This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍ബാസു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍ബാസു

Calbasu

കല്‍ബാസു

സിപ്രിനിഡെ മത്സ്യകുടുംബത്തില്‍പ്പെട്ട ലേബിയോ ജീനസിലെ ഒരിനം മത്സ്യം. ശാ.നാ.: ലേബിയോ കല്‍ബാസു (Labeo calbasu). കേരളത്തിലും തമിഴ്‌നാട്ടിലും കാക്കമീന്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നുണ്ട്‌. കറുത്തനിറവും കൂര്‍ത്ത ചുണ്ടുകളും ചെളിയില്‍ ചികയുന്ന സ്വഭാവവും ഉള്ളതുകൊണ്ടായിരിക്കാം ഈ മത്സ്യത്തിന്‌ ഈ പേരു ലഭിച്ചത്‌. കല്‍ബാസു എന്ന പേരിന്‌ ബംഗാളിഭാഷയില്‍ കറുത്ത മത്സ്യം എന്നാണ്‌ അര്‍ഥം. ഇന്ത്യയില്‍ മലബാറൊഴികെ മറ്റെല്ലാ പ്രദേശങ്ങളിലെയും എല്ലാത്തരം ജലാശയങ്ങളിലും കല്‍ബാസു കാണപ്പെടുന്നുണ്ട്‌. കല്‍ബാസുവിന്‌ നീണ്ട്‌ ഉരുണ്ട ശരീരപ്രകൃതിയാണുള്ളത്‌. ശരീരം പാര്‍ശ്വങ്ങളില്‍ മാത്രം അല്‌പം ഒതുങ്ങിയിരിക്കുന്നു. തല താരതമ്യേന ചെറുതും കൂര്‍ത്തതുമാണ്‌. ചുണ്ടുകളില്‍ ഞൊറികള്‍ കാണപ്പെടുന്നുണ്ട്‌. വായ്‌വക്കുകള്‍ യോജിച്ച്‌ ഒരു കുഴലിന്റെ ആകൃതിയില്‍ തലയുടെ താഴേക്കു തുറന്നിരിക്കുന്നു.

ചെറുപ്രായത്തില്‍ കല്‍ബാസുവിന്റെ പ്രധാനാഹാരം ജന്തുസസ്യപ്ലവകങ്ങളാണ്‌. ഏതാണ്ട്‌ 50 മി.മീ. വളര്‍ച്ചയെത്തിയാല്‍ ചീഞ്ഞ ജൈവവസ്‌തുക്കള്‍ ആഹരിക്കാന്‍ തുടങ്ങുന്നു. വളര്‍ച്ച മുഴുമിക്കുന്നതോടെ ചീഞ്ഞ ജൈവവസ്‌തുക്കളോടൊപ്പം ജലാശയത്തിന്റെ അടിത്തട്ടിലെ പുഴുക്കള്‍, ഒച്ചുകള്‍ എന്നിവയെയും ഭക്ഷിക്കാറുണ്ട്‌. ശരീരത്തിലും ചിറകുകളിലും പ്രത്യേക കറുത്ത പുള്ളികള്‍ ശൈശവദശ മുതല്‌ക്കേ കാണാന്‍ സാധിക്കും. 10 മി.മീ. വളര്‍ച്ച എത്തുന്നതോടെ കറുത്ത തൊങ്ങലുകള്‍ വ്യക്തമാവുന്നു. ഈ പ്രായത്തില്‍ വാല്‍ച്ചിറകില്‍ ഒരു വലിയ കറുത്ത പുള്ളിയും പ്രത്യക്ഷപ്പെടും. പൂര്‍ണ വളര്‍ച്ചയെത്തിയ കല്‍ബാസുവിന്‌ 90 സെ.മീ. വരെ നീളം വയ്‌ക്കും. രണ്ടുവര്‍ഷം പ്രായമാകുന്നതോടെ പ്രത്യുത്‌പാദനാവയവങ്ങള്‍ വളര്‍ച്ചയെത്തുന്നു. കൃത്രിമരീതിയിലുള്ള പ്രരിതപ്രജനനം വഴി ഒരു വര്‍ഷം പ്രായമാകുമ്പോള്‍ തന്നെ ജനനേന്ദ്രിയവളര്‍ച്ച സാധ്യമാക്കാമെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

കല്‍ബാസുവിന്റെ പ്രജനനകാലം മേയ്‌ മുതല്‍ ജൂലായ്‌ വരെയാണ്‌. മുട്ടയിടാനുള്ള സമയമാകുമ്പോള്‍ ഇവ നദീതീരങ്ങളിലെ താഴ്‌ച്ച കുറഞ്ഞ പുതുവെള്ളത്തില്‍ എത്തിച്ചേരും. കുളങ്ങളിലും കെട്ടിനില്‌ക്കുന്ന ജലത്തിലും കല്‍ബാസു മുട്ടയിടാറില്ല. ഒരു കിലോഗ്രാം ശരീരത്തൂക്കത്തിന്‌ 34 ലക്ഷം എന്ന കണക്കിന്‌ ഇവ മുട്ടയിടുന്നു. നല്ല നീലനിറമുള്ള മുട്ടയ്‌ക്ക്‌ ദീര്‍ഘഗോളാകൃതിയാണുള്ളത്‌. പുറത്തുവരുന്ന സമയത്ത്‌ മുട്ടയ്‌ക്ക്‌ 1.5 മി.മീ. വ്യാസം വരും. ജലസമ്പര്‍ക്കമേല്‌ക്കുന്നതോടെ 4 മി.മീ. വരെ വ്യാസം വയ്‌ക്കുന്നു. 1520 മണിക്കൂറുകള്‍ കൊണ്ട്‌ മുട്ടകള്‍ വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു.

സ്വാദേറിയ ഒരു ഭക്ഷ്യമത്സ്യമാണ്‌ കല്‍ബാസു. മാംസത്തില്‍ നിരവധി ചെറുമുള്ളുകള്‍ ഉണ്ട്‌. മാംസത്തില്‍ 19 ശ.മാ. മാംസ്യം, 3 ശ.മാ. കൊഴുപ്പ്‌ എന്നിവയും നേരിയതോതില്‍ കാല്‍സിയവും ഫോസ്‌ഫറസും അടങ്ങിയിരിക്കുന്നു. 100 ഗ്രാം മാംസത്തില്‍ 6മുതല്‍ 12 വരെ മി.ഗ്രാം ഇരുമ്പും അടങ്ങിയിട്ടുണ്ട്‌.

ഒരു നല്ല വളര്‍ത്തുമത്സ്യമായി കല്‍ബാസുവിനെ ഉപയോഗപ്പെടുത്തുന്നുണ്ട്‌. ജലാശയത്തിലെ എല്ലാത്തരം ഭക്ഷ്യവസ്‌തുക്കളും ഭക്ഷിക്കുന്ന ഒരിനമാകയാല്‍ മത്സ്യോത്‌പാദനം വര്‍ധിപ്പിക്കാന്‍ പറ്റിയ ഒരു മത്സ്യവുമാണിത്‌. ബംഗാള്‍, അസം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ കല്‍ബാസുവിനെ ഒരു നല്ല വളര്‍ത്തുമത്സ്യമായി പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍