This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളിയാട്ടം

വേലാട്ടം

വടക്കന്‍ കേരളത്തിലെ കാവുകളിലും "സ്ഥാന'ങ്ങളിലും തറവാടുകളിലും തെയ്യവും തിറയും കെട്ടിയാടിച്ചു കൊണ്ടു നടത്തുന്ന ആരാധന. ദേവതാരൂപം ധരിച്ചാടുന്ന മനുഷ്യരില്‍ ദൈവചൈതന്യം ദര്‍ശിക്കുന്ന പ്രതീകോപാസന; അനുഷ്‌ഠാനപരമായൊരു നാടോടി നാടകം; വണ്ണാന്‍, മലയന്‍, പാണന്‍, മാവിലന്‍, ചെറവന്‍, ചിങ്കത്താന്‍, വേലന്‍, മുത്തറ്റാന്‍, അഞ്ഞൂറ്റാന്‍, കോപ്പാളന്‍, കളനാടി, പരവന്‍ എന്നീ സമുദായക്കാര്‍ കെട്ടിയാടുന്ന ഗ്രാമീണകല എന്നൊക്കെ ഇതിനെ പ്രത്യേകം നിര്‍വചിക്കാം.

ആണ്ടുതോറും നിശ്ചിതദിവസം നടത്തിവരുന്ന "കളിയാട്ട'ത്തെ "കല്‌പനക്കളിയാട്ട' മെന്നും ആണ്ടുതോറും പതിവില്ലാത്തിടത്ത്‌ പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ കഴിപ്പിക്കുന്ന കളിയാട്ടത്തെ "പെരുങ്കളിയാട്ടം' എന്നും പറയുന്നു. കേരളോത്‌പത്തിയില്‍ "കളിയാട്ട'ത്തെപ്പറ്റി പ്രസ്‌താവനയുണ്ട്‌.

"കളിയാട്ട' ദേവതകളില്‍ നല്ലൊരു ഭാഗം, കാളിയും കാളിയുടെ രൂപഭേദങ്ങളുമാണ്‌. "കാളിയാട്ട'മാണ്‌ "കളിയാട്ട'മായതെന്നു ചിന്തിക്കുവാന്‍ അതു വഴിവയ്‌ക്കുന്നു. തെയ്യംതിറകള്‍ മുഴുവന്‍ കളിയാട്ടത്തിന്റെ വേദിയില്‍ വരുന്നില്ല. "സ്ഥാന'ങ്ങളിലും തറവാടുകളിലുമല്ലാതെ വയലുകളിലും മറ്റു പൊതു സ്ഥലങ്ങളിലും വച്ച്‌ തെയ്യംതിറകള്‍ ആടുന്നതിനെ "കളിയാട്ട'മെന്ന്‌ പറയാറില്ല. കളിയാട്ടത്തിന്‌ കൂടുതല്‍ വികാസപരിണാമങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നതിനാല്‍ തെയ്യം കെട്ട്‌, തിറയാട്ടം എന്നിവയും "കളിയാട്ട'ത്തിന്റെ പര്യായങ്ങളായിത്തീര്‍ന്നിരിക്കുന്നു.

ശക്ത്യാരാധന, ശൈവാരാധന, ഭൂതാരാധന, നാഗാരാധന, മൃഗാരാധന, യക്ഷഗന്ധര്‍വാദിപൂജ, പ്രതാരാധന, പരേതാരാധന, വീരാരാധന, വൈഷ്‌ണവാരാധന, വൃക്ഷാരാധന, രക്താരാധന തുടങ്ങിയ സമാരാധനാരീതികള്‍ തെയ്യംതിറ (കളിയാട്ട)യുമായി ബന്ധപ്പെട്ടിരിക്കുകയാണ്‌. നാനൂറോളം ദേവതകളെ ഈ രംഗത്തു കാണാം. രണദേവതകള്‍, വനദേവതകള്‍, നായാട്ടുദേവതകള്‍, കാര്‍ഷികദേവതകള്‍, രോഗദേവതകള്‍, ഗ്രാമീണദേവതകള്‍, മരക്കലദേവതകള്‍, ഉച്ചാടനദേവതകള്‍ എന്നിങ്ങനെ പല പേരുകളില്‍ പല സ്വഭാവത്തോടുകൂടിയവയാണ്‌ അവ. തെയ്യംതിറകളുടെ രൂപപരമായ വൈവിധ്യവും ശ്രദ്ധേയമാണ്‌.

"കളിയാട്ട'ത്തിന്റെ അംഗങ്ങളാണ്‌ "തോറ്റവും' "വെള്ളാട്ട'വും. തലേദിവസമാണ്‌ അവ കെട്ടിപ്പുറപ്പെടുന്നത്‌. ഈ കലാപ്രകടനത്തിന്‌ "തോറ്റം പാട്ടുകള്‍' പാടും. ദേവതകളുടെ ഉദ്‌ഭവവും മാഹാത്‌മ്യവും സഞ്ചാരങ്ങളും വര്‍ണിക്കുന്ന ഭക്തിഗീതങ്ങളാണിവ. വികാരങ്ങളേതും പ്രകടിപ്പിക്കുവാന്‍ അവയ്‌ക്കു ശക്തിയുണ്ട്‌. ഭാഷാശാസ്‌ത്രപരവും ചരിത്രപരവും സാഹിത്യപരവുമായ മൂല്യമുള്ളവയാണ്‌ ഈ ഗ്രാമീണഗാനങ്ങള്‍.

ജനസാമാന്യത്തിന്റെ ആചാരം, അനുഷ്‌ഠാനം, ആരാധന, വിശ്വാസം മുതലായവയുമായി ബന്ധപ്പെട്ട ഈ അനുഷ്‌ഠാനകല, ഒരു ഗ്രാമീണ നൃത്തമാണ്‌. സംഘനൃത്തവും വ്യക്തിനൃത്തവും കാണാം. ദൈവസങ്കേതത്തിന്റെ തിരുമുറ്റത്തുവച്ചാണ്‌ നര്‍ത്തനം. തീപ്പന്തങ്ങള്‍ ഉടയിലും മുടിയിലും ധരിച്ചാടുകയും അഗ്‌നിയില്‍ ചാടുകയും ചെയ്യുന്ന തെയ്യംതിറകളുമുണ്ട്‌.

(എം.വി. വിഷ്‌ണു നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍