This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളിമണ്‍ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കളിമണ്‍ വ്യവസായം

കളിമണ്ണുകൊണ്ട്‌ വിവിധതരം ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായം. പശിമ (പ്ലാസ്‌തികത)യുള്ള കളിമണ്ണ്‌ വെള്ളംചേര്‍ത്തു കുഴച്ചുപരുവപ്പെടുത്തി ആവശ്യമുള്ള ആകൃതിയില്‍ മെനഞ്ഞ്‌ ഉണക്കി ചുട്ടെടുത്താണ്‌ വിവിധതരം പാത്രങ്ങള്‍ നിര്‍മിക്കുന്നത്‌. ആഹാരം പാകം ചെയ്യാനും സൂക്ഷിച്ചു വയ്‌ക്കാനും മാത്രമായി കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ചിരുന്ന ഘട്ടത്തില്‍ നിന്ന്‌ ഒരു വന്‍കിട വ്യവസായമായി വളര്‍ന്ന കാലംവരെയുള്ള നിര്‍മാണ പ്രവിധികളിലെ വികാസ പരിണാമങ്ങള്‍ കളിമണ്‍പാത്ര വ്യവസായത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കളിമണ്ണു കൊണ്ട്‌ നിര്‍മിക്കപ്പെടുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും അനവധിയാണ്‌. ഗ്രാമങ്ങളില്‍ പാചകത്തിനുപയോഗിക്കുന്ന മണ്‍കലം മുതല്‍ റോക്കറ്റ്‌ വിക്ഷേപണത്തിനാവശ്യമായ നോസ്‌ കോണുകള്‍ വരെ നിര്‍മിക്കുന്നതിനു കളിമണ്ണ്‌ ആവശ്യമാണെന്ന വസ്‌തുത കളിമണ്ണിന്റെ വ്യാവസായിക പ്രാധാന്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ആധുനിക യുഗത്തില്‍ "ഇന്‍ഡസ്റ്റ്രിയല്‍ സെറാമിക്‌സ്‌' എന്നൊരു ശാഖതന്നെ വികസിച്ചിട്ടുണ്ട്‌. ഈ വിഭാഗത്തില്‍പ്പെടുന്ന കളിമണ്‍ ഉത്‌പന്നങ്ങളാണ്‌ അത്യുന്നത താപനിലകളില്‍ ചുട്ടെടുക്കുന്ന കളിമണ്‍ സങ്കരങ്ങളായ ഗ്ലാസ്‌, സിമന്റ്‌, പ്ലാസ്റ്റര്‍ എന്നിവ. കളിമണ്ണില്‍ നിന്നു നിര്‍മിക്കപ്പെടുന്ന പദാര്‍ഥങ്ങള്‍ക്ക്‌ മലയാളത്തില്‍ പൊതുവേ കളിമണ്‍ പാത്രങ്ങള്‍, പിഞ്ഞാണങ്ങള്‍ എന്നൊക്കെയാണ്‌ പറയുന്നത്‌. ഇംഗ്ലീഷില്‍ "പോട്ടറി', "പോഴ്‌സലിന്‍', "ചൈന' എന്നീ സംജ്ഞകളാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവ സാരാംശത്തില്‍ ഒന്നുതന്നെയെന്നു കരുതുന്നതിലും തെറ്റില്ല. കളിമണ്‍പാത്രനിര്‍മാണം എന്നതിന്‌ സമാനമായുള്ളതാണ്‌ ഇംഗ്ലീഷിലെ "സെറാമിക്‌സ്‌' എന്ന സംജ്ഞ. കളിമണ്ണിന്റെ, കളിമണ്ണു കൊണ്ടുള്ള എന്നെല്ലാം അര്‍ഥമുള്ള "കെറാമികോസ്‌' (Keramicos)എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌ ഇംഗ്ലീഷിലെ "സെറാമിക്‌സ്‌' (ceramics) നിഷ്‌പന്നമായിട്ടുള്ളത്‌. കെറാമികോസ്‌ എന്ന ഗ്രീക്ക്‌ സംജ്ഞപോലും കര്‍ദ (കര്‍ദമ) എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌.

മണ്‍കലനിര്‍മാണം - വിവിധഘട്ടങ്ങള്‍

കളിമണ്‍ ഉത്‌പന്നങ്ങളെ പൊതുവേ നാലായി തരം തിരിക്കാം: കുറഞ്ഞ ചെലവില്‍ ഉത്‌പാദിപ്പിക്കാവുന്നതും മിനുസം കുറഞ്ഞ പ്രതലങ്ങളുള്ളതുമായ മണ്‍പാത്രങ്ങള്‍ (earthernware), ശേഖരണികള്‍, മലിനജലക്കുഴല്‍ എന്നിവ ഉള്‍പ്പെടുന്ന കല്‍പാത്രങ്ങള്‍ (Ston-eware), സങ്കീര്‍ണ നിര്‍മാണ പ്രക്രിയകളിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്നവ, ഒന്നാംതരം മേശപ്പാത്രങ്ങള്‍, കലാശില്‌പങ്ങള്‍ എന്നിവഅടങ്ങുന്ന പോഴ്‌സലിന്‍ (ഇതിനു ചീനപ്പാത്രങ്ങളെന്നും പേരുണ്ട്‌. പോഴ്‌സലിന്‍ നിര്‍മാണ പ്രക്രിയയുടെ ഉപജ്ഞാതാക്കള്‍ ചീനക്കാരായതുകൊണ്ടാണ്‌ ഈ പേര്‍ സിദ്ധിച്ചത്‌); വ്യവസായ വികസനത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഉപയോഗിക്കുന്ന കളിമണ്‍ വസ്‌തുക്കള്‍.

ചരിത്രം

സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പ്‌ മനുഷ്യന്‍ ആഹാര പദാര്‍ഥങ്ങള്‍ ഈറകൊണ്ടു മെടഞ്ഞ കുട്ടകളിലും, വെള്ളം തുകല്‍ സഞ്ചികളിലുമാണ്‌ സൂക്ഷിച്ചിരുന്നത്‌. കുട്ടകളുടെ ദ്വാരങ്ങളിലൂടെ ആഹാര സാധനങ്ങള്‍ ചോര്‍ന്നുപോകാതിരിക്കുന്നതിനു വേണ്ടി അന്നുള്ളവര്‍ കുട്ടകളുടെ അകവശം നനഞ്ഞ കളിമണ്ണു കൊണ്ട്‌ മെഴുകിയതില്‍ നിന്നായിരിക്കണം കളിമണ്ണുകൊണ്ട്‌ സംഭരണികളും മറ്റു പാത്രങ്ങളും നിര്‍മിക്കാമെന്ന ആശയം ഉടലെടുത്തത്‌.

നിയോലിത്തിക്‌

പ്രശസ്‌തമായ റോമന്‍ കളിമണ്‍പാത്രം - റോമന്‍ ടെറാസിഗില്ലാറ്റ

ഏതാണ്ട്‌ നിയോലിത്തിക്‌ കാലഘട്ടം മുതല്‌ക്കേ കളിമണ്‍ പാത്രനിര്‍മാണം ആരംഭിച്ചിരുന്നുവെന്നുവേണം കരുതാന്‍. കൈകൊണ്ടു മെനഞ്ഞ്‌ സൂര്യപ്രകാശത്തില്‍ ഉണക്കി തീക്കുണ്ഡത്തില്‍ വച്ചു ചുട്ടെടുത്താണ്‌ അന്നു പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത്‌. സഹസ്രാബ്‌ദങ്ങളുടെ പഴക്കംകൊണ്ടുപോലും ഇവയ്‌ക്ക്‌ രാസവ്യതിയാനങ്ങളോ മറ്റു നാശങ്ങളോ ഉണ്ടാകുന്നില്ല എന്നതിനാല്‍ ഉത്‌ഖനനങ്ങളില്‍ നിന്നു കിട്ടിയ കളിമണ്‍ പാത്രങ്ങളും രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്ന കളിമണ്‍ ഫലകങ്ങളും പ്രാചീന നാഗരികതകളുടെ കാലം കണക്കാക്കാന്‍ ഉപയോഗപ്പെട്ടു. മൊഹന്‍ജോദരോയിലും ഹാരപ്പയിലും നടന്ന ഉത്‌ഖനനങ്ങളില്‍ കണ്ടെടുക്കപ്പെട്ട കളിമണ്‍ പാത്രങ്ങള്‍ക്ക്‌ പ്രാട്ടോമെസപ്പൊട്ടേമിയന്‍ ചിത്രാങ്കിത കളിമണ്‍ പാത്രങ്ങളോടും ചൈനയിലെ യാങ്‌ഷവോയിലെ കളിമണ്‍ പാത്രങ്ങളോടും സാദൃശ്യമുണ്ട്‌. ഡക്കാണ്‍ പ്രദേശത്തു നിന്നു കണ്ടെടുത്തിട്ടുള്ള കളിമണ്‍ പാത്രങ്ങള്‍ നിയോലിത്തിക്‌ കാലഘട്ടത്തിലും അയോയുഗത്തിന്റെ ആരംഭകാലത്തും നിര്‍മിച്ചതായിരിക്കണമെന്നു കണക്കാക്കിയിട്ടുണ്ട്‌. ഡക്കാണ്‍ മെഗാലിത്തിക്‌ കളിമണ്‍ പാത്രങ്ങളിലെ അടയാളങ്ങള്‍ക്ക്‌ ഈജിപ്‌ഷ്യന്‍ രാജവംശങ്ങളുടെ കാലത്തിനുമുമ്പുള്ള കളിമണ്‍ പാത്രങ്ങളിലുള്ള അടയാളങ്ങളോടു സാദൃശ്യമുണ്ട്‌. ഇതില്‍ നിന്ന്‌ സിന്ധുനദീതട നാഗരികതയുടെ കാലം വ്യക്തമാകുന്നു. മെസപ്പൊട്ടേമിയ, പേര്‍ഷ്യ, ഗ്രീസ്‌ എന്നീ പ്രാചീന നാഗരികതകളുടെയും കാലം നിശ്ചയിച്ചിട്ടുള്ളത്‌ ഉത്‌ഖനനം ചെയ്യപ്പെട്ട കളിമണ്‍ പാത്രങ്ങളില്‍ നിന്നാണ്‌. നിയോലിത്തിക്‌ കാലഘട്ടം തുടങ്ങി അമന്‍ ഹോട്ടപ്‌ കകകന്റെ കാലം വരെയുള്ള കളിമണ്‍പാത്രങ്ങളിലെ വര്‍ണവിന്യാസങ്ങളിലും അലങ്കരണങ്ങളിലുമുള്ള വികാസ പരിണാമങ്ങള്‍ ആ കാലത്തെ കളിമണ്‍ പാത്ര നിര്‍മാണ കൗശലത്തിന്റെ വികസനത്തെ വിളിച്ചോതുന്നു.

ചൈന

ബി.സി. 2698ല്‍ സിംഹാസനാരോഹണം നടത്തിയ ഹോങ്‌ടി ചക്രവര്‍ത്തിയുടെ ഭരണകാലത്താണ്‌ ചൈനയില്‍ ആദ്യമായി കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ചതെന്നു സിറാമിക്‌ പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. ചൈനയില്‍ തന്നെ കളിമണ്‍ പാത്ര നിര്‍മാണത്തിന്റെ വികസനത്തിന്‌ മൂന്നു സഹസ്രാബ്‌ദത്തിലധികം കാലം വേണ്ടിവന്നു. പരമ്പരാഗതമായ കല്ലുപാത്ര നിര്‍മിതിയില്‍ നിന്ന്‌ പോഴ്‌സലിന്‍ പാത്ര നിര്‍മിതി ഉരുത്തിരിഞ്ഞത്‌ ചൗ രാജവംശത്തിന്റെ കാലത്താണ്‌ (ബി.സി. 1028-772). ഹന്‍ രാജവംശത്തിന്റെ കാലത്ത്‌ ഇത്‌ കുറച്ചുകൂടി പുരോഗമിച്ചു (ബി.സി. 206എ.ഡി. 220). ഉന്നത താപനിലയില്‍ ചുട്ടെടുത്ത്‌ മിനുസപ്പെടുത്തിയ ചീന പോഴ്‌സലിന്‍ പാത്രങ്ങള്‍ക്കുദാഹരണമാണ്‌ എ.ഡി. 907-959ല്‍ പ്രചാരത്തിലിരുന്ന "യുയെ സെലഡോണ്‍' പാത്രങ്ങള്‍. വെള്ള പോഴ്‌സലിന്‍ പ്രചാരത്തില്‍ വന്നത്‌ താങ്‌ രാജവംശത്തിന്റെ കാലത്താണ്‌ (എ.ഡി. 618-906).

ചീനപ്പാത്രനിര്‍മാണകല രണ്ടു വഴികളില്‍ കൂടി യൂറോപ്പിലെത്തി. യൂറോപ്പും ചൈനയും തമ്മിലുള്ള കടല്‍ വാണിജ്യത്തിലൂടെ "ഹാര്‍ഡ്‌ പേസ്റ്റ്‌' പ്രക്രിയയും ഇസ്‌ലാമിക സാമ്രാജ്യങ്ങളുമായുള്ള ബന്ധം മുഖേന "സോഫ്‌റ്റ്‌ പേസ്റ്റ്‌' പ്രക്രിയയും യൂറോപ്പില്‍ പ്രചാരത്തിലെത്തി. ചൈനാക്കാര്‍ ഇനാമല്‍ പാത്രങ്ങളും ഉണ്ടാക്കിയിരുന്നു. കോബാള്‍ട്ട്‌ കൊണ്ട്‌ പാത്രങ്ങള്‍ക്കു നീലനിറം കൊടുക്കുന്ന വിദ്യ അറബികളില്‍ നിന്നാണ്‌ ചൈനക്കാര്‍ മനസ്സിലാക്കിയത്‌. 14-ാം ശ.ത്തില്‍ ചൈന സന്ദര്‍ശിച്ച മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ ചീനപ്പാത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

ഗ്രീസ്‌റോം

ചരിത്രാതീത കാലത്തെ ഗ്രീക്ക്‌ കളിമണ്‍ പാത്രങ്ങള്‍ക്ക്‌ അലങ്കരണങ്ങളുണ്ടായിരുന്നില്ല. ചില മണ്‍പാത്രങ്ങള്‍ നന്നായി മിനുസപ്പെടുത്തിയിരുന്നു. എന്നാല്‍ ബി.സി. 2200ഓടു കൂടി പാത്രങ്ങളില്‍ രൂപങ്ങള്‍ അടയാളപ്പെടുത്തിത്തുടങ്ങി. ബി.സി. 2000 ആയപ്പോഴേക്ക്‌ വെള്ളിരേഖകളും രൂപങ്ങളും പാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബി.സി. 1100ഓടെ പാത്രങ്ങളിലെ നിറവും അലങ്കരണവും ശ്രദ്ധേയമായി. ചുവന്ന പശ്ചാത്തലത്തില്‍ കറുത്ത രൂപങ്ങളും കറുത്ത പശ്ചാത്തലത്തില്‍ ചുവന്ന രൂപങ്ങളും ഉള്ള ഗ്രീക്ക്‌ കളിമണ്‍ പാത്രങ്ങള്‍ ബി.സി. 500 മുതല്‍ 320 വരെയുള്ള കാലഘട്ടത്തിലെ പ്രത്യേകതയാണ്‌. ചില പാത്രങ്ങളില്‍ വെള്ളക്കളിമണ്ണു പൂശി അതിന്മേല്‍ ടെമ്പറാ നിറങ്ങളുപയോഗിച്ച്‌ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായിക്കാണാം. ഹെല്ലനിസ്റ്റിക്‌ കാലഘട്ടത്തില്‍ (ബി.സി. 300-100) റിലീഫ്‌ ചിത്രണം പ്രചാരത്തില്‍ വരികയും ചിത്രരചന അപ്രത്യക്ഷമാകുകയും ചെയ്‌തു. ഇക്കാലത്താണ്‌ ചുവന്ന നിറത്തിലുള്ളതും മിനുസമുള്ളതുമായ പാത്രങ്ങള്‍ സാധാരണമായത്‌.

ഗ്രീസിന്റെ കളിമണ്‍ പാത്രനിര്‍മാണ കലയില്‍ നിന്നു പ്രചോദനം കൊണ്ടാണ്‌ റോമില്‍ കളിമണ്‍ പാത്രനിര്‍മാണം ജന്മം കൊണ്ടത്‌. മിനുസമുള്ളതും ചുവന്ന നിറമുള്ളതുമായ "റോമന്‍ ടെറാസിഗില്ലാറ്റാ' ഇന്നും പ്രശസ്‌തമാണ്‌.

യൂറോപ്പ്‌

കളിമണ്‍ പാത്ര നിര്‍മിതിയില്‍ പില്‌ക്കാല യൂറോപ്യന്‍ പങ്കാളിത്തത്തിന്റെ പരിണതഫലമാണ്‌ യൂറോപ്യന്‍ പോഴ്‌സലിന്റെ ആവിര്‍ഭാവം.

ജോസിയാ വെഡ്‌ജ്‌വുഡിന്റെ "ജാസ്‌പെര്‍' പാത്രങ്ങളും ഇംഗ്ലണ്ടിലെ "ബോണ്‍ ചൈന' യും ഇറ്റലിയിലെയും ഫ്രാന്‍സിലെയും "മെഡിസി'യും ഇതിനുദാഹരണങ്ങളാണ്‌. സമുദ്രവാണിജ്യത്തിലൂടെ ഹാര്‍ഡ്‌ പേസ്റ്റ്‌ പോഴ്‌സലിന്‍ പ്രക്രിയ ചൈനയില്‍ നിന്ന്‌ യൂറോപ്പിലെത്തിയത്‌ 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്‌. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലേക്കു കയറ്റി അയയ്‌ക്കുന്നതിനു വേണ്ടി ചൈനയിലെ കാന്റണില്‍ പോഴ്‌സലിന്‍ നിര്‍മിക്കുന്നതിനുള്ള ഫാക്‌റ്ററികള്‍ തന്നെ ആരംഭിച്ചു. കയറ്റുമതിക്കു വേണ്ടിയുള്ള ഉത്‌പാദനം 19-ാം നൂറ്റാണ്ടു വരെ തുടര്‍ന്നു. പോഴ്‌സലിന്‍ നിര്‍മാണത്തിനുള്ള ചൈനീസ്‌ ഹാര്‍ഡ്‌ പേസ്റ്റ്‌ പ്രക്രിയ ആധാരമാക്കിക്കൊണ്ട്‌ യൊഹാന്‍ ഫ്രീഡ്‌റിഷ്‌ ബോട്ട്‌ഗെര്‍ എന്ന ജര്‍മന്‍ ആല്‍കെമിസ്റ്റ്‌ മൈസെന്‍ കേന്ദ്രമാക്കി മറ്റൊരു ഹാര്‍ഡ്‌ പേസ്റ്റ്‌ പ്രക്രിയയ്‌ക്കു രൂപം കൊടുത്തു. സാക്‌സണി കൗണ്‍സിലറായ കൗണ്ട്‌ ഫൊണ്‍ ഷിര്‍ണ്‍ഹാവൂസിന്റെയും പോളണ്ടിലെ രാജാവും സാക്‌സണിലെ എലക്‌ടറുമായിരുന്ന അഗസ്റ്റസ്‌ ദ്‌ സ്‌റ്റ്രാങ്ങിന്റെയും സഹായം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു; 1710ല്‍ ആരംഭിച്ച ഉത്‌പാദനം പ്രസിദ്ധമായ മൈസെന്‍ പോഴ്‌സലിന്‍ വ്യവസായത്തിനു തുടക്കം കുറിച്ചു. ബോട്ട്‌ഗെറുടെ സാങ്കേതികത്വം ഡച്ചുകാരനായ ദു പക്വിയേര്‍ കവര്‍ന്നെടുത്ത്‌ വിയന്നയില്‍ ഒരു ഫാക്‌റ്ററി തുറന്നു. അവിടെ നിന്ന്‌ ഈ നിര്‍മാണരീതി യൂറോപ്പിലാകമാനം പ്രചരിച്ചു.

ഇംഗ്ലണ്ടിലെ ഒരു അപ്പോത്തിക്കരിയായ വില്യം കോക്ക്‌വര്‍ത്തി, ഹാര്‍ഡ്‌ പേസ്റ്റ്‌ പോഴ്‌സലിന്‍ നിര്‍മിതിക്കുള്ള മറ്റു ചില മാര്‍ഗങ്ങള്‍ കണ്ടെത്തി. 1768ല്‍ അതിനു വേണ്ട പേറ്റന്റ്‌ കരസ്ഥമാക്കി പ്ലിമത്തില്‍ നിര്‍മാണവും ആരംഭിച്ചു. 1770ല്‍ ഫാക്‌റ്ററി ബ്രിസ്റ്റളിലേക്കു മാറ്റി. 1781ല്‍ ഇതിന്റെ നിര്‍മാണ സംരചന സ്റ്റഫോര്‍ഡ്‌ഷയറിലെ ഒരു കൂട്ടം കുശവന്മാര്‍ വിലയ്‌ക്കു വാങ്ങുകയും ന്യൂഹാള്‍ ആസ്ഥാനമാക്കി ഉത്‌പാദനം തുടരുകയും ചെയ്‌തു.

ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഒത്താശയോടെ ചൈനീസ്‌ സോഫ്‌റ്റ്‌ പേസ്റ്റ്‌ പോഴ്‌സലിന്‍ നിര്‍മാണ പ്രക്രിയ യൂറോപ്പില്‍ പ്രചരിച്ചു. ഫ്‌ളോറന്‍സിലെ ബുവോന്റാലെന്റി ആണ്‌ ഇതിനു സാരമായ മാറ്റങ്ങള്‍ വരുത്തിയത്‌. ഗ്രാന്‍ഡ്‌ ഡ്യൂക്കായ ഫ്രാന്‍സെസ്‌കൊദെ മെഡിസിയുടെ പ്രചോദനത്തോടെയാണ്‌ ബുവോന്റാലന്റി പ്രവര്‍ത്തിച്ചത്‌. വെള്ളക്കളിമണ്ണും ഗ്ലാസും ചേര്‍ന്ന മിശ്രിതം 11000C-12000C താപനിലയില്‍ ചുട്ടെടുത്ത്‌ അത്‌ ലെഡ്‌ ഗ്ലേസില്‍ മുക്കി വീണ്ടും 10500Cല്‍ ചുട്ടെടുക്കുകയാണ്‌ ഇദ്ദേഹം ചെയ്‌തത്‌.

ഇംഗ്ലണ്ടില്‍ സോഫ്‌റ്റ്‌ പേസ്റ്റ്‌ പ്രക്രിയയില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയത്‌ വില്യം ഡൂസ്‌ബെറിയും ആന്‍ഡ്രൂ പ്ലാഞ്ചെയും ചേര്‍ന്നാണ്‌. ഡെര്‍ബി ആസ്ഥാനമാക്കി 1750ല്‍ ആരംഭിച്ച നിര്‍മാണം പിന്നീട്‌ പല മാറ്റങ്ങള്‍ക്കും വിധേയമായി. വോര്‍സെസ്റ്റര്‍ കമ്പനി കളിമണ്‍ഗ്ലാസ്‌ മിശ്രിതത്തോടൊപ്പം സ്റ്റിയറ്റൈറ്റും ചേര്‍ത്തിരുന്നു. ഈ രംഗത്ത്‌ പ്രവര്‍ത്തിച്ച തോമസ്‌ ഫ്ര മിശ്രിതത്തില്‍ അസ്ഥിച്ചാരവും (Bone ash) കൂട്ടിച്ചേര്‍ത്തു. പിന്നീടുള്ള വികസനം ശ്രദ്ധേയമാണ്‌. ജോസിയാ സ്‌പോഡെ 1794ല്‍ ഹാര്‍ഡ്‌ പേസ്റ്റ്‌ പ്രക്രിയയ്‌ക്ക്‌ ഒരു പുതിയ സംരചന കണ്ടുപിടിച്ചു. 50 ശ.മാ. അസ്ഥിച്ചാരവും 25 ശ.മാ. കയോലിനും 25 ശ.മാ. ക്വാര്‍ട്ട്‌സും ഫെല്‍സ്‌പാറും ചേര്‍ത്താണ്‌ ഇദ്ദേഹം പോഴ്‌സലിന്‍ നിര്‍മിച്ചത്‌. ഈ സംരചന പിന്നീട്‌ ഇംഗ്ലീഷ്‌ പോഴ്‌സലിന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ പ്രചാരം നേടി. ഈ ഇംഗ്ലീഷ്‌ ബോണ്‍ ചൈനാമിശ്രിതം ഹാര്‍ഡ്‌ പേസ്റ്റിന്റെയും സോഫ്‌റ്റ്‌ പേസ്റ്റിന്റെയും സങ്കരസന്തതിയാണ്‌.

പ്രമുഖ പോഴ്‌സലിനുകള്‍

പേര്‍ഷ്യക്കാരുടെ കളിമണ്‍ പാത്രനിര്‍മിതി അനുകരിച്ചാണ്‌ ഇറ്റലിയില്‍ മണ്‍പാത്ര നിര്‍മിതി ആരംഭിച്ചത്‌. ടിന്‍ ഇനാമല്‍ ഗ്ലേസ്‌ കൊടുത്തുകൊണ്ടുള്ള സാങ്കേതികത്വം ഇറ്റലിക്കാര്‍ വശമാക്കി. അവര്‍ തങ്ങളുടെ പാത്രങ്ങളില്‍ പ്രശസ്‌ത ചിത്രകാരന്മാരുടെ രചനകള്‍ പകര്‍ത്തുകയും ചെയ്തു. പ്രശസ്‌ത ഇറ്റാലിയന്‍ ചിത്രകാരനായ റാഫേലിന്റെ ചിത്രങ്ങള്‍ വിഷയമാക്കിയിരുന്നതുകൊണ്ട്‌ അക്കാലത്തെ പാത്രങ്ങള്‍ക്ക്‌ "റാഫേല്‍ വെയര്‍' എന്നു പേരു തന്നെയുണ്ടായി. ഇപ്പോള്‍ അവയ്‌ക്ക്‌ "മജോലിക്ക' എന്നാണ്‌ പേര്‌. ഫ്രാന്‍സ്‌, ജര്‍മനി എന്നിവിടങ്ങളില്‍ ടിന്‍ഇനാമല്‍ പാത്രങ്ങള്‍ക്ക്‌ "ഫീയന്‍സ്‌' എന്നായിരുന്നു പേര്‌. ഇറ്റലിയിലെ ഫീയന്‍സയില്‍ നിന്നാണ്‌ ഇത്തരം പാത്രങ്ങള്‍ ആദ്യമായി (1525) ഫ്രാന്‍സിലെത്തിയത്‌. അതു കൊണ്ടാണ്‌ ഫീയന്‍സ്‌ എന്ന പേരു ലഭിച്ചത്‌.

ഡെല്‍ഫ്‌റ്റ്‌

ചൈനീസ്‌ പാത്രങ്ങള്‍ ഹോളണ്ടില്‍ എത്തിയത്‌ 17-ാം നൂറ്റാണ്ടിലാണ്‌. ഏതാണ്ടിക്കാലത്ത്‌ ഡച്ചുകാരും വെള്ള ടിന്‍ഇനാമല്‍ ഗ്ലേസുള്ള മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. നീലയും വെള്ളയും നിറങ്ങളുള്ള ചീന പോഴ്‌സലിനിലെ പുഷ്‌പങ്ങളുടെയും രൂപങ്ങളുടെയും ചിത്രണം അവര്‍ അനുകരിക്കുകയുണ്ടായി. ജാപ്പനീസ്‌ചൈനീസ്‌ നിര്‍മാണഅലങ്കരണ വിദ്യകള്‍ അനുകരിച്ചുകൊണ്ടുള്ള മണ്‍പാത്രങ്ങള്‍ ഡെല്‍ഫ്‌റ്റ്‌ എന്ന നഗരത്തില്‍ നിര്‍മിച്ചതുകൊണ്ടാണ്‌ ഡച്ച്‌ പോട്ടറിയെ ഡെല്‍ഫ്‌റ്റ്‌ വെയര്‍ എന്നു വിളിക്കുന്നത്‌.

മെഡിസി

ചീന പോഴ്‌സലിനെ അനുകരിച്ച്‌ കളിമണ്‍പാത്രങ്ങള്‍ നിര്‍മിച്ചിരുന്ന ഇറ്റലിക്കാര്‍ കളിമണ്ണിനോടൊപ്പം പൊടിച്ച ഗ്ലാസും ചേര്‍ത്തു ചുട്ട്‌ കൃത്രിമമായി സോഫ്‌റ്റ്‌ പേസ്റ്റ്‌ പോഴ്‌സ ലിന്‍ ഉണ്ടാക്കി. ഇതിലേര്‍പ്പെട്ടിരുന്ന കുശവന്മാര്‍ക്ക്‌ സാമ്പത്തിക സഹായം എത്തിച്ചിരുന്നത്‌ ഇറ്റലിയിലെ സമ്പന്ന കുടുംബങ്ങളിലൊന്നായ "മെഡിസി'യിലെ ഒരു അംഗമായിരുന്നു. അതുകൊണ്ട്‌ ആ പാത്രങ്ങള്‍ക്ക്‌ "മെഡിസി' എന്ന പേരുണ്ടായി.

സെവ്‌റ്‌ പോഴ്‌സലിന്‍

ലൂയി XV-ാമന്റെ സഹായത്തോടെ 1738ല്‍ വിന്‍സെന്നെയില്‍ ആരംഭിച്ച കളിമണ്‍ പാത്രനിര്‍മാണ സ്ഥാപനം 1756ല്‍ സെവ്‌റിലേക്കു മാറ്റി. രാജാവിനും കൊട്ടാരത്തിനും ആവശ്യമുള്ള പാത്രങ്ങളാണ്‌ ഇവിടെ നിര്‍മിച്ചിരുന്നത്‌. പച്ച, നീല, ചുവപ്പ്‌ എന്നീ നിറങ്ങളില്‍ നിര്‍മിച്ചിരുന്ന പോഴ്‌സലിന്‍ പാത്രങ്ങളില്‍ ഭൂദൃശ്യങ്ങളും പുരാണകഥകളിലെ രംഗങ്ങളുമാണ്‌ അലങ്കരണത്തിന്‌ വിഷയമാക്കിയത്‌. 1768ലാണ്‌ ഫ്രഞ്ചുകാര്‍ ഹാര്‍ഡ്‌ പേസ്റ്റ്‌ പ്രക്രിയ സ്വായത്തമാക്കിയത്‌.

വെഡ്‌ജ്‌വുഡ്‌

സ്റ്റഫോഡ്‌ ഷയറിലെ സിറാമിക്‌ വ്യവസായത്തിന്‌ അടിത്തറ പാകിയത്‌ ജോസിയാ വെഡ്‌ജ്‌വുഡ്‌ ആയിരുന്നു. അര്‍ധതാര്യമായ ഗ്ലേസ്‌ കൊടുത്തുകൊണ്ട്‌ ഇദ്ദേഹം നിര്‍മിച്ച പാത്രങ്ങള്‍ ചെലവു കുറഞ്ഞതായിരുന്നുവെന്നു മാത്രമല്ല ഉറപ്പുള്ളതുമായിരുന്നു. ഷാര്‍ലറ്റ്‌ രാജ്ഞിയുടെ പ്രീതിക്കു പാത്രമായതോടെ വെഡ്‌ജ്‌വുഡ്‌ നിര്‍മിതികള്‍ക്ക്‌ "ക്വീന്‍സ്‌ വെയര്‍' എന്ന പേരും സിദ്ധിച്ചു. വന്‍കിട ഉത്‌പാദനം നടത്തി ഉത്‌പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ കഴിഞ്ഞതോടെ മറ്റു രാജ്യങ്ങളിലെ നിര്‍മാതാക്കള്‍ വെഡ്‌ജ്‌വുഡിനെ അനുകരിച്ചു തുടങ്ങി.

യു.എസ്‌.

അമേരിന്ത്യര്‍ ആവിഷ്‌കരിച്ച സോഫ്‌റ്റ്‌ പേസ്റ്റ്‌ പോട്ടറിയുടെ നഷ്ടശകലങ്ങള്‍ മെക്‌സിക്കോ, മധ്യദക്ഷിണ അമേരിക്ക, ദക്ഷിണപശ്ചിമ യു.എസ്‌. എന്നിവിടങ്ങളിലെ പല ശവകുടീരങ്ങളില്‍ നിന്നും പുരാവസ്‌തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്‌. യു.എസ്സില്‍ യൂറോപ്യന്മാര്‍ കുടിയേറിയ കാലത്ത്‌ കുറഞ്ഞതരം മണ്‍പാത്രങ്ങള്‍ നിര്‍മിച്ചിരുന്നു. കളിമണ്‍പാത്ര നിര്‍മാണത്തില്‍ വൈദഗ്‌ധ്യം നേടിയ ഇംഗ്ലീഷ്‌സ്‌കോട്ടിഷ്‌ വ്യവസായികളാണ്‌ ഇവിടെ കളിമണ്‍പാത്രനിര്‍മാണ വ്യവസായത്തിന്‌ നേതൃത്വം നല്‌കിയത്‌. ന്യൂ ജെഴ്‌സിയിലെ ടെന്റന്‍ പ്രധാന കളിമണ്‍പാത്ര വ്യവസായകേന്ദ്രമായിത്തീര്‍ന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പശ്ചിമ പെന്‍സില്‍വേനിയാ, കിഴക്കന്‍ ഒഹായോ എന്നിവിടങ്ങളില്‍ വന്‍കിട കളിമണ്‍ വ്യവസായ സ്ഥാപനങ്ങള്‍ തന്നെ തുറക്കപ്പെട്ടു.

ഉത്‌പാദനം

കളിമണ്‍പാത്രങ്ങളില്‍ ഏറ്റവും കുറഞ്ഞ ഇനമാണ്‌ മണ്‍പാത്രങ്ങള്‍. സാധാരണ കളിമണ്ണ്‌ കുഴച്ചു രൂപപ്പെടുത്തി ഉണക്കി ചുട്ടെടുത്താണ്‌ ഇവ ഉണ്ടാക്കുന്നത്‌. നഗ്‌നനേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ കഴിയാത്ത രന്ധ്രങ്ങള്‍ ഈ പാത്രങ്ങളില്‍ ചോര്‍ച്ചയുണ്ടാക്കുന്നു. ഒരു ഘട്ടംവരെ ഈ വാര്‍ച്ച തടയാന്‍ കുശവന്മാര്‍ക്കുകഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗ്ലാസ്സിന്റെ കണ്ടുപിടിത്തത്തെത്തുടര്‍ന്ന്‌ ഒരു നേര്‍ത്ത ഗ്ലാസ്‌ മിശ്രിതം കൊണ്ട്‌ മണ്‍പാത്രം പൂശുന്നതിന്റെ ഫലമായി ഈ രന്ധ്രങ്ങള്‍ അടയ്‌ക്കാന്‍ കഴിഞ്ഞു. ഇങ്ങനെ ആവരണം ചെയ്യുന്ന പൂശലിനെ "ഗ്ലേസ്‌' എന്നാണ്‌ പറയുന്നത്‌.

ഉണക്കല്‍

അസംസ്‌കൃത കളിമണ്ണില്‍ നിന്നു പാത്രങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ ചിലതരം പാറകള്‍ ഉരുക്കി ഒരുതരം ഗ്ലാസ്‌ ഉണ്ടാക്കാമെന്നു കുശവന്മാര്‍ മനസ്സിലാക്കി. ഈ പാറകള്‍ അടിച്ചു പൊടിയാക്കി അതില്‍ കളിമണ്ണും കലര്‍ത്തി അത്യുന്നത താപനിലയില്‍ ചുട്ടെടുക്കുന്ന പാത്രങ്ങളാണ്‌ കല്‍പ്പാത്രങ്ങള്‍ എന്നു വ്യവഹരിക്കപ്പെടുന്നത്‌. ഗ്ലേസ്‌ ചെയ്‌തില്ലെങ്കില്‍പ്പോലും ചോരുന്നില്ല എന്ന പ്രത്യേകത കല്‍പ്പാത്രങ്ങള്‍ക്കുണ്ട്‌. ഇന്ന്‌ ഉയര്‍ന്ന ഊഷ്‌മാവില്‍ പ്രവര്‍ത്തിക്കുന്ന അടുപ്പുകളില്‍ (oven) വയ്‌ക്കാവുന്ന തരത്തിലുള്ള പാത്രങ്ങള്‍ (cusseroles) ഇക്കൂട്ടത്തിലുണ്ട്‌.

പാറ പൊടിച്ചെടുത്ത്‌ അതില്‍ ഒരു പ്രത്യേക തരം വെള്ളക്കളിമണ്ണുചേര്‍ത്തു കുഴച്ച്‌ ഇരുമ്പുരുകുന്നതിനാവശ്യമായ തോതിലുള്ള താപനിലയില്‍ ചുട്ടാണ്‌ ചൈനക്കാര്‍ പോഴ്‌സലിന്‍ നിര്‍മിച്ചത്‌. ശരിയായ രീതിയില്‍ പോഴ്‌സലിന്‍ നിര്‍മിച്ചത്‌ താങ്‌രാജവംശകാലത്താണ്‌. ഹാര്‍ഡ്‌ പേസ്റ്റ്‌ എന്ന ഈ പ്രക്രിയയില്‍ ചീനക്കളിമണ്ണ്‌ (കയോലിന്‍), പെറ്റുണ്‍റ്റ്‌സെ (ഫെല്‍സ്‌പാറും ക്വാര്‍ട്ട്‌സും) എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. 50 ശ.മാ. കയോലിനും 50 ശ.മാ. പെറ്റുണ്‍റ്റ്‌സെയും (25 ശ.മാ. ക്വാര്‍ട്ട്‌സും 25 ശ.മാ. ഫെല്‍സ്‌പാറും) ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം 9000C-10000C താപനിലയില്‍ ചുട്ടെടുത്ത്‌ ഗ്ലേസ്‌ ചെയ്‌ത്‌ വീണ്ടും 13500C-14000Cല്‍ ചുട്ടെടുത്താണ്‌ പോഴ്‌സലിന്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നത്‌. സാങ്കേതിക വളര്‍ച്ചയോടെ പോഴ്‌സലിന്‍ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ എണ്ണത്തിലും അനുപാതത്തിലും വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌. പോഴ്‌സലിന്‍ ദൃഢതയുള്ളതാണെന്നതും അര്‍ധതാര്യമാണെന്നതും എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌. സാങ്കേതികാവശ്യങ്ങള്‍ക്കുവേണ്ടി മിനുസപ്പെടുത്തിയതോ അല്ലാത്തതോ ആയ സ്‌ഫടികവത്‌കൃത കളിമണ്‍ ഉത്‌പന്നങ്ങള്‍ എന്നാണ്‌ പോഴ്‌സലിന്‍ എന്ന പദം കൊണ്ട്‌ ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്നത്‌. യു.എസ്സിലെ കളിമണ്‍ വ്യവസായ സംഘടന നല്‌കിയിരിക്കുന്ന നിര്‍വചനവും ഏതാണ്ട്‌ സദൃശമാണ്‌. യു.എസ്സ്‌. ഒഴിച്ചുള്ള രാജ്യങ്ങളില്‍ ചീനപ്പാത്രങ്ങള്‍, പോഴ്‌സലിന്‍ എന്നിവ പര്യായങ്ങളായി ഉപയോഗിച്ചുവരുന്നു.

അസംസ്‌കൃത കളിമണ്ണില്‍ നിന്നുണ്ടാക്കുന്ന പാത്രങ്ങളുടെയും സാങ്കേതികത്വം കൂടുതലുള്ള രംഗങ്ങളില്‍ ഉപയോഗിക്കുന്ന പോഴ്‌സലിന്‍ ഉത്‌പന്നങ്ങളുടെയും നിര്‍മാണപ്രക്രിയയ്‌ക്കു സാരമായ വ്യത്യാസങ്ങളുണ്ട്‌. എന്നാല്‍ നിര്‍മാണപ്രക്രിയയുടെ ഘട്ടങ്ങള്‍ ഏതാണ്ട്‌ ഒരുപോലെ തന്നെയാണ്‌.

കളിമണ്ണു പരുവപ്പെടുത്തല്‍

അസംസ്‌കൃത കളിമണ്ണില്‍ മണ്ണും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുമെന്നതുകൊണ്ട്‌ ആദ്യമായി അവ ഉണക്കിപ്പൊടിച്ച്‌ അരിച്ചെടുക്കുന്നു. അരിച്ചെടുത്ത കളിമണ്‍പൊടി വെള്ളംചേര്‍ത്തു കുഴയ്‌ക്കുന്നു. എന്നാല്‍ കുഴയ്‌ക്കുന്നതിനുവേണ്ടി ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവ്‌ കൂടുകയും കുറയുകയുമരുത്‌. കൂടുതല്‍ വെള്ളം ചേര്‍ത്താല്‍ കളിമണ്ണിന്റെ ദൃഢത കുറയും. വെള്ളം കുറയാനിടയായാല്‍ കട്ടിയാകുകയും ചെയ്യും. ആവശ്യമായ അളവില്‍ വെള്ളം ചേര്‍ത്തു പാകപ്പെടുത്തുന്നതിന്‌ "ടെമ്പറിങ്‌' എന്നാണ്‌ പേര്‌. ഇന്ന്‌ വേള്ളം ചേര്‍ത്തു കുഴമ്പാക്കുന്നതിനുള്ള യന്ത്രങ്ങള്‍ (പഗ്‌മില്‍) ഉണ്ട്‌. രണ്ടുതരം കളിമണ്ണ്‌ കൂട്ടിക്കുഴയ്‌ക്കുന്നതിനുള്ള ടാങ്കുകളും ഉണ്ട്‌. "ബഞ്ചര്‍' എന്നു പറയുന്ന ഈ ടാങ്കില്‍ വച്ച്‌ കളിമണ്ണും വെള്ളവും ചേര്‍ന്ന്‌ സൂപ്പുപോലുള്ള ദ്രാവകം ഉണ്ടാകുന്നു. ഇതിനു ക്ലേ സ്ലിപ്‌ (clay slip) എന്നാണ്‌ പേര്‌. ഫില്‍ട്ടര്‍ പ്രസ്‌ എന്ന യന്ത്രത്തിലൂടെ ക്ലേ സ്ലിപ്‌ കടത്തിവിടുമ്പോള്‍ അതിലെ കാന്‍വാസ്‌അരിപ്പ വെള്ളം ഞെക്കിക്കളയുന്നു. അതോടെ കളിമണ്ണ്‌ ആവശ്യമായ പരുവത്തില്‍ കട്ടകളായി ലഭിക്കുന്നു. ഭാഗികമായി ഉണങ്ങിയ ഈ കളിമണ്ണില്‍ ഫെല്‍സ്‌പാറും മണ്ണും പൊടിച്ച്‌ ചേര്‍ക്കാറുണ്ട്‌. കളിമണ്ണിനെക്കാള്‍ വേഗത്തില്‍ ഉരുകുന്നതുകൊണ്ടാണ്‌ ഫെല്‍സ്‌പാര്‍ ചേര്‍ക്കുന്നത്‌; ഫെല്‍സ്‌പാര്‍ കളിമണ്ണിന്‌ ദൃഢത വരുത്തുകയും ചെയ്യും. ചുടുന്ന സമയത്ത്‌ കളിമണ്ണ്‌ ചുരുങ്ങാതിരിക്കുന്നതിനാണ്‌ മണല്‍ ചേര്‍ക്കുന്നത്‌.

കളിമണ്‍ ഉത്‌പന്നങ്ങള്‍ കൈകൊണ്ടും യന്ത്രംകൊണ്ടും നിര്‍മിക്കാം. പന്തിന്റെ ആകൃതിയില്‍ കളിമണ്ണു വച്ച്‌ അതില്‍ കുഴിയുണ്ടാക്കിയോ ചുരക്കാത്തോട്‌, ഉരുളങ്കല്ല്‌, പ്ലാസ്റ്റര്‍ ഒഫ്‌ പാരിസ്‌ എന്നിവ കരുക്കളായുപയോഗിച്ചോ കലം മെനഞ്ഞെടുക്കാം. പെട്ടിപോലുള്ള കലങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പ്രത്യേകം മാര്‍ഗങ്ങളുണ്ട്‌. ആദ്യമായി കളിമണ്‍ ഉരുട്ടി പലകപോലാക്കി ദീര്‍ഘചതുരാകൃതിയില്‍ മുറിക്കുന്നു. ഈ പലകകള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ പലകകളുടെ വശങ്ങള്‍ ചേര്‍ത്ത്‌ ഈര്‍പ്പം ചാലിച്ചു ചേര്‍ത്തോ ഉണങ്ങിയ കളിമണ്ണു പിടിപ്പിച്ചോ ഉറപ്പിക്കുന്നു. കളിമണ്ണ്‌ വടംപോലെ ഉരുട്ടി കരുവിനു ചുറ്റും ചുറ്റി ഭിത്തികള്‍ ഉണ്ടാക്കി അവയെ യോജിപ്പിച്ച്‌, അല്‌പം ഉണങ്ങുമ്പോള്‍ കത്തിപോലെ എന്തെങ്കിലും കൊണ്ട്‌ മിനുസപ്പെടുത്തിയും കലമുണ്ടാക്കാം. പാകപ്പെടുത്തിയ കളിമണ്ണ്‌ ദീര്‍ഘചതുരാകൃതിയിലുള്ള അച്ചിലൂടെ ഞെരുക്കി കടത്തിവിടുമ്പോള്‍ പുറത്തുവരുന്ന കളിമണ്‍ പലക സ്ലൈസിങ്‌ യന്ത്രം ഉപയോഗിച്ചു പലകകളായി മുറിച്ചെടുക്കാം. ഈ പലകകളാണ്‌ കരുവിലിട്ട്‌ ആവശ്യമുള്ള ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നത്‌.

നിര്‍മാണം

കലം തുടങ്ങിയ പാത്രങ്ങള്‍ കൈകൊണ്ട്‌ മെനഞ്ഞെടുക്കുന്നതിനുപയോഗിക്കുന്ന മൂശ മധ്യപൂര്‍വ ദേശത്ത്‌ ബി.സി. 3000 മുതല്‍ പ്രയോഗത്തിലിരുന്നു. മനുഷ്യന്‍ കണ്ടുപിടിച്ച ആദ്യത്തെ അധ്വാന ലഘൂകരണോപകരണം ഇതായിരിക്കണം. പാദംകൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കറങ്ങുന്ന ചക്രത്തിന്റെ മധ്യത്തില്‍ കുഴച്ച കളിമണ്ണു വച്ച്‌ കൈകൊണ്ട്‌ ആകൃതിപ്പെടുത്തിയാണ്‌ പാത്രങ്ങള്‍ മെനഞ്ഞെടുക്കുന്നത്‌. കുശവന്റെ മൂശ ഉപയോഗിച്ച്‌ കലം മെനയുന്ന രീതിയെ ത്രായിങ്‌ (Throwing) എന്നു പറയുന്നു. ഇന്ന്‌ പാദം കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന മൂശയുടെ സ്ഥാനം യന്ത്രാപകരണങ്ങള്‍ കൈയടക്കിയിരിക്കുന്നു.

വ്യാവസായിക വിപ്ലവത്തിന്റെ സന്തതിയായ യാന്ത്രികശക്തിയും പ്ലാസ്റ്റര്‍ ഒഫ്‌ പാരിസിന്റെ കണ്ടുപിടിത്തവും കളിമണ്‍ പാത്രനിര്‍മാണ പ്രവിധികള്‍ സുഗമമാക്കി. നിര്‍മിക്കേണ്ട പാത്രത്തിന്റെ മാതൃക പ്ലാസ്റ്റര്‍ ഒഫ്‌ പാരിസില്‍ നിര്‍മിച്ച്‌ ദ്രവരൂപത്തിലുള്ള കളിമണ്ണ്‌ അതിലൊഴിക്കുന്നു. ദ്രവരൂപത്തിലുള്ള ജലാംശം പ്ലാസ്റ്റര്‍ ഒഫ്‌ പാരിസ്‌ ആഗിരണം ചെയ്‌തുകൊള്ളും. ആവശ്യത്തിന്‌ കട്ടിയാകുമ്പോഴേക്ക്‌ കരു കമഴ്‌ത്തി അകത്തു നില്‌ക്കുന്ന ദ്രാവകം ഒഴുക്കിക്കളയുന്നു. ഉണങ്ങുന്നതോടെ പാത്രം കരുവില്‍ നിന്നിളകും. ഈ പ്രക്രിയയെ "സ്ലിപ്‌ കാസ്‌റ്റിങ്‌' എന്നു പറയുന്നു. പ്ലാസ്റ്റര്‍ ഒഫ്‌ പാരിസ്‌ കൊണ്ടുണ്ടാക്കിയ കരുവിന്റെ മുകളില്‍ കളിമണ്ണു പുതപ്പിച്ച്‌ മര്‍ദം ചെലുത്തിയും പാത്രമുണ്ടാക്കാം. ഈ രീതിക്ക്‌ ജിഗ്‌ഗെറിങ്‌ (Jiggering) എന്നാണ്‌ പേര്‌.

ഉണക്കല്‍

രൂപപ്പെടുത്തിയ പാത്രം ചുടുന്നതിനു മുമ്പായി നല്ലവണ്ണം ഉണക്കിയിരിക്കണം. ഈര്‍പ്പം ഉണ്ടെങ്കില്‍ പാത്രം വികസിച്ചു പൊട്ടിയെന്നു വരും. മാത്രമല്ല, ചുടുമ്പോള്‍ ആവിയുണ്ടായി പാത്രത്തില്‍ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടാകാനുമിടയുണ്ട്‌. ഇപ്പോള്‍ യാന്ത്രികമായി ഉണക്കാനുള്ള സജ്ജീകരണങ്ങളുണ്ട്‌. നീളമുള്ള ടണല്‍ ഡ്രയറില്‍ വച്ച്‌ ചൂടുകയറ്റിയാണ്‌ ഉണക്കുന്നത്‌. താഴ്‌ന്ന താപനിലയില്‍ (2000C വരെ) ജലാംശം ചുരുങ്ങലുണ്ടാക്കുന്നില്ല. എന്നാല്‍ താപനില 5000C-7000C ഉയരുമ്പോള്‍ ചുരുങ്ങല്‍ അധികമാകും.

ചുടല്‍

പ്രാചീനകാലങ്ങളില്‍ മണ്‍പാത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ വച്ചുണക്കിയശേഷം കുഴിയില്‍ ആഴി കൂട്ടി ചുട്ടെടുക്കുകയായിരുന്നു പതിവ്‌. ചുട്ടതിനു ശേഷം പാത്രങ്ങള്‍ മണല്‍ കൊണ്ടു പൊതിഞ്ഞു തണുപ്പിക്കുന്നു. ഇങ്ങനെ കുഴികളില്‍ ചുട്ടെടുക്കുന്ന പാത്രങ്ങള്‍ ഉടഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്‌. മാത്രമല്ല; അലങ്കരണത്തിനുള്ള സാധ്യത കുറവുമാണ്‌. പാത്രനിര്‍മാണ സമയത്ത്‌ ഉണ്ടാകുന്ന വടിവുകളോ വരകളോ മാത്രമേ അലങ്കരണമായി കാണുകയുള്ളു.

ചുടുന്നതിന്‌ മുമ്പ്‌ കളിമണ്‍പാത്രങ്ങള്‍ മിനുക്കുന്നു

പ്രാചീനകാലത്ത്‌ ചുടാന്‍ ഉപയോഗിച്ചിരുന്ന തീക്കുഴികളില്‍ നിന്നാണ്‌ ചൂളകള്‍ രൂപമെടുത്തത്‌. വിറകു കത്തിക്കാനുള്ള അറയും പാത്രങ്ങള്‍ വയ്‌ക്കുന്നതിനുള്ള അറയും ഏറ്റവും മുകളിലായി പുക പുറത്തുവിടാനുള്ള ചിമ്മിനിയും ചേര്‍ന്നതാണ്‌ ചൂള. "അപ്‌ഡ്രാഫ്‌റ്റ്‌' ചൂളകള്‍ എന്നറിയപ്പെടുന്ന ഇത്തരം അടുപ്പുകള്‍ അനത്തോളിയയില്‍ ബി.സി. 5000ല്‍ത്തന്നെ നിലവിലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ബി.സി. 100 മുതല്‍ തന്നെ ചൈനയില്‍ പ്രചാരത്തിലിരുന്ന ഡൗണ്‍ ഡ്രാഫ്‌റ്റ്‌ ചൂളകള്‍ ഫയര്‍ ക്ലേ ഇഷ്ടികകൊണ്ടാണ്‌ നിര്‍മിച്ചിരുന്നത്‌. ഇതില്‍ ചൂട്‌ താഴേക്കു പ്രവഹിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ട്‌ ചൂളയില്‍ താപനില കൂടുതലായിരിക്കും. ഇന്നു വിറകിനുപകരം എണ്ണ, വാതകം, വൈദ്യുതി എന്നിവകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ടണല്‍ ചൂളകളുണ്ട്‌. എണ്ണയോ വാതകമോ കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ടണല്‍ ചൂളകളാണ്‌ ഇന്ന്‌ കൂടുതലായി ഉപയോഗിക്കുന്നത്‌. പാത്രങ്ങള്‍ ചുടാന്‍ കയറ്റുന്നതിനു മുമ്പുതന്നെ ടണല്‍ ചൂടാക്കിയിടേണ്ടതുണ്ട്‌. മെല്ലെ ചലിക്കുന്ന വണ്ടികളിലൂടെയോ പാളങ്ങളിലൂടെയോ ടണലിനകത്തു കടക്കുമ്പോള്‍ തന്നെ പാത്രങ്ങള്‍ ചൂടായി തുടങ്ങും. ടണലിന്റെ മധ്യഭാഗത്തെത്തുമ്പോഴേക്ക്‌ രണ്ടു വശങ്ങളിലുമുള്ള ബര്‍ണറുകളില്‍ നിന്ന്‌ ചുട്ടു പഴുക്കാന്‍ ആവശ്യമായ ചൂടു ലഭിക്കും. ടണലിന്റെ തലയ്‌ക്കല്‍ ചെല്ലുമ്പോള്‍ പാത്രങ്ങള്‍ തണുക്കാന്‍ തുടങ്ങുന്നു. മുപ്പതു മണിക്കൂര്‍ നീണ്ടുനില്‌ക്കുന്ന ഈ പ്രക്രിയ "ബിസ്‌ക്‌ ഫയറിങ്‌' (ബിസ്‌കറ്റ്‌ ഫയറിങ്‌) എന്ന പേരിലറിയപ്പെടുന്നു.

ഗ്ലേസ്‌

ഇതിനുശേഷം പാത്രങ്ങള്‍ മിനുസപ്പെടുത്തുന്നതിനെ ഗ്ലേസ്‌ എന്നാണ്‌ പറയുന്നത്‌. അണുജീവികളും ജലാംശവും കടക്കാതിരിക്കാനും ഗ്ലേസ്‌ ആവശ്യമാണ്‌. മാത്രമല്ല, ഇത്തരം പാത്രങ്ങള്‍ വൃത്തിയാക്കാനും എളുപ്പമാണ്‌.

ഗ്ലേസ്‌ ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്ന കളിമണ്‍പാത്രങ്ങള്‍

ഗ്ലേസ്‌ ചെയ്യുന്നതിന്‌ പാത്രം ഒരിക്കല്‍ക്കൂടി ചുടേണ്ടതുണ്ട്‌. ഇതിന്‌ "ഗ്ലോസ്റ്റ്‌ ഫയറിങ്‌' എന്നാണ്‌ പേര്‌. സിലിക്ക, അലൂമിന, താഴ്‌ന്ന താപനിലയില്‍ ഉരുകുന്ന ഒരു ക്ഷാര ഓക്‌സൈഡ്‌ അല്ലെങ്കില്‍ ലോഹഓക്‌സൈഡ്‌ (ഫ്‌ളക്‌സ്‌) എന്നിവ നന്നായി പൊടിച്ചു കുഴച്ചെടുത്ത ലായനി വെള്ളം ചേര്‍ത്തു 800ºC-1000ºC താപനിലയിലുള്ള പാത്രത്തിന്റെ പുറത്തു ബ്രഷ്‌ ചെയ്യുകയോ തളിക്കുകയോ ചെയ്യുന്നു. ഈ ലായനിയില്‍ പാത്രം മുക്കിയും ഗ്ലേസ്‌ ചെയ്യാം. ഇന്ന്‌ ഗ്ലേസിന്‌ പലതരം ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നുണ്ട്‌. സാധാരണ മണ്‍പാത്രങ്ങള്‍ക്ക്‌ ലെഡ്‌ യൗഗികങ്ങളോ സോഡിയം, പൊട്ടാസിയം പോലുള്ള ക്ഷാര ഓക്‌സൈഡുകളോ ആണ്‌ ഉപയോഗിക്കുക. "മജോലിക്ക'യില്‍ ലെഡ്‌ ഫ്‌ളക്‌സിനോടൊപ്പം ടിന്നും ചേര്‍ക്കാറുണ്ട്‌. പോഴ്‌സലിന്‍ പാത്രങ്ങള്‍ക്കു കാല്‍സിയമോ ബേരിയമോ ആണ്‌ ഉപയോഗിക്കുന്നത്‌.

ഗ്ലേസ്‌ ചെയ്യുന്നതോടൊപ്പം പല ലോഹ ഓക്‌സൈഡുകളും ചേര്‍ത്തു പല വര്‍ണങ്ങളും വരുത്തുന്നു. ചെമ്പ്‌ പച്ചനിറവും കോബാള്‍ട്ട്‌ നീലനിറവും ഇരുമ്പ്‌ ചുവപ്പുതവിട്ടുനിറങ്ങളും ടിന്നും വനേഡിയവും മഞ്ഞനിറവും നിക്കല്‍ ചാരനിറവും മാങ്‌ഗനീസ്‌ തവിട്ടുകറുപ്പുനിറങ്ങളും നല്‌കുന്നു. വിവിധ ഓക്‌സൈഡുകള്‍ കലര്‍ത്തി നിറങ്ങള്‍ക്കു വ്യതിയാനങ്ങള്‍ വരുത്താം. ഗ്ലേസിനുപയോഗിക്കുന്ന ഘടകങ്ങള്‍ക്കും ചുടല്‍ പ്രക്രിയയ്‌ക്കും മാറ്റം വരുത്തി വിവിധരീതിയില്‍ ഗ്ലേസ്‌ നടത്താം. സാധാരണ ഗ്ലേസിനുപയോഗിക്കുന്ന രാസവസ്‌തുക്കളോടൊപ്പം അലൂമിനയോ ബേരിയമോ ചേര്‍ത്തു സാവധാനം തണുപ്പിച്ചാല്‍ മാറ്റ്‌ഗ്ലേസ്‌ കിട്ടും. ക്രിസ്റ്റലൈന്‍ ഗ്ലേസ്‌, സാള്‍ട്ട്‌ ഗ്ലേസ്‌, ഫ്രിറ്റ്‌ ഗ്ലേസ്‌, ആഷ്‌ ഗ്ലേസ്‌, റാകു ഗ്ലേസ്‌ എന്നിങ്ങനെ വിവിധ ഗ്ലേസുകള്‍ ഉണ്ട്‌.

കളിമണ്‍ പാത്രങ്ങളില്‍ അലങ്കരണങ്ങള്‍ നടത്തുന്നതിന്‌ വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്‌. മെനയുന്ന ഘട്ടത്തില്‍ പാത്രത്തിന്റെ അരുകുകളില്‍ വരമ്പുകള്‍ ഉണ്ടാക്കിയാല്‍ അതും ഒരലങ്കരണമാകും. കൈവിരല്‍ ഉപയോഗിച്ചും അച്ച്‌, റോളര്‍ എന്നിവ കൊണ്ടും വിവിധ രൂപരേഖകള്‍ ഉണ്ടാക്കാം. മിഷിമാ, സ്‌ഗ്രാഫിറ്റോ എന്നിവ പ്രത്യേക അലങ്കരണങ്ങളാണ്‌. ആദ്യത്തെ ഗ്ലേസിനുശേഷം താഴ്‌ന്ന താപനിലയില്‍ ഓക്‌സൈഡുകള്‍ കൊണ്ടോ ഇനാമലുകള്‍ കൊണ്ടോ ലോഹനിറങ്ങള്‍ കൊണ്ടോ രണ്ടാമതൊരു നിറം കൂടി നല്‌കാവുന്നതാണ്‌. കോപ്പര്‍ എന്‍ഗ്രവിങ്ങുകളില്‍ നിന്ന്‌ രൂപരേഖ കടലാസ്സില്‍ പകര്‍ത്തിയ ശേഷം അതു കളിമണ്‍ പാത്രങ്ങളുടെ പ്രതലത്തിലേക്കു പതിപ്പിക്കാം. ഗ്ലേസിനു ശേഷം അലങ്കരണം നടത്തുന്നതിന്‌ അണ്ടര്‍ ഗ്ലേസ്‌ എന്നും അലങ്കരണത്തിനുശേഷം ഗ്ലേസ്‌ ചെയ്യുന്നതിന്‌ ഓവര്‍ ഗ്ലേസ്‌ എന്നും പറയുന്നു.

സാങ്കേതികോപയോഗങ്ങള്‍

വ്യാവസായിക വികസനത്തിന്റെ ഫലമായി പല മേഖലകളിലും സ്വഭാവവിശേഷങ്ങളേറിയ പുതിയ പദാര്‍ഥങ്ങള്‍ ആവശ്യമായി വന്നു. ഇതിന്റെ ഫലമായാണ്‌ കലങ്ങള്‍, ശേഖരണികള്‍, തീന്‍പാത്രങ്ങള്‍, അലങ്കരണവസ്‌തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിലൊതുങ്ങി നിന്ന കളിമണ്‍ വ്യവസായം വ്യാപകമായത്‌. ഏറോസ്‌പേസ്‌ വ്യവസായത്തിലും ന്യൂക്ലിയര്‍ മേഖലയിലും കളിമണ്‍ പദാര്‍ഥങ്ങളുടെ വിനിയോഗം അഭൂതപൂര്‍വമായി ഉയര്‍ന്നു. മിസൈലുകളിലും റോക്കറ്റുകളിലും ആവശ്യമായ നോസ്‌കോണുകള്‍ക്ക്‌ അലൂമിനാ സിറാമിക്‌സ്‌ കൂടിയേ കഴിയൂ. സിലിക്കോണ്‍ കാര്‍ബൈഡ്‌, മോളിബ്‌ഡനം ഡൈസിലിസൈഡ്‌ എന്നിവയാണ്‌ റോക്കറ്റ്‌ നോസിലുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്നത്‌.

റോക്കറ്റുകള്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നിവയുടെ ലോഹഭാഗങ്ങള്‍ക്ക്‌ ആവരണമായി കളിമണ്ണുകൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളാണുപയോഗിക്കുന്നത്‌. ബാഹ്യാകാശ വാഹനങ്ങളില്‍ ഇന്‍സുലേഷനു വേണ്ടിയും കളിമണ്‍പോഴ്‌സലിന്‍ നിര്‍മിതികള്‍ ആവശ്യമായിത്തീര്‍ന്നു. അണുശക്തിയുത്‌പാദനത്തിനു കളിമണ്‍ വ്യവസായം നല്‌കുന്ന സംഭാവന ശ്രദ്ധേയമാണ്‌. അണുവൈദ്യുത കേന്ദ്രങ്ങളില്‍ 90 ശ.മാ. ഇന്ധനമായുപയോഗിക്കുന്നത്‌ കളിമണ്‍ ഉത്‌പന്നമായ യുറേനിയം ആണ്‌. അണുശക്തി റിയാക്‌റ്ററുകളുടെ വിവിധഘട്ടങ്ങളില്‍ കളിമണ്‍പോഴ്‌സലിന്‍ ഉത്‌പന്നങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ലേസര്‍ രംഗത്തും കളിമണ്‍ ഉത്‌പന്നങ്ങള്‍ക്ക്‌ നിര്‍ണായകമായ പങ്കുണ്ട്‌. പീസോ ഇലക്‌ട്രിക്‌ പദാര്‍ഥങ്ങളുടെ പ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നത്‌ കളിമണ്‍ഉത്‌പന്നങ്ങളായ ബേരിയം ടൈറ്റനേറ്റ്‌, ലെഡ്‌സിര്‍കോനേറ്റ്‌ടൈറ്റനേറ്റ്‌ എന്നിവയാണ്‌. സിറാമിക്‌സും ലോഹങ്ങളും ചേര്‍ന്ന "സെര്‍മെറ്റ്‌സ്‌' എന്നൊരു സങ്കരം തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്‌. രണ്ടിന്റെയും ഗുണവിശേഷങ്ങള്‍ സമന്വയിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സെര്‍മെറ്റ്‌സ്‌ രൂപം കൊണ്ടത്‌. അലൂമിനയും ക്രാമിയവും വിവിധാനുപാതങ്ങളില്‍ ചേര്‍ത്തുള്ള സെര്‍മെറ്റ്‌സ്‌ സാധാരണമാണ്‌. ജെറ്റ്‌ എഞ്ചിനുകള്‍, ബ്രക്ക്‌ ഷൂ ലൈനിങ്‌ എന്നിവയില്‍ സെര്‍മെറ്റ്‌സ്‌ ധാരാളമായി ഉപയോഗിച്ചു വരുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ നെതര്‍ലന്‍ഡില്‍ ആവിഷ്‌കരിക്കപ്പെട്ട മാഗ്‌നറ്റിക്‌ സിറാമിക്‌സ്‌ പില്‌ക്കാല ശാസ്‌ത്രീയ പുരോഗതിക്ക്‌ വളരെ സഹായകമായി. വാഹനങ്ങള്‍ക്കാവശ്യമായ നേര്‍കറന്റ്‌ മോട്ടോറുകളിലും കംപ്യൂട്ടറിലും ടെലിവിഷനിലും ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തിലും വ്യാപകമായി ഉപയോഗമുള്ള മാഗ്‌നെറ്റിക്‌ സിറാമിക്‌സാണ്‌ ബേരിയം ഫെറൈറ്റ്‌, ലെഡ്‌ ഫെറൈറ്റ്‌, സ്‌റ്റ്രാണ്‍ഷ്യംഫെറൈറ്റ്‌, നിക്കല്‍സിങ്ക്‌ ഫെറൈറ്റ്‌, മാങ്‌ഗനീസ്‌ ഫെറൈറ്റ്‌ എന്നിവ. വൈദ്യുതി ഇന്‍സുലേറ്റിങ്ങിന്‌ കളിമണ്‍ നിര്‍മിതികളുടെ പങ്ക്‌ വളരെ വലുതാണ്‌. ഉരുക്കു നിര്‍മാണത്തിന്റെ പ്രക്രിയകളിലൊന്നായ ഓക്‌സിജന്‍ പ്രാസസിങ്ങില്‍ വികസിപ്പിച്ചെടുത്തതാണ്‌ റിഫ്രാക്‌റ്ററി സിറാമിക്‌സ്‌. രാസപ്രക്രിയയ്‌ക്ക്‌ വിധേയമല്ലെന്നതും ഉച്ചതാപ സഹനശേഷിയുണ്ടെന്നതും കളിമണ്ണിന്‌ റിഫ്രാക്‌റ്ററിയില്‍ സ്ഥാനം നേടിക്കൊടുത്തു. വൈദ്യശാസ്‌ത്രരംഗത്ത്‌, പ്രത്യേകിച്ച്‌ കൃത്രിമദന്ത നിര്‍മാണത്തില്‍ പോഴ്‌സലിന്റെ പങ്ക്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. തുകല്‍, പ്ലാസ്റ്റിക്‌, വജ്രം, കടലാസ്‌, എണ്ണശുദ്ധീകരണം, പെയിന്റ്‌, ഔഷധ നിര്‍മാണം എന്നീ വ്യവസായങ്ങളില്‍ കളിമണ്‍ ഉത്‌പന്നങ്ങള്‍ക്ക്‌ വ്യാപകമായ ഉപയോഗമുണ്ട്‌.

ഇന്ത്യ

ഇന്ത്യന്‍ നാഗരികതയോളം പഴക്കമുണ്ട്‌ ഇന്ത്യയിലെ കളിമണ്‍ പാത്രനിര്‍മാണത്തിന്റെ ചരിത്രത്തിനും. ബി.സി. 3000ത്തോടടുത്ത കാലത്തുതന്നെ സിന്ധു നദീതടത്തിലെ ജനങ്ങള്‍ സുവികസിതമായ കളിമണ്‍പാത്ര നിര്‍മാണശൈലി സ്വായത്തമാക്കിയിരുന്നുവെന്നതിന്‌ പുരാവസ്‌തു ഗവേഷണങ്ങള്‍ തെളിവു നല്‌കുന്നു. ഉയര്‍ന്നതരം കളിമണ്ണുകൊണ്ട്‌ നിര്‍മിച്ചു ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ്‌ മൊഹഞ്‌ജൊദരോ, ഹാരപ്പ എന്നിവിടങ്ങളില്‍ അക്കാലത്ത്‌ ഗൃഹങ്ങള്‍ നിര്‍മിച്ചിരുന്നത്‌. അന്ന്‌ ഉപയോഗിച്ചിരുന്ന അടുക്കളപ്പാത്രങ്ങളും മേന്മയുള്ളതായിരുന്നു. മൃഗരൂപങ്ങളും മറ്റു രൂപരേഖകളും കൊത്തിയ ടെറാകോട്ടയുടെ ഒരു സമ്പന്നശേഖരവും ഉണ്ടായിരുന്നുവെന്നും ഉത്‌ഖനനങ്ങള്‍ തെളിയിക്കുന്നുണ്ട്‌. ഇന്ത്യന്‍ കളിമണ്‍ വ്യവസായത്തിന്‌ 5000 വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ ഇതില്‍ നിന്നു വ്യക്തമാകുന്നു.

മണ്‍പാത്രനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്‌ത്രീ

ആദ്യകാലങ്ങളില്‍ നിര്‍മിച്ചിരുന്ന കളിമണ്‍ പാത്രങ്ങളില്‍ മിക്കവയും ഗൃഹോപകരണങ്ങളും കളിപ്പാട്ടങ്ങളും ആയിരുന്നു. വ്യാവസായിക വികസനവും കളിമണ്‍പാത്ര നിര്‍മാണ സാങ്കേതികത്വത്തിന്റെ വളര്‍ച്ചയും പുതിയ ഉത്‌പന്നങ്ങളുടെ നിര്‍മിതി സുസാധ്യമാക്കി. അന്താരാഷ്‌ട്രനിലവാരത്തോടു കിടപിടിക്കാന്‍ തക്ക സാങ്കേതിക ശേഷി ഇപ്പോള്‍ ഇന്ത്യന്‍ കളിമണ്‍പാത്ര നിര്‍മാണ ശൈലിക്കുണ്ട്‌. കളിമണ്‍പാത്രങ്ങളുടെ ഉപയോഗം വ്യാപകമായതോടെ വന്‍തോതില്‍ മുതല്‍മുടക്കി സാങ്കേതികശേഷി വികസിപ്പിച്ചുകൊണ്ടുള്ള കൂറ്റന്‍ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഇന്ന്‌ ഇന്ത്യയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും കളിമണ്‍ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന നിരവധി വന്‍കിട സ്ഥാപനങ്ങളുണ്ട്‌. വന്‍കിട സ്ഥാപനങ്ങളോടൊപ്പം ചെറുകിടകുടില്‍ വ്യവസായാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അഭിവൃദ്ധിപ്പെട്ടു വരുന്നു. വന്‍കിടകളിമണ്‍പാത്ര നിര്‍മാണ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്‌ ആന്ധ്രപ്രദേശ്‌, കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌.

കുടില്‍ വ്യവസായാടിസ്ഥാനത്തിലുള്ള കളിമണ്‍പാത്രനിര്‍മാണം

സാനിട്ടറി ഉത്‌പന്നങ്ങളും ഇലക്‌ട്രിക്കല്‍ ഇന്‍സുലേറ്ററുകളും നിര്‍മിക്കുന്ന ഗവണ്‍മെന്റ്‌ സിറാമിക്‌ ഫാക്‌റ്ററി ആന്ധ്രയിലെ നെല്ലൂരില്‍ (ഗൂഡുര്‍) ഉണ്ട്‌. പശ്ചിമബംഗാളില്‍ കൊല്‍ക്കത്ത ആസ്ഥാനമാക്കി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബംഗാള്‍ പോട്ടറീസ്‌ ലിമിറ്റഡില്‍ ഉത്‌പാദിപ്പിക്കുന്ന കളിമണ്‍ പാത്രങ്ങള്‍ക്ക്‌ അന്തരാഷ്‌ട്ര നിലവാരം തന്നെയുണ്ട്‌. പശ്ചിമബംഗാളില്‍ കളിമണ്‍ പാത്രവ്യവസായത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌ വെസ്റ്റ്‌ ബംഗാള്‍ സിറാമിക്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ ആണ്‌. മദ്രാസില്‍ തെയ്‌നാംപെട്ടിലെ തമിഴ്‌നാട്‌ സിറാമിക്‌സിലും ഉയര്‍ന്നതരം കളിമണ്‍ ഉത്‌പന്നങ്ങള്‍ നിര്‍മിച്ചുവരുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലുമുണ്ട്‌.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം ഈ വ്യവസായം അഭൂതപൂര്‍വമായ പുരോഗതി നേടിയിട്ടുണ്ടെന്ന്‌ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. പിഞ്ഞാണപ്പാത്രങ്ങള്‍, ഗ്ലേസ്‌ഡ്‌ ടൈലുകള്‍, ഇന്‍സുലേറ്ററുകള്‍, ചൂളകള്‍ക്കാവശ്യമായ ഉച്ചതാപസഹ പദാര്‍ഥങ്ങള്‍, സാനിറ്ററി ഉത്‌പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന നിരവധി വന്‍കിട ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്‌.

വിദേശവാണിജ്യരംഗം മൊത്തത്തില്‍ വിശകലനം ചെയ്യുമ്പോള്‍ കളിമണ്‍ നിര്‍മിതികളുടെ കയറ്റിറക്കില്‍ ചില പ്രത്യേകതകള്‍ ഉണ്ടെന്നു കാണാം.

സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷമുള്ള വ്യവസായപുരോഗതിയുടെ ഫലമായി കളിമണ്‍ ഉത്‌പന്നങ്ങളുടെ ഇറക്കുമതി വേണ്ടെന്നായിട്ടുണ്ട്‌. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉത്‌പാദനശേഷി മെച്ചപ്പെട്ടതായതുകൊണ്ട്‌ ഇറക്കുമതി അനുവദിക്കുന്നില്ല എന്നുതന്നെ പറയാം. സാങ്കേതികത്വം കൂടുതലുള്ള റിഫ്രാക്‌റ്ററി പോലുള്ള നിര്‍മിതികള്‍ അവികസിതവികസ്വരരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇന്ത്യയിലെ പോഴ്‌സലിന്‍ പാത്രനിര്‍മിതികള്‍ക്ക്‌ ഈ മേഖലയിലെ അതികായരായ ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളുടെ ഉത്‌പന്നങ്ങളുമായി നിലവാരത്തിലും വിലയിലും മത്സരിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ഇവയുടെ കയറ്റുമതി ഇല്ലെന്നുതന്നെ പറയാം.

കേരളം

കേരളത്തിലെ ഒരു പ്രമുഖ കുടില്‍ വ്യവസായമാണ്‌ കളിമണ്‍ ഉത്‌പന്നങ്ങളുടെ നിര്‍മാണം. ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനു ഗവണ്‍മെന്റ്‌ നല്‌കുന്ന സാമ്പത്തികസാങ്കേതിക സഹായങ്ങളുടെ ഒരു നല്ലപങ്ക്‌ ഈ മേഖലയില്‍ എത്തുന്നുണ്ട്‌. ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ ഒത്താശകളും ഈ വ്യവസായത്തിനു ലഭിക്കുന്നുണ്ട്‌. പരമ്പരാഗതമായ ഈ തൊഴില്‍ ഇന്നു വ്യാവസായികാടിസ്ഥാനത്തില്‍ വികാസം പ്രാപിച്ചു വരുന്നു. ഇതിനു തെളിവാണ്‌ ഇഷ്ടിക, തറയോട്‌, മേച്ചിലോട്‌ എന്നിവ നിര്‍മിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ബാഹുല്യം. കളിമണ്‍ പാത്രങ്ങളുടെ നിര്‍മിതിയിലേര്‍പ്പെടുന്ന സ്ഥാപനങ്ങളും എണ്ണത്തില്‍ കുറവല്ല.

കേരളത്തില്‍ കളിമണ്‍ പാത്രവ്യവസായം വന്‍കിട വ്യവസായമായി രൂപംകൊണ്ടത്‌ കുണ്ടറയില്‍ ഒരു കളിമണ്‍ പാത്ര നിര്‍മാണഫാക്‌റ്ററി ആരംഭിച്ചതോടെയാണ്‌ (1940). പിഞ്ഞാണപാത്രങ്ങളുടെ നിര്‍മാണത്തിന്‌ മാത്രമായി ആരംഭിച്ച കേരളാ സിറാമിക്‌സ്‌ പിന്നീട്‌ പല വിപുലീകരണങ്ങള്‍ക്കും വിധേയമായി. ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പോഴ്‌സലിന്‍, കയോലിന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്‌. ചീനക്കളിമണ്ണിന്റെ ഖനനവും പേപ്പര്‍ കോട്ടിങ്‌ ക്ലേ ഉള്‍പ്പെടെ ഉയര്‍ന്നതരം ചീനക്കളിമണ്ണ്‌ സംസ്‌കരിച്ചു തയ്യാറാക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങളും കയോലിന്‍ വിഭാഗത്തിന്റെ ചുമതലയിലാണ്‌. പോഴ്‌സലിന്‍ പാത്രങ്ങളും ലോ ടെന്‍ഷന്‍ ഇലക്‌ട്രിക്കല്‍ ഇന്‍സുലേറ്ററുകളും നിര്‍മിക്കുന്ന ചുമതല പോഴ്‌സലിന്‍ വിഭാഗത്തിന്റേതാണ്‌. ജപ്പാന്റെ സാങ്കേതിക സഹകരണത്തോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌.

പൊതുമേഖലാടിസ്ഥാനത്തില്‍ 1969ല്‍ സ്ഥാപിതമായ ചാലക്കുടി റിഫ്രാക്‌റ്ററി ലിമിറ്റഡ്‌ 1971ല്‍ ഉത്‌പാദനം ആരംഭിച്ചു. ബി.പി.സെറ്റ്‌, സിലിമനൈറ്റ്‌ ബ്രിക്ക്‌, ഇന്‍സുലേഷന്‍ ബ്രിക്ക്‌, ഹൈഹീറ്റ്‌ ഡ്യൂട്ടി റിഫ്രാക്‌റ്ററി, സിര്‍ക്കോണ്‍ നോസില്‍, ഗ്രാഫൈറ്റ്‌ സ്റ്റോപ്പര്‍ ഹെഡ്‌ എന്നിവയാണ്‌ ഇവിടത്തെ പ്രധാന ഉത്‌പന്നങ്ങള്‍.

കയോലിന്‍ സംസ്‌കരണത്തിലും കളിമണ്‍പാത്ര നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന മറ്റു പ്രമുഖ സ്ഥാപനങ്ങളാണ്‌ ഇംഗ്ലീഷ്‌ ഇന്ത്യാ ക്ലേസ്‌ ലിമിറ്റഡ്‌ (തിരുവനന്തപുരം), തോമസ്‌ സ്റ്റീഫന്‍ ആന്‍ഡ്‌ കമ്പനി ലിമിറ്റഡ്‌ (കൊല്ലം), സ്റ്റാന്‍ഡേഡ്‌ പോട്ടറി വര്‍ക്ക്‌സ്‌ പ്രവറ്റ്‌ ലിമിറ്റഡ്‌ (ആലുവ), ന്യൂ ഇന്ത്യാ സിറാമിക്‌സ്‌ ലിമിറ്റഡ്‌ (കോഴിക്കോട്‌), സൂപ്പര്‍ ക്ലേസ്‌ ആന്‍ഡ്‌ മിനറല്‍സ്‌ മൈനിങ്‌ കമ്പനി പ്രവറ്റ്‌ ലിമിറ്റഡ്‌ (പാപ്പിനിശ്ശേരി, വളപട്ടണം) എന്നിവ.

ഇന്ത്യയില്‍ നിന്നു ഖനനം ചെയ്യപ്പെടുന്ന കളിമണ്ണില്‍ ഏറ്റവും ഗുണനിലവാരമുള്ളതാണ്‌ കേരളത്തിലെ കളിമണ്ണ്‌. കേരളത്തിലെ മൊത്തം കളിമണ്‍ നിക്ഷേപം 75 കോടി ടണ്‍ ആണെന്നു കണക്കാക്കിയിട്ടുണ്ട്‌. സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള ജിയോളജിക്കല്‍ ഡയറക്ടറേറ്റും ജിയോളജിക്കല്‍ സര്‍വേ ഒഫ്‌ ഇന്ത്യയും ചേര്‍ന്ന്‌ കേരളത്തില്‍ പുതിയ കളിമണ്‍ നിക്ഷേപങ്ങള്‍ കണ്ടുപിടിക്കാനുള്ള പര്യവേക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്‌.

ഗവേഷണം

പോട്ടറി, റിഫ്രാക്‌റ്ററി എന്നിവയെ സംബന്ധിച്ച കാര്യങ്ങള്‍, ഇന്ത്യയില്‍ നിന്നു ലഭിക്കുന്ന അസംസ്‌കൃത പദാര്‍ഥങ്ങളുടെ വിനിയോഗം, ഇറക്കുമതി നിയന്ത്രണം, നൂതനനിര്‍മാണപ്രക്രിയകളുടെയും ഉത്‌പന്നങ്ങളുടെയും വികസനം, വ്യാവസായികോത്‌പന്നങ്ങളുടെ ഗുണനിയന്ത്രണവും നിലവാരം മെച്ചപ്പെടുത്തലും ഏകീകരണവും തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച പ്രയുക്ത ഗവേഷണത്തിനും മറ്റും വേണ്ടി കൊല്‍ക്കത്ത ആസ്ഥാനമാക്കി കേന്ദ്രഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ഗ്ലാസ്‌ ആന്‍ഡ്‌ സിറാമിക്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍