This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളിസ്ഥലങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളിസ്ഥലങ്ങള്‍

വ്യായാമത്തിനും കായികവിനോദത്തിനും വേണ്ടി വേര്‍തിരിച്ചിട്ടിരിക്കുന്ന സ്ഥലങ്ങള്‍. നഗരാസൂത്രണത്തിന്‍െറ ആരംഭകാലത്തെ അപേക്ഷിച്ച്‌ ആധുനികകാലത്ത്‌ ഈ നിര്‍വചനം മിക്കവാറും അപൂര്‍ണമായിത്തീര്‍ന്നിട്ടുണ്ട്‌. വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ കളികളും അവയ്‌ക്കാവശ്യമായ കളിസ്ഥലങ്ങളുടെ സംവിധാനവും വിദ്യാഭ്യാസ രംഗത്തെ നൂതനചിന്താഗതികളും ആധുനിക മനശ്ശാസ്‌ത്രത്തിന്‍െറ സ്വാധീനഫലമായി നഗരാസൂത്രണത്തില്‍ വന്ന പരിവര്‍ത്തനവും കളിസ്ഥലം എന്ന സംജ്ഞയ്‌ക്കു പുതിയ മാനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്‌. കളികളിലൂടെ ശിശുക്കള്‍ക്കു വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന ശിശുവിഹാരങ്ങള്‍ (-tot-lots-) തുടങ്ങി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കായികവ്യായാമത്തിന്‌ ഉതകുന്ന സ്ഥലങ്ങളും മനഃസ്വാസ്ഥ്യം വീണ്ടെടുക്കുവാനുള്ള ശാന്തമായ അന്തരീക്ഷമുള്ള സ്ഥാനങ്ങളും പാശ്ചാത്യരാജ്യങ്ങളിലെ പെനാസ്‌ (Penas)എന്നറിയപ്പെടുന്ന അനൗപചാരിക സംഭാഷണക്ലബ്ബുകളും വരെ ഇന്ന്‌ കളിസ്ഥലങ്ങള്‍ എന്ന സംജ്ഞയാല്‍ വ്യവഹരിക്കപ്പെടുന്നുണ്ട്‌.

ഡിസ്‌നിലാന്‍ഡില്‍ നിന്നൊരു ദൃശ്യം

പുരാതനകാലം മുതല്‍ തന്നെ കളിസ്ഥലങ്ങള്‍ നിലവിലുണ്ടായിരുന്നു. പുരാതന ഈജിപ്‌ഷ്യന്‍ നഗരങ്ങളില്‍ ശില്‌പവേലകള്‍ കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട കളിസ്ഥലങ്ങള്‍, റോമന്‍ ഉപവനങ്ങളില്‍ (parks) കായികമത്സരങ്ങള്‍ക്ക്‌ നീക്കിവച്ചിരുന്ന സ്ഥാനങ്ങള്‍, മധ്യശതകങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ധനുര്‍വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കളങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. ഈ സ്ഥലങ്ങള്‍ പാര്‍പ്പിടനിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നതിനെതിരായി രാജശാസനങ്ങള്‍ നിലവിലിരുന്നു. നഗരങ്ങളിലെ വര്‍ധിച്ച ജനസാന്ദ്രതയുടെ ഫലമായി ഉപവനങ്ങള്‍, കളിസ്ഥലങ്ങള്‍ മുതലായവ കുറെയൊക്കെ കൈയേറപ്പെടുകയുണ്ടായി. കളിസ്ഥലങ്ങളുടെ അപര്യാപ്‌തത, അനാരോഗ്യം, കുറ്റവാസനകള്‍ തുടങ്ങിയവയ്‌ക്കു വഴിതെളിക്കുന്നുവെന്നു കണ്ടതോടെ ജനസാന്ദ്രത കൂടുതല്‍ ഉള്ള ഇടങ്ങളില്‍പ്പോലും പുതിയ സ്ഥലങ്ങള്‍ വാങ്ങി കളിസ്ഥലങ്ങളാക്കാന്‍ നഗരാസൂത്രകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ആധുനികകാലത്ത്‌ കളിസ്ഥലങ്ങള്‍ക്ക്‌ പല പുതിയ ഉദ്ദേശലക്ഷ്യങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്‌. ഇത്‌ ഏറ്റവും പ്രകടമായിട്ടുള്ളത്‌ ശിശുവിഹാരങ്ങളിലാണ്‌. കുഞ്ഞുങ്ങളുടെ വൈകാരികവും സാമൂഹ്യവും കായികവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുതകുന്ന വിധത്തില്‍ ശിശുവിഹാരങ്ങള്‍ (-tot-lots) സംവിധാനം ചെയ്യുക എന്നത്‌ ഒരു സാങ്കേതിക വിജ്ഞാനശാഖയായി വളര്‍ന്നു കഴിഞ്ഞു. കുട്ടികളുടെ അഭിരുചികള്‍ കണ്ടുപിടിച്ചു പോഷിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ശിശുവിഹാരങ്ങള്‍ അഭികല്‌പന ചെയ്യപ്പെടുന്നത്‌. മണല്‍, വെള്ളം, നിര്‍മാണവസ്‌തുക്കള്‍ എന്നിവയ്‌ക്കു പുറമേ, ബോട്ടുകള്‍, ചെറിയ തീവണ്ടികള്‍, സാഹസികോദ്യമങ്ങള്‍ക്കുള്ള വേദികള്‍ മുതലായവ ഒരുക്കി ബാലകേളികള്‍ക്ക്‌ കൂടുതല്‍ നാടകീയത നല്‌കുവാന്‍ ഇതുമൂലം കഴിഞ്ഞിട്ടുണ്ട്‌. ഇവയില്‍ ഏറ്റവും പ്രസിദ്ധമായത്‌ കാലിഫോര്‍ണിയയിലെ ഡിസ്‌നിലാന്‍ഡ്‌ (Disney Land) ആണ്‌.

യു.എസ്സിലെ ശിശുവിഹാരങ്ങള്‍ കൂടുതല്‍ യന്ത്രസജ്ജീകരണങ്ങളോടു കൂടിയവയാണെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേത്‌ പ്രകൃതിയോട്‌ കൂടുതല്‍ ഇണങ്ങിപ്പോകുന്നവയാണ്‌. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കളിസ്ഥലങ്ങളില്‍ മരങ്ങള്‍ക്കും മണലിനും കൃത്രിമമായി തയ്യാറാക്കിയ ഭൂവിഭാഗങ്ങള്‍ക്കും ആണ്‌ പ്രാധാന്യം. സ്റ്റേറ്റ്‌ ഉടമസ്ഥതയിലുള്ള റഷ്യന്‍ നഴ്‌സറികളിലും സാഹസികവാസനകള്‍ ഉദ്ദീപിപ്പിക്കുന്ന ഇംഗ്ലണ്ടിലെ കളിസ്ഥലങ്ങളിലും സ്വിറ്റ്‌സര്‍ലണ്ടിലെ പ്രാ ജൂയന്റി (Pro Juventi) പ്രസ്ഥാനത്തിലും സൂറിച്ചിലെ റോബിന്‍സണ്‍ ക്രൂസോ എന്ന ശിശുവിഹാരത്തിലും പ്രഥമസ്ഥാനം പ്രകൃതിക്കു തന്നെ. ഗൃഹപരിസരങ്ങളിലുള്ള ഗതാഗതമില്ലാത്ത റോഡുകള്‍ തന്നെ കുട്ടികള്‍ക്ക്‌ കളിക്കുവാന്‍ തക്കവിധം ക്രമീകരിക്കുവാനുള്ള ഒരു പ്രവണത നെതര്‍ലന്‍ഡില്‍ കണ്ടുവരുന്നു. ആധുനിക ശിശുവിഹാരങ്ങളുടെ അഭികല്‌പന, ശില്‌പികള്‍ക്കും ഉപവനങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ക്കും വ്യാവസായികാടിസ്ഥാനത്തില്‍ കളിക്കോപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്കും ഒരു വെല്ലുവിളിയായി ഉയര്‍ന്നിട്ടുണ്ട്‌. സ്വീഡനിലെ മോളര്‍ നീല്‍സണ്‍, വിയന്നയിലെ സീബാക്കാര്‍കൊന്‍സൂറ്റ്‌, യു.എസ്സിലെ എക്‌ബോ, റോയ്‌സ്റ്റണ്‍ എന്നിവരാണ്‌ ഈ മേഖലയില്‍ ഏറ്റവും പ്രശസ്‌തി നേടിയവര്‍.

നഗരാസൂത്രണത്തില്‍, ഗാരറ്റ്‌ എക്‌ബോ വിനോദോപാധികളെ രണ്ടായി തരം തിരിക്കുന്നു: വിശ്രമത്തിനും ഏകാഗ്രതയ്‌ക്കും ഉതകുന്ന ഉപവനങ്ങള്‍, വ്യായാമത്തിനുവേണ്ടി നിര്‍മിക്കുന്ന കളിസ്ഥലങ്ങള്‍. കളിസ്ഥലങ്ങള്‍ മൂന്നു വിധത്തിലുണ്ട്‌: ശിശുവിഹാരങ്ങള്‍, അയല്‍വക്കകളിസ്ഥലങ്ങള്‍ (neighbourhood playground) എന്നുവിളിക്കാവുന്ന പാര്‍പ്പിടങ്ങള്‍ക്കടുത്തുള്ള ചെറിയ കളിസ്ഥലങ്ങള്‍, മുതിര്‍ന്നവര്‍ക്കുള്ള വിസ്‌തൃതമായ പൊതുകളിസ്ഥലങ്ങള്‍.

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ ഗൃഹപരിസരം തന്നെ ശിശുവിഹാരങ്ങളായി രൂപാന്തരപ്പെടുത്താം. കൂടുതല്‍ ബഹുനില കെട്ടിടങ്ങളുള്ള സ്ഥലങ്ങളില്‍ ഗൃഹപരിസരങ്ങളുടെ അപര്യാപ്‌തത കണക്കിലെടുത്ത്‌ 3060 കുടുംബങ്ങള്‍ക്ക്‌ ഒന്ന്‌ എന്ന തോതില്‍ ശിശുവിഹാരങ്ങള്‍ നിര്‍മിക്കാറുണ്ട്‌.

6 വയസ്സു മുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്കാണ്‌ അയല്‍വക്കകളിസ്ഥലങ്ങള്‍ പ്രയോജനകരമാകാറുള്ളത്‌. ശിശുവിഹാരങ്ങളെക്കാള്‍ വലുതായതിനാല്‍ ഇവ കൂടുതല്‍ വീടുകള്‍ക്ക്‌ ഉപകരിക്കത്തക്കവിധം സ്ഥാപിക്കാം. വീട്ടില്‍ നിന്നുള്ള ഏറ്റവും കൂടിയ ദൂരം അര കിലോമീറ്ററില്‍ താഴെ ആയിരിക്കണം. മുതിര്‍ന്നവരുടെ മേല്‍നോട്ടം കൂടി ലഭിക്കും എന്നുള്ളതുകൊണ്ട്‌ ഇവയ്‌ക്ക്‌ പറ്റിയ ഏറ്റവും നല്ല സ്ഥാനം പ്രമറി സ്‌കൂളുകള്‍, സാമൂഹ്യകേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക്‌ സമീപമാണ്‌. കള്‍ദ്‌സാക്‌ (Culdesac) റോഡുകളുടെ ആവിര്‍ഭാവത്തോടെ കുട്ടികളുടെ കളിസ്ഥലങ്ങള്‍ അവയില്‍ത്തന്നെയോ അവയോടനുബന്ധിച്ചോ നിര്‍മിക്കുവാനുള്ള ഒരു പ്രവണതയും കണ്ടുവരുന്നുണ്ട്‌.

കെട്ടിടത്തിനകത്തും പുറത്തും നടക്കുന്ന കളികള്‍ക്ക്‌ വേണ്ട സൗകര്യങ്ങളോടു കൂടിയ വിശാലമായ തുറന്ന സ്ഥലമായിരിക്കണം പൊതുകളിസ്ഥലങ്ങള്‍. വിവിധ കളികള്‍ക്കുള്ള കളങ്ങളും നീന്തല്‍ക്കുളങ്ങളും യോഗം ചേരുന്നതിനുള്ള സ്ഥലങ്ങളും, ലഘുഭക്ഷണശാലകളും മറ്റും ചേര്‍ന്ന ഈ കളിസ്ഥലങ്ങളില്‍ വളരെയേറെ ആളുകള്‍ ഒന്നിച്ചു കൂടുന്നു. പൊതുകളിസ്ഥലങ്ങളും പരിസരങ്ങളും സാധാരണ ഗതിയില്‍ ശബ്‌ദായമാനമായിരിക്കും എന്നതിനാല്‍ സമീപത്തുള്ള വാസസ്ഥലങ്ങള്‍ക്ക്‌ വിലയിടിഞ്ഞേക്കാം എന്ന വാദഗതി തെറ്റാണെന്ന്‌ ന്യൂയോര്‍ക്ക്‌ നഗരത്തില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. ഒരു പൊതുകളിസ്ഥലം പൂര്‍ത്തിയാക്കിയതിനു ശേഷം 15 വര്‍ഷത്തേക്ക്‌ ചുറ്റുമുള്ള സ്ഥലങ്ങളുടെ വിലയിലെ വ്യതിയാനങ്ങള്‍ പഠനവിധേയമാക്കി; നഗരത്തില്‍ സ്ഥലത്തിന്‍െറ പൊതു വിലവര്‍ധനവ്‌ 89 ശ.മാ. ആയിരുന്നപ്പോള്‍ കളിസ്ഥലത്തിന്‌ ചുറ്റുമുള്ള വീടുകള്‍ക്ക്‌ വിലവര്‍ധന 175 ശ.മാ. ആയിരുന്നു.

കള്‍-ദ്‌-സാക്‌ റോഡിനോടനുബന്ധിച്ചുള്ള കളിസ്ഥലം

കളിസ്ഥലങ്ങള്‍ക്ക്‌ എത്ര സ്ഥലം വേണം, നഗരത്തിന്‍െറ മൊത്തം വിസ്‌തീര്‍ണത്തില്‍ എത്ര ശ.മാ. ഉപവനങ്ങള്‍ക്കും കളിസ്ഥലങ്ങള്‍ക്കും ആയി നീക്കി വയ്‌ക്കണം, ജനസാന്ദ്രത കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കണമോ, വീടുകളില്‍നിന്ന്‌ ഏറ്റവും അടുത്ത ശിശുവിഹാരത്തിലേക്കോ അയല്‍വക്കകളിസ്ഥലത്തേക്കോ പൊതുകളിസ്ഥലത്തേക്കോ എത്ര ദൂരംവരെ ആകാം എന്നിവയെ സംബന്ധിച്ച്‌ പല പൊതുതത്ത്വങ്ങളും നിലവിലുണ്ട്‌. ഇവയ്‌ക്കെല്ലാം സാമാന്യം പ്രാമാണികമായ നിലവാരം വേണം എന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നഗരാസൂത്രകര്‍ ഒരു യോജിച്ച തീരുമാനത്തിലെത്തിക്കഴിഞ്ഞിട്ടില്ല. പൗരന്മാരുടെ ജീവിതരീതി, ആരോഗ്യം മുതലായവ ആധാരമാക്കി സാങ്കേതികവിദഗ്‌ധന്മാര്‍ നഗരാസൂത്രണത്തിന്‍െറ ഭാഗമായി കളിസ്ഥലത്തിന്‌ പല നിലവാരങ്ങളും ശിപാര്‍ശ ചെയ്യുന്നുണ്ട്‌. സ്വീഡനിലെ വലിങ്‌സി, ബ്രസീലിലെ ബ്രസീലിയ, അലാസ്‌കയിലെ കിറ്റിമട്ട്‌ എന്നീ പുതിയ ആസൂത്രിത നഗരങ്ങളില്‍ കളിസ്ഥലങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‌കിയിട്ടുണ്ട്‌.

നിലവിലുള്ള നഗരങ്ങളില്‍ ആസൂത്രണത്തിന്‌ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ സാധ്യമായിട്ടിലെങ്കിലും കളിസ്ഥലങ്ങള്‍ സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. സൂറിച്ചില്‍ ഓരോ വീട്ടില്‍നിന്നും ഏറ്റവും കൂടിയത്‌ ഒരു കിലോമീറ്റര്‍ അകലെ ഒരു അയല്‍വക്കകളിസ്ഥലം ഉണ്ട്‌. ഇത്‌ ശ്രദ്ധാപൂര്‍ണമായ ആസൂത്രണത്തിന്റെയും സാമൂഹ്യബോധത്തിന്‍െറയും ഫലമായാണ്‌ രൂപംകൊണ്ടിട്ടുള്ളത്‌. പുതിയ കളിസ്ഥലങ്ങള്‍ക്ക്‌ പൊതു ഉടമയിലുള്ള സ്ഥലം അനുവദിക്കാന്‍ പ്രതിബന്ധമില്ലാത്തതുകൊണ്ട്‌ സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുതലാളിത്ത രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെയേറെ പുരോഗതി നേടിയിട്ടുണ്ട്‌.

2,0006,000 ജനസംഖ്യയ്‌ക്ക്‌ 1.52.5 ഹെക്ടര്‍ എന്ന തോതിലാണ്‌ അയല്‍വക്ക കളിസ്ഥലങ്ങള്‍ക്കായി സ്ഥലം നല്‌കുവാന്‍ യു.എസ്സിലെ നാഷണല്‍ റിക്രിയേഷന്‍ അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്‌. ഏതൊരു വീട്ടില്‍ നിന്നും അര കിലോമീറ്ററില്‍ കൂടുതല്‍ ദൂരെയാകാത്ത വിധത്തില്‍ വേണം അയല്‍വക്ക കളിസ്ഥലങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്‌. പൊതു കളിസ്ഥലങ്ങള്‍ക്ക്‌ നല്‌കിയിരിക്കുന്ന വിസ്‌തീര്‍ണം 814 ഹെക്ടര്‍ ആണ്‌. ഒരു പൊതു കളിസ്ഥലം 20,000 ജനങ്ങള്‍ക്കുപ്രയോജനപ്പെടണം. കാലിഫോര്‍ണിയാ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച്‌ 2,0004,000 ആളുകള്‍ക്ക്‌ ഒരു അയല്‍വക്ക കളിസ്ഥലം നല്‌കേണ്ടിയിരിക്കുന്നു. ഇവിടെ കളിസ്ഥലത്തേക്കുള്ള ഏറ്റവും കൂടിയ ദൂരം മുക്കാല്‍ കിലോമീറ്റര്‍ ആണ്‌. ഉദ്യാനങ്ങള്‍, കളിസ്ഥലങ്ങള്‍, കാഴ്‌ചബംഗ്ലാവുകള്‍ മുതലായവയ്‌ക്കെല്ലാം കൂടി 250 പേര്‍ക്ക്‌ ഒരു ഹെക്ടര്‍ എന്ന തോതില്‍ വേണം നഗരാസൂത്രണം നടത്താന്‍ എന്ന തത്ത്വത്തിന്‌ നല്ല പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. യു.എസ്സിലെ ചില നഗരങ്ങളില്‍ ഉല്ലാസത്തിനും വ്യായാമത്തിനുമായി നീക്കിവയ്‌ക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളുടെ അളവ്‌ ഇപ്രകാരമാണ്‌. ലോസ്‌ ഏഞ്ചല്‍സ്‌: 1,200 പേര്‍ക്ക്‌ ഒരു ഹെക്ടര്‍, 11,000 പേര്‍ക്ക്‌ ഒരു കളിസ്ഥലം; ഫിലഡല്‍ഫിയ: 500 പേര്‍ക്ക്‌ ഒരു ഹെക്ടര്‍, 50,000 പേര്‍ക്ക്‌ ഒരു പൊതു കളിസ്ഥലം.

ഫ്രാന്‍സിലെ പ്രത്യേക സാമൂഹ്യരീതി കളിസ്ഥലങ്ങളുടെ ക്രമീകരണത്തെയും സ്വാധീനിച്ചിട്ടുണ്ട്‌. ഇവിടെ കുട്ടികള്‍ സമവയസ്‌കരോടെന്നതിനെക്കാള്‍ ഗൃഹാന്തരീക്ഷത്തില്‍ കളിക്കുവാനാണ്‌ കൂടുതല്‍ ഇഷ്ടപ്പെടുന്നത്‌. ഉപകരണങ്ങളും യന്ത്രവത്‌കരിച്ച കളിക്കോപ്പുകളും ഇവിടെ കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഈ പ്രവണത ശിശുവിഹാരങ്ങളുടെയും അയല്‍വക്കകളിസ്ഥലങ്ങളുടെയും മൊത്തത്തിലുള്ള വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. ചില രാജ്യങ്ങളില്‍ ഒരു പൊതു നിലവാരം അപ്രായോഗികമായി തീര്‍ന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌ മറ്റു രാജ്യങ്ങളില്‍ കളിസ്ഥലങ്ങളുടെ നിര്‍മാണവും നടത്തിപ്പും പൊതു ഉടമയിലായിരിക്കുമ്പോള്‍ സ്‌പെയിനില്‍ സ്വകാര്യ സ്‌പോര്‍ട്‌സ്‌ ക്ലബ്ബുകളാണ്‌ വിവിധ കളികള്‍ക്കും വ്യായാമത്തിനും ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സ്‌പെയിനില്‍ നിന്നാണ്‌ ഔപചാരികത്വമൊന്നുമില്ലാതെ, ഇരുന്ന്‌ സംസാരിക്കുവാനുള്ള "പെനാസ്‌' സംഭാഷണ ക്ലബ്ബുകള്‍ ആവിര്‍ഭവിച്ചത്‌.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ്‌ ലെ കോര്‍ബൂസിയര്‍ ഡിസൈന്‍ ചെയ്‌ത ചണ്ഡീഗഢ്‌. 8,000 മുതല്‍ 20,000 വരെയുള്ള പൗരന്മാര്‍ക്ക്‌ മുക്കാല്‍ കിലോമീറ്ററിനുള്ളില്‍ ഒരു കളിസ്ഥലം എന്ന തോതിലാണ്‌ ഇവിടെ സ്ഥലവിതരണം നടത്തിയിരിക്കുന്നത്‌. ഏതൊരു വീട്ടില്‍ നിന്നും 15 മിനിട്ട്‌ നടന്നാല്‍ ഒരു കളിസ്ഥലത്തെത്തത്തക്ക വിധം നഗരസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

രണ്ടാം ലോകയുദ്ധത്തിനു ശേഷം കളിസ്ഥലങ്ങളുടെ നിര്‍മാണത്തിലും സംരക്ഷണത്തിലും ആഗോള വ്യാപകമായി താത്‌പര്യം പ്രകടമായിട്ടുണ്ട്‌. മാനസികോല്ലാസത്തിന്‌ പല നൂതന മാര്‍ഗങ്ങളും ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും കളികള്‍ക്കും കളിസ്ഥലങ്ങള്‍ക്കുമുള്ള പ്രാധാന്യം ഒരിക്കലും അവഗണിക്കാവുന്നതല്ല.

(ബാബു ടി. ജോസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍