This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍മണ്ണാത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍മണ്ണാത്തി

Indian robin

കല്‍മണ്ണാത്തി

കുരുവിയെക്കാള്‍ കുറച്ചുമാത്രം വലുപ്പക്കൂടുതലുള്ള ഒരിനം പക്ഷി. മ്യൂസികാപ്പിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റ ശാ.നാ.: സാക്‌സികൊളോയ്‌ഡസ്‌ ഫ്യൂലിക്കേറ്റ (Saxicoloides fulicata). ഭൂസ്ഥിതി, ശീതോഷ്‌ണാവസ്ഥ എന്നിവയനുസരിച്ച്‌ കല്‍മണ്ണാത്തിക്കിടയില്‍ ധാരാളം വകഭേദങ്ങള്‍ കണ്ടുവരുന്നു. ഇക്കാരണത്താല്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന, ഒരേ സ്‌പീഷീസില്‍പ്പെട്ട പക്ഷികള്‍ പലപ്പോഴും കാഴ്‌ചയ്‌ക്ക്‌ വ്യത്യസ്‌തങ്ങളായിരിക്കാറുണ്ട്‌. എന്നാല്‍ വര്‍ണഭേദം നോക്കാതെ ഇവ ഇണചേരുന്നു. കേരളത്തില്‍ കാണപ്പെടുന്നയിനത്തിന്റെ ശാ.നാ.: സാക്‌സികൊളോയ്‌ഡസ്‌ ഫ്യൂലിക്കേറ്റ ടൈമെച്ചൂറ (Saxicoloides fulicata ptymatura) എന്നാണ്‌. ഇവയെക്കൂടാതെ ഇന്ത്യയില്‍ മറ്റു മൂന്നിനങ്ങള്‍ കൂടിയുണ്ട്‌. ചുറുചുറുക്കോടെ ചാടിച്ചാടി നടക്കുന്നതും കറുത്തു തിളങ്ങുന്നതുമായ ഈ ചെറുപക്ഷിയുടെ ചിറകില്‍ പറക്കുമ്പോള്‍ മാത്രം ദൃശ്യമാവുന്ന ഒരു വെള്ളപ്പട്ടയുണ്ട്‌. വാലിനടിയിലായി തവിട്ടുനിറത്തില്‍ ഒരു പൊട്ടുമുണ്ടാവും. പെണ്‍പക്ഷിക്ക്‌ ചാരം കലര്‍ന്ന തവിട്ടുനിറമാണ്‌; വാലിനടിയിലെ പൊട്ടിന്‌ വിളറിയ തവിട്ടുനിറവും. നീണ്ടു വീതി കുറഞ്ഞ വാല്‍ എപ്പോഴും കുത്തനെ പൊക്കിപ്പിടിക്കുക കല്‍മണ്ണാത്തിയുടെ പ്രത്യേക സ്വഭാവമാണ്‌. പെണ്‍പക്ഷിയുടെ നിറങ്ങളെല്ലാം മനുഷ്യശ്രദ്ധയെ കഴിയുന്നിടത്തോളം അകറ്റി നിര്‍ത്താന്‍ പാകത്തിലുള്ളതാണ്‌. ഇവയുടെ കുഞ്ഞുങ്ങള്‍ക്കും ജനിച്ച്‌ കുറേക്കാലത്തേക്ക്‌ തള്ളയെപ്പോലെ തവിട്ടുനിറമായിരിക്കും.

സാധാരണയായി സമുദ്രനിരപ്പില്‍ നിന്ന്‌ 300 മീ. ഉയരത്തില്‍ വരെ കഴിയുന്ന സ്ഥിരവാസിയായ ഒരു പക്ഷിയാണ്‌ കല്‍മണ്ണാത്തി. ചെറിയ പുല്ലുകള്‍, മുള്‍ച്ചെടികള്‍, ഉറുമ്പിന്‍ കൂടുകള്‍ തുടങ്ങിയവയുള്ള, പാറ നിറഞ്ഞ വരണ്ട പ്രദേശങ്ങളാണ്‌ ഇവയ്‌ക്കേറ്റവും ഇഷ്ടം. വശങ്ങളില്‍ അരിപ്പൂച്ചെടികള്‍ വളര്‍ന്നു നില്‌ക്കുന്ന, കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളും പ്രിയപ്പെട്ടവ തന്നെ. ചരല്‍പ്പറമ്പുകളും പാറക്കുന്നുകളും നിറഞ്ഞ തുറസ്സായ സ്ഥലങ്ങളിലും ഇവ ഇണകളായി കാണപ്പെടുന്നു.

വളരെ ഉഷാറുള്ള ഈ പക്ഷികളെ ഒരിക്കലും ഉന്മേഷരഹിതരായി കാണാറില്ല. കാലുകള്‍ രണ്ടും ചേര്‍ത്തുവച്ച്‌, തലയും വാലും ഉയര്‍ത്തിപ്പിടിച്ച്‌, നിര്‍ഭയരായി ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നത്‌ ഇവയുടെ പതിവാണ്‌. തന്റെ കൂടിന്റെയും കുഞ്ഞുങ്ങളുടെയും രക്ഷയ്‌ക്കായി ഉടുമ്പ്‌, കീരി, പാമ്പുകള്‍ തുടങ്ങിയ ജന്തുക്കളോടുപോലും എതിരിടാന്‍ ഈ പക്ഷിക്കു ഭയമില്ല. ഈ ജന്തുക്കളെ തലയ്‌ക്കു കൊത്തി ഓടിക്കുകയാണ്‌ പതിവ്‌.

ആണ്‍പക്ഷികള്‍ക്ക്‌ ചൂളമിടുവാനുള്ള കഴിവുണ്ടെങ്കിലും പെണ്‍പക്ഷികള്‍ക്ക്‌ ചീചീചീ എന്നു മാത്രം ശബ്‌ദമുണ്ടാക്കാനേ കഴിയൂ. വസന്തകാലമാകുന്നതോടെ ആണ്‍പക്ഷി തന്റെ കൂടിനു ചുറ്റുമുള്ള സ്ഥലം സ്വായത്തമാക്കാന്‍ തുടങ്ങും. മറ്റു പക്ഷികളേതെങ്കിലും അവിടെ കടന്നുവന്നാല്‍ അവയെ കൊത്തിയോടിക്കാന്‍ ഇത്‌ മടിക്കാറില്ല. മറ്റു കല്‍മണ്ണാത്തികളെ തന്റെ സാമ്രാജ്യത്തിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുന്നതിനായി ഈ പക്ഷി ഇടയ്‌ക്കിടെ ചൂളമിടാറുണ്ട്‌.

തികഞ്ഞ മാംസഭുക്കായ കല്‍മണ്ണാത്തിക്ക്‌ പ്രിയങ്കരമായ ഭോജ്യവസ്‌തുക്കളാണ്‌ കൃമികള്‍, പുഴുക്കള്‍, കീടങ്ങള്‍, ചെറുപാറ്റകള്‍ എന്നിവയും അവയുടെ മുട്ടകളും. ഉറുമ്പും ചിതലും ഇവയ്‌ക്കു പഥ്യം തന്നെ.

ഡി. മുതല്‍ ഏ. വരെയാണ്‌ കല്‍മണ്ണാത്തിയുടെ സന്താനോത്‌പാദനകാലം. മാളങ്ങള്‍, വരമ്പുകളിലെയും മറ്റും ചെറുപോടുകള്‍, ജീര്‍ണിച്ച മരക്കുറ്റികളിലെ പൊത്തുകള്‍ തുടങ്ങി പൊട്ടിയ ചട്ടികളും പഴകിയ ടിന്നുകളും വരെ എന്തും കൂടുകെട്ടുന്നതിനുപയോഗിക്കുന്നു. പുല്ലും വേരുമുപയോഗിച്ചുണ്ടാക്കി ഉള്ളില്‍ തൂവലും രോമവും കൊണ്ടു മേനി പിടിപ്പിച്ച ഒരു ചെറു കപ്പാണ്‌ കല്‍മണ്ണാത്തിയുടെ കൂട്‌. മിക്കവാറും എല്ലാ കൂടുകളുടെ ഉള്ളിലും പാമ്പിന്‍ "ചട്ട'യുടെ ഒരു കഷണം കാണാന്‍ കഴിയുമെന്നത്‌ ഒരു സവിശേഷതയാണ്‌; ഈ പ്രത്യേകതയുടെ കാരണം ഇന്നും അജ്ഞാതമാണ്‌. പതിവായി ഒരേ കൂട്ടില്‍, രണ്ടും മൂന്നും തവണ ഒരേ കല്‍മണ്ണാത്തി തന്നെ മുട്ടയിടുന്നത്‌ സാധാരണമാണ്‌.

ഒരു തവണ 2-3 മുട്ടകളാണുണ്ടാവുക. പച്ച കലര്‍ന്ന വെളുപ്പുനിറത്തില്‍ (ക്രീം നിറവുമാകാം) കടുംചുവപ്പുപൊട്ടുകള്‍ ഉള്ളവയാണ്‌ മുട്ടകള്‍. കൂടുണ്ടാക്കുന്നതും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നതും മാതാപിതാക്കള്‍ ഒരുമിച്ചാണെങ്കിലും, പെണ്‍പക്ഷി മാത്രമാണ്‌ അടയിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍