും മറ്റും സംവിധാനം ചെയ്യുമ്പോള്‍ പാറകള്‍ക്കും കല്ലുകള്‍ക്കും സമീപത്തായി ഇവയ്‌ക്ക്‌ സ്ഥാനം നല്‌കി പ്രകൃതിദൃശ്യത്തിന്റെ ഭാവം കൈവരുത്തുക സാധാരണമാണ്‌. കമ്പുകളും ചെടിയുടെ മറ്റു ഭാഗങ്ങളും അടര്‍ത്തി നട്ടാണ്‌ കാക്‌റ്റസുകള്‍ സാധാരണയായി വളര്‍ത്താറുള്ളതെങ്കിലും വിത്തു മുളപ്പിച്ചും പുതിയ ചെടികള്‍ ഉത്‌പാദിപ്പിക്കാം. കമ്പുകള്‍ മുറിച്ചു നടുമ്പോള്‍ മുറിഞ്ഞ ഭാഗം നന്നായി ഉണങ്ങിയ ശേഷമേ നടാവു. പല അപൂര്‍വയിനം കാക്‌റ്റസുകളും ശക്തിയോടെ വളരുന്ന മറ്റു കള്ളിച്ചെടികളില്‍ ഒട്ടിച്ചുവച്ചു പുതിയ തൈകള്‍ ഉത്‌പാദിപ്പിക്കാറുണ്ട്‌.

ഉദ്യാനസസ്യങ്ങളായി സാധാരണ നട്ടുവളര്‍ത്തപ്പെടുന്ന കാക്‌റ്റസ്‌ വിഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്‌. സീറിയസ്‌ (The wax cacti), പൈലോ സീറിയസ്‌ (The capped cacti), എക്കൈനോ സീറിയസ്‌ (The hedgehog wax cacti), എക്കൈനോപ്‌സിസ്‌ (The thistle cacti), ഒപന്‍ഷ്യ (The prickly pear cacti), മെലോ കാക്‌റ്റസ്‌ (The turk's cap cacti), മാമിലേറിയ (The nipple or pin cushion cacti), ഫില്ലോകാക്‌റ്റസ്‌ എപ്പിഫില്ലം (The leafy cacti), റിസ്‌പാലിസ്‌ (The wicker work cacti). കാക്‌റ്റസുകളോട്‌ വളരെയധികം രൂപസാദൃശ്യമുള്ള രസഭരസസ്യങ്ങളാണ്‌ യൂഫോര്‍ബിയേസീ കുടുംബത്തിലെ യൂഫോര്‍ബിയാ മാമിലാരിസ്‌, യൂ. മെലോഫോര്‍മിസ്‌, യൂ. സ്‌പ്‌ളെന്‍ഡന്‍സ്‌, യൂ. ഗ്രാന്‍ഡിക്കോര്‍ണിസ്‌, യൂ. തിരുക്കള്ളി, യൂ. ആന്റിക്വാറം, യൂ. ലാക്‌റ്റിയ, യൂ. ഹെര്‍മെന്‍ ഷിയാന, യൂ. എക്കൈനസ്‌, യൂ. ട്രയാങ്കുലാരിസ്‌, യൂ. കനേറിയെന്‍സിസ്‌, യൂ. മെലോഫോമിസ്‌, യൂ. നെഗ്‌ലെക്‌റ്റ തുടങ്ങിയവ. സ്റ്റപീലിയ, സ്റ്റപീലിയോപ്‌സിസ്‌, എക്കൈനോപ്‌സിസ്‌, ഡുവാലിയ, ഡിപ്‌ളോസയാന്ത, കാരല്ലൂമ, പിയാറാന്തസ്‌, സാര്‍കോകോളോണ്‍, പെക്‌റ്റിനേറിയ, അഗേവ്‌, അലോ, ഗാസ്റ്റീറിയ, ഹവോര്‍ത്തിയ, ക്രാസൂല, കലഞ്ചോ, എക്‌വീറിയ, ബ്രയോഫില്ലം തുടങ്ങിയവയാണ്‌ മറ്റു രസഭരസസ്യങ്ങളില്‍ ചിലത്‌.

കള്ളിച്ചെടികളുടെ വേര്‌, തണ്ട്‌ മുതലായ ഭാഗങ്ങള്‍ മുഞ്ഞ, ചിലയിനം ശല്‌ക്കകീടങ്ങള്‍ എന്നിവയുടെ ബാധയ്‌ക്ക്‌ പാത്രമാകാറുണ്ട്‌. മാലാത്തിയോണ്‍, റോഗോര്‍ ഫോളിഡോള്‍ എന്നിവ തളിച്ച്‌ രോഗബാധ നിയന്ത്രിക്കാം.

സാമ്പത്തികപ്രാധാന്യം. കള്ളിച്ചെടി വളര്‍ത്തലും വിപണനവും ഇന്ന്‌ അന്തര്‍ദേശീയ സാമ്പത്തിക മേഖലകളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം നേടിയിരിക്കുന്നു. പാശ്‌ചാത്യരാജ്യങ്ങളില്‍ കോടിക്കണക്കിന്‌ ഡോളറിന്‌ ഇവ വിറ്റഴിയപ്പെടാറുണ്ട്‌. ഉദ്യാനപ്രമികള്‍ക്ക്‌ കള്ളിച്ചെടികളോടുള്ള കമ്പം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്‌. വികസിത രാജ്യങ്ങളിലെ റെയില്‍വേ പ്ലാറ്റ്‌ഫോറങ്ങളില്‍പ്പോലും കള്ളി സ്റ്റാളുകളുണ്ട്‌. ഇന്ത്യയില്‍ കാലിംപോങ്‌ (ഡാര്‍ജിലിങ്‌) ആണ്‌ ഈ ഇനം ചെടികളുടെ കേന്ദ്രം. ഇവിടെ ചില നഴ്‌സറികളില്‍ മിക്ക ഇനം കള്ളിച്ചെടികളും വില്‌പനയ്‌ക്കുണ്ട്‌.

നമ്മുടെ കാടുകളിലെ കാരല്ലൂമ കാട്ടുജാതിക്കാരുടെ പഥ്യാഹാരമാണ്‌. മെക്‌സിക്കന്‍ ദേശീയ പാനീയം ഒരു തരം കള്ളിച്ചെടിയില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കുന്നു. ഇതിന്റെ ചാറില്‍ 15 ശ. മാനത്തോളം പഞ്ചസാര അടങ്ങിയിരിക്കുന്നു. മെക്‌സിക്കോ, യു.എസ്സിന്റെ ചില ഭാഗങ്ങള്‍, കരീബിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒപന്‍ഷ്യ, സീറിയസ്‌ (ടോര്‍ച്ച്‌ കാക്‌റ്റസ്‌) തുടങ്ങി നിരവധി സ്‌പീഷീസ്‌ ഭക്ഷണാവശ്യങ്ങള്‍ക്കായി കൃഷി ചെയ്‌തുവരുന്നു. ചില കാക്‌റ്റസ്‌ പഴങ്ങളില്‍ നിന്നെടുക്കുന്ന നീര്‌ പനിക്കുള്ള നാട്ടുമരുന്നായി ഉപയോഗിക്കാറുണ്ട്‌. മാമിലേറിയയുടെ കായ്‌കള്‍ നെല്ലിക്ക പോലെ ഭക്ഷിക്കാം. ചിലയിനം കള്ളികള്‍ നല്ല കാലിത്തീറ്റയാണ്‌. മറ്റു ചിലയിനം കള്ളികള്‍ "സിസാല്‍ ഹെംപ്‌' പോലെ വിശേഷപ്പെട്ട നാരുകള്‍ നല്‌കുന്നു (ഉദാ. അഗേവ്‌ സിസാലന). ചില ഒപന്‍ഷ്യകളുടെ കട്ടിയുള്ള കാണ്ഡം വാക്കിങ്‌സ്റ്റിക്ക്‌, വീട്ടുസാമാനങ്ങള്‍ക്കുള്ള കാലുകള്‍ എന്നിവ ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്‌. കൃഷിസ്ഥലങ്ങള്‍ക്കു ചുറ്റും വേലിയായും കള്ളിച്ചെടികള്‍ ഉപയുക്തമാക്കുന്നു. ചില യൂഫോര്‍ബിയാ സ്‌പീഷീസിന്റെ ചാറ്‌ മുറിവില്‍ പുരണ്ടാല്‍ വിഷമാണ്‌. ആഫ്രിക്കയിലെ കാട്ടുജാതിക്കാര്‍ അമ്പുകളില്‍ പുരട്ടാന്‍ ഇതുപയോഗിക്കുന്നു. പലയിനം കള്ളിച്ചെടികള്‍ക്കും ഔഷധഗുണമുണ്ട്‌.

"കള്ളിക്കു മുള്ളുവേലി കെട്ടുക' (ആവശ്യമില്ലാത്ത പ്രവൃത്തി ചെയ്യുക), "കള്ളിക്കു വേലിയെന്തിന്‌, ചുള്ളിക്കു കോടാലിയെന്തിന്‌' മുതലായ ശൈലികളും പഴഞ്ചൊല്ലുകളും മലയാള ഭാഷയില്‍ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍