This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളറിമെട്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളറിമെട്രി

Colourimetry

നിറത്തിന്റെ തീവ്രത അളന്നോ താരതമ്യപ്പെടുത്തിയോ ഒരു പദാര്‍ഥത്തിന്റെ സാന്ദ്രത നിര്‍ണയിക്കുന്ന പ്രായോഗിക പ്രവിധി.

മൂലകങ്ങളുടെ പരിമാണാത്‌മക വിശ്ലേഷണത്തിന്‌ (quantitative analysis) കളറിമെട്രി ഉപയോഗപ്പെടുത്തുന്നു. ഓരോ പദാര്‍ഥവും അഭിലക്ഷണമായ ചില തരംഗദൈര്‍ഘ്യങ്ങളുള്ള പ്രകാശം അവശോഷണം ചെയ്യുന്നു. തത്‌ഫലമായാണ്‌ അവയ്‌ക്ക്‌ നിറം ഉണ്ടാകുന്നത്‌. ഉദാഹരണത്തിന്‌, നീലച്ചായം കലര്‍ത്തിയ ജലത്തില്‍ക്കൂടി കടന്നുവരുന്ന ശ്വേതപ്രകാശത്തില്‍ നിന്ന്‌ നീലപ്രകാശമൊഴികെ മറ്റുള്ളവയെ ചായം അവശോഷണം ചെയ്യുന്നതുമൂലം ലായനിക്ക്‌ നീലനിറം ഉണ്ടാകുന്നു. ഈ ലായനിയുടെ നേര്‍ത്തതും സാന്ദ്രവുമായ ലായനികളുടെ നിറം താരതമ്യപ്പെടുത്തിയാല്‍ സാന്ദ്രലായനിക്ക്‌ കടുത്ത നീലനിറവും നേര്‍ത്ത ലായനിക്ക്‌ ഇളം നീലനിറവും ഉണ്ടെന്നു കാണാം. സാന്ദ്രലായനി പ്രകാശം കൂടുതല്‍ അവശോഷണം ചെയ്യുന്നതിനാലാണിതു സംഭവിക്കുന്നത്‌. നിറമുള്ള ഒരു ലായനിയില്‍, അത്‌ അവശോഷണം ചെയ്യുന്ന നിറത്തിലുള്ള ഏകവര്‍ണ പ്രകാശം പതിക്കുന്നു എന്നിരിക്കട്ടെ; ലായനിയില്‍ക്കൂടി കടന്നുപോകുന്നതിനു മുമ്പ്‌ പ്രകാശത്തിന്റെ തീവ്രത I0 എന്നും ലായനിയില്‍ക്കൂടി കടന്നുവന്നശേഷം തീവ്രത I എന്നും വച്ചാല്‍ I / I0 എന്നത്‌ പ്രകാശാവശോഷണത്തിന്റെ ഒരു അളവാകും. ഈ അനുപാതത്തിന്റെ ലോഗരിതമാണ്‌ ആ ലായനിയുടെ പ്രകാശീയ ഘനത്വം (optical density) അഥവാ അവശോഷണത (absorbance). ഒരു ലായനിക്ക്‌ ഓരോ തരംഗദൈര്‍ഘ്യത്തിലുമുള്ള പ്രകാശീയ ഘനത്വം അവശോഷണകാരിയുടെ സാന്ദ്രതയ്‌ക്കും പ്രകാശം ലായനിയില്‍ക്കൂടി കടന്നുപോകുന്ന അകലത്തിനും ആനുപാതികമായിരിക്കുമെന്ന്‌ ബെയര്‍ലാംബര്‍ട്ട്‌ നിയമങ്ങള്‍ അനുശാസിക്കുന്നു. പ്രകാശീയ ഘനത്വം നിര്‍ണയിക്കാനും താരതമ്യപ്പെടുത്തുവാനും അനേകം ഉപകരണങ്ങളുണ്ട്‌. ഇവയാണ്‌ കളറിമീറ്ററുകള്‍.

പ്രകാശീയ ഘനത്വം താരതമ്യപ്പെടുത്തി നിറമുള്ള പദാര്‍ഥങ്ങളുടെ സാന്ദ്രത തിട്ടപ്പെടുത്താവുന്നതാണ്‌. വളരെ കുറഞ്ഞ അളവില്‍ ഉള്ള പദാര്‍ഥങ്ങളുടെ സാന്ദ്രതപോലും ഈ രീതിയില്‍ നിര്‍ണയിക്കുന്നു. ഇക്കാരണത്താല്‍ കളറിമെട്രി അല്‌പമാത്രമായ ഘടകങ്ങളുടെ പരിമാണാത്‌മക വിശ്ലേഷണത്തില്‍ വളരെ പ്രയോജനപ്പെടുന്നുണ്ട്‌. സാന്ദ്രത നിര്‍ണയിക്കുന്ന ഘടകത്തിന്‌ നിറമില്ലാത്തപ്പോള്‍ അനുയോജ്യമായ അഭികര്‍മകങ്ങള്‍ ഉപയോഗിച്ച്‌ അതിനെ നിറമുള്ള ഒന്നാക്കി മാറ്റിയാണ്‌ വിശ്ലേഷണം ചെയ്യുന്നത്‌. ഉദാഹരണ മായി, നേര്‍ത്ത ലായനികളില്‍ ഫെറിക്‌ ലവണങ്ങള്‍ക്ക്‌ സാരമായ നിറമില്ലെങ്കിലും ലായനിയില്‍ തയോസയനേറ്റ്‌ ലായനി ചേര്‍ക്കുമ്പോള്‍ അതിന്‌ രക്തച്ചുവപ്പു നിറംകിട്ടുന്നു. പരിമാണാത്‌മകരാസവിശ്ലേഷണ വിധികളില്‍ കളറിമെട്രി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മൈക്രാഗ്രാം അളവില്‍ മൂലകങ്ങളുടെ സാന്ദ്രത കണ്ടുപിടിക്കാന്‍ കളറിമെട്രി പ്രയോജനപ്പെടുന്നു. വര്‍ണകാരിയായ പദാര്‍ഥത്തിന്റെ ലായനിയുടെ നിറത്തെ മാനക ലായനികളുടെ നിറത്തോടു താരതമ്യപ്പെടുത്തിയും സാന്ദ്രത നിര്‍ണയിക്കാറുണ്ട്‌. മാനക ലായനികള്‍ക്കു പകരം അനുയോജ്യമായ മാനകവര്‍ണ ഡിസ്‌കുകളും ചിലപ്പോള്‍ ഉപയോഗിച്ചു വരുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്‍ തിട്ടപ്പെടുത്തുന്നതിനുള്ള എളുപ്പവഴി ഇതാണ്‌. നോ: പ്രകാശാവശോഷണം; പ്രകാശീയ ഘനത്വം; സ്‌പെക്‌ട്രാ ഫോട്ടോമെട്രി

(എ. സലാഹുദീന്‍ കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍