This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളഭ്രര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളഭ്രര്‍

അഞ്ചും ആറും നൂറ്റാണ്ടുകളില്‍ കേരളം ഭരിച്ചിരുന്ന ഒരു രാജവംശം. തമിഴ്‌ സംഘകാലത്തിനു ശേഷം ചേര, ചോഴ, പാണ്ഡ്യന്മാരെ മൂവേന്തന്മാരെ കളഭ്രര്‍ സ്ഥാനഭ്രഷ്‌ടരാക്കിയെന്നു പറയപ്പെടുന്നു. മതവൈരമായിരിക്കാം കളഭ്രരെ രാഷ്‌ട്രീയ വിപ്ലവത്തിനു പ്രരിപ്പിച്ചത്‌. കളഭ്രരെ കലിയരശന്മാരെന്നും വിളിച്ചിരുന്നു. കൊള്ളയടിക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ പതിഞ്ഞിരുന്നത്‌. ചരിത്രഗ്രന്ഥങ്ങളില്‍ ഇവരെ ദുഷ്‌ടന്മാരായാണ്‌ ചിത്രീകരിച്ചിരുന്നത്‌. ഇവരുടെ ദുഷ്‌പ്രവൃത്തികള്‍മൂലം മൂവേന്തന്മാരുടെ കാലത്ത്‌ സുസ്ഥാപിതമായിരുന്ന രാഷ്‌ട്രീയ വ്യവസ്ഥിതി നിശ്ശേഷം തകര്‍ന്നു. അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അവരെ അങ്ങേയറ്റം വെറുത്തിരുന്നു. എ.ഡി. 300 മുതല്‍ 600 വരെയുള്ള കാലത്തെ "അന്ധകാരകാലം' എന്നാണ്‌ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌. ചില ബുദ്ധമത ഗ്രന്ഥങ്ങളില്‍ കളഭ്രരില്‍പ്പെട്ട ഒരു അച്ചുതവിക്കാന്തനെപ്പറ്റി പ്രസ്‌താവനകളുണ്ട്‌. ഇദ്ദേഹത്തിന്‍െറ ഭരണകാലത്ത്‌ ബൗദ്ധവിഹാരങ്ങള്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും ചോഴനാട്ടില്‍ ലഭിച്ച പ്രാത്സാഹനത്തെപ്പറ്റി ചില സൂചനകള്‍ കാണ്‍മാനുണ്ട്‌. അച്ചുതവിക്കാന്തന്‍ (അച്യുത വിക്രാന്തന്‍) ബുദ്ധമതാനുയായി ആയിരിക്കാമെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ചേര, ചോഴ, പാണ്ഡന്യന്മാരെ അദ്ദേഹം തടങ്കലില്‍ വച്ചിരുന്നതായി പില്‌ക്കാലത്തെ ഒരു തമിഴ്‌ ഐതിഹ്യം പറയുന്നു. ജൈനനായ അമൃതസാഗരന്‍ എന്ന തമിഴ്‌ വൈയാകരണന്റെ 10-ാം ശ.ത്തിലെ ഒരു കൃതിയില്‍ അച്ചുതവിക്കാന്തനെ പറ്റിയുള്ള ചില പാട്ടുകള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. പൂലന്‍കുറുച്ചിയില്‍ നിന്നു കണ്ടെടുത്ത 4-ാംശ.ത്തിലെ വട്ടെഴുത്തു രേഖയിലും ആതനൂരില്‍ നിന്നു കണ്ടെടുത്ത 5-ാം ശ.ത്തിലെ വട്ടെഴുത്തു രേഖയിലും കളഭ്രരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. കളഭ്രരുടെ ആക്രമണത്തോടെ ചോഴര്‍ അപ്രത്യക്ഷരായി. ഈ കാലഘട്ടത്തിന്‍െറ അവസാനദശയില്‍ അവരുടെ ഒരു ശാഖക്കാര്‍ ആയ തെലുങ്കു ചോഡരെ രായലസീമയില്‍ കാണാനുണ്ടായിരുന്നു. ഹുയാന്‍ത്‌സാങ്‌ (എ.ഡി. 7-ാംശ.) തന്‍െറ സഞ്ചരക്കുറിപ്പുകളില്‍ ചോഡരുടെ രാജ്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്‌.

പാണ്ഡ്യന്‍ കടുംകോനുമുമ്പ്‌ കളഭ്രര്‍, പാണ്ഡ്യനാടു വാണിരുന്നുവെന്നു വേള്‍വിക്കുടി ചെപ്പേടുകള്‍ പറയുന്നു. ഒരു കളഭ്രരാജാവ്‌ കാവേരിസംഗമത്തില്‍ ഉഗ്രപുരം തലസ്ഥാനമാക്കി വാണിരുന്നുവെന്ന്‌ 4-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഭൂതമംഗലത്തു വസിച്ചിരുന്ന ബുദ്ധദത്തന്‍ സ്വന്തകൃതിയില്‍ പ്രസ്‌താവിച്ചുകാണുന്നു. യാപ്പെരുങ്കലക്കാരികൈ, പെരിയപുരാണം, കല്ലാടം എന്നീ തമിഴ്‌ ഗ്രന്ഥങ്ങളിലും കളഭ്രരെപ്പറ്റി ചില പരാമര്‍ശങ്ങളുണ്ട്‌. കളഭ്രരുടെ ഭരണകാലത്ത്‌ രാജ്യമെങ്ങും അരാജകത്വവും അസമാധാനവുമാണ്‌ നിലനിന്നത്‌.

പാണ്ഡ്യന്മാരും ചോഴന്മാരും പല്ലവരും ചാലൂക്യരും കളഭ്രരെ പരാജയപ്പെടുത്താന്‍ ശ്രമം തുടങ്ങി. 6-ാം ശ.ത്തില്‍ വടക്കു പല്ലവവംശജനായ സിംഹവിഷ്‌ണുവും തെക്കു പാണ്ഡ്യന്‍ കടുംകോനും പ്രബലരായി. സിംഹവിഷ്‌ണു കാഞ്ചീപുരത്തു നിന്നും കടുംകോന്‍ മധുരയില്‍ നിന്നും നടത്തിയ ശക്തിയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കളഭ്രര്‍ നശിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍