This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളരിപ്പയറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളരിപ്പയറ്റ്‌

കേരളത്തിന്റെ പ്രാചീന പയറ്റുമുറ. പുരാതന കേരളത്തില്‍ കായിക പരിശീലനവും ആയുധാഭ്യാസവും നല്‌കുന്നതിന്‌ നടത്തിവന്നിരുന്ന കേന്ദ്രങ്ങളായിരുന്നു കളരികള്‍. പ്രാചീന പ്രാഥമിക വിദ്യാലയങ്ങളും കളരി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഉച്ചവരെ പഠിപ്പും ഉച്ചയ്‌ക്കു ശേഷം പയറ്റും എന്ന രീതിയാണ്‌ കളരികളില്‍ തുടര്‍ന്നിരുന്നത്‌. "ഖളൂരി' എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ്‌ കളരി എന്ന മലയാള പദം നിഷ്‌പന്നമായിട്ടുള്ളത്‌ എന്ന്‌ ചില പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌.

കോല്‍ത്താരി

കേരളത്തിന്‍െറ സ്രഷ്ടാവായ പരശുരാമന്‍ തന്നെയാണ്‌ കളരിപ്പയറ്റിന്റെയും പ്രണേതാവ്‌ എന്ന്‌ പഴമക്കാര്‍ വിശ്വസിച്ചു പോരുന്നു. കേരളം സൃഷ്ടിച്ചശേഷം പരശുരാമന്‍ ബ്രാഹ്മണരെ വിളിച്ച്‌ അവര്‍ക്ക്‌ ശാസ്‌ത്രഭിക്ഷ ദാനം ചെയ്‌ത്‌ ആയുധപാണികളാക്കി കല്‌പിച്ചുവെന്നും അതിനുശേഷം കേരളത്തില്‍ 108 നാല്‌പത്തീരടി സ്ഥാനം ഉണ്ടാക്കി അനേകം കളരിപരദേവതകളെ പ്രതിഷ്‌ഠിച്ചുവെന്നും കേരളോത്‌പത്തി (18-ാം ശ.) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. എന്നാല്‍ ഈ പ്രസ്‌താവത്തെ പൂര്‍ണമായും ന്യായീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ചരിത്രപണ്ഡിതന്മാര്‍ക്ക്‌ ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ പുരാതന കാലത്തു പ്രചരിച്ചിരുന്ന ആയുധ പ്രയോഗങ്ങളില്‍ നിന്നും പയറ്റുമുറകളില്‍ നിന്നും തുലോം വ്യത്യസ്‌തമായ കളരിപ്പയറ്റ്‌ ബ്രാഹ്മണര്‍ കേരളത്തിലെത്തിച്ചതാണെന്ന പ്രസ്‌താവം യുക്തിക്കു നിരക്കുന്നതല്ല. ധനുര്‍വിദ്യയില്‍ പ്രബലരായിരുന്ന ബ്രാഹ്മണര്‍ക്ക്‌ കുടിയേറ്റക്കാലത്ത്‌ കേരളത്തിലെ ആദിമ വര്‍ഗക്കാരില്‍ നിന്നും ചെറുത്തുനില്‌പ്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. തന്നിമിത്തം അവര്‍ ആയുധാഭ്യാസങ്ങള്‍ ചിട്ടയായിത്തന്നെ ശീലിച്ചിരുന്നു. കാലക്രമേണ ബ്രാഹ്മണരുടെ ആയോധനവിദ്യ കേരളത്തിന്റെ പ്രാചീന ആയോധന വിദ്യയുമായി ലയിക്കുകയും കളരിപ്പയറ്റ്‌ എന്ന പുതിയ രൂപം ഉടലെടുക്കുകയും ചെയ്‌തതാവാനാണു സാധ്യത. കളരിപ്പയറ്റിന്റെ അടിസ്ഥാന സമ്പ്രദായങ്ങളില്‍ തുളുനാട്ടിലെ നാലു സമ്പ്രദായങ്ങള്‍ (ഉഗ്രം വെള്ളി, ദ്രാണം വെള്ളി, ഘോരം വെള്ളി, ഉള്ളൂത്തുരുത്തിയാട്ട്‌) ഉള്‍ക്കൊള്ളുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. വടക്കന്‍പാട്ടിലെ വീരയോദ്ധാക്കള്‍ പലരും തുളുനാട്ടില്‍ പോയി പഠിച്ചവരോ തുളുഗുരുക്കന്മാരെ വരുത്തി പഠിച്ചവരോ ആയിരുന്നു എന്ന്‌ "തുളുനാട്ടില്‍ നല്ല തുളുഗുരുക്കള്‍ഗുരുക്കളെ തന്നെ വരുത്തിയമ്മ' എന്നീ വരികള്‍ സൂചിപ്പിക്കുന്നു. കേരളത്തിന്റെ പ്രത്യേക പരിതഃസ്ഥിതിയിലും ഭൂമിശാസ്‌ത്രപരമായ കിടപ്പിലും നിന്ന്‌ രൂപംകൊണ്ട യുദ്ധകലയാണ്‌ കളരിപ്പയറ്റ്‌ എന്നും അതല്ല ചോളന്മാരുമായുള്ള നൂറ്റാണ്ടുയുദ്ധത്തിന്റെ ഫലമായി രൂപംപൂണ്ടു വികസിച്ച സമ്പ്രദായമാണ്‌ കളരിപ്പയറ്റെന്നും പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്‌. ഉദ്‌ഭവം ഏതുതരത്തിലായിരുന്നാലും മധ്യകാല കേരളത്തില്‍ ജാതിമത ഭേദമെന്യേ അഭ്യസിച്ചിരുന്ന പയറ്റുമുറയായിരുന്നു കളരിപ്പയറ്റ്‌ എന്നതിനു സംശയമില്ല. അങ്കവും പൊയ്‌ത്തും കുടിപ്പക വീട്ടലും സര്‍വസാധാരണമായിരുന്ന അക്കാലത്ത്‌ കളരിപ്പയറ്റിന്‌ അക്ഷരവിദ്യയെക്കാള്‍ പ്രാധാന്യം നല്‌കിയിരുന്നു. വാളെടുത്തു പയറ്റാന്‍ കഴിവില്ലാത്തവരെ ആണായിട്ടു കണക്കാക്കിയിരുന്നില്ല. പയറ്റുവാന്‍ കഴിവില്ലാത്തവര്‍ക്കു പകരമായി അങ്കം വെട്ടുവാന്‍ അധികാരപ്പെട്ടവരായിരുന്നു ചേകവന്മാര്‍.

"ചേകവന്മാരായ്‌ ജനിച്ചാല്‍ പിന്നെ
വാള്‍ക്കണിയില്‍ ചോറല്ലോ ചേകോന്മാര്‍ക്ക്‌
അങ്കത്തിനാരാനും വന്നിതെങ്കില്‍
പോകാതെ കണ്ടിട്ടിരുന്നു കൂടാ
.................................................
കളരിയടച്ചങ്ങിരിക്കുന്നതു
ചേകവന്മാര്‍ക്കേതും ചേര്‍ച്ചയില്ല'
 

എന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ അന്നത്തെ അങ്കംവെട്ടിന്റെ ചിട്ടകളും വിശ്വാസങ്ങളും വിളംബരം ചെയ്യുന്നു. കീഴൂരിടത്തിലെ ഉണിക്കോനാരും മേലൂരിടത്തിലെ ഉണിച്ചന്ത്രാരും തമ്മില്‍ നാടുവാഴിസ്ഥാനത്തിനു വേണ്ടി തര്‍ക്കിച്ചപ്പോള്‍ അങ്കംവെട്ടി പരിഹാരം കാണാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്നു അരിങ്ങോടരും ആരോമല്‍ ചേകവരും. അങ്കംവെട്ടാന്‍ ക്ഷണിക്കപ്പെട്ടാല്‍ ഒഴിഞ്ഞുമാറുന്നത്‌ അപമാനമായാണ്‌ അന്നുള്ളവര്‍ കരുതിയിരുന്നത്‌. പൊന്നും പണവും സ്വീകരിച്ചുകൊണ്ട്‌ അങ്കം ജയിച്ച്‌ യശസ്സുവരിക്കാന്‍ അക്കാല വീരപുരുഷന്മാര്‍ കാട്ടിയിരുന്ന പരാക്രമങ്ങള്‍ വടക്കന്‍പാട്ടുകളില്‍ കാണാം. കളരിപ്പയറ്റില്‍ വനിതകളും വൈദഗ്‌ധ്യം നേടിയിരുന്നു. ദുഷ്‌ടന്മാരായ മാപ്പിളമാരെ തന്റെ ഉറുമി പ്രയോഗത്താല്‍ തുരത്തി, വിജയശ്രീലാളിതയായി നില്‌ക്കുന്ന ഉണ്ണിയാര്‍ച്ചയുടെ രൂപം കേരളീയര്‍ക്ക്‌ സുപരിചിതമാണ്‌. പയറ്റിലെ അടവുകളെയും സാങ്കേതിക വശങ്ങളെയും കുറിച്ച്‌ ചേകോന്മാരെ ഉപദേശിക്കുവാന്‍ തക്കവണ്ണമുള്ള നിലവാരം അന്നത്തെ സ്‌ത്രീകള്‍ക്കുണ്ടായിരുന്നു. തച്ചോളി ഒതേനന്‍, പാലാട്ട്‌ കോമപ്പന്‍, തച്ചോളിച്ചന്തു തുടങ്ങിയ യോദ്ധാക്കളും കേരളത്തിന്റെ വീരസന്തതികളാണ്‌. അസാധ്യമെന്നു നമുക്കിന്നു തോന്നുന്ന അനേകം പയറ്റുമുറകള്‍ കളരിപ്പയറ്റില്‍ ഉണ്ടായിരുന്നതായും അവയൊക്കെ യോദ്ധാക്കള്‍ പ്രകടിപ്പിച്ചിരുന്നതായും വടക്കന്‍ പാട്ടുകള്‍ തെളിയിക്കുന്നു. ആരോമല്‍ ചേകവരുടെ ഒരു അഭ്യാസരീതി നോക്കുക:

"അവിടുന്നെഴുന്നേറ്റു ആരോമരും
പീഠം വലിച്ചങ്ങുവെച്ചു ചേകോന്‍
പാവാട തന്നെ വിരിക്കുന്നുണ്ട്‌
പാവാട തന്നില്‍ തളിക വെച്ചു
തളിക നിറയോളം വെള്ളരിയും
വെള്ളരിമീതൊരു നാളികേരം
നാളികേരത്തിന്മേല്‍ ചെമ്പഴുക്കാ
പഴുക്കാമുകളിലൊരു കോഴിമുട്ട
കോഴിമുട്ടമേല്‍ സൂചി നാട്ടി
സൂചിമുനമേല്‍ മറിഞ്ഞു നിന്നു
നൃത്തങ്ങളേഴും കുറിച്ചവനും'.
 

17-ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ചിരുന്ന നൊയ്‌ഹോഫ്‌, ഫ്രാബര്‍ബോസ, ദെബറോ തുടങ്ങിയ വിദേശീയര്‍ കളരിപ്പയറ്റു മുറകളെപ്പറ്റിയും നായര്‍ യോദ്ധാക്കളെപ്പറ്റിയും അവരുടെ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. കളരി അഭ്യസനം ദൈനംദിന ജീവിതത്തില്‍ അവശ്യം ലഭിച്ചിരിക്കേണ്ട പരിശീലനമായി കരുതിയിരുന്നതിനാല്‍ ബാല്യത്തില്‍ത്തന്നെ അത്‌ അഭ്യസിച്ചു തുടങ്ങുകയായിരുന്നു പതിവ്‌. പഴയ കാലത്ത്‌ ദേശങ്ങള്‍ തോറും കളരികള്‍ ഉണ്ടായിരുന്നു. ഭദ്രകാളീ ക്ഷേത്രങ്ങളോടനുബന്ധിച്ചായിരുന്നു പ്രധാനമായും കളരികള്‍ സ്ഥാപിച്ചിരുന്നത്‌. ഗൃഹങ്ങളോടനുബന്ധിച്ചും കളരികള്‍ നടത്തിയിരുന്നു. ഓരോ കളരിക്കും "കുറുപ്പ്‌' എന്നോ "പണിക്കര്‍' എന്നോ സ്ഥാനപ്പേരുള്ള ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. കച്ചകെട്ടും തിരുമ്മലും നടത്തി പയറ്റുമുറകളിലെ 18 അടവും, കൂടാതെ മര്‍മവിദ്യയും അഭ്യസിപ്പിക്കുകയായിരുന്നു ഗുരുക്കന്മാരുടെ ചുമതല.

ഒറ്റപയറ്റ്‌

നാല്‌പത്തീരടിക്കളരി (പരിശീലനക്കളരി) യെന്നും അറുപത്തിനാങ്കടി കളരി (അങ്കംവെട്ടുകളരി) യെന്നും രണ്ടുതരം കളരികളാണ്‌ അന്നു നിലവിലിരുന്നത്‌. നൂറും ഇരുന്നൂറും കളരികളുടെ മേല്‍നോട്ടം വഹിച്ചിരുന്ന വലിയ ഗുരുക്കന്മാരും അക്കാലത്തുണ്ടായിരുന്നു. 42 അടി നീളവും 21 അടി വീതിയും (സുമാര്‍ 13 മീ. നീളവും 6.5 മീ. വീതിയും) ആണ്‌ സാധാരണ പരിശീലന കളരിസ്ഥലത്തിനുണ്ടായിരിക്കേണ്ടത്‌. ഭൂനിരപ്പില്‍ നിന്നും ആറ്‌ അടി (സുമാര്‍ 2 മീ.) താഴ്‌ത്തിയാണ്‌ പരിശീലനസ്ഥലം അടിച്ചുറപ്പിക്കുന്നത്‌. തറ കവിടിനിരത്തി മിനുസപ്പെടുത്തിയിരിക്കും. ഇവിടെ വിധിപ്രകാരം പൂത്തറ, ഭഗവതിത്തറ, ഗുരുസ്ഥാനം എന്നിവയും ഒരുക്കിയിരിക്കും. കളരിക്ക്‌ ഓലമേഞ്ഞ മേല്‍ക്കൂരയും ചുറ്റിലും മറയും ഉണ്ടായിരിക്കും. പരിശീലനസ്ഥലത്തില്‍ തൂണുകളോ മറ്റു പ്രതിബന്ധങ്ങളോ ഉണ്ടായിരിക്കാന്‍ പാടില്ല. കളരി അഭ്യാസം തുടങ്ങുന്നതിന്‌ കച്ചകെട്ടല്‍ എന്നും അഭ്യാസത്തിന്‌ പയറ്റെന്നും പറഞ്ഞുവരുന്നു. ഏഴ്‌ വയസ്സിലാണ്‌ സാധാരണ കച്ചകെട്ടുക. ദേഹം എണ്ണ തേയ്‌പ്പിച്ച്‌ ഉഴിഞ്ഞു ശരിപ്പെടുത്തി ആയാസരഹിതമായ ചടുല ചലനങ്ങള്‍ക്ക്‌ പര്യാപ്‌തമാക്കിത്തീര്‍ക്കുകയാണ്‌ ആദ്യം ചെയ്യുക. ഇതിന്‌ മെയ്യൊരുക്ക്‌ (മെയ്യിറക്ക്‌) എന്നു പറയും. (നോ: ഉഴിച്ചില്‍) അതിനാല്‍ ഉഴിച്ചിലിനു പറ്റിയ ഇടവം, മിഥുനം മാസങ്ങളിലാണ്‌ കച്ചകെട്ടു നടത്തുന്നത്‌. ഗുരുവിന്‌ പണവും കോടിമുണ്ടും വെറ്റിലപ്പാക്കും ദക്ഷിണ നല്‌കി വന്ദിച്ച്‌ അഭ്യസനം ആരംഭിക്കണം. ഉഴിച്ചില്‍ ഒരു മാസക്കാലം നീണ്ടുനില്‌ക്കും. ഈ അവസരത്തില്‍ കാലുയര്‍ത്തി കൈതട്ട്‌, ദണ്ഡനമസ്‌കാരം തുടങ്ങിയ ചെറുതരം വ്യായാമമുറകള്‍ പഠിപ്പിക്കുന്നു. ഉഴിച്ചിലിനുശേഷം മെയ്‌പ്പയറ്റ്‌ ആരംഭിക്കും.

വെറും കൈ

"മെയ്‌കണ്ണാകുന്ന' വിധത്തിലുള്ള ഈ പരിശീലനംമൂലം മനസ്സിന്റെ നിയോഗം കൂടാതെ തന്നെ അവയവങ്ങളെ അവസരത്തിനൊത്ത്‌ പ്രവര്‍ത്തിക്കാന്‍ പര്യാപ്‌തമാക്കുന്നു. കൈകുത്തിപ്പയറ്റ്‌, അമര്‍ച്ച, തെരുക്കല്‍, കാലുയര്‍ത്തിപ്പയറ്റ്‌ ഇങ്ങനെ മെയ്‌പ്പയറ്റ്‌ നാലുതരത്തിലുണ്ട്‌. കൈകുത്തിപ്പയറ്റിലെ ഒരു വിഭാഗമാണ്‌ കൈവീതിരുത്തിപ്പയറ്റ്‌. ഒറ്റക്കാലില്‍ മാത്രം വീതിരുത്തല്‍, രണ്ടുകാലില്‍ നില്‌പാണ്ട്‌ കൈവീതിരുത്തല്‍ ഇങ്ങനെ പലതരത്തില്‍ ഇതിലെ അടവ്‌ പരിശീലിക്കുന്നു. "അമര്‍ച്ച' നാലുവിധമാണ്‌: ഒറ്റത്തടിയമര്‍ച്ച, കമ്പത്തായനിലയമര്‍ച്ച, ശബ്‌ദമുഖം കണ്ടമര്‍ച്ച, വരാഹവടിവിലമര്‍ച്ച. നിന്ന ചുവടില്‍ നിന്നു തന്നെ മുന്നേറാനും പിന്‍വാങ്ങാനുമാണ്‌ തെരുക്കലില്‍ അഭ്യസിക്കുന്നത്‌. കാലുയര്‍ത്തിപ്പയറ്റില്‍ നേര്‍ക്കാല്‌, വീതുകാല്‌, കോണ്‍ക്കാല്‌, പകര്‍ച്ചക്കാല്‌, അകംകാല്‌, പുറംകാല്‌ തുടങ്ങിയ രീതികളാണ്‌ അഭ്യസിക്കേണ്ടത്‌. മെയ്‌പ്പയറ്റു മുഴുവന്‍ അഭ്യസിച്ചു കഴിഞ്ഞാല്‍ കോല്‍ത്താരി ആരംഭിക്കുകയായി. ചൂരല്‍ കൊണ്ടും പുളിവടി ചെത്തി ഒരുക്കിയെടുക്കുന്ന മുച്ചാണ്‍ വടികൊണ്ടുമുള്ള പയറ്റുമുറകളാണ്‌ കോല്‍ത്താരിയിലുള്ളത്‌. ശത്രുവിന്റെ കണ്ണില്‍ നോക്കിനിന്നുകൊണ്ടുതന്നെ അയാളുടെ ഏത്‌ ആക്രമണങ്ങളെയും ചെറുക്കാന്‍ അഭ്യസിപ്പിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. പിന്നീട്‌ ഒറ്റപയറ്റ്‌ എന്ന മുറ ശീലിക്കുന്നു. ഒറ്റപയറ്റും കോല്‍ത്താരിയില്‍പ്പെടുന്നതുതന്നെ. മരംകൊണ്ടു തുമ്പിക്കൈയുടെ ആകൃതിയിലുള്ള ഒരു ആയുധമാണ്‌ ഒറ്റക്കോല്‍. ഒറ്റക്കോല്‍ ഏന്തിയ ഒരാളും കുറുവടി ഏന്തിയ മറ്റൊരാളും തമ്മില്‍ നടത്തുന്ന പയറ്റിനെ ആനയും സിംഹവും തമ്മിലുള്ള യുദ്ധമായിട്ടാണ്‌ സങ്കല്‌പിച്ചിരിക്കുന്നത്‌. കളരിപ്പയറ്റ്‌ സമ്പ്രദായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായാണ്‌ ഒറ്റക്കോലിന്റെ സ്ഥാനം. മറ്റ്‌ എല്ലാ ആയുധ സമ്പ്രദായങ്ങളിലും 12 അടവുകള്‍ പരിശീലിപ്പിക്കപ്പെടുമ്പോള്‍ ഒറ്റയില്‍ 18 അടവുകള്‍ ഉള്ളതായി കാണാം. കൂടാതെ ഒറ്റയുടെ പരിശീലനത്തിലാണ്‌ കളരിപ്പയറ്റിലെ മര്‍മ സമ്പ്രദായത്തിലെ അഭ്യാസ മര്‍മങ്ങളുടെ പരിശീലനം ഉള്‍പ്പെടുത്തിയിരുന്നത്‌. അങ്കത്താരിയില്‍ ഗദ, വാളും പരിചയും, കഠാര, കുന്തം, ഉറുമി എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറകള്‍ ശീലിപ്പിക്കുന്നു. ആയുധമില്ലാതെ ശത്രുവിനെ നേരിടുന്ന "വെറും കൈ' അടവാണ്‌ കളരിപ്പയറ്റില്‍ ഒടുവിലത്തേത്‌. ആയുധം എതിരാളി തട്ടിത്തെറിപ്പിക്കുകയോ മറ്റോ ചെയ്‌താല്‍ വെറുംകൈ പ്രയോഗിക്കുന്നു. പലതരം കള്ളക്കൈകളും പിടുത്തങ്ങളും ഒഴിവുകളും ഇതിലുണ്ട്‌. ഗുരുക്കന്മാര്‍ ഇതിന്റെ അടവുകള്‍ രഹസ്യമായി സൂക്ഷിക്കുകയാണ്‌ പതിവ്‌. വളരെനാളത്തെ അഭ്യസനവും ഗുരുവിന്റെ പ്രത്യേക പരിഗണനയും ലഭിച്ച ഒരു ശിഷ്യനു മാത്രമേ "വെറുംകൈ'യിലെ അടവുകള്‍ ഗുരു ഉപദേശിച്ചു കൊടുക്കാറുള്ളു. കളരിപ്പയറ്റിലെ "വെറുംകൈ' അടവിന്റെ സ്വാധീനം "കരാട്ടെ'യില്‍ കാണാം. കരാട്ടെ എന്ന വാക്കിനര്‍ഥംതന്നെ വെറും കൈ എന്നാണ്‌. കളരിയിലെ അങ്കത്തെ കാഴ്‌ചയങ്കം, അങ്കപ്പൊയ്‌ത്ത്‌ എന്നു രണ്ടായി തിരിച്ചിരിക്കുന്നു. കാഴ്‌ചയങ്കം പ്രദര്‍ശനപരവും അങ്കപൊയ്‌ത്ത്‌ യഥാര്‍ഥ യുദ്ധമുറയുമാണ്‌.

കളരിവന്ദനത്തിനുശേഷമാണ്‌ ഓരോ അടവും പരിശീലിക്കുന്നത്‌. വന്ദനത്തിന്റെയും അടവുകളുടെയും ചുവടുസൂചിപ്പിക്കാന്‍ കളരിപ്പയറ്റില്‍ വായ്‌ത്താരി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ കോല്‍ത്താരിയിലെ ഒരു വിഭാഗമായ പന്തീരാന്‍ പയറ്റി (ആള്‍ നീളത്തിലുള്ള വടി)ലെ ഒന്നാം അടവെടുക്കുന്നതിനുള്ള വായ്‌ത്താരി താഴെ കൊടുക്കുന്നു:

"വടി നിലത്തിട്ട്‌ കൂട്ടിത്തൊഴുത്‌ അമര്‍ന്നുതൊഴുതു കുമ്പിട്ടു പടിഞ്ഞിരുന്ന്‌ വടിതൊട്ടു വന്ദിച്ചു എടുത്തു വന്ദിച്ചു വടി മാറില്‍ വലിച്ചു വലത്തും ഇടത്തും നടന്ന്‌ ഇടത്തും വലത്തും വഴിമാറി ചവുട്ടിപ്പൊങ്ങി കടകം മറുകടകം അടിച്ചു പലഭാഗം തിരിഞ്ഞു വടി തണ്ട മറിച്ചു തൊഴുതു വണങ്ങി അമര്‍ന്ന്‌ അമര്‍ച്ചയില്‍ കെട്ടി വലത്ത്‌ എടുത്തും കെട്ടി വലത്തും കെട്ടി കുത്തു തട്ടി ചുവടു മാറി തുള്ളി വീണു ചുഴിച്ച്‌ അമരം തട്ടി ഓമരം വെട്ടി മുന കടകം തൊഴുതമര്‍ന്നു'.

വാള്‍പ്പയറ്റ്‌

കളരി അഭ്യാസത്തിലെ ഏറ്റവും ശ്രഷ്‌ഠമായ വാള്‍പ്പയറ്റില്‍ 32 തരം ഖഡ്‌ഗസഞ്ചാരങ്ങളാണ്‌ അഭ്യസിപ്പിക്കുന്നത്‌. വാളിന്‍െറ ഓരോ ഗതിക്കും പ്രത്യേകം നാമം നല്‌കിയിട്ടുണ്ട്‌. വാള്‍പ്പയറ്റിലെ വായ്‌ത്താരിയില്‍ നിന്നും അതിന്റെ സ്വഭാവം മനസ്സിലാക്കാം:

"ശത്രുവേ കണ്ട്‌ വാള്‍, പരിച ഇണക്കി കൂപ്പി തൊഴുതു താണമര്‍ന്ന്‌ ഭൂമി പറ്റി വന്ദിച്ചു പഴുതു നോക്കി ചാടി ഇടപുറം കണ്ട്‌ വീണ്‌ പന്തിചേര്‍ന്ന്‌ ഇരുത്തി പരിച ചുഴറ്റി വാള്‍ തൊഴുതുവാങ്ങിത്തിരിഞ്ഞുചാടി മുഖം കണ്ട്‌ നില്‌ക്ക. വാള്‍ ചുഴറ്റി വീശിത്തിരിഞ്ഞ്‌ അമര്‍ന്ന്‌ മാറ്റാനെ നോക്കി ഗജമുഖം കണ്ടടുത്ത്‌ വീശി വെട്ടി വലത്തു വീശി മൂന്നു വെട്ടി ചുഴറ്റിത്തിരിഞ്ഞ്‌ മാറിക്കുതിച്ച്‌ ചാടി പരിചയില്‍ താണമര്‍ന്ന്‌ ഏറ്റുപൊങ്ങി പിരിഞ്ഞു വീശി മാറിപ്പൊങ്ങി നിലയമര്‍ന്ന്‌ നില്‌ക്ക. അശ്വാരൂഢം സ്‌മരിച്ച്‌ അശ്വവടിവില്‍ നിലകണ്ട്‌ ഊന്നിമലര്‍ന്ന്‌ ചവുട്ടിക്കയറി ഓതിരം വെട്ടി കടകം തടുത്ത്‌ നീട്ടുതട്ടി കടകം വെച്ചു പന്നിച്ചടകം തിരിഞ്ഞ്‌ ഓതിരം കടകം മറുഓതിരം മറുകടകം വെട്ടും തടവും കൊടുത്തു വാങ്ങി ചവുട്ടിപ്പിരിഞ്ഞു...........'.

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും വടക്കന്‍ ഭാഗങ്ങളിലും പ്രചാരത്തിലുള്ള കളരിപ്പയറ്റുകള്‍ തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്‌. വിശദമായ രീതിയിലുള്ള ഉഴിച്ചിലും മറ്റും തെക്കന്‍ സമ്പ്രദായത്തില്‍ കാണുന്നില്ല. യൂറോപ്യന്മാരുടെ വരവും ആധുനിക യുദ്ധോപകരണങ്ങളുടെ പ്രചാരവും കളരികളുടെ വളര്‍ച്ച തടയുകയാണുണ്ടായത്‌. ശത്രുവിനെ തുരത്തുന്നതിനായി, രാജാക്കന്മാരുടെ കല്‌പന കാത്തു പടയണിഞ്ഞു നിന്നിരുന്ന യോദ്ധാക്കള്‍ ഇന്ന്‌ സ്‌മരണകളില്‍ മാത്രം നിറഞ്ഞുനില്‌ക്കുന്നു. കതിരൂര്‍ ഹൈസ്‌കൂള്‍ (തലശ്ശേരി), ചെര്‍പ്പുളശ്ശേരി ബോര്‍ഡ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കളരിവിദ്യ പാഠ്യവിഷയമായിരുന്നു. ഓണാട്ടുകര, കരപ്പുറം, കുട്ടനാട്‌, കോഴിക്കോട്‌, തുളുനാട്‌, കടത്തനാട്‌ എന്നീ പ്രദേശങ്ങളില്‍ പഴയ കളരികളുടെ അവശിഷ്ടങ്ങള്‍ കാണാം. കഴിഞ്ഞ ഏതാനും ദശകങ്ങളായി കളരിപ്പയറ്റിനെ പുനര്‍ജീവിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്‌. 19-ാം നൂറ്റാണ്ടിന്റെ ആദ്യം കോട്ടയ്‌ക്കല്‍ വീരശ്രീ കണാരന്‍ ഗുരുക്കളും അദ്ദേഹത്തിന്‍െറ പ്രഥമ ശിഷ്യനായ വീരശ്രീ സി.വി. നാരായണന്‍ നായര്‍ ഗുരുക്കളും ഇതിനുവേണ്ടി വളരെ ശ്രമം നടത്തിയിട്ടുണ്ട്‌. കളരിപ്പയറ്റ്‌ അഭ്യസിപ്പിക്കുന്ന പ്രമുഖസ്ഥാപനമായ സി.വി.എന്‍. കളരി സി.വി. നാരായണന്‍ നായരുടെ സ്‌മാരകമായി സ്ഥാപിച്ചതാണ്‌. വിദേശപര്യടനങ്ങള്‍ നടത്തുകയും വിദേശ വിദ്യാര്‍ഥികള്‍ക്ക്‌ പരിശീലനം നല്‌കുകയും വഴി അന്താരാഷ്‌ട്ര തലത്തില്‍ കളരിപ്പയറ്റിനെ കുറിച്ച്‌ ഒരു പുതിയ അവബോധം സൃഷ്ടിക്കാന്‍ സി.വി.എന്‍. കളരികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

കേരളത്തിന്റെ പാരമ്പര്യദൃശ്യകലാരൂപങ്ങളായ കൂത്ത്‌, കൂടിയാട്ടം, കഥകളി, തെയ്യം, തിറ തുടങ്ങിയവയിലെല്ലാം കളരിപ്പയറ്റിന്റെ സ്വാധീനം പ്രകടമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍