This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍റാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍റാള്‍

Lobster

കൊഞ്ചിന്റേതു പോലെയുള്ള ശരീരവും ഞണ്ടിന്റേതുപോലെയുള്ള ഇറുക്കുകാലുകളുമുള്ള വലുപ്പമേറിയ ഒരിനം കടല്‍ക്രസ്‌റ്റേഷ്യ. ഹോമാറസ്‌ ജീനസില്‍പ്പെടുന്ന ഇവയ്‌ക്ക്‌ വിവിധ സ്‌പീഷീസുണ്ട്‌. ഡെക്കാപോഡ ഗോത്രത്തില്‍ ഹോമാറിഡേയാണ്‌ റാളുകളുടെ കുടുംബം.

കല്‍റാള്‍

കല്‍റാളുകള്‍ക്ക്‌ 20 മുതല്‍ 60 വരെ സെ.മീ. നീളവും 0.5 കി.ഗ്രാം മുതല്‍ 4 കി.ഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. റാളുകളുടെ പത്തു കാലുകളില്‍, ആദ്യത്തെ ഒരു ജോഡി ഇറുക്കുകാലുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആണിന്റെ ഈ കാലുകള്‍ പെണ്ണിന്റേതിനെക്കാള്‍ വളരെ വലുതായിരിക്കും. ഘടനയിലും ധര്‍മത്തിലും ഇവ വ്യത്യസ്‌തവുമാണ്‌. ഒരു കാലിലെ നഖങ്ങള്‍ (claws) കിട്ടുന്ന എന്തിനെയും പെറുക്കിയെടുക്കാന്‍ ഉപയോഗിക്കുമ്പോള്‍, മറ്റേ കാലിലേത്‌ എന്തിനെയും പൊടിക്കുന്നതിന്‌ ഉപകരിക്കുന്നു.

സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ക്കാണുന്ന പാറകള്‍ക്കിടയിലുള്ള കുഴികളും വിടവുകളുമാണ്‌ റാളിന്റെ പാര്‍പ്പിടം. ഭക്ഷണം തേടുന്നതിനു മാത്രമേ ഇവ പാര്‍പ്പിടം വിട്ടു പുറത്തിറങ്ങാറുള്ളു. മണലിലുള്ള പാറകളുടെ അടിവശം തുരന്ന്‌ സ്വന്തം സൗകര്യത്തിനു പറ്റിയ കുഴികളുണ്ടാക്കുകയാണ്‌ ഇവയുടെ പതിവ്‌.

ചീഞ്ഞഴുകിയ മാംസം, ചെറുഞണ്ടുകള്‍, പുഴുക്കള്‍, മത്സ്യങ്ങള്‍ തുടങ്ങി എന്തു മാംസാഹാരവും റാളിന്‌ പ്രിയങ്കരമായ ഭക്ഷണമാണ്‌. കക്കകളുടെയും മറ്റും തോടുകള്‍ പൊടിക്കുന്നതിന്‌ വലുപ്പമേറിയ നഖങ്ങളും, എല്ലിലും തോടിലും മറ്റും പറ്റിപ്പിടിച്ചിരിക്കാവുന്ന മാംസഭാഗങ്ങള്‍ ചുരണ്ടിയെടുക്കുന്നതിന്‌ മറ്റു നഖങ്ങളും സഹായകമാകുന്നു. ഇണചേരലിനും ഈ നഖങ്ങള്‍ സഹായകമാകുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌. ആണിന്റെ നഖങ്ങള്‍ പെണ്ണിന്റേതിനെക്കാള്‍ വലുപ്പമേറിയതായിരിക്കുന്നത്‌ ഈ നിഗമനത്തിന്‌ ഉപോദ്‌ബലകമാണ്‌.

ഹോമാറസ്‌ വള്‍ഗാരിസ്‌ (Homarus vulgaris)എന്ന യൂറോപ്യന്‍ റാളും ഹോമാറസ്‌ അമേരിക്കാനസ്‌ (Homarus americanus)എന്ന വടക്കേ അമേരിക്കന്‍ റാളും വളരെ അറിയപ്പെടുന്ന രണ്ടിനങ്ങളത്ര. കേരളത്തില്‍ കോവളം പോലെ പാറകള്‍ നിറഞ്ഞ തീരങ്ങളില്‍ റാളുകള്‍ ലഭ്യമാണ്‌. എങ്കിലും പാശ്‌ചാത്യരുടെ ആഹാരത്തില്‍ ഇവയ്‌ക്കുള്ള സ്ഥാനം നമ്മുടെ തീന്‍മേശകളില്‍ ഇനിയും ലഭ്യമായിക്കഴിഞ്ഞിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍