This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളഭാഭിഷേകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളഭാഭിഷേകം

ചന്ദനക്കുഴമ്പ്‌കൊണ്ട്‌ ദേവവിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന പൂജാകര്‍മം. അഭിഷേക പ്രിയനായ ശിവനും അലങ്കാരപ്രിയനായ വിഷ്‌ണുവിനും കളഭം പ്രിയങ്കരമാണ്‌. അതിനാല്‍ വിഷ്‌ണുക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലുമാണ്‌ കളഭാഭിഷേകം സാധാരണയായി നടത്തിപ്പോരുന്നത്‌. പനിനീരില്‍ കുഴച്ച ചന്ദനം, പച്ചക്കര്‍പ്പൂരം, കുങ്കുമപ്പൂവ്‌ മുതലായവ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത്‌ കുംഭത്തിലാക്കിയശേഷം വിധിപൂര്‍വം ചന്ദനക്കലശപൂജ നടത്തുന്നു. അങ്ങനെ പൂജിച്ച ചന്ദനം കൊണ്ടു ദേവവിഗ്രഹത്തെ അഭിഷേകം ചെയ്യിക്കുന്നു. പദ്‌മനാഭസ്വാമിക്ഷേത്രം, ഗുരുവായൂര്‍, വൈക്കം തുടങ്ങിയ മഹാദേവാലയങ്ങളില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കളഭാഭിഷേകം നടത്തിപ്പോരുന്നു. ഉഷ്‌ണ സംബന്ധികളായ രോഗങ്ങളുടെ ശമനത്തിനും മറ്റും കളഭാഭിഷേകം വഴിപാടായി നടത്തുന്നത്‌ സഹായകമാണെന്നു ഭക്തന്മാര്‍ വിശ്വസിച്ചുവരുന്നു. രാജവാഴ്‌ച തിരുനാളിനോടനുബന്ധിച്ച്‌ തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രത്തിലും മറ്റും ഏഴു ദിവസം ഈ അഭിഷേകം നടത്തിവരുന്നു. ക്ഷീരാഭിഷേകം, അഷ്‌ടദ്രവ്യാഭിഷേകം, പഞ്ചഗവ്യാഭിഷേകം, പഞ്ചാമൃതാഭിഷേകം, കരിക്കിന്‍നീരഭിഷേകം എന്നിങ്ങനെയുള്ള അഭിഷേകങ്ങളുടെ കൂട്ടത്തില്‍ കളഭാഭിഷേകവും പ്രാധാന്യമര്‍ഹിക്കുന്നു. കളഭാഭിഷിക്‌തനായ ദേവന്റെ ദര്‍ശനം ശ്രയസ്‌കരവും ശിവകരവുമാണെന്നു ഭക്തന്‌മാര്‍ വിശ്വസിച്ചുപോരുന്നു.

(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍