This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളപ്പുരകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളപ്പുരകള്‍

സസ്യഫലധാന്യക്കലവറകള്‍ക്കും മൃഗസംരക്ഷണത്തിനും കൃഷിസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൃഷിക്കാരുടെ താമസത്തിനുമായി കൃഷിസ്ഥലങ്ങളില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങള്‍. ഒരു കളപ്പുരയില്‍ താഴെപ്പറയുന്ന ഘടകങ്ങളില്‍ എല്ലാമോ ചിലതു മാത്രമോ ഉണ്ടായിരിക്കും.

i. കൃഷി ഉടമയ്‌ക്കും തൊഴിലാളികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പാര്‍പ്പിടങ്ങള്‍.

ii. വിത്ത്‌, വളം, കാര്‍ഷികോത്‌പന്നങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനായുള്ള പത്തായപ്പുരകള്‍ (സ്റ്റോറുകള്‍).

iii. പശു, ആട്‌ മുതലായ വളര്‍ത്തുമൃഗങ്ങളെയും കോഴികളെയും മറ്റും വളര്‍ത്തുന്നതിനുള്ള തൊഴുത്തുകളും കൂടുകളും.

iv. ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ പണിപ്പുരകള്‍.

v. വൈദ്യുതി, ജലം, ഊര്‍ജം എന്നിവ ഉത്‌പാദിപ്പിക്കുന്നതിനോ സംഭരിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഉള്ള സജ്ജീകരണങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍.

കളപ്പുരയ്‌ക്ക്‌ കൃഷിയോളം തന്നെ പൗരാണികത്വം ഉണ്ടായിരിക്കണം. മനുഷ്യന്‌ സ്ഥിരതാമസത്തിനു പ്രചോദനം നല്‌കിയ പ്രധാന ഘടകം കൃഷി ആണ്‌. വെയിലും, മഴയും, തണുപ്പും ഏല്‌ക്കാതെ ജീവിക്കുന്നതിനു പാര്‍പ്പിടം നിര്‍മിച്ച മനുഷ്യന്‍ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിനും വിത്തുകളുടെയും മറ്റും സൂക്ഷിപ്പിനും കുടിലുകള്‍ ഉണ്ടാക്കിയിരിക്കണം. ആധുനിക കാലത്ത്‌ കളപ്പുരകളുടെ ആകൃതിയിലും പ്രകൃതിയിലും വളരെയേറെ വൈവിധ്യം ഉണ്ടായിട്ടുണ്ട്‌. പ്രാകൃത രൂപത്തിലുള്ള കളപ്പുരകളോടൊപ്പം അത്യാധുനികങ്ങളായ കളപ്പുരകളും ഇപ്പോള്‍ നിലവിലുണ്ട്‌. കലാവസ്ഥ, ഭൂവുടമസമ്പ്രദായങ്ങളും നിയമങ്ങളും, കൃഷിസ്ഥലങ്ങളുടെ വിസ്‌തീര്‍ണവും അവ തമ്മിലുള്ള അകലവും, ഗതാഗതസൗകര്യങ്ങളും, കൃഷിസ്ഥലത്തുനിന്നു നഗരങ്ങളിലേക്കും ക്രയവിക്രയ കേന്ദ്രങ്ങളിലേക്കുമുള്ള ദൂരവും കാര്‍ഷികോത്‌പന്നങ്ങളുടെ ഉത്‌പാദനച്ചെലവും വിലയും സമൂഹത്തിന്‍െറ സാമ്പത്തിക സാങ്കേതിക നിലവാരങ്ങളും, ഓരോ കൃഷിസ്ഥലത്തിന്റെയും മറ്റു പ്രത്യേകതകള്‍ എന്നിവ കളപ്പുരകളുടെ ഡിസൈന്‍ തയ്യാറാക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്‌. ഒരു ഉടമയുടെ അധീനതയിലുള്ള കൃഷിസ്ഥലങ്ങളുടെ എണ്ണവും വിസ്‌തീര്‍ണവും, സാമ്പത്തികശേഷി, സ്ഥിരം താമസസ്ഥലത്തേക്കുള്ള ദൂരം തുടങ്ങിയ പല പരിഗണനകളാലും അയാളുടെ കളപ്പുരകള്‍ വ്യത്യാസപ്പെട്ടിരിക്കാം. വ്യാവസായിക അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്‌ത്‌ നടത്തുന്ന കൃഷിസ്ഥലങ്ങളില്‍ സാമ്പത്തിക സമ്മര്‍ദങ്ങളുടെ ഫലമായി ഒരു പ്രദേശത്തുള്ള കളപ്പുരകള്‍ക്ക്‌ താരതമ്യേന ഐകരൂപ്യം ഉണ്ടായിരിക്കും. ഒരേ സ്ഥലത്തുള്ള റബ്ബര്‍ചായത്തോട്ടങ്ങളോടനുബന്ധിച്ചുള്ള കെട്ടിടങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. തോട്ടങ്ങളുടെ വലുപ്പവും, മാനേജുമെന്റിന്റെ പൊതുസ്വഭാവവും ഐകരൂപ്യത്തിനു വഴിതെളിക്കുന്ന ചില ഘടകങ്ങളാണ്‌.

താമസസ്‌ഥലങ്ങള്‍. ഓരോ കൃഷിത്തോട്ടത്തിലും ഗൃഹങ്ങള്‍ ഉണ്ടാകണമെന്നില്ല. സ്വന്തം കൃഷിസ്ഥലത്ത്‌ താമസമുറപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ സാമ്പത്തികവും സാമൂഹ്യവുമാണ്‌. വികസിത രാജ്യങ്ങളില്‍ വ്യവസായവാണിജ്യമേഖലകളെയപേക്ഷിച്ച്‌ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണം കുറവാണ്‌. അതിന്‍െറ ഫലമായി കൃഷിസ്ഥലത്ത്‌ പാര്‍പ്പിടങ്ങളുണ്ടാക്കുന്നതിനുള്ള താത്‌പര്യവും കുറവാണ്‌. നഗരങ്ങളില്‍ അധിവാസമുറപ്പിച്ചുകൊണ്ട്‌ കൃഷിസ്ഥലങ്ങള്‍ ഇടയ്‌ക്കിടയ്‌ക്ക്‌ സന്ദര്‍ശിച്ച്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‌കുകയാണ്‌ വന്‍കിട കര്‍ഷകര്‍ ഏറിയകൂറും ചെയ്യുന്നത്‌.

കൃഷിസമ്പ്രദായങ്ങള്‍ക്കും, സാമൂഹ്യസാമ്പത്തിക സ്ഥിതികള്‍ക്കും പെട്ടെന്നു മാറ്റം വരാത്ത നാട്ടിന്‍പുറങ്ങളില്‍ കൃഷിക്കാരനും, കൃഷിത്തൊഴിലാളികളും കൃഷിസ്ഥലങ്ങളോടടുത്തുള്ള ഗൃഹങ്ങളില്‍ താമസിക്കുന്നവരാണ്‌. ഒരു ചെറിയ കൃഷിക്കാരന്‌ താമസം ഉള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങളും ഒരു ചെറ്റപ്പുരകൊണ്ട്‌ നിര്‍വഹിക്കേണ്ടതുണ്ട്‌. ഇതിന്റെ നിര്‍മാണപദാര്‍ഥങ്ങള്‍ പലപ്പോഴും കൃഷിവളപ്പില്‍ നിന്നുതന്നെ ലഭിക്കുന്ന മണ്ണും ഇലകളും കഴകളും ആയിരിക്കും. ഉടമസ്ഥന്‍െറ സാമ്പത്തികസ്ഥിതിക്കനുസരിച്ചു താമസസ്ഥലത്തിന്റെ നിലവാരത്തില്‍ മാറ്റങ്ങളുണ്ടാകും.

മണ്ണിഷ്‌ടികയും, തെങ്ങിന്‍െറയും പനയുടെയും ഓലകളും, മുള, തടി മുതലായവയും ഉപയോഗിച്ച്‌ പണിഗൃഹങ്ങള്‍, കേരളത്തിലെ കൃഷിസ്ഥലങ്ങളില്‍ സാധാരണമാണ്‌. ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനു നല്ല തടികൊണ്ട്‌ അറപ്പുരകളും പത്തായങ്ങളും പണിയുന്നു; വലിയ മണ്‍കുടങ്ങളും ചീനഭരണികളും ഇതിനുപയോഗിക്കാറുണ്ട്‌. ഗൃഹത്തോടനുബന്ധിച്ച്‌ തൊഴുത്ത്‌, കോഴിക്കൂട്‌ എന്നിവയും ഉണ്ടാകും. സാധാരണ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയ അറപ്പുരകള്‍, പണിപ്പുരകള്‍, വിപുലമായ ഗൃഹസൗകര്യങ്ങള്‍ എന്നിവയുടെ പ്രശ്‌നം ഉണ്ടാകുന്നില്ല.

ധനികരായ അധികം കൃഷിക്കാരുടെയും സ്ഥിരതാമസം പട്ടണങ്ങളിലായിരിക്കും. കൃഷിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിനു സാധ്യമായതരത്തില്‍ ഇടയ്‌ക്കിടയ്‌ക്ക്‌ കൃഷിസ്ഥലങ്ങളില്‍ വന്നു താമസിക്കുന്നതിനുള്ള വീടുകള്‍ അവരവരുടെ സാമ്പത്തികശേഷിക്കനുസരിച്ചു നിര്‍മിക്കുന്ന രീതിയാണ്‌ പല രാജ്യങ്ങളിലും നിലവിലു ള്ളത്‌. നഗരത്തിലുള്ള വസതികളെയപേക്ഷിച്ച്‌ കൃഷിസ്ഥലത്തുള്ള കെട്ടിടങ്ങള്‍ പ്രാദേശിക നിര്‍മാണ പദാര്‍ഥങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കും; കാഴ്‌ചഭംഗിയെക്കാള്‍ കൂടുതല്‍ പ്രാധാന്യം വിസ്‌തീര്‍ണത്തിനും ഉപയോഗത്തിനും ആയിരിക്കും.

വലിയ എസ്റ്റേറ്റുകളില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വരാന്ത, ഒന്നോ രണ്ടോ മുറികള്‍, അടുക്കള, കുളിമുറി മുതലായ സൗകര്യങ്ങള്‍ ഉള്ള വസതികള്‍ ഒന്നിലധികം ചേര്‍ത്ത്‌ നിരനിരയായി പണിത കെട്ടിടങ്ങള്‍ ഉണ്ടായിരിക്കും. മേല്‍നോട്ടക്കാരായ ജോലിക്കാര്‍ക്ക്‌ പ്രത്യേകം ചെറിയ വീടുകളും അതോടു ചേര്‍ന്ന ചെറിയ ഉദ്യാനവും പലപ്പോഴും നിര്‍മിക്കാറുണ്ട്‌. ഇവയുടെ നിര്‍മിതിയും പ്ലാനും അവശ്യസൗകര്യങ്ങളും കാലാവസ്ഥയ്‌ക്കനുസരണമായിരിക്കേണ്ടതാണ്‌.

കലവറകള്‍. വിത്ത്‌, വളം, കാലിത്തീറ്റ എന്നിവ അതതു കാലങ്ങളില്‍ ശേഖരിച്ചു കേടുകൂടാതെ സൂക്ഷിച്ച്‌ ഉപയോഗകാലങ്ങളില്‍ ലഭ്യമാക്കുന്നതിനും ഉത്‌പന്നങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിനുമുള്ള കലവറകള്‍ എല്ലാ കൃഷിസ്ഥലത്തും അത്യന്താപേക്ഷിതമാണ്‌. ഉടമസ്ഥന്‍െറ വസതികളില്ലാത്ത പറമ്പുകളില്‍പ്പോലും ഒരു അറപ്പുരയും സൂക്ഷിപ്പുകാരനു കിടക്കാനുള്ള മിതമായ സൗകര്യങ്ങളും ഉണ്ടാകണം. വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്റ്റേറ്റുകളില്‍ സൂക്ഷ്‌മതയോടുകൂടി ആസൂത്രണം ചെയ്‌ത സംഭരണശാലകള്‍ നിര്‍മിച്ചുവരുന്നു.

രാസപ്രവര്‍ത്തനശേഷിയുള്ള കീടനാശിനികളും, രാസവളങ്ങളും, കീടനാശിനികള്‍ കൊണ്ടു സംരക്ഷിക്കപ്പെട്ട വിത്തുകളും വളരെ ശ്രദ്ധയോടെ പ്രത്യേകമായി സൂക്ഷിക്കുന്നതിനുള്ള സ്‌റ്റോറുകള്‍ ആവശ്യമാണ്‌.

കാലാവസ്ഥ, ഉത്‌പന്നങ്ങളുടെ പ്രകൃതി, സൂക്ഷിക്കേണ്ട കാലദൈര്‍ഘ്യം എന്നിവയെ ആശ്രയിച്ചു കാര്‍ഷികോത്‌പന്നങ്ങള്‍ വൃത്തിയാക്കി കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ കൃഷിസ്ഥലത്തിനടുത്തോ കളപ്പുരയിലോ ഉണ്ടായിരിക്കണം. ചായ, റബ്ബര്‍, പുല്‍ത്തൈലം എന്നിവ പ്രാഥമിക വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ (Primary industrial processes)ക്ക് വിധേയമാക്കണം. ഇത്തരം ഉത്‌പന്നങ്ങള്‍ക്ക്‌ ഉചിതമായ ഫാക്‌റ്ററികളും, പുകപ്പുരകളും, വാറ്റുഷെഡ്ഡുകളും കൃഷിസ്ഥലത്തു തന്നെ സാധാരണമാണ്‌. ധാന്യങ്ങള്‍ വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുന്നതിന്‌, ഇരുമ്പ്‌, കോണ്‍ക്രീറ്റ്‌, പ്ലാസ്റ്റിക്‌ മുതലായവ കൊണ്ട്‌ നിര്‍മിച്ച വലിയ സൈലോകള്‍ കൃഷികേന്ദ്രങ്ങളിലുണ്ട്‌. നനവ്‌, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിവയും; എലി, കീടങ്ങള്‍ തുടങ്ങിയവയുടെ ശല്യവും ബാധിക്കാത്ത തരത്തിലുള്ള ചെറിയ തോതിലുള്ളതും ചെലവു കുറഞ്ഞതുമായ സംരചനകളുടെ ആസൂത്രണം സംബന്ധിച്ച ഗവേഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്‌. ആസൂത്രിതമായ സംഭരണവിതരണശാലകളുടെ അപര്യാപ്‌തത നിമിത്തം വിളവെടുപ്പിനും ഉപയോഗത്തിനുമിടയ്‌ക്ക്‌ കൃഷിയുത്‌പന്നങ്ങളുടെ 10 ശ. മാ.ത്തോളം ഇന്ത്യയില്‍ത്തന്നെ നഷ്‌ടപ്പെടുന്നു എന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. സ്റ്റോറുകളുടെ ആസൂത്രണത്തിന്‌ വളരെക്കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌; എലി മുതലായ ജന്തുക്കള്‍ പ്രവേശിച്ച്‌ നഷ്‌ടമുണ്ടാക്കരുത്‌; തട്ടുകള്‍, ഷെല്‍ഫുകള്‍ എന്നിവ ഉപയോഗിച്ച്‌ സ്ഥലലാഭമുണ്ടാക്കണം. ഉത്‌പന്നത്തിന്‍െറ പ്രകൃതിയനുസരിച്ച്‌ വായുസഞ്ചാരവും ശീതോഷ്‌ണാവസ്ഥയും നിയന്ത്രിക്കണം. വാഹനങ്ങള്‍ വരുന്നതിനും, എളുപ്പം കയറ്റിയിറക്കല്‍ പ്രക്രിയ നടത്തുന്നതിനും ഉള്ള ഏര്‍പ്പാടുകള്‍ വേണം. സ്റ്റോറും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാന്‍ കഴിയണം. വെള്ളം കെട്ടി നില്‌ക്കരുത്‌. തറയില്‍ നിന്നും മതിലുകളിലൂടെയും മേല്‍ക്കൂരയില്‍ നിന്നും നനവ്‌ ഉണ്ടാകാതെ സൂക്ഷിക്കണം. ചപ്പുചവറുകള്‍ മൂലം മലിനീകരണം ഉണ്ടാകാതെ ലാഭമുണ്ടാക്കത്തക്ക വിധത്തില്‍ ആയിരിക്കണം കമ്പോസ്റ്റുവളം ഉത്‌പാദിപ്പിക്കുന്നതിനു മേല്‍ക്കൂരയുള്ള തറകളോ, സിമന്റിട്ട തറകളോ പണിയുന്നത്‌.

തൊഴുത്തുകള്‍. കന്നുകാലി വളര്‍ത്തലും, കൃഷിയും ബന്ധപ്പെട്ട പ്രക്രിയകളാണ്‌. സാധാരണ കൃഷിക്കാരന്‍െറ വരുമാനത്തില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നു ലഭിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ ഗണ്യമായ പങ്കുണ്ട്‌. എന്നാല്‍ ചില വാണിജ്യവിളകള്‍ കൃഷി നടത്തുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളെ വളര്‍ത്തുന്നത്‌ സൗകര്യമായിരിക്കില്ല. അതുപോലെ വന്‍തോതില്‍ ക്ഷീരവ്യവസായവും കോഴിവളര്‍ത്തലും നടത്തുന്ന കേന്ദ്രങ്ങളില്‍ കൃഷിക്ക്‌ രണ്ടാം സ്ഥാനമാണുള്ളത്‌.

ഒരേ തരം വാണിജ്യവിളകളുടെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിക്കുന്നതുപോലെ ആടുമാടുകള്‍, പന്നി, കോഴി, മത്സ്യം മുതലായവയെ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനവും കേന്ദ്രീകരിക്കാവുന്നതാണ്‌. ഇറച്ചിക്കു വേണ്ടി പന്നി, ആടുമാടുകള്‍ എന്നിവയെ ഏറ്റവും ചുരുങ്ങിയ സ്ഥലവിസ്‌തൃതിയില്‍ വളര്‍ത്തത്തക്കവണ്ണം പുരകളും സ്‌റ്റോക്ക്‌യാഡുകളും ആസൂത്രണം ചെയ്യാവുന്നതാണ്‌.

പശു, എരുമ എന്നിവയെ ശാസ്‌ത്രീയമായി ആസൂത്രണം ചെയ്‌ത തൊഴുത്തുകളില്‍ വളര്‍ത്തുന്നത്‌ ലാഭകരമാണ്‌. ആസൂത്രിത ക്ഷീരവ്യവസായ കേന്ദ്രങ്ങളില്‍ ഭക്ഷണം, ജലം എന്നിവ നല്‌കുന്നതിനും പകര്‍ച്ചവ്യാധികളില്‍ നിന്നു മൃഗങ്ങളെ സംരക്ഷിക്കുന്നതിനും യാന്ത്രികമായി പാല്‍ കറക്കുന്നതിനും, തൊഴുത്ത്‌ വൃത്തിയാക്കുന്നതിനും ഏര്‍പ്പാടുകള്‍ ഉണ്ടായിരിക്കും. ഉത്‌പന്നവര്‍ധനവിനുതകുന്ന തരത്തില്‍ ശീതോഷ്‌ണാവസ്ഥ, ആര്‍ദ്രത, പ്രകാശം മുതലായവ നിയന്ത്രിക്കാനും ഈ കേന്ദ്രങ്ങള്‍ക്കു കഴിയും. മുട്ടയ്‌ക്കും ഇറച്ചിക്കും വേണ്ടി വന്‍തോതില്‍ കോഴികളെ വളര്‍ത്തുന്നതിന്‌ പ്രത്യേകം കൂടുകള്‍ നിര്‍മിക്കുന്നു. പരിമിതമായ സ്ഥലവിസ്‌തൃതിയില്‍ വളര്‍ച്ചക്കുള്ള എല്ലാ സൗകര്യങ്ങളും എത്തിക്കത്തവണ്ണമുള്ള യന്ത്രവത്‌കൃത സംവിധാനങ്ങളും ഇന്നുണ്ട്‌.

വ്യാവസായിക നിലവാരത്തിലല്ലാതെ തന്നെ ഓരോ കൃഷിസ്ഥലത്തും അനുയോജ്യമായ സാങ്കേതിക രീതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കുറെ മൃഗങ്ങളെയെങ്കിലും വളര്‍ത്തി വരുമാനമുണ്ടാക്കുകയാണ്‌ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക്‌ സ്വീകാര്യമായിട്ടുള്ളത്‌. സാധാരണ കൃഷിക്കാരനുചിതമായ രീതിയില്‍ തൊഴുത്തുകള്‍, കോഴിക്കൂടുകള്‍ മുതലായവ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക ഉപദേശങ്ങള്‍ അതതു പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പുകള്‍ നല്‌കുന്നുണ്ട്‌.

പണിപ്പുരകള്‍. ഇന്ത്യയിലെ കൃഷിപ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാണെങ്കിലും, ക്രമാനുഗതമായി യന്ത്രവത്‌കരിക്കപ്പെട്ടുവരുന്നുണ്ട്‌. ട്രാക്‌റ്റര്‍, സ്‌പ്രയര്‍, ലോറി, പമ്പുകള്‍ മുതലായവയുടെ വിനിയോഗം ഇന്നു സര്‍വസാധാരണമായിത്തീര്‍ന്നിട്ടുണ്ട്‌. ശീതസംഭരണികളും (cold storage) കൃഷി ഉത്‌പന്നങ്ങള്‍ സംസ്‌കരിക്കുന്ന യന്ത്രങ്ങളും കൃഷിസ്ഥലങ്ങളില്‍ത്തന്നെ ധാരാളമായി സ്ഥാപിച്ചുവരുന്നു. വികസിത രാജ്യങ്ങളില്‍ ക്ഷീരസംഭരണം, മൃഗശുചീകരണം തുടങ്ങി പല പ്രവൃത്തികളും യന്ത്രവത്‌കരിക്കപ്പെട്ടിട്ടുണ്ട്‌. ഈ യന്ത്രങ്ങളെല്ലാം സൂക്ഷിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഉള്ള പണിപ്പുരകള്‍ മൃഗസംരക്ഷണ കേന്ദ്രത്തിനടുത്തു തന്നെ ആവശ്യമായി വരുന്നു. യന്ത്രങ്ങളുടെ സംരക്ഷണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടി വലിയ വാണിജ്യവിളത്തോട്ടങ്ങളില്‍ പ്രത്യേകമായോ ഒന്നിച്ചോ വര്‍ക്ക്‌ഷോപ്പുകള്‍ ഉണ്ടായി രിക്കും. പമ്പിങ്ങിനുള്ള ചെറിയ പുരകള്‍ പല കൃഷി സ്ഥലത്തും സാധാരണമാണ്‌.

ഊര്‍ജകേന്ദ്രങ്ങള്‍. കൃഷിയുടെ യന്ത്രവത്‌കരണം, ഊര്‍ജോപഭോഗത്തിന്‍െറ തോത്‌ വളരെക്കണ്ട്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌. പറമ്പിലെ വിറകും അല്‌പ മണ്ണെണ്ണയും കൊണ്ട്‌ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാവുന്ന കാലം കേരളത്തിലുണ്ടായിരുന്നു. ഇന്ന്‌ അതിന്‍െറ സ്ഥാനത്ത്‌ ചെറിയ കൃഷിസ്ഥലങ്ങളില്‍പ്പോലും വെളിച്ചം, ജലസേചനം എന്നിവയ്‌ക്കായി ഹെക്‌ടറിന്‌ ഒന്നോ രണ്ടോ കിലോവാട്ട്‌ ഊര്‍ജശേഷി വേണം എന്നായിട്ടുണ്ട്‌.

(കെ.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍