This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളിപ്പാട്ടങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളിപ്പാട്ടങ്ങള്‍

വിനോദത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍. കുട്ടികളുടെ കളിക്കോപ്പുകളാണ്‌ ഇതുകൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കു വിനോദത്തിനുപയോഗിക്കാവുന്ന കളിപ്പാട്ടങ്ങളും എണ്ണത്തില്‍ കുറവല്ല. അതിപുരാതനകാലം മുതല്‌ക്കേ മനുഷ്യര്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചുപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്‌. ഓലപ്പന്തു തുടങ്ങി ബാറ്ററികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന റോക്കറ്റുകള്‍ വരെ ഒട്ടുവളരെ കളിപ്പാട്ടങ്ങള്‍ ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഉത്‌ഖനനങ്ങളില്‍ നിന്നു കണ്ടെടുക്കപ്പെട്ട പുരാവസ്‌തുക്കളില്‍ സാമാന്യം നല്ലൊരു ശതമാനം കളിപ്പാട്ടങ്ങളാണ്‌. പ്രസിദ്ധങ്ങളായ മിക്ക കാഴ്‌ചബംഗ്ലാവുകളിലും കളിപ്പാട്ടങ്ങളുടെ ശേഖരം സൂക്ഷിച്ചിട്ടുണ്ട്‌. മൃഗങ്ങളുടെ രൂപങ്ങളുള്ള കളിപ്പാട്ടങ്ങള്‍ അന്നും ഇന്നും കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടവ തന്നെ. പുരാതന ഗ്രീസിലെ കുട്ടികള്‍ ഉപയോഗിച്ചിരുന്ന "കളിമൃഗ'ങ്ങള്‍ അത്യാകര്‍ഷകങ്ങളാണ്‌. ഒരു ചരടു വലിച്ചാല്‍ ഇവയുടെ വായ്‌ തുറക്കുകയും അടയുകയും വാല്‍ ചലിക്കുകയും ചെയ്യുമായിരുന്നു. ചരടു വലിച്ചു നീക്കാവുന്ന കളിമണ്‍ പാവകളും ഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നു. ഈജിപ്‌തുകാരുടെ പാവകള്‍ക്ക്‌ കാലുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അവയുടെ മുടിയിഴകള്‍ മണികള്‍ കോര്‍ത്തു ഭംഗിപ്പെടുത്തിയിരുന്നു. പുരാതന റോമാക്കാര്‍ കമ്പിളികൊണ്ടു തുന്നി പാവകള്‍ നിര്‍മിച്ചിരുന്നതായി തെളിവുകളുണ്ട്‌. ആദ്യകാലത്ത്‌ നിര്‍മിക്കപ്പെട്ട കളിപ്പാട്ടങ്ങളില്‍ ഒന്നു പന്ത്‌ ആയിരിക്കണം.

പാവകള്‍കൊണ്ടൊരു ക്ലാസ്‌മുറി (ജർമനി 19-ാം ശ.)

കളിമണ്ണുകൊണ്ടുണ്ടാക്കിയ പന്തുകളാവാം അക്കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്‌. എറിഞ്ഞു കളിക്കുന്നതിനുള്ള സൗകര്യം കരുതിയാകണം കമ്പിളിയോ ഈറയോ ഓലയോ കൊണ്ടുണ്ടാക്കിയ പന്ത്‌ പിന്നീട്‌ നിര്‍മിച്ചത്‌. റബ്ബര്‍ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പു തന്നെ ചൂരല്‍പ്പൊളി കൊണ്ടു മെനഞ്ഞുണ്ടാക്കിയ പന്ത്‌ നിര്‍മിക്കപ്പെട്ടു. മിക്കവാറും എല്ലാ രാജ്യങ്ങളിലും പകിട ഉരുട്ടിക്കളിക്കല്‍ വളരെ മുമ്പുതന്നെ ഉടലെടുത്തിരിക്കണം. ചൈനക്കാര്‍ ഇരുമ്പുണ്ടകളാണ്‌ ഇതിനുപയോഗിച്ചിരുന്നത്‌. അഗേറ്റ്‌, പാറ, മാര്‍ബിള്‍, കളിമണ്ണ്‌, സ്‌ഫടികം എന്നിവ നെതര്‍ലന്‍ഡ്‌, ജര്‍മനി, ഇംഗ്ലണ്ട്‌, യു.എസ്‌. തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു. ചാടിന്റെ പുറത്തു നിര്‍ത്തിയ മൃഗരൂപങ്ങളും കളിവണ്ടികളും രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഗ്രീക്കുകാരും ഭാരതീയരും നിര്‍മിച്ചിരുന്നു. വണ്ടിച്ചക്രങ്ങള്‍ ആദ്യമായി നിര്‍മിച്ചത്‌ ഗ്രീക്കുകാരാണ്‌. കളിരഥങ്ങളും മറ്റും മോഹഞ്‌ജൊദരോയില്‍ നിന്നും ഉത്‌ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്‌. പുതിയ വസ്‌തുക്കള്‍ എന്തു തന്നെ നിര്‍മിക്കപ്പെട്ടാലും അവയുടെ ചെറിയ രൂപങ്ങള്‍ കളിപ്പാട്ടങ്ങളായി നിര്‍മിക്കുന്ന പതിവ്‌ പണ്ടു മുതല്‌ക്കേ ഉണ്ടായിരുന്നതായി കാണാം. ഒരു വടിയും അറ്റത്ത്‌ കുതിരത്തലയുമുണ്ടായിരുന്ന "ഹോബി ഹോഴ്‌സുകള്‍' പല പരിഷ്‌കാരങ്ങള്‍ക്കും വിധേയമായാണ്‌ കാലും ചട്ടവും ഉള്ള ഇന്നത്തെ കളിക്കുതിരകളായിത്തീര്‍ന്നത്‌.

ജാപ്പനീസ്‌ പാവകള്‍

താക്കോല്‍ കൊടുത്താല്‍ നൃത്തം ചെയ്യുകയും പാടുകയും വരയ്‌ക്കുകയും ചെയ്യുന്ന പാവകള്‍ യന്ത്രയുഗത്തിന്റെ സംഭാവനയാണ്‌. യങ്‌ റൈറ്റര്‍ എന്ന പേരില്‍ ബ്രിട്ടനില്‍ നിര്‍മിക്കപ്പെട്ട പ്രസിദ്ധിയാര്‍ജിച്ച ഒരു കളിപ്പാവയ്‌ക്ക്‌ 50 വാക്കില്‍ ഒതുങ്ങുന്ന ഒരു എഴുത്ത്‌ എഴുതാന്‍ കഴിയുമായിരുന്നു. ഇത്തരത്തില്‍ ഫ്രാന്‍സില്‍ സംവിധാനം ചെയ്‌ത മറ്റൊരു കളിപ്പാവയ്‌ക്കു ലൂയി XVI-ാമന്റെ പത്‌നിയുടെ ചിത്രം വരയ്‌ക്കുവാന്‍ കഴിയുമായിരുന്നു. സര്‍ക്കസ്‌ കോമാളി, ബാലേ നര്‍ത്തകി, കുരങ്ങ്‌, കരടി തുടങ്ങി പല രൂപത്തില്‍ നിര്‍മിക്കപ്പെടുന്ന പാവകള്‍ താക്കോല്‍ കൊടുത്താലുടനെ തങ്ങളുടെ വൈദഗ്‌ധ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. ഗൃഹോപകരണങ്ങളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനായി ഉണ്ടാക്കിയ ചെറിയ അലമാരകളാണ്‌ പാവവീടുകള്‍ നിര്‍മിക്കുന്നതിനു പ്രചോദനം നല്‌കിയത്‌. 19-ാം നൂറ്റാണ്ടോടെ ഒരു പാവയ്‌ക്കാവശ്യമുള്ളതെല്ലാം നിര്‍മിക്കപ്പെട്ടു തുടങ്ങി. പഴങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി, മീന്‍, തൊപ്പി, മരുന്നുകള്‍ ഇവയെല്ലാം കളിമണ്ണിലും മറ്റും നിര്‍മിച്ചു വില്‌പന തുടങ്ങി. വളരെ മുമ്പുതന്നെ പാവകള്‍ക്കുവേണ്ടി തൊട്ടിലും കിടക്കയും മറ്റും നിര്‍മിക്കപ്പെട്ടിരുന്നു. കുട്ടികളെ കിടത്തി തള്ളിക്കൊണ്ടുപോകുന്ന വണ്ടി (പെറാംബുലേറ്റര്‍) കണ്ടുപിടിക്കപ്പെട്ടതോടെ പാവകള്‍ക്കു വേണ്ടിയുള്ള പെറാംബുലേറ്ററുകളും നിര്‍മിക്കപ്പെട്ടു. റ്റെഡി ബെയര്‍ (teddy bear) ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ട ഒരു കളിപ്പാട്ടമാണ്‌. യു.എസ്‌. പ്രസിഡന്റായിരുന്ന തിയൊഡോര്‍ റൂസ്‌വെല്‍റ്റ്‌ വേട്ടയാടിപ്പിടിച്ച കരടിക്കുട്ടിയെ അനുകരിച്ച്‌ നിര്‍മിക്കപ്പെട്ടതാണ്‌ ഇത്‌. അക്കാലത്ത്‌ പത്രങ്ങളില്‍ വന്ന ഒരു കാര്‍ട്ടൂണില്‍ ഇതിനെ "റ്റെഡി ബെയര്‍' എന്ന്‌ വിശേഷിപ്പിച്ചിരുന്നു. തിയൊഡോറിന്റെ ഓമനപ്പേരാണ്‌ റ്റെഡി.

പരമ്പരാഗത ഇന്ത്യന്‍ പാവകള്‍ (പഞ്ചാബ്‌)

കളിമണ്ണുകൊണ്ടും മിനുസമുള്ള കല്ലുകൊണ്ടും നിര്‍മിക്കപ്പെട്ട സൈനികപ്പാവകള്‍ വളരെ മുമ്പുതന്നെ പ്രചാരം നേടിക്കഴിഞ്ഞുവെങ്കിലും ലോഹം കൊണ്ട്‌ അവ നിര്‍മിക്കാന്‍ തുടങ്ങിയത്‌ 18-ാം നൂറ്റാണ്ടിനു ശേഷമാണ്‌. പ്രഷ്യയിലെ മഹാനായ ഫ്രഡറിക്‌ ചക്രവര്‍ത്തിയുടെ വിജയാഘോഷങ്ങളോടനുബന്ധിച്ച്‌ നൂറംബര്‍ഗിലാണ്‌ ആദ്യമായി ഇത്തരത്തിലുള്ള ലോഹപ്പാവകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്‌. അവ പരന്നതായിരുന്നു. പിന്നീട്‌ ഇന്നു കാണുന്നതുപോലെ യാഥാതഥ്യം പുലര്‍ത്തുന്ന പ്രതിമകള്‍ നിര്‍മിച്ചു തുടങ്ങി. നെപ്പോളിയന്‍ ഇംഗ്ലണ്ടുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന കാലത്ത്‌ ഫ്രഞ്ച്‌ യൂണിഫോം അണിയിച്ച പാവകളെ ഇംഗ്ലീഷ്‌ യൂണിഫോം അണിയിച്ച പാവകളെക്കൊണ്ട്‌ തോല്‌പിക്കുന്നത്‌ ഇംഗ്ലീഷ്‌ കുട്ടികള്‍ക്ക്‌ പ്രിയങ്കരമായ ഒരു വിനോദമായിരുന്നു.

വിവിധതരം കളിപ്പാട്ടങ്ങള്‍

10-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട തെറ്റാലി (കാറ്റപുള്‍ട്ട്‌) ആയിരിക്കണം കളി ആയുധങ്ങളില്‍ ആദ്യത്തേത്‌. 16-ാം നൂറ്റാണ്ടു മുതല്‍ തന്നെ ലണ്ടനിലും പാരിസിലും മറ്റും കളിത്തോക്കുകള്‍ പ്രചാരത്തിലിരുന്നതായി തെളിവുകളുണ്ട്‌. ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമാണ്‌ പട്ടംപറത്തല്‍ മറ്റു രാജ്യങ്ങളിലേക്കു പ്രചരിച്ചത്‌. പാശ്‌ചാത്യരാജ്യങ്ങളില്‍ ഇവയ്‌ക്കു പൗരസ്‌ത്യ രാജ്യങ്ങളിലുള്ളത്ര പ്രചാരം ഇല്ല. ബലൂണുകള്‍ കണ്ടുപിടിക്കപ്പെട്ടത്‌ യൂറോപ്പിലാണ്‌. തോലുകൊണ്ടുണ്ടാക്കി വായു നിറച്ച ബലൂണുകള്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നതായി ഷെയ്‌ക്‌സ്‌പിയര്‍ കൃതികളില്‍ പര-ാമര്‍ശമുണ്ട്‌. ബലൂണില്‍ വിസില്‍ ഘടിപ്പിച്ച്‌ ഞെക്കി ശബ്‌ദം ഉണ്ടാക്കിക്കളിക്കുക കുട്ടികളുടെ പ്രിയപ്പെട്ട വിനോദമാണ്‌. വിക്‌ടോറിയന്‍ കാലഘട്ടത്തില്‍ ഞായറാഴ്‌ച ദിവസങ്ങളില്‍ പാവകളി നിരോധിക്കപ്പെട്ടിരുന്നു.

ശാസ്‌ത്രം പുരോഗമിച്ചതോടെ കളിപ്പാട്ടങ്ങളും ശാസ്‌ത്രീയമായി വന്‍തോതില്‍ നിര്‍മിക്കപ്പെട്ടു. 1816ലാണ്‌ കലിഡോസ്‌കോപ്പുകള്‍ കണ്ടുപിടിക്കപ്പെട്ടത്‌. ചിത്രങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുത്തുന്ന "മാജിക്‌ ലാന്റേണ്‍' മറ്റൊരു പ്രധാന കണ്ടുപിടിത്തമാണ്‌. എയ്‌റോപ്ലെയിന്‍, ട്രയിന്‍, വാഷിങ്‌ മെഷീന്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍ എന്നിങ്ങനെ ആധുനിക ശാസ്‌ത്രത്തിന്റെ നേട്ടങ്ങളൊക്കെ കളിപ്പാട്ടങ്ങളുടെ രൂപത്തിലും നിര്‍മിച്ചു വരുന്നുണ്ട്‌.

അനുകരണവും പഠനവുമാണ്‌ കളികളില്‍ പ്രതിഫലിക്കുന്ന രണ്ടു കാര്യങ്ങള്‍. ആഹാരം തേടുന്നതിനോ അപകടങ്ങളില്‍ നിന്നു രക്ഷനേടുന്നതിനോ ശീലിക്കുന്നതിന്റെ ഒരു ഭാഗമായി കുട്ടികളുടെ കളികള്‍ എടുക്കുന്നതില്‍ തെറ്റില്ല. നൂല്‍പ്പന്തിന്‍െറ പുറകേ ഓടുന്ന ഒരു പൂച്ചക്കുഞ്ഞ്‌ ഭാവിയില്‍ എലിയെപ്പിടിക്കുന്നതിന്‌ പരിശീലനം നേടുകയാണ്‌ കളിയിലൂടെ. ഒളിച്ചുകളിയും ചോറും കറിയും വച്ചു കളിയും എല്ലാം അനുകരണവും പഠനവും പ്രതിഫലിപ്പിക്കുന്നു. പല മനുഷ്യവര്‍ഗങ്ങളുടെ ഇടയിലും ആയുധാഭ്യസനം കുട്ടിക്കാലം മുതല്‍ പരിശീലിപ്പിക്കുന്നുണ്ട്‌. ഗോള്‍ഫ്‌ വടികള്‍, ഹോക്കി സ്റ്റിക്കുകള്‍ മുതലായവ പ്രാചീനകാലത്തെ ചില ആയുധങ്ങളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞവയാണ്‌. കളികള്‍ക്കും കായികവിനോദങ്ങള്‍ക്കും ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ആദ്യകാലത്തെ ആയുധങ്ങളുടെ പിന്‍ഗാമികളാണെന്നതില്‍ തര്‍ക്കമില്ല. കളി ആയുധങ്ങളും കളി സൈന്യങ്ങളും ഉണ്ടാക്കുവാന്‍ അതിപുരാതന കാലം മുതല്‌ക്കേ ശ്രമിച്ചിരുന്നു.

കളിക്കോപ്പുകള്‍ ഉപയോഗിച്ചുള്ള കളികളില്‍ നിന്നാണ്‌ കുട്ടികള്‍ക്ക്‌ ഭാവിയിലേക്കു വേണ്ടുന്ന പ്രതിഭ നേടാന്‍ കഴിയുന്നത്‌. കളിക്കോപ്പുകള്‍ കൊണ്ടുള്ള കളികളിലൂടെ കരവിരുതും മെയ്‌വഴക്കവും അവര്‍ ശീലിച്ചു തുടങ്ങും. മതപരമായ ആചാരങ്ങളും കളിപ്പാട്ടനിര്‍മാണത്തെ സ്വാധീനിച്ചിട്ടുണ്ട്‌. ക്രിസ്‌മസ്‌ ട്രീ, ഈസ്റ്റര്‍ എഗ്ഗ്‌ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. യാന്ത്രിക യുഗത്തിന്റെ പിറവിയോടെ പാരമ്പര്യരീതിയിലുള്ള കളിപ്പാട്ടങ്ങളുടെ നിര്‍മാണം വികസിത രാജ്യങ്ങളില്‍ നിലച്ചിരിക്കയാണ്‌. എന്നാല്‍ ഇന്ത്യ, ചൈന, ജപ്പാന്‍, മെക്‌സിക്കോ, പെറു, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പാരമ്പര്യ രീതിയിലുള്ള അനവധി കളിപ്പാട്ടങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ട്‌. മുത്തശ്ശിക്കഥകളിലെ കഥാപാത്രങ്ങളുടെ മാതൃകകള്‍ കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളാണ്‌. നാരും താരും ഇലയും മണ്ണും ചെളിയും എല്ലാം കുട്ടികള്‍ക്ക്‌ കളിക്കോപ്പുകള്‍ തന്നെ. നിസ്സാരമെന്നു മുതിര്‍ന്നവര്‍ക്കു തോന്നുന്ന പല വസ്‌തുക്കളും കുട്ടികളുടെ കണ്ണില്‍ രസകരങ്ങളാണ്‌. സമ്പന്നത അനുഗ്രഹിച്ചിട്ടില്ലാത്ത നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക്‌ കണ്ണന്‍ ചിരട്ടയില്‍ മണ്ണുനിറച്ച്‌ അപ്പം ഉണ്ടാക്കുന്നതും, പ്ലാവിലകള്‍ കോര്‍ത്ത്‌ കിരീടവും ബെല്‍റ്റും ഉണ്ടാക്കുന്നതും ഓലപ്പാമ്പും ഓലപ്പന്തും നിര്‍മിക്കുന്നതും വാഴപ്പോളകൊണ്ട്‌ വാദ്യോപകരണം നിര്‍മിക്കുന്നതും വളരെ കൗതുകകരമാണ്‌. ഒരു തരത്തില്‍ നോക്കിയാല്‍ "റെഡിമെയ്‌ഡ്‌' കളിപ്പാട്ടങ്ങളേക്കാള്‍ കുട്ടികളുടെ കരകൗശലം കൂടുതല്‍ വികസിക്കുന്നത്‌ ഇത്തരം കളിപ്പാട്ടങ്ങളുടെ നിര്‍മാണത്തിലൂടെയാണ്‌. എല്ലാ വികസിതരാജ്യങ്ങളിലും കളിപ്പാട്ട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ തന്നെയുണ്ട്‌.

നഴ്‌സറി ക്ലാസ്സുകളില്‍ കളിപ്പാട്ടങ്ങളിലൂടെയുള്ള വിദ്യാഭ്യാസത്തിന്‌ ഇക്കാലത്ത്‌ കൂടുതല്‍ പ്രാധാന്യം നല്‌കിവരുന്നുണ്ട്‌. എണ്ണുവാനും നിറങ്ങള്‍ തിരിച്ചറിയുവാനും വിവിധതരം ചലനങ്ങള്‍ മനസ്സിലാക്കുവാനും കായികശക്തി വര്‍ധിപ്പിക്കുവാനും കളിപ്പാട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. കണ്ടും സ്‌പര്‍ശിച്ചും കൂട്ടുകാര്‍ക്ക്‌ കൊടുത്തും വാങ്ങിയും കളികളിലൂടെ വേണം ഭാവികാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്‌ എന്ന തത്ത്വം ഇന്ന്‌ കൂടുതല്‍ സ്വീകാര്യമായിട്ടുണ്ട്‌.

മാനസികാസ്വാസ്ഥ്യം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതിനു മനശ്ശാസ്‌ത്രജ്ഞര്‍ കളിപ്പാട്ടങ്ങളും ഉപയോഗിക്കുന്നുണ്ട്‌. കളിയിലൂടെയുള്ള ചികിത്സ(play therapy)യ്‌ക്ക്‌ ആധുനിക വൈദ്യശാസ്‌ത്രത്തില്‍ പ്രമുഖസ്ഥാനമുണ്ട്‌. സന്തോഷം, ദേഷ്യം, നൈരാശ്യം തുടങ്ങിയ വികാരങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രകടിപ്പിക്കുവാന്‍ കുട്ടിയെ അനുവദിക്കുകയാണിവിടെ ചെയ്യുന്നത്‌. ചെറിയ തരം ആയുധങ്ങളും കളിപ്പാട്ടങ്ങളും നല്‌കി കുട്ടിയെ സ്വതന്ത്രനായി വിടുന്നു. കളിയുടെ സ്വഭാവത്തില്‍ നിന്നും കുട്ടിയുടെ സ്വഭാവവൈകല്യങ്ങള്‍ മനശ്ശാസ്‌ത്രജ്ഞന്‍ മനസ്സിലാക്കുന്നു. മണ്ണ്‌, വെള്ളം, ചായങ്ങള്‍, കളിമണ്ണ്‌, കളിത്തോക്കുകള്‍, റബ്ബര്‍കൊണ്ടു നിര്‍മിച്ച കത്തികള്‍, കളിമൃഗങ്ങള്‍, പാവകള്‍ അടങ്ങുന്ന കുടുംബം എന്നിവയാണ്‌ സാധാരണയായി കുട്ടിക്കു നല്‌കുന്ന കളിപ്പാട്ടങ്ങള്‍. കുട്ടിക്ക്‌ മാതാപിതാക്കളോടുള്ള വികാരവും കുട്ടി അവരില്‍ നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റങ്ങളും മറ്റും കളിയിലൂടെ അനാവൃതമാവുന്നു. ഇതില്‍ നിന്നു കുട്ടിയെ അലട്ടുന്ന മാനസികപ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും മനശ്ശാസ്‌ത്രജ്ഞനു സാധിക്കുന്നു. സ്വയം മനസ്സിലാക്കാനും മനക്കരുത്ത്‌ ആര്‍ജിക്കാനും അപകടസാധ്യതകള്‍ നേരിടാനും അതിലൂടെ ആത്മധൈര്യം കൈവരിക്കാനും കളിപ്പാട്ടങ്ങളിലൂടെയുള്ള കളികള്‍ കുട്ടികളെ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍