This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളമെഴുത്തും പാട്ടും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളമെഴുത്തും പാട്ടും

കളം വരയ്‌ക്കല്‍

പഞ്ചവര്‍ണപ്പൊടി കൊണ്ട്‌ ഭദ്രകാളി, നാഗം, അയ്യപ്പന്‍ തുടങ്ങിയ ആരാധനാമൂര്‍ത്തികളുടെ കളങ്ങള്‍ തറയിലെഴുതി പാട്ടുപാടി സ്‌തുതിക്കുന്ന ആരാധനാസമ്പ്രദായം. കേരളത്തില്‍ എല്ലാ ഭാഗങ്ങളിലും നിലനിന്നു പോരുന്ന ഈ ചടങ്ങ്‌ "കളമെഴുത്തും പാട്ടും' എന്ന പേരിലാണ്‌ പൊതുവേ അറിയപ്പെടുന്നത്‌.

അനുഷ്‌ഠാനകര്‍മങ്ങളോടുകൂടി ദേവതകളുടെ ധൂളീ ശില്‌പങ്ങള്‍ രചിച്ച്‌ അവരെ സ്‌തുതിച്ചുപാടി പ്രീതരാക്കുന്ന രീതി ആദിദ്രാവിഡ കാലഘട്ടം മുതല്‌ക്കേ നിലവിലിരുന്നു. മാന്ത്രികക്കളങ്ങള്‍ വരച്ച്‌ പൂജിച്ച്‌ അതിനു മുമ്പില്‍ രക്താര്‍പ്പണം നടത്തിയ ശേഷം ചുവടുവച്ച്‌ തുള്ളിയാടുന്ന വേലനെ സംഘം കൃതികളില്‍ ദര്‍ശിക്കാം. ഈ ചടങ്ങിനെ "വേലന്‍ വെറിയാട്ട്‌' എന്നു പറഞ്ഞിരുന്നു. ഇതില്‍ നിന്നാകണം കളമെഴുത്തും പാട്ടും വികസിച്ചു പ്രചരിച്ചതെന്ന്‌ ഒരഭിപ്രായം നിലവിലുണ്ട്‌. കാളിയെക്കൂടാതെ അയ്യപ്പന്‍, വേട്ടയ്‌ക്കൊരു മകന്‍ എന്നീ മൂര്‍ത്തികളുടെയും കളമെഴുതി പാട്ടു കഴിക്കാറുണ്ട്‌. നാഗങ്ങളുടെ കളമെഴുതി പുള്ളുവര്‍ നടത്തുന്ന പാട്ടും സര്‍പ്പം തുള്ളലും, കണിയാന്മാര്‍ കളംവരച്ചു പാടുന്ന ഗന്ധര്‍വന്‍ പാട്ടും (നോ: കളമ്പാട്ട്‌), വണ്ണാന്മാരുടെ ചാത്തന്‍ കളത്തിലുള്ള പാട്ടും ഈ ഇനത്തില്‍പ്പെടുന്നവ തന്നെ. കളമെഴുത്തും പാട്ടും പ്രധാനമായും ക്ഷേത്രസംബന്ധിയായ ഒരു അനുഷ്‌ഠാനകലയാണ്‌. കുടുംബങ്ങളിലും പാട്ടു നടത്തുന്ന പതിവ്‌ ഇന്നും അപൂര്‍വമായി നിലനിന്നുപോരുന്നു. ഈ കലാരൂപത്തില്‍ മുഖ്യമായും ആവിഷ്‌കൃതമാകുന്ന കാളീസങ്കല്‌പം കേരളത്തിലെ നാടോടിക്കലകളുടെ വിവിധ മേഖലകളില്‍ നിറഞ്ഞ ചൈതന്യം പകരുന്നു.

സവര്‍ണക്ഷേത്രങ്ങളില്‍ ഈ ചടങ്ങുകള്‍ നടത്താന്‍ അവകാശികള്‍ നായര്‍ വിഭാഗത്തില്‍പ്പെട്ട ക്ഷേത്രാപജീവികളാണ്‌. കല്ലാറ്റെ കുറുപ്പന്മാര്‍, വാരണാട്ട്‌ കുറുപ്പന്മാര്‍ തുടങ്ങിയവരാണ്‌ ഈ കലയുടെ പ്രയോക്താക്കള്‍. തീയ്യാട്ടുണ്ണികളും കളമെഴുത്തിനവകാശികളാണ്‌. ക്ഷേത്രങ്ങളിലും കുടുംബങ്ങളിലും അവര്‍ നടത്തുന്ന അനുഷ്‌ഠാനകലയാണ്‌ തീയ്യാട്ട്‌.

ഉമിക്കരി കൊണ്ടുണ്ടാക്കുന്ന കരിപ്പൊടി, ഉണക്കലരി പൊടിച്ചുണ്ടാക്കുന്ന വെള്ളപ്പൊടി, മഞ്ചാടിയിലയോ വാകയിലയോ ഉണക്കിപ്പൊടിച്ചുള്ള പച്ചപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവന്ന പൊടി എന്നീ അഞ്ചു പൊടികളാണ്‌ കളമെഴുതാന്‍ ഉപയോഗിക്കുന്നത്‌. പഞ്ചവര്‍ണപ്പൊടികൊണ്ട്‌ രചിക്കുന്ന ഇത്തരം കളങ്ങള്‍ കേരളീയരുടെ ചിത്രരചനാപാടവത്തിന്റെ ഉത്തമനിദര്‍ശനങ്ങളാണ്‌.

കേരളത്തില്‍ തനതു പാട്ടുപാരമ്പര്യത്തില്‍പ്പെട്ട സോപാന സംഗീതത്തിലും കളംപാട്ടുകാര്‍ വൈദഗ്‌ധ്യമാര്‍ജിച്ചവരാണ്‌. കേരളീയ സംഗീതപാരമ്പര്യത്തിന്‍െറ ഉറച്ച കണ്ണികള്‍ ഇന്നും കളംപാട്ടില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്നു ക്ഷേത്രത്തിലും മറ്റും ഇന്നും പ്രയോഗത്തിലിരിക്കുന്ന പാട്ടുരീതിയെപ്പറ്റി ഇവിടെ എടുത്തു പറയേണ്ടതുണ്ട്‌. കാളീപൂജയോടനുബന്ധിച്ച്‌ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും കാവുകളിലും വിവിധ ജാതിയില്‍പ്പെട്ട കലാകാരന്മാര്‍ കൈകാര്യം ചെയ്യുന്ന തോറ്റം പാട്ടുകള്‍ സാഹിത്യത്തിലും സംഗീതത്തിലും നമ്മുടെ നാടിനുണ്ടായിരുന്ന പാരമ്പര്യത്തെയാണു വിളംബരം ചെയ്യുന്നത്‌.

ദേവതാപ്രീതിക്കായി കുടുംബങ്ങളില്‍ വഴിപാട്‌ കഴിക്കുമ്പോള്‍ വീട്ടുമുറ്റത്തു വിരിപ്പന്തലിട്ട്‌ അതിനുള്ളിലാണ്‌ പാട്ടു നടത്താറുള്ളത്‌. ഓലകൊണ്ടു മേല്‍ക്കൂര കെട്ടിയ അത്തരം പന്തലിന്റെ നാലു തൂണുകളോടും ചേര്‍ത്ത്‌ കുലവാഴകള്‍ കെട്ടി നിര്‍ത്തുന്നു. ചുറ്റും കയറില്‍ കുരുത്തോല ചീന്തിയിട്ട്‌, ഇടയ്‌ക്കിടയ്‌ക്ക്‌ മാവിലകളും ചെത്തിപ്പൂക്കളും പഴുക്കാപ്പാക്കുകളും കെട്ടി തോരണം ചാര്‍ത്തുന്നു. പന്തലിന്റെ മേല്‍ക്കൂരയ്‌ക്കകത്ത്‌ ചുവന്ന തുണി വലിച്ചു കെട്ടി മേല്‍ക്കട്ടി തീര്‍ക്കുന്നു. തറ, ചാണകം കലക്കി മെഴുകി വെടിപ്പാക്കി അതിന്മേലാണ്‌ കളമെഴുതുന്നത്‌. ഇങ്ങനെ ഗൃഹാങ്കണത്തില്‍ ഒരുക്കിയെടുക്കുന്ന പന്തലിന്‌ ഒരു ക്ഷേത്രത്തിന്റെ പരിശുദ്ധിയും പ്രതീതിയും കൈവരുന്നു.

ഭദ്രകാളിക്കളം

ഭദ്രകാളിക്കളം. വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ നാല്‌പത്തിയൊന്നു ദിവസം നീണ്ടുനില്‌ക്കുന്ന മണ്ഡലകാലത്താണ്‌ ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും നടക്കുന്നത്‌. സംഹാരരുദ്രനായ ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന്‌ ഉടലെടുത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ദാരികനിഗ്രഹത്തിനുശേഷം, ആ അസുരന്റെ തല ഛേദിച്ചെടുത്ത്‌ കൈലാസത്തിലേക്കു പുറപ്പെടുന്ന അവസ്ഥയിലാണ്‌ കളം സൃഷ്ടിക്കുന്നത്‌. കാളിയുടെ കളത്തിന്‌ കൈകളുടെ എണ്ണത്തിനനുസരിച്ച വലുപ്പമാണുള്ളത്‌. സാധാരണ ഒരു കളംപാട്ടിന്റെ ശില്‌പത്തിന്‌ പതിനാറു കൈകളുണ്ടായിരിക്കും. അതില്‍കുറഞ്ഞ കൈകളുള്ള ശില്‌പങ്ങളും തീര്‍ക്കാറുണ്ട്‌. എന്നാല്‍ ഏറിയ വലുപ്പത്തിലുള്ള സ്വരൂപത്തിന്‌ 64 കൈകള്‍ വരെയുണ്ടാകും. വൈക്കത്തമ്പലത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ കഴിക്കാറുള്ള കളമെഴുത്തു പാട്ടിന്‌ 64 കൈകളുള്ള വലിയ കളമാണ്‌ എഴുതാറുള്ളത്‌. ഈ ചടങ്ങിന്‌ "വടക്കുപുറത്തു പാട്ടെ'ന്നാണ്‌ പേര്‌. വൈക്കം ക്ഷേത്രത്തിനു വടക്കുള്ള കൊച്ചാലുംമൂട്ടില്‍ കൊടുങ്ങല്ലൂര്‍ഭഗവതി വന്നതായുള്ള വിശ്വാസത്തെ അനുസ്‌മരിച്ചാണ്‌ ഈ അടിയന്തിരം നടത്തിപ്പോരുന്നത്‌. അതിവിസ്‌തൃതമായ അമ്പലമുറ്റത്ത്‌ വിശാലമായ പന്തലിനുള്ളില്‍ എഴുതുന്ന ദേവീശില്‌പത്തിന്റെ കുചം പടുത്തുയര്‍ത്തുന്നത്‌ അഞ്ചുപറ നെല്ലു കൊണ്ടാണെന്നു പറയുമ്പോള്‍ കളത്തിന്റെ വലുപ്പം ഏതാണ്ടൂഹിക്കാം. നെല്‍ക്കതിര്‍ മെടഞ്ഞ്‌ ഈ കുചങ്ങള്‍ക്കു മേല്‍ രത്‌നം പതിക്കുംപോലെ ഉറപ്പിച്ച്‌, പൊടി വിതറി അലങ്കരിക്കുന്നു. ശില്‌പത്തിന്റെ വലുപ്പത്തിനൊത്ത അഡ്യലാണ്‌ പൊടികൊണ്ട്‌ മാറത്തു തീര്‍ക്കുന്നത്‌. അങ്ങനെ ഓരോ അവയവവും അതിന്മേലുള്ള ആഭരണങ്ങളും ശില്‌പചാതുര്യത്തോടെ ചമയ്‌ക്കുന്നു. മഴു, ശൂലം, വാള്‍, ശംഖ്‌, ചക്രം, ദാരിക ശിരസ്സ്‌, അതില്‍നിന്നും ഇറ്റുന്ന രക്തം ശേഖരിക്കുന്ന വട്ടക തുടങ്ങി ഓരോ കൈയിലുമുള്ള ആയുധം തീര്‍ക്കുന്നതിനും മറ്റും കളമെഴുത്തുകാര്‍ അയത്‌നമായി പ്രദര്‍ശിപ്പിക്കുന്ന വര്‍ണരചനാപാടവം അദ്‌ഭുതാവഹം തന്നെയാണ്‌. ഒരിക്കല്‍ വൈക്കത്തു നടന്ന വടക്കുപുറത്തു പാട്ടിന്‌ ഭദ്രകാളിയുടെ 64 കൈകളിലുള്ള ആയുധങ്ങള്‍ ഏതെല്ലാമാണെന്ന കാര്യത്തില്‍ ശങ്കയും തര്‍ക്കവുമുണ്ടായി. കളമെഴുത്തുകാരില്‍ വിദഗ്‌ധരായവര്‍ക്കുപോലും ഈ ആയുധങ്ങളെപ്പറ്റി സൂക്ഷ്‌മമായ ഗ്രാഹ്യമില്ലെന്നു വന്നപ്പോള്‍ അനേകം കൈകളില്‍ ആയുധങ്ങള്‍ക്കു പകരം പുഷ്‌പങ്ങളാണു വരച്ചത്‌. ആയുധങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളില്‍ കളം വരപ്പുകാര്‍ക്ക്‌ സംശയമുണ്ടെങ്കിലും ചിത്രരചനയില്‍ ഇന്നും പാരമ്പര്യവഴിക്കു കിട്ടിയ സിദ്ധികള്‍ അവര്‍ ഭദ്രമായി കാത്തുസൂക്ഷിച്ചു പോരുന്നുണ്ട്‌. കാളീരൂപത്തിന്റെ വിരലുകള്‍, അവയിലെ നഖങ്ങള്‍ എന്നിങ്ങനെ അതിസൂക്ഷ്‌മമായ അംശങ്ങളില്‍ പോലും ചിത്രകാരന്റെ ശ്രദ്ധ പതിയുന്നു. ഇന്ന മൂര്‍ത്തിക്ക്‌ ഇന്ന രൂപം എന്ന്‌ ധ്യാനമന്ത്രങ്ങളിലുള്ള സ്വരൂപവര്‍ണന കളമെഴുത്തുകാര്‍ക്കു ഹൃദിസ്ഥമാണ്‌. മന്ത്രം ധ്യാനിക്കുമ്പോള്‍ മനസ്സില്‍ പതിയുന്ന രൂപത്തെ വര്‍ണധൂളികള്‍ കൊണ്ട്‌ ചിത്രീകരിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ഓരോ സ്ഥാനങ്ങളില്‍ പീഠമിട്ട്‌, അതിന്മേല്‍ നാളികേരം, പൂക്കുല എന്നിവ ഒരുക്കി, വാള്‍ ചാരിവച്ച്‌ നിലവിളക്കുകള്‍ കൊളുത്തിവയ്‌ക്കുമ്പോള്‍ കളത്തിന്‌ സമഗ്രമായ ശോഭ കൈവരുന്നു. 64 കരങ്ങളുള്ള രൂപം വരയ്‌ക്കാന്‍ പത്തു പതിനെട്ടുപേര്‍ ഉണ്ടായെങ്കിലേ പറ്റൂ. ഓരോ മൂലയ്‌ക്കും ഓരോരുത്തര്‍ ഇരുന്ന്‌ ഓരോ അവയവത്തിന്റെയും രചന നിര്‍വഹിക്കുമ്പോള്‍ രൂപത്തിനു നടുക്കു പൊടിയുമായിട്ടിരിക്കുന്ന പ്രധാനി ഉള്ളിലുള്ള പണികള്‍ ചെയ്യുന്നു. അങ്ങനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്‌ ദേവീസങ്കല്‌പത്തിന്റെ ബൃഹത്തായ പ്രപഞ്ചം സൃഷ്ടിച്ചെടുക്കുന്നത്‌.

കളം വരയ്‌ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തിന്റെ മീനക്കോണില്‍ (വടക്കുകിഴക്ക്‌) അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവകൊണ്ട്‌ പദ്‌മമിട്ട്‌, പദ്‌മത്തിന്റെ നടുക്ക്‌ തൂശനിലയില്‍ നെല്ലും അരിയും നാളികേരവും ഒരുക്കി, നിലവിളക്കും കൊളുത്തിവച്ച്‌ ഉച്ചപ്പാട്ടു നടത്തുന്നതോടെയാണ്‌ സാധാരണ കളമെഴുത്തുപാട്ടാരംഭിക്കുന്നത്‌. സന്ധ്യയ്‌ക്കു മുമ്പ്‌ കളമെഴുതി തീര്‍ന്നാല്‍ കളത്തിലെ വച്ചൊരുക്കുകളെല്ലാം പൂര്‍ത്തിയാക്കുന്നു. ഒരു കൈയ്‌ക്ക്‌ ഒരു നിലവിളക്ക്‌, ഒരു നെല്ലരിക്കൂട്ടം, നാളികേരം, പൂക്കുല എന്നിവ വയ്‌ക്കണം.

കളത്തിനു മുമ്പിലിരുന്നുള്ള പാട്ട്‌ ഗണപതി, സരസ്വതി എന്നീ ദേവതകള്‍ക്കുള്ള സ്‌തുതിയോടെ ആരംഭിക്കുന്നു. പിന്നെ പാടുന്ന പൂങ്കുലമാല എന്ന പാട്ട്‌ പ്രധാനമാണ്‌.

"പൂങ്കുലമാല മാന്തളിര്‍ തിണ്ണം 
മാന്തളിര്‍ ചെമ്പരുത്തി
പൂമലരും കുരുത്തെങ്ങിന്നോല
വമ്പുള്ള മാല തൂക്കി
നാറ്റില തന്നില്‍ വെള്ളരി വെള്ള
വെറ്റില നല്ല തേങ്ങാ
നിനക്കു ചേരും വിളക്കോ പീഠം
ഏറിന കുറവാളോ..........'
അടന്തയില്‍ പാടുന്ന മറ്റൊരു പാട്ട്‌ ഈ വിധമാണ്‌.
"ചെമ്പന്നം പുറവടിവിരലോ
കൈ തൊഴുന്നേന്‍
ചേവടിത്തളിരോ തിരുച്ചെപ്പുകള്‍
തൊഴുന്നേന്‍............'
 

കാളിയുടെ ഉഗ്രരൂപത്തെ സ്‌തുതിച്ചുള്ള ചില പാട്ടുകളും പിന്നീടു പാടുന്നു. ഒരു ഉദാഹരണം ഉദ്ധരിക്കാം.

"ഇഷ്ടമായ്‌ കാട്ടാന കാതിലിടുന്നവള്‍
ഇളകിന തിരുമദം പെരുത്തുപോയ്‌
വേതാളമേതവള്‍
കഷ്ടിച്ച ദാരികന്റെ നെഞ്ചെപ്പിളര്‍ന്നവള്‍
കടുനിണം കൊണ്ടങ്ങുടനേ
ഇളികള്‍ക്കൂണായ്‌വാ.............കൂപ്പവള്‍....
..................................
ണാക്കി ണാക്കിണാ പറഞ്ഞ ദാരിക
അകലെ മിണ്ടാതെ കുറുകെ നില്ലെടാ'
 

സാധാരണ ഭദ്രകാളിപ്പാട്ടു കഴിഞ്ഞാല്‍ പിണിയാള്‍ കുളിച്ച്‌ തറ്റുടുത്തു ചുവന്ന പട്ടും അരയ്‌ക്കു ചുറ്റി, ദേഹമാസകലം ചന്ദനവും പുരട്ടി, അരമണിയും വാളും ചിലമ്പും ധരിച്ച്‌, കളത്തിലേക്കു വന്ന്‌ അതിനു ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നു. ചെണ്ട, കുഴല്‍, കൊമ്പ്‌ തുടങ്ങിയ വാദ്യങ്ങള്‍ പശ്ചാത്തലത്തില്‍ മുഴക്കാറുണ്ട്‌. താളം മുറുകുമ്പോള്‍ തുള്ളല്‍ ദ്രുതഗതിയിലാകുന്നു. തുള്ളലിനൊപ്പം അട്ടഹാസങ്ങളും കല്‌പനകളും ഉയര്‍ന്നു കേള്‍ക്കും. തുടര്‍ന്ന്‌ പിണിയാള്‍ താലത്തില്‍ തിരി കത്തിച്ചു വച്ച്‌ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം ചെയ്‌ത്‌ മൂര്‍ത്തിയുടെ നടയ്‌ക്കല്‍ കൊണ്ടുവന്നു വഴിപാടുകാര്‍ക്ക്‌ ഉഴിയും. ഞങ്ങളുടെ സകല ദുരിതങ്ങളും ദേവിയുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു എന്ന സങ്കല്‌പത്തോടെ വഴിപാടുകാരന്‍ താലത്തില്‍ ദക്ഷിണ പൊലിക്കും. അതിനുശേഷം അലങ്കരിച്ചു ചാര്‍ത്തിയിരിക്കുന്ന കുരുത്തോല എടുത്തു മടക്കി മൂര്‍ത്തിയുടെ പാദം തൊട്ടു നെറുകയില്‍ വച്ചശേഷം കിണ്ടിയിലെ വെള്ളം പാദത്തില്‍ തളിക്കുന്നു. കളത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ചൈതന്യത്തെ ഉദ്വസിച്ചശേഷം കളം മായ്‌ക്കുന്നു.

അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തില്‍ പാട്ടുവഴിപാട്‌ അതിപ്രധാനമായി കൊണ്ടാടിപ്പോരുന്ന ഒന്നാണ്‌. അവിടെ പ്രത്യേകിച്ചും പൂന്താനത്തിന്‍െറ "ഘനസംഘം' എന്ന കൃതി പാടുന്ന രീതിയില്‍, കേരളീയമായ ഗാനശൈലിയുടെ തനിമ മുഴങ്ങുന്നു. ദേവിയുടെ കേശാദിപാദവര്‍ണനയാണ്‌ "ഘനസംഘം'.

കളംപാട്ടില്‍ മുഖ്യമായും പാടുന്നത്‌ ദാരികവധം കഥയാണ്‌. തുടര്‍ന്ന്‌ ചിലപ്പതികാര കഥയും പാടിപ്പോരുന്നു. സാമാന്യമായി കാളിയെ സംബന്ധിച്ച പാട്ടുകള്‍ക്കു തോറ്റംപാട്ടുകള്‍ എന്നാണ്‌ പേര്‌. തോറ്റംപാട്ട്‌ എന്നതിന്‌ തോന്നിച്ചു പാടുക എന്നും ജീവിപ്പിക്കുന്ന പാട്ട്‌ എന്നും അര്‍ഥമുണ്ട്‌.

പരമ്പരയായി പാടി വരുന്ന പാട്ടുകള്‍ക്ക്‌ പലപ്പോഴും ഒരേ പാട്ടുകാരുടെ ഇടയില്‍ത്തന്നെ പല പാഠഭേദങ്ങള്‍ കാണാം. വാമൊഴിയായി പരമ്പരയിലൂടെ പകര്‍ന്നു കിട്ടിയ തോറ്റംപാട്ടുകള്‍ കുറെയൊക്കെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും കുറിച്ചിടാത്ത ഇത്തരം പാട്ടുകള്‍ അനവധിയുണ്ട്‌. പലയിടങ്ങളിലും പല വാദ്യോപകരണങ്ങളാണ്‌ പാട്ടിനോടൊപ്പം ഉപയോഗിച്ചു പോരുന്നത്‌. പറ, ഇലത്താളം, ചേങ്കില എന്നീ വാദ്യങ്ങളാണ്‌ കുറുപ്പന്മാര്‍ ഉപയോഗിക്കാറുള്ളത്‌. വണ്ണാര്‍ പാട്ടിനോടൊപ്പം നന്തുണി എന്ന ഉപകരണം കൊട്ടുന്നു. ഇത്‌ ഒരു തന്ത്രിവാദ്യമാണെങ്കിലും ശ്രുതിയോടൊപ്പം ഇതില്‍ താളവും കൊട്ടാം. ക്ഷേത്രത്തിനു വെളിയില്‍ കളംപാട്ടു നടത്തുമ്പോള്‍ ക്ഷേത്രത്തിലെ പൂജാരിയാണ്‌ ആദ്യം കളത്തില്‍ പൂജ നടത്തുന്നത്‌. ക്ഷേത്രത്തിനുള്ളില്‍ ദേവതയുടെ അധിവാസമുള്ളതിനാല്‍, പ്രത്യേകം ബ്രാഹ്മണപൂജയില്ലാതെ, കുറുപ്പ്‌ നടത്തുന്ന പൂജയോടെ പാട്ടാരംഭിക്കുന്നു.

നാഗക്കളവും അയ്യപ്പന്‍ തീയ്യാട്ടും. കേരളത്തില്‍ ഏതു ഗ്രാമത്തില്‍ ചെന്നാലും അവിടത്തെ ഐശ്വര്യത്തിനു നിദാനമെന്നു ജനങ്ങള്‍ കരുതി വിശ്വസിക്കുന്ന പരദേവതകളുടെ സാന്നിധ്യം കാണാതിരിക്കില്ല. ഗ്രാമീണജീവിതത്തില്‍ ഉര്‍വരതയുടെ പ്രതീകങ്ങളായി കരുതി വരുന്ന മൂര്‍ത്തികളാണ്‌ കാളിയും നാഗവും. ഗ്രാമത്തിന്റെ അതിര്‍ത്തി കാത്തുരക്ഷിക്കുന്നത്‌ അയ്യപ്പനും ഗ്രാമത്തിനുള്ളില്‍ ജനങ്ങളുടെ സുഭിക്ഷതയ്‌ക്കുള്ള അനുഗ്രഹം ചൊരിയുന്നത്‌ അമ്മനുമാണെന്നത്‌ പഴയൊരു സങ്കല്‌പമാണ്‌.സവര്‍ണരുടെ ക്ഷേത്രങ്ങളിലും സവര്‍ണ ഗൃഹങ്ങളിലും കുറുപ്പന്മാരും തീയ്യാട്ടുണ്ണികളും കളംപാട്ടു നടത്തുമ്പോള്‍, അവര്‍ണരുടെ ക്ഷേത്രങ്ങളോടനുബന്ധിച്ച്‌ കണിശന്മാര്‍, വേലന്മാര്‍, വണ്ണാന്മാര്‍, മലയര്‍ എന്നിവരാണു പാട്ടു നടത്തുന്നത്‌.

നാഗക്കളം

നാഗക്കളം. നാഗാരാധനയുടെ പ്രധാന ചടങ്ങാണ്‌ നാഗങ്ങളുടെ കളമെഴുതിയുള്ള പാട്ട്‌. പുള്ളുവരാണ്‌ നാഗപൂജയുമായി ബന്ധപ്പെട്ട കര്‍മികള്‍. പുള്ളുവ സ്‌ത്രീകള്‍ നാഗങ്ങളുടെ അനുഗ്രഹം നേടിയിട്ടുണ്ടെന്നാണ്‌ ഐതിഹ്യം. പുള്ളുവന്‍ "വീണക്കുഞ്ഞ്‌' എന്ന ഫിഡില്‍ പോലെയുള്ള തന്ത്രിവാദ്യവും, പുള്ളുവത്തി പൂണ്ടുവക്കുടവും വായിച്ചുകൊണ്ട്‌ സര്‍പ്പസ്‌തുതികള്‍ പാടുന്നു. അമ്പലങ്ങളിലും കുടുംബങ്ങളിലുമുള്ള സര്‍പ്പക്കാവുകളിലാണ്‌ നാഗക്കളം എഴുതി പാട്ടുകഴിക്കാറുള്ളത്‌. സര്‍പ്പകോപം കൊണ്ടുണ്ടാകുന്ന ഗ്രഹപ്പിഴകളും രോഗങ്ങളും ഇല്ലാതാക്കി ഐശ്വര്യവും സന്താനസൗഖ്യവും നേടുന്നതിനാണ്‌ സര്‍പ്പം പാട്ടും കളമെഴുത്തും കഴിക്കാറുള്ളത്‌. മണ്ണിന്റെ അധിദേവതകളാണ്‌ നാഗങ്ങളെന്ന വിശ്വാസം പണ്ടേക്കു പണ്ടേ കേരളത്തില്‍ നിലനിന്നിരുന്നു. മണ്ണില്‍ അടങ്ങിയിരിക്കുന്ന നിധിയുടെ കാവല്‍ക്കാരാണു നാഗദൈവങ്ങള്‍ എന്ന വിശ്വാസത്തോടെ പാരമ്പര്യമായി കൊല്ലംതോറും കളമെഴുത്തും പാട്ടും കഴിക്കുന്ന തറവാടുകള്‍ ഇന്നും കാണാം. കേരളത്തിലെ ഗ്രാമങ്ങളില്‍ ഏതു തറവാടിനോടും ചേര്‍ന്ന്‌ സര്‍പ്പക്കാവുകള്‍ ഉണ്ട്‌. അത്തരം കാവുകള്‍ വെട്ടി നശിപ്പിച്ചാല്‍ സര്‍പ്പകോപത്തിനിടയാകുമെന്നാണ്‌ പഴയ വിശ്വാസം. കാവുകളില്‍ സര്‍പ്പങ്ങളെ പ്രതിഷ്‌ഠിക്കുന്നത്‌ ചിത്രകൂടം നിര്‍മിച്ച്‌ അതിനുള്ളിലാണ്‌. അതു കൂടാതെ കല്ലില്‍ പണിഞ്ഞിട്ടുള്ള നാഗവിഗ്രഹങ്ങളും അതിനു ചുറ്റും പ്രതിഷ്‌ഠിച്ചു കാണാം. കേരളത്തില്‍ സര്‍പ്പങ്ങളെ പ്രതിഷ്‌ഠിച്ചിട്ടുള്ള പ്രധാന കേന്ദ്രങ്ങള്‍ പാമ്പുമ്മേക്കാട്ടില്ലവും മണ്ണാര്‍ശാലയുമാണ്‌.

മണ്ണാര്‍ശാലക്ഷേത്രത്തിന്റെ ഉത്‌പത്തിയെ ഖാണ്ഡവദഹനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഐതിഹ്യമുണ്ട്‌. തീപിടിച്ച വനത്തില്‍ അശരണരായ സര്‍പ്പങ്ങളെ ഒരു ബ്രാഹ്മണ കന്യക, വെള്ളമൊഴിച്ച്‌ മണ്ണ്‌ "ആറിച്ച്‌' രക്ഷിച്ചുവെന്നാണ്‌ കഥ. ഇന്നും അവിടത്തെ പൂജയ്‌ക്ക്‌ അധികാരി മൂത്ത പുരുഷപ്രജയുടെ പത്‌നിയാണ്‌. അവര്‍ ദാമ്പത്യം സ്വീകരിക്കുന്നുണ്ടെങ്കിലും ജീവിതകാലം മുഴുവന്‍ കന്യകയായി കഴിയുന്നു. വേളി കഴിച്ച ഭര്‍ത്താവ്‌ മറ്റൊരു കന്യകയെ ഭാര്യയായി സ്വീകരിക്കുകയാണ്‌ പതിവ്‌. മണ്ണാര്‍ശാലയില്‍ സര്‍പ്പംപാട്ടും സര്‍പ്പംതുള്ളലും വിശേഷപ്പെട്ട വഴിപാടാണ്‌. പുള്ളുവരാണ്‌ സര്‍പ്പപ്പാട്ടു നടത്തുന്നത്‌.

നാഗക്കളം എഴുതുന്നതിന്‌ ഏഴു ദിവസം മുമ്പ്‌ "കളംകുറിക്കുക' എന്നൊരു ചടങ്ങുണ്ട്‌. കളത്തിനു വേണ്ട സാധനസാമഗ്രികളുടെ ചാര്‍ത്തു കുറിക്കുന്നത്‌ ആ ദിവസമാണ്‌. അന്നു മുതല്‍ കളമെഴുത്തും പാട്ടും കഴിയുന്നതുവരെ വഴിപാടു നടത്തുന്ന കുടുംബക്കാരും പുള്ളുവരും മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുകയും വ്രതം ആചരിക്കുകയും വേണം. 183 സെ.മീ. x 124 സെ.മീ. വലുപ്പത്തില്‍ കളമുണ്ടാക്കി വിതാനിച്ചിരിക്കും. കളംപൂജയ്‌ക്കു സഹായി ആയിരിക്കുന്ന ആള്‍ "കളത്തില്‍ കൈമള്‍' എന്നറിയപ്പെടുന്നു. ത്രിസന്ധ്യ കഴിഞ്ഞാലുടന്‍ പന്തലിന്റെ കന്നിമൂലയ്‌ക്കു വച്ച്‌ ഗണപതിപൂജ നടത്തുന്നു. അതിനു ശേഷമാണ്‌ കളമെഴുത്ത്‌ തുടങ്ങുന്നത്‌. അടിഭാഗത്ത്‌ നീളത്തില്‍ കീറിയിട്ടുള്ള ചിരട്ടയില്‍ പൊടികള്‍ നിറച്ചാണ്‌ നാഗക്കളം എഴുതുന്നത്‌. ചുറ്റിപ്പിണഞ്ഞിരിക്കുന്ന രണ്ടു സര്‍പ്പങ്ങളെയാണ്‌ ചെറുതരം കളങ്ങളില്‍ ചിത്രീകരിക്കുന്നത്‌. 4, 8 തുടങ്ങി 101 സര്‍പ്പങ്ങളെ വരെ ഒരേ കളത്തില്‍ ചിത്രീകരിക്കുന്നതും അപൂര്‍വമല്ല. നാഗരാജാവിന്റെ രൂപം മാത്രമായും എഴുതാറുണ്ട്‌. സര്‍പ്പങ്ങളുടെ ഉടല്‌ ആദ്യവും വാല്‌ അവസാനവുമാണ്‌ എഴുതുക. കളമെഴുത്ത്‌ പൂര്‍ത്തിയായശേഷം വീണ്ടും കന്നി മൂലയില്‍ ജലഗന്ധപുഷ്‌പധൂപദീപങ്ങള്‍ കൊണ്ട്‌ പഞ്ചാര്‍ച്ചന നടത്തുന്നു. ഈ പൂജാവസ്‌തുക്കള്‍ വീണ്ടും പടിഞ്ഞാറു ഭാഗത്തു കൊണ്ടുവന്ന്‌ കളം, താലം, മുറം എന്നിവയിലേക്ക്‌ മുമ്മൂന്നു തവണ പൂജിക്കും. പിന്നീട്‌ മുറത്തില്‍ മൂന്നു ചെറുതിരി കത്തിച്ച്‌ കളത്തിനു മൂന്നു വലം വച്ച്‌ അമര്‍ന്നുഴിയല്‍ എന്ന ചടങ്ങും നടത്തുന്നു. ഈ സമയത്ത്‌ പ്രത്യേക താളത്തില്‍ പുള്ളുവക്കുടം കൊട്ടും. സര്‍പ്പശത്രുവായ ഗരുഡന്‍െറ പ്രീതിക്കുവേണ്ടിയാണ്‌ മുറം പൂജ. ഇതിനു ശേഷമാണ്‌ കിഴക്കു വശത്തുവച്ച്‌ സര്‍പ്പങ്ങള്‍ക്കുവേണ്ടി മഞ്ഞള്‍പ്പൊടി, അരിപ്പൊടി, പശുവിന്‍പാല്‌, ശര്‍ക്കര, പുണ്യാഹം, പഴം, ഇളനീര്‍ എന്നീ പൂജാദ്രവ്യങ്ങള്‍ കൊണ്ട്‌ പാലും പൊടി പൂജ (നൂറും പാലും കൊടുക്കല്‍) നടത്തുന്നത്‌.

"ജലചന്ദനാദി കുസുമാദി ധൂപദീപം
പഞ്ചാര്‍ച്ചനങ്ങള്‍ വിരവോടെ കഴിക്ക നന്നായ്‌
അഷ്ടാദിനാഗം അവര്‍ക്കമ്പൊടുനേദ്യമാകില്‍
ഇഷ്ടത്തില്‍ വന്നു അവരങ്ങനെ തൃപ്‌തിനല്‌കും'.
 

എന്നിങ്ങനെ പൂജാവിധികള്‍ തന്നെ പുള്ളുവപ്പാട്ടിലുണ്ട്‌. പാലും പൊടി പൂജ കഴിയുമ്പോള്‍ ഭദ്രകാളിയെയും അഷ്ടവസുക്കളെയും പൂജിക്കുന്നു. തുടര്‍ന്നാണ്‌ സര്‍പ്പം തുള്ളല്‍ നടക്കുന്നത്‌. വ്രതം നോറ്റു നില്‌ക്കുന്ന കന്യകമാരായ ചെറിയ പെണ്‍കുട്ടികളാണ്‌ കളത്തില്‍ തുള്ളുക. സര്‍പ്പാകൃതിയിലുള്ള കിരീടവും പൂമാലയും ധരിച്ച്‌ കവുങ്ങിന്‍ പൂങ്കുലയും കൈയിലേന്തി അവര്‍ വലതുകാല്‍ വച്ചു കളത്തില്‍ പ്രവേശിച്ച്‌ സര്‍പ്പത്തിന്‌ അഭിമുഖമായി ഇരിക്കും. പുള്ളുവനും പുള്ളുവത്തിയും വീണ മീട്ടിക്കൊണ്ട്‌ ഗണപതിയെ സ്‌തുതിച്ചു പാടാന്‍ തുടങ്ങും. സാധാരണയായുള്ള ഗണപതിസ്‌തുതി ഇങ്ങനെയാണ്‌:

"കതിരവന്‍ ഉദിക്കും മുമ്പേ
കല്‌പകമുല്ലപ്പന്തല്‍
തെരുതെരെ അടിച്ചു നീക്കി
ഗംഗ ചാണകം നീര്‍ തളിച്ച്‌
തെളുതെളെ വിളക്കു തേച്ച്‌
നെയ്യതില്‍ നിറച്ചു പാര്‍ന്ന്‌ (പകര്‍ന്ന്‌)
അലക്കിയ ശീല ചീന്തി
അഴകിയ തിരിയുമിട്ട്‌ .....
..............................
പഠിച്ചതൊക്കെ വിളങ്ങണം
ശ്രീമഹാഗണപതിയെ....'
 

ഗണപതിസ്‌തുതിക്കു ശേഷം സര്‍പ്പങ്ങളുടെ കഥകളും അപദാനങ്ങളും വര്‍ണിച്ചു കൊണ്ടു പാടുന്നു. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖപാലന്‍, മഹാപദ്‌മന്‍, പദ്‌മന്‍, കാളിയന്‍ എന്നീ അഷ്ടനാഗങ്ങളെയും ആവാഹിച്ചുകൊണ്ടാണു പാടുക. നാഗപ്പാട്ടില്‍ ഒരിനം:

"അഷ്ടനാഗങ്ങളേ കെട്ടി അണിഞ്ഞൊരുങ്ങൂ
തുഷ്ടി കലര്‍ന്നെഴും പന്തലതില്‍
പാലുമേ പൊടിയുമേ പഞ്ചാമൃതങ്ങളും
					(തകതൈതക)
നാളികേരം മാല തേന്‍ ഗുളവും
ഏവമോരോന്നേ ഞാന്‍ നിങ്ങടെ മുമ്പില്‍
					(തകതൈതക)
ആവോളം വച്ചു ഞാന്‍ പൂജിക്കുന്നേന്‍
കൊട്ടി വിളിച്ചു ഞാന്‍ പാടുന്ന നേരത്ത്‌
					(തകതൈതക)
കെട്ടിയുറഞ്ഞെന്റെ കോമരങ്ങള്‍
മുന്‍പേ എഴുന്നള്ളി വാഴ്‌ക അനന്തനും
					(തകതൈതക)
വന്‍പനാം വാസുകി തക്ഷകനും
കാര്‍ക്കോടകന്‍ മഹാപദ്‌മനും പദ്‌മനും
					(തകതൈതക)
ശംഖുവരാഖ്യനാഭൂഷകന്‍ താനും
കാളിന്ദിയില്‍ വാണ കാളിയന്‍ താനുമേ
					(തകതൈതക)
ഐരാവതം മണിനാഗങ്ങളും' 
 

പാട്ടിന്റെ താളത്തിനൊത്ത്‌ കന്യകമാര്‍ സാവധാനത്തില്‍ തുള്ളലാരംഭിക്കുന്നു. കന്യകമാരുടെ കൈയില്‍ പിടിച്ചിട്ടുള്ള പൂങ്കുല കുലുക്കിയുള്ള തുള്ളല്‍ "ഇളക്‌, ഇളകെന്റെ ഇളകു നാഗമേ! ഇളകീട്ടു വായോ എന്റെ മണ്ഡലത്തില്‌' എന്നിങ്ങനെയുള്ള പാട്ടിന്റെ താളം മുറുകുന്നതോടെ ദ്രുതകാലത്തിലാകുന്നു. അടിയിളകി, മുടിയിളകി, പിടിച്ചൊരു പൂങ്കുലയുടെ തരി പൊഴിയുമാറ്‌, കന്നിയാകെ നീ പ്രവേശിച്ച്‌ ആടിവായോ! കരിനാഗമേ, നാഗരാജാവേ, അഞ്‌ജനമണി നാഗമേ! ഞാനിട്ട കളം കൊള്ളൂ! പൂജ കൊള്ളൂ... എന്നിങ്ങനെ വിളിച്ചുപാടുമ്പോള്‍ കന്യകമാര്‍ വട്ടമിട്ടാടി, മയിലാട്ടമാടി, തലമുടി ചുറ്റിയാടി, നാഗങ്ങളായി ആടി കളംമായ്‌ക്കാന്‍ തുടങ്ങുന്നു. കളത്തിലെ വര്‍ണധൂളിയില്‍ സര്‍പ്പത്തെപ്പോലെ ഇഴയുന്ന കന്യകയോട്‌ കര്‍മിയായ പുള്ളുവന്‍ സംഭാഷണം നടത്തും. "ഞങ്ങളുടെ മുമ്പിലേക്ക്‌ ആടിവന്നു ഞങ്ങളോട്‌ സത്യമായി രണ്ടു വാക്കു കല്‌പിക്കൂ!' എന്ന്‌ അവര്‍ നാഗങ്ങളോട്‌ അപേക്ഷിക്കും. ഏതു നാഗമാണ്‌ ആവേശിച്ചത്‌ അഥവാ കളം കൊണ്ടത്‌ എന്ന ചോദ്യത്തിന്‌ അഞ്‌ജനമണിനാഗമെന്നോ കരിനാഗമെന്നോ എന്തെങ്കിലും ഉത്തരമുണ്ടാകും. "നാഗങ്ങളേ നിങ്ങള്‍ക്കു തൃപ്‌തിയായില്ലേ, സന്തതിസൗഭാഗ്യങ്ങള്‍ നല്‌കി കുടുംബത്തെ അനുഗ്രഹിച്ചുകൂടേ?' എന്നും മറ്റും പുള്ളുവന്‍ ചോദിക്കുന്നു. സര്‍പ്പങ്ങള്‍ക്കു തൃപ്‌തിയായെങ്കില്‍ പിന്നെ സര്‍പ്പക്കളം എഴുതേണ്ട കാര്യമില്ല. സര്‍പ്പങ്ങള്‍ക്കു തൃപ്‌തി വന്നില്ലെങ്കില്‍ വീണ്ടും കളഴെുതി അവരെ പ്രസാദിപ്പിക്കണം. സര്‍പ്പക്കളത്തിലെ കര്‍മങ്ങള്‍ അവസാനിച്ചാല്‍ ഭൂതക്കളമെഴുതി സര്‍പ്പങ്ങളുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതങ്ങളെയും തൃപ്‌തിപ്പെടുത്തുന്നു.

അയ്യപ്പന്‍ തീയ്യാട്ട്‌

അയ്യപ്പന്‍ തീയ്യാട്ട്‌. ഭദ്രകാളി തീയ്യാട്ടിന്‌ തിരുകൊച്ചി പ്രദേശങ്ങളില്‍ പ്രചാരമുള്ളതുപോലെ അയ്യപ്പന്‍ തീയ്യാട്ടിന്‌ മലബാറില്‍ പ്രാധാന്യമുണ്ട്‌. വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനും സന്താനലാഭത്തിനും വേണ്ടിയാണ്‌ തീയ്യാട്ടു കഴിപ്പിക്കുന്നത്‌. അയ്യപ്പന്‍ തീയ്യാട്ടു നടത്തുന്നവരെ തീയ്യാടി നമ്പ്യാന്മാര്‍ എന്നു പറയുന്നു. വേട്ടയ്‌ക്കൊരു മകന്റെയും അയ്യപ്പന്റെയും കളമെഴുതിയാണ്‌ പാട്ടു കഴിക്കുന്നത്‌. അയ്യപ്പന്റെ തന്നെ മറ്റൊരു സങ്കല്‌പമാണ്‌ വേട്ടയ്‌ക്കൊരുമകന്‍. താടിയും മുടിയും നീട്ടി വില്ലും ശരവും ധരിച്ച്‌ കടുവയെയോ പുലിയെയോ ചേര്‍ത്തു നിര്‍ത്തിയിട്ടുള്ളതാണ്‌ ആ രൂപം. വാളും പരിചയുമേന്തി കുതിരപ്പുറത്തേറിയ വില്ലാളിയുടെ രൂപത്തിലും കളം രചിക്കാറുണ്ട്‌.

കളം എഴുതിത്തീര്‍ന്നശേഷം നാലു മൂലയ്‌ക്കും കത്തിച്ച വിളക്ക്‌, പച്ചരി, നെല്ല്‌, മലര്‌ എന്നിവ വയ്‌ക്കും. രൂപത്തിന്‍െറ തലയ്‌ക്കല്‍ ഒരു ചുവന്ന പട്ട്‌ വിരിച്ച്‌ പീഠം വയ്‌ക്കും. പീഠത്തിന്റെ മുകളില്‍ തിരുവുടയാട ചാര്‍ത്തും. കളം അലങ്കരിക്കുന്നതിനെ അയ്യപ്പന്‍ പാട്ടില്‍ ഇങ്ങനെ വര്‍ണിച്ചിരിക്കുന്നു:

"നാലോടു നാലു തൂണതു നാട്ടി
നല്ലൊരെഴുക വച്ച്‌
നന്മയതുള്ള നല്‍ക്കയര്‍ കൊണ്ട്‌
പാവിയതിന്നു മീതെ
കൂറകളോടു പട്ടു പുടവ
നല്ലൊരു വീരാളി
ചേരുമാറുള്ള കൂറ വിരിച്ചു
പാവിയതിന്നു താഴെ
മാലകളോടു മാന്തളിര്‍ തൂക്കി
നല്ലൊരു ചെമ്പഴുക്ക'
 

സന്ധ്യയോടെ കളം എഴുതി അലങ്കരിച്ചു തീരും. സന്ധ്യക്കൊട്ട്‌ എന്ന ചടങ്ങിനുശേഷം രാത്രിയിലാണ്‌ കളം പൂജ, കളം പാട്ട്‌, കൂത്ത്‌, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയ ചടങ്ങുകള്‍ നടത്തുന്നത്‌. ഇവയുടെ ക്രമത്തിന്‌ പ്രാദേശികമായ ഭേദങ്ങള്‍ ഉണ്ടെന്നു മാത്രം. അയ്യപ്പന്‍ പാട്ടുകളാണ്‌ ഇവിടെ പാടുന്നത്‌. അയ്യപ്പന്‍ തീയ്യാട്ടിലെ പ്രധാന ചടങ്ങാണ്‌ കളത്തിലാട്ടം. തീയ്യാടി നമ്പ്യാര്‍ തറ്റുടുത്ത്‌ മാല അണിഞ്ഞ്‌ വാളെടുത്ത്‌ കോമരമായി ഇളകിയാടും. കളത്തിനു പുറത്തുനിന്ന്‌ വാദ്യഘോഷത്തിനനുസരിച്ച്‌ പ്രത്യേക താളത്തില്‍ "ഈടും കൂറും' ചവിട്ടി മുന്നോട്ടു വന്നു വാളുകൊണ്ട്‌ കളത്തിലെ അലങ്കരണങ്ങളെല്ലാം തട്ടിമാറ്റി പ്രത്യേക രീതിയില്‍ കാലു കൊണ്ടു കളം മായ്‌ക്കും. ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളുടെ പരിദേവനങ്ങള്‍ക്ക്‌ ആശ്വാസം നല്‌കുന്ന അരുളപ്പാടോടു കൂടിയാണ്‌ കോമരം നൃത്തം അവസാനിപ്പിക്കുക. ഏറ്റവും അവസാനമാണ്‌ തിരിയുഴിച്ചില്‍ എന്ന ചടങ്ങ്‌. ഒരു പന്തം കത്തിച്ച്‌ നാളികേരം ഉടച്ച്‌ നിവേദിച്ചശേഷം പന്തം കൊണ്ട്‌ എല്ലാവരെയും ഉഴിഞ്ഞനുഗ്രഹിക്കും.

ശ്രീപരമേശ്വരനില്‍ നിന്നു ലഭിച്ച ദീപശിഖയാണ്‌ ഈ പന്തം എന്നാണ്‌ സങ്കല്‌പം. അയ്യപ്പന്‍ കൂത്തിന്‌ തീയ്യാടിനമ്പ്യാര്‍ നന്ദികേശ്വരന്റെ വേഷമാണ്‌ അണിയുക. പാതിയം എന്ന കിരീടവും മാലകളും കഥകളിക്കുപ്പായവും അരമണിയും ചിലമ്പുമൊക്കെയാണ്‌ വേഷം.

മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രാചീന കലാരൂപങ്ങള്‍ ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ ആചാരങ്ങളുടെ ചരിത്രം വിളംബരം ചെയ്യുന്ന വിലപ്പെട്ട രേഖകളാണ്‌.

(കാവാലം നാരായണപ്പണിക്കര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍