This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കള്ളക്കടത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കള്ളക്കടത്ത്‌

കസ്റ്റംസ്‌ നികുതി അടയ്‌ക്കാതെയും കയറ്റിറക്കു നിയന്ത്രണങ്ങള്‍ ലംഘിച്ചും ഒരു രാജ്യത്തുനിന്ന്‌ മറ്റു രാജ്യങ്ങളിലേക്ക്‌ സാധനങ്ങള്‍ കൊണ്ടുപോകുന്ന സമ്പ്രദായം. നികുതി വര്‍ധിച്ച തോതിലാകുമ്പോഴാണ്‌ കള്ളക്കടത്ത്‌ വന്‍തോതില്‍ നടക്കുന്നത്‌. വിലകൂടുതലുള്ളതും വലുപ്പം കുറവുള്ളതുമായ സാധനങ്ങള്‍ (സ്വര്‍ണം മുതലായ അമൂല്യ ലോഹങ്ങള്‍, രത്‌നങ്ങള്‍, ഔഷധങ്ങള്‍, മയക്കുമരുന്നുകള്‍) ആണ്‌ സാധാരണയായി കള്ളക്കടത്തു നടത്തുന്നത്‌. ചില രാഷ്‌ട്രങ്ങളുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ കള്ളക്കടത്തിന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഉളവാക്കിയിട്ടുണ്ട്‌.

കള്ളക്കടത്ത്‌ എന്നു തുടങ്ങിയെന്ന്‌ കൃത്യമായി പറയാന്‍ വയ്യ. അന്താരാഷ്‌ട്ര വാണിജ്യസാധനങ്ങള്‍ക്ക്‌ നികുതി ഏര്‍പ്പെടുത്തിയ കാലത്തോളം പഴക്കമുണ്ട്‌ കള്ളക്കടത്തിനും. ദേശീയാടിസ്ഥാനത്തില്‍ സാമ്പത്തിക നയവും ചുങ്കം പിരിവു സമ്പ്രദായവും ആദ്യമായി ഏര്‍പ്പെടുത്തിയ രാഷ്‌ട്രം ഇംഗ്ലണ്ടാണ്‌ (13-ാം ശ.). അന്നു മുതല്‍ ഇംഗ്ലണ്ടില്‍ കള്ളക്കടത്തും തുടങ്ങി. 18-ാം ശ. കള്ളക്കടത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണകാലമായിരുന്നു. ഇംഗ്ലണ്ടിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കത്തക്കവണ്ണം കള്ളക്കടത്ത്‌ വ്യാപകമായി. യൂറോപ്യന്‍ വന്‍കരയിലേക്ക്‌ കമ്പിളി കള്ളക്കടത്തു നടത്തുകയും ഇംഗ്ലണ്ടിലേക്ക്‌ തേയില, പുകയില, സുഗന്ധദ്രവ്യങ്ങള്‍, സില്‍ക്ക്‌, ലഹരിവസ്‌തുക്കള്‍ എന്നിവ കള്ളക്കടത്തു നടത്തുകയുമായിരുന്നു അന്നു പതിവ്‌. സ്വതന്ത്രവ്യാപാരികള്‍ക്ക്‌ അനുകൂലമായ തരത്തിലായിരുന്നു പൊതുജനാഭിപ്രായം എന്നത്‌ കള്ളക്കടത്തിന്‌ കൂടുതല്‍ പ്രചോദനം നല്‌കി.

ഫ്രാന്‍സിലേക്കു പുകയില ആയിരുന്നു ഏറ്റവും കൂടുതല്‍ കള്ളക്കടത്ത്‌ നടത്തിയിരുന്നത്‌. നെപ്പോളിയാനിക്‌ യുദ്ധങ്ങള്‍ക്കു ശേഷം ഫ്രാന്‍സില്‍ കള്ളക്കടത്തിന്‍െറ തോത്‌ പതിന്മടങ്ങു വര്‍ധിച്ചു.

ചൈനയിലേക്കു വന്‍തോതില്‍ കറുപ്പ്‌ കള്ളക്കടത്ത്‌ നടത്തിയതിനെത്തുടര്‍ന്ന്‌ ചൈനീസ്‌ ഗവണ്‍മെന്റ്‌ അതിനെതിരായി നടപടികള്‍ സ്വീകരിച്ചു. ഇതാണ്‌ കറുപ്പുയുദ്ധത്തിനു വഴിതെളിച്ചത്‌. ഇംഗ്ലണ്ടിലെയും യു.എസ്സിലെയും വ്യാപാരികള്‍ ഇന്ത്യയില്‍ നിന്ന്‌ കറുപ്പു ശേഖരിച്ചു ചൈനയിലേക്കു കള്ളക്കടത്ത്‌ നടത്തുകയായിരുന്നു പതിവ്‌. കറുപ്പു വ്യാപാരം നിയമവിരുദ്ധമാക്കിയെങ്കിലും കറുപ്പിന്റെ ഇറക്കുമതിത്തീരുവ ഉയര്‍ന്നതോതിലാണെന്നതുകൊണ്ട്‌ കറുപ്പിന്റെ കയറ്റുമതി 20-ാം നൂറ്റാണ്ടിലും തുടര്‍ന്നു.

19-ാം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ ലഹരിസാധനങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്‌ക്കു പുറമേ അടിമകളെയും കള്ളക്കടത്തു നടത്തിയിരുന്നു. വ്യഭിചാരത്തിനുവേണ്ടി പെണ്‍കുട്ടികളെയും കള്ളക്കടത്തു നടത്തുന്ന പതിവ്‌ നിലവിലിരുന്നു.

20-ാം നൂറ്റാണ്ടായതോടെ കള്ളക്കടത്തിന്റെ രീതിക്ക്‌ സാരമായ മാറ്റങ്ങളുണ്ടായി. ഇറക്കുമതിത്തീരുവ കൂടുതലുള്ള സാധനങ്ങള്‍ കള്ളക്കടത്തു നടത്തുന്നതിനു പകരം, നിരോധിത സാധനങ്ങള്‍ കടത്തുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്‌. യു.എസ്സില്‍ 1920ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. 1933ലാണ്‌ പിന്നീട്‌ മദ്യനിരോധനം പിന്‍വലിച്ചത്‌. 1920-33 കാലം മദ്യം കള്ളക്കടത്തു നടത്തുന്നവര്‍ക്ക്‌ അനുകൂലമായിരുന്നു. ഫിന്‍ലന്‍ഡ്‌, നോര്‍വെ, സ്വീഡന്‍, ബെല്‍ജിയം എന്നിവിടങ്ങളിലും മദ്യനിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ഫലവത്തായില്ല. മദ്യനിരോധനം ഏര്‍പ്പെടുത്തിയ ഫിന്‍ലന്‍ഡില്‍ മദ്യത്തിന്‌ ഒരു കാലവും ദാരിദ്യ്രം ഉണ്ടായില്ലെന്നാണ്‌ രേഖകള്‍ വ്യക്തമാക്കുന്നത്‌. കാനഡയില്‍ കള്ളക്കടത്തില്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ആക്ഷേപം, പ്രധാനമന്ത്രി മക്കെന്‍സി കിങ്ങിന്റെ രാജിയില്‍ കൊണ്ടെത്തിച്ചു (1926). 1920കളിലും 30കളിലും അയര്‍ലണ്ടിലും സ്‌പെയിനിലും മധ്യപൗരസ്‌ത്യദേശത്തും ആയുധങ്ങള്‍ കള്ളക്കടത്തു നടത്തിയിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം പണത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിട്ടും അവശ്യസാധനങ്ങളുടെ ലഭ്യത ആശാവഹമായിരുന്നില്ല. ഇത്‌ കള്ളക്കടത്ത്‌ പ്രാത്സാഹിപ്പിച്ചു. രണ്ടാം ലോകയുദ്ധാനന്തര നാണ്യനിയന്ത്രണങ്ങള്‍ കള്ളക്കടത്ത്‌ ലോകവ്യാപകമാക്കാന്‍ സഹായകമായി.

താരിപ്പുകളും നാണ്യനിയന്ത്രണങ്ങളും മറ്റും ഇല്ലാതാക്കിയാല്‍ പോലും സാധനങ്ങളുടെ കയറ്റിറക്കില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കും. മയക്കുമരുന്നുകളുടെ ഇറക്കുമതി മിക്ക രാജ്യങ്ങളും നിയന്ത്രിച്ചിട്ടുണ്ട്‌. എന്നാല്‍ വന്‍തോതില്‍ ലാഭമുണ്ടാക്കാന്‍ സഹായകമായ മയക്കുമരുന്നു കള്ളക്കടത്ത്‌ തീര്‍ത്തും ഇല്ലാതാക്കാന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. 1964 ഡി.ല്‍ ന്യൂയോര്‍ക്കിലെ കസ്റ്റംസ്‌ വകുപ്പ്‌ പത്തുലക്ഷം ഡോളറിന്റെ മയക്കുമരുന്നു പിടിച്ചു. തെക്കേ അമേരിക്കയില്‍ നിന്നാണ്‌ മയക്കുമരുന്നു കള്ളക്കടത്തു നടത്തിയത്‌. രണ്ടാം ലോകയുദ്ധാനന്തരം യു.എസ്സിലേക്കു കള്ളക്കടത്ത്‌ നടത്തിയതില്‍ ഏറ്റവും വലുത്‌ ഇതാണ്‌. ഡയമണ്ട്‌ കോര്‍പ്പറേഷന്റെ കര്‍ശനമായ നടപടികള്‍ ഉണ്ടായിട്ടുപോലും ആഫ്രിക്കയില്‍ നിന്ന്‌ വന്‍തോതില്‍ വജ്രം കള്ളക്കടത്തിനു വിധേയമാകുന്നു.

യുദ്ധസാമഗ്രികള്‍ അനധികൃത സ്ഥാനങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌ മിക്ക പാശ്ചാത്യ രാജ്യങ്ങളും തടഞ്ഞിട്ടുണ്ടെങ്കിലും ആയുധങ്ങളുടെ കള്ളക്കടത്ത്‌ 1950കളിലും 60കളിലും ക്രമാതീതമായി വര്‍ധിച്ചു കൊണ്ടുതന്നെയിരുന്നു. എല്ലാ ലോകരാഷ്‌ട്രങ്ങളും കള്ളക്കടത്തിനെതിരായി കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. യു.എസ്സിലെ താരിഫ്‌ ആക്‌റ്റ്‌ 1930, ആന്‍റി സ്‌മഗ്‌ളിങ്‌ ആക്‌റ്റ്‌ 1938, ബ്രിട്ടനിലെ കസ്റ്റംസ്‌ ആന്‍ഡ്‌ എക്‌സൈസ്‌ ആക്‌റ്റ്‌ 1952 എന്നിവ ഇതിനുദാഹരണങ്ങ ളാണ്‌.

അതിര്‍ത്തി പ്രദേശങ്ങളിലൂടെ അനധികൃതമായി സാധനങ്ങള്‍ കയറ്റിക്കൊണ്ടു പോകുകയാണ്‌ സാധാരണ പതിവ്‌. കപ്പലുകളിലും വാഹനങ്ങളിലും കൃത്രിമമായി സ്ഥലങ്ങള്‍ ഉണ്ടാക്കിയാണ്‌ സാധനങ്ങള്‍ കടത്തുന്നത്‌.

വിദഗ്‌ധമായി നടത്തുന്ന കള്ളക്കടത്ത്‌ കണ്ടുപിടിക്കുക പ്രയാസമാണ്‌. അതുകൊണ്ട്‌ നികുതി വെട്ടിപ്പിന്റെ അളവും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. കള്ളക്കടത്തില്‍ നിന്നുള്ള ലാഭം വലുതായതുകൊണ്ട്‌ ആളുകള്‍ ഇതില്‍ ആകൃഷ്ടരാകുന്നു. സ്വര്‍ണം, രത്‌നം, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, കസവുനൂലുകള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്‌തുക്കളാണ്‌ ഇന്ത്യയിലേക്കു കടത്തിയിരുന്നത്‌. ഇന്ന്‌ ലഹരി പദാര്‍ഥങ്ങളും ആയുധങ്ങളുമാണ്‌ പ്രധാനം. കേരളം, കര്‍ണാടകം, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗോവ, നേപ്പാള്‍ അതിര്‍ത്തി എന്നിവിടങ്ങളാണ്‌ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ കള്ളക്കടത്തിനെതിരായ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്‌. ഇന്ത്യയില്‍ നിലവിലുള്ള കസ്റ്റംസ്‌എക്‌സൈസ്‌ നിയമങ്ങള്‍ക്കു പുറമേ കള്ളക്കടത്തിനെതിരായ നടപടികള്‍ ഊര്‍ജിതമാക്കുവാനായി 1976ല്‍ സ്‌മഗ്‌ളേഴ്‌സ്‌ ആന്‍ഡ്‌ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ മാനിപുലേറ്റേഴ്‌സ്‌ (ഫോര്‍ഫീച്ചര്‍ ഒഫ്‌ പ്രാപ്പര്‍ട്ടി) ആക്‌റ്റ്‌ പാസാക്കിയിട്ടുണ്ട്‌. ഈ നിയമമനുസരിച്ച്‌ കള്ളക്കടത്തുകാരുടെയും വിദേശനാണ്യത്തട്ടിപ്പുകാരുടെയും അവരുടെ ബന്ധുക്കളുടെയും നിയമപരമായി ആര്‍ജിച്ച സ്വത്തുക്കള്‍ പോലും കണ്ടുകെട്ടാന്‍ സര്‍ക്കാരിനധികാരമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍