This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളക്കാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളക്കാട്‌

തിരുനെല്‍വേലി ജില്ല(തമിഴ്‌നാട്‌)യില്‍ ഉള്‍പ്പെട്ട ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം. ശ്രീപദ്‌മനാഭനല്ലൂര്‍ (ചോഴകുലവല്ലിപുരം) എന്നു കൂടി പേരുള്ള കളക്കാട്‌ (കളയ്‌ക്കാട്‌)തിരുവിതാംകൂര്‍ രാജ്യത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. അവിടെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഒരു കൊട്ടാരവും ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്ത്‌ (1729-58) കര്‍ണാട്ടിക്‌ നവാബിന്റെ ഗവര്‍ണര്‍ ആയിരുന്ന മൂദി മിയാ ഈ സ്ഥലവും പരിസരവും മധുരയോടു കൂട്ടിച്ചേര്‍ത്തു. മൂദി മിയ പിന്നീട്‌ നവാബിന്‍െറ മേല്‍ക്കോയ്‌മ വിട്ടു സ്വതന്ത്രനായി. മാര്‍ത്താണ്ഡവര്‍മ, മൂദി മിയായുടെ അടുക്കല്‍ രാമയ്യന്‍ ദളവയെ അയച്ചു തിരുവിതാംകൂറിന്‌ ആ സ്ഥലങ്ങളുടെ മേലുള്ള അവകാശം ബോധ്യമാക്കി (1752). കന്യാകുമാരി മുതലുള്ള വള്ളിയൂര്‍, കളക്കാട്‌ ഉള്‍പ്പെട്ട പ്രദേശം ഒരു വലിയ തുക നല്‌കി തിരുവിതാംകൂര്‍ വിലയ്‌ക്കു വാങ്ങി. ആ സ്ഥലങ്ങളുടെ സംരക്ഷണത്തിന്‌ രണ്ടായിരം ഭടന്മാരടങ്ങിയ ഒരു സൈന്യത്തെ നിയോഗിക്കുകയും ചെയ്‌തു. കര്‍ണാട്ടിക്‌ നവാബായ മുഹമ്മദലി, ഗവര്‍ണര്‍ സ്ഥാനത്തു നിന്നു മൂദി മിയായെ മാറ്റി ദക്ഷിണദേശങ്ങളുടെ ആധിപത്യം തനിക്കാണെന്ന്‌ പ്രഖ്യാപനം ചെയ്‌തു. തന്റെ സൈന്യാധിപനായ മഫ്യൂസ്‌ഖാനെ സൈന്യവുമായി തെക്കന്‍ ദിക്കിലേക്ക്‌ അയച്ചു. ബ്രിട്ടീഷുകാരുടെ സഹായവും നവാബ്‌ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ്‌ സൈന്യം സഹായത്തിന്‌ തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ കളക്കാട്ടു പാളയമടിച്ചിരുന്ന തിരുവിതാംകൂര്‍ ഭടന്മാര്‍ സംഭ്രമിച്ചു പിന്മാറി. തോറ്റോടിയ മൂദി മിയ തിരുവിതാംകൂര്‍ മഹാരാജാവിന്റെ സുഹൃത്തായിരുന്ന പുലിത്തേവന്‍ എന്ന പാളയപ്പട്ടുകാരന്റെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സഹായം അഭ്യര്‍ഥിച്ചു; കളക്കാടും മറ്റും കൈവശപ്പെടുത്താന്‍ മഹാരാജാവിനെ പ്രരിപ്പിച്ചു. തിരുവിതാംകൂര്‍ ഇളയരാജാവിന്റെയും മൂദി മിയായുടെയും നേതൃത്വത്തിലുള്ള സൈന്യം മഫ്യൂസ്‌ഖാന്റെ സൈന്യത്തെ കീഴടക്കി കളക്കാട്‌ കൈവശമാക്കി. നഷ്‌ടപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുകിട്ടിയതോടെ തിരുവിതാംകൂറിന്റെ അതിര്‍ത്തി വടക്കു പെരിയാറും തെക്കു കളക്കാടുമായി വികസിച്ചു.

നവാബുമായി പിണങ്ങിപ്പിരിഞ്ഞ മഫ്യൂസ്‌ഖാന്‍ കളക്കാട്ടു വച്ച്‌ തിരുവിതാംകൂര്‍ സൈന്യത്തെ തുരത്തി. ആരുവാമൊഴിയിലേക്കു മടങ്ങിയ തിരുവിതാംകൂര്‍ സൈന്യത്തിന്റെ രക്ഷയ്‌ക്കു സൈന്യാധിപനായ തമ്പികുമാരന്‍ ചെമ്പകരാമന്‍ എത്തിയെങ്കിലും ശത്രു കീഴടക്കിയ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല; എങ്കിലും ആരുവാമൊഴിയില്‍ നിന്നു മഫ്യൂസ്‌ഖാനെ അകറ്റാന്‍ കഴിഞ്ഞു. മഫ്യൂസ്‌ഖാന്റെ അന്യായപ്രവൃത്തികളെപ്പറ്റി തിരുവിതാംകൂര്‍ മഹാരാജാവ്‌ നവാബിനോടു പരാതി പറഞ്ഞതിനെത്തുടര്‍ന്ന്‌ മഫ്യൂസ്‌ഖാനു പകരം യൂസുഫ്‌ഖാന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു. മഫ്യൂസ്‌ഖാനെ കീഴടക്കാന്‍ യൂസുഫ്‌ഖാന്‍ മഹാരാജാവിന്റെ സഹായമഭ്യര്‍ഥിക്കുകയുണ്ടായി. നവാബും ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാകമ്പനിക്കാരും അതിനു പ്രരണ ചെലുത്തി. അതിന്‍െറ ഫലമായി മഹാരാജാവിന്റെ ആജ്‌ഞാനുസരണം അയ്യായിരം ഭടന്മാരുമായി തമ്പികുമാരന്‍ ചെമ്പകരാമന്‍ യൂസുഫ്‌ഖാനെ സഹായിക്കാന്‍ ചെന്നു. ചെങ്കോട്ട വഴി പതിനായിരം ഭടന്മാരെക്കൂടി മഹാരാജാവ്‌ അയച്ചുകൊടുത്തു. മഫ്യൂസ്‌ഖാന്‍ പരാജിതനായതിനാല്‍ സന്തുഷ്‌ടനായ യൂസുഫ്‌ഖാന്‍ കളക്കാട്‌ ഉള്‍പ്പെട്ട കിഴക്കന്‍ പ്രദേശങ്ങള്‍ തിരുവിതാംകൂറിനു വിട്ടുകൊടുക്കുകയുണ്ടായി.

അധികകാലം കഴിയുന്നതിനുമുമ്പ്‌ യൂസുഫ്‌ഖാന്‍, നവാബുമായി പിണങ്ങി. യൂസുഫ്‌ഖാന്റെ ഭരണശേഷിയിലും ജനസമ്മിതിയിലും അസൂയാലുവായ നവാബ്‌ യുസുഫ്‌ഖാനെ സ്ഥാനഭ്രഷ്‌ടനാക്കാന്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിയുമായി കൂടിയാലോചന നടത്തി. കമ്പനിക്കാര്‍ നവാബിനെ അനുകൂലിച്ചു. നവാബ്‌ യൂസുഫ്‌ഖാന്റെ സ്ഥാനത്ത്‌ മറ്റൊരാളെ ഗവര്‍ണറായി നിയമിച്ചു. ഖാന്‍ സ്വതന്ത്രനായി നിന്നു കൊണ്ട്‌ ദില്ലിയില്‍ ഷാ ആലം ചക്രവര്‍ത്തിയില്‍ നിന്ന്‌ അധികാരപത്രം നേടി. നവാബും ഇംഗ്ലീഷുകാരും കൂടി യൂസുഫ്‌ഖാനെ ശക്തിയായി എതിര്‍ത്തു. ഖാനെ ഫ്രഞ്ചുകാര്‍ സഹായിക്കാമെന്നേറ്റു. ഖാന്റെ സൈന്യത്തില്‍ ഉദ്യോഗം വഹിച്ചിരുന്ന യൂറോപ്യന്മാര്‍ ശത്രുപക്ഷത്തുനിന്നു കോഴവാങ്ങി ഖാനെ ദുര്‍ഘടഘട്ടത്തില്‍ കൈവിടുകയാണ്‌ ചെയ്‌തത്‌.

1764 ഒ. 14നു ഇംഗ്ലീഷുകാര്‍ മധുരക്കോട്ടയില്‍ പ്രവേശിച്ചു; സകലതും പിടിച്ചടക്കി. പിറ്റേന്നു കാലത്ത്‌ നവാബിന്‍െറ ആജ്‌ഞയനുസരിച്ച്‌ യുസുഫ്‌ഖാനെ ദിണ്ടുക്കല്‍ റോഡില്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കിക്കൊന്നു.

ഖാന്‍െറ പിന്‍ഗാമിയായി വന്ന ഗവര്‍ണര്‍ കളക്കാട്‌ ഉള്‍പ്പെടെയുള്ള ദേശങ്ങള്‍ വീണ്ടും കൈവശപ്പെടുത്തി. മഹാരാജാവ്‌ വീണ്ടും അവകാശവാദം പുറപ്പെടുവിച്ചുവെങ്കിലും നവാബ്‌ അതു ചെവിക്കൊണ്ടില്ല. മദ്രാസ്‌ ഗവര്‍ണറുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പിന്‍െറ ഫലമായി കന്യാകുമാരിയും ചെങ്കോട്ടയും തിരുവിതാംകൂറിനു കിട്ടി; കളക്കാട്‌ എന്നന്നേക്കുമായി തിരുവിതാംകൂറിനു നഷ്‌ടപ്പെടുകയും ചെയ്‌തു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍