This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍പ്പാത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍പ്പാത്തി

പാലക്കാട്‌ പട്ടണത്തിലുള്ള ഒരു അഗ്രഹാരം. കല്‍പ്പാത്തിപ്പുഴക്കരയില്‍ കോരയാറും മലമ്പുഴയും സംഗമിക്കുന്നതിനടുത്തായാണ്‌ ഈ തമിഴ്‌ബ്രാഹ്മണത്തെരുവിന്റെ സ്ഥാനം. ഇവിടെ നിളാനദി (കല്‍പ്പാത്തിപ്പുഴ) ഇരുകരകളിലുമുള്ള കല്ലുകള്‍ക്കിടയ്‌ക്കുള്ള പാത്തി(ഓക്‌)യിലൂടെ കടന്നുപോകുന്നതിനാലാണ്‌ കല്‍പ്പാത്തി എന്ന സ്ഥലപ്പേരുണ്ടായത്‌ എന്നു കരുതപ്പെടുന്നു. ചാത്തപ്പുരം, ഗോവിന്ദരാജപുരം, ചൊക്കനാഥപുരം, ലക്ഷ്‌മീനാരായണപുരം എന്നിവ കല്‍പ്പാത്തി ഗ്രാമസമൂഹത്തില്‍പ്പെടുന്ന ബ്രാഹ്മണത്തെരുവുകളാണ്‌. പ്രാചീന തമിഴ്‌ ഗ്രാമങ്ങളുടേതായ സ്വഭാവവിശേഷങ്ങള്‍ ഇന്നും നിലനിര്‍ത്തുന്നുവെന്നത്‌ ഇവിടത്തെ ബ്രാഹ്മണസമൂഹത്തിന്റെ ഒരു സവിശേഷതയാണ്‌. കല്‍പ്പാത്തിയില്‍ രണ്ടായിരത്തിലധികം മഠങ്ങളുണ്ട്‌. കല്‍പ്പാത്തി ശിവക്ഷേത്രത്തില്‍ തുലാമാസത്തിലെ രഥോത്‌സവമാണ്‌ സ്ഥലമഹിമയ്‌ക്ക്‌ മുഖ്യകാരണം.

പുണ്യകാശിക്കു സമാനമായി ഇവിടെ ശിവക്ഷേത്രവും ശ്‌മശാനവും നദിയും മറ്റുമുള്ളതുകൊണ്ട്‌ "കാശിയില്‍പ്പാതി കല്‍പ്പാത്തി' എന്നൊരു ചൊല്ലുകൂടി നിലവിലിരിക്കുന്നു.

കല്‍പ്പാത്തിക്ഷേത്രം

കല്‍പ്പാത്തിക്ഷേത്രം. കല്‍പ്പാത്തിക്ഷേത്രത്തിലെ ശിവലിംഗം സു. ആറു നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഒരു ബ്രാഹ്മണസ്‌ത്രീ കാശിയില്‍ നിന്നു കൊണ്ടുവന്നതാണെന്നു പറയപ്പെടുന്നു. ശിവലിംഗപ്രതിഷ്‌ഠയ്‌ക്കു പുറമേ വിശാലാക്ഷി, വിഘ്‌നേശ്വരന്‍, ദക്ഷിണാമൂര്‍ത്തി, സൂര്യദേവന്‍, വട്ടകഭൈരവന്‍, കാര്‍ത്തികേയന്‍, പാണ്ഡികേശ്വരന്‍ എന്നീ പ്രതിഷ്‌ഠകളുമുണ്ട്‌. പൂജാദികര്‍മങ്ങള്‍ ചെയ്യുന്നത്‌ കുരുക്കള്‍ (ഗുരുക്കന്മാര്‍) എന്ന പേരിലുള്ള, ശിവദീക്ഷ കിട്ടിയ ബ്രാഹ്മണരാണ്‌. ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളില്‍ കേരള ബ്രാഹ്മണരാല്‍ പാതിത്യം കല്‌പിക്കപ്പെട്ടിരുന്ന പാലക്കാട്ടരചന്‍ കോണിക്കലിടം ഇട്ടിക്കോമ്പി അച്ചന്‍ 43 ഹെക്ടര്‍ (108 ഏക്കര്‍) നിലം ദാനം ചെയ്‌തതായും കാവേരീതീരത്തെ ഗഡമുഖസ്ഥാനത്തു നിന്ന്‌ പന്ത്രണ്ടു ബ്രാഹ്മണ കുടുംബങ്ങളെ വരുത്തി കല്‍പ്പാത്തിയില്‍ കുടിയിരുത്തിയതായും പരാമര്‍ശമുണ്ട്‌; ഈ കേന്ദ്രസ്ഥാനം പന്ത്രണ്ടാം തെരുവ്‌ എന്നറിയപ്പെടുന്നു. കൂടാതെ ടിപ്പുസുല്‍ത്താന്‍ പാലക്കാട്‌ കൈയടക്കിയപ്പോഴും (1872) തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ വാഴ്‌ചക്കാലത്തും (1886) ക്ഷേത്രസ്വത്തുക്കള്‍ക്ക്‌ സര്‍വമാന്യം അനുവദിക്കപ്പെട്ടിരുന്നതായും ലിഖിതത്തില്‍ പറയുന്നു. ടിപ്പു സുല്‍ത്താന്റെ പ്രതിനിധികളായ നവാബ്‌ മുറുഖാന്‍കിലേദാര്‍ ഈ ക്ഷേത്രത്തിലേക്ക്‌ ആവശ്യമുള്ള വസ്‌തുവകകള്‍ ഇനാമായി പാലക്കാട്‌ രാജാവിനു വിട്ടുകൊടുത്തു. ദിവസേനയുള്ള നാലു കാലത്തെ പൂജയ്‌ക്കു പുറമേ വിശേഷ ദിവസങ്ങളായ ആര്‍ദ്രാസംക്രമങ്ങള്‍, നവരാത്രി, കാര്‍ത്തിക എന്നീ അവസരങ്ങളില്‍ വിശേഷപൂജകളും ഉണ്ടായിരിക്കും. തുലാമാസത്തിലെ പൗര്‍ണമി നാളില്‍ ശിവലിംഗത്തിന്‌ അന്നാഭിഷേകം നടത്തുന്നു.

കല്‍പ്പാത്തിപ്പുഴ

തമിഴകത്തെ ആചാരാനുഷ്‌ഠാനങ്ങളില്‍ നിന്നു വ്യതിചലിക്കാതെ ആണ്ടു തോറും തുലാമാസം 28, 29, 30 എന്നീ തീയതികളില്‍ കല്‍പ്പാത്തി രഥോത്‌സവം കൊണ്ടാടപ്പെടുന്നു. 21നു ആണ്‌ ധ്വജാരോഹണം. എട്ടാംദിവസം പാലക്കാട്‌ രാജാവിന്റെ അകമ്പടിയോടു കൂടി ദേവനെ ഗര്‍ഭഗൃഹത്തില്‍ നിന്ന്‌ എഴുന്നള്ളിച്ചു കൊണ്ടുവന്ന്‌ പ്രധാനരഥത്തില്‍ വച്ച്‌ രഥത്തെ കുറെ ദൂരം വലിച്ചു കൊണ്ടുപോകും. 8ഉം 9ഉം 10ഉം ദിവസങ്ങളിലെ വാദ്യസംഗീതക്കച്ചേരികളും തെരുവുവാണിഭങ്ങളും മറ്റും പാലക്കാട്‌ പട്ടണത്തില്‍ ഒരു വന്‍മേളയുടെ പ്രതീതിയുണ്ടാക്കുന്നു. എഴുന്നള്ളിപ്പിനായി 1978 വരെ ഉപയോഗിച്ചിരുന്ന ശൈവരഥത്തിന്‌ അഞ്ച്‌ തട്ടുകളും 10 മീറ്ററോളം ഉയരവും ചക്രങ്ങള്‍ക്ക്‌ ഒന്നേമുക്കാല്‍ മീറ്ററോളം (5.5 ¢) വ്യാസവുമുണ്ട്‌. രാമായണത്തിലെയും മഹാഭാരതത്തിലെയും അനര്‍ഘമുഹൂര്‍ത്തങ്ങളെ ചിത്രീകരിക്കുന്ന 240 ദാരുശില്‌പങ്ങളാല്‍ അലംകൃതമാണ്‌ ഈ രഥം. രഥത്തിന്‌ ആറ്‌ നൂറ്റാണ്ടു പഴക്കമുണ്ടെന്ന്‌ നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മൂന്നു ശതകത്തിലേറെ പഴക്കമില്ലെന്നാണ്‌ ഡല്‍ഹി നാഷണല്‍ മ്യൂസിയത്തിലെ ഗവേഷകര്‍ കണക്കു കൂട്ടിയിട്ടുള്ളത്‌. പുതിയൊരു രഥമാണ്‌ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്‌.

മൃദംഗവിദ്വാന്‍ പാലക്കാട്ട്‌ സുബ്ബയ്യര്‍, ശിഷ്യനായ പാലക്കാട്ട്‌ ടി.എസ്‌. മണി അയ്യര്‍, വയലിന്‍ വിദ്വാനായ സി.ആര്‍. (ചാത്തപ്പുരം) മണി അയ്യര്‍ തുടങ്ങിയവരും പ്രശസ്‌ത അന്തരീക്ഷ ശാസ്‌ത്രജ്ഞനായ ഡോ. കെ.ആര്‍. രാമനാഥന്‍, നരവംശശാസ്‌ത്രജ്ഞരായ ഡോ. എല്‍.കെ. അനന്തകൃഷ്‌ണയ്യര്‍, ഡോ. എല്‍.എ. കൃഷ്‌ണയ്യര്‍, എല്‍.കെ. ബാലരത്‌നം മുതലായവരും കല്‍പ്പാത്തിയിലെ വിശിഷ്ട സന്താനങ്ങളില്‍ ചിലരാണ്‌.

കല്‍പ്പാത്തിപ്പുഴ. ഭാരതപ്പുഴയുടെ സുപ്രധാന പോഷകനദിയായ കല്‍പ്പാത്തിപ്പുഴ, കരായിപ്പുഴ, വരട്ടാര്‍, വാളയാര്‍, മലമ്പുഴ എന്നീ നാലുപുഴകള്‍ സംഗമിച്ചാണ്‌ ഉണ്ടാകുന്നത്‌. ആനമലയില്‍ ഉറവെടുക്കുന്ന കരായിപ്പുഴ, വരട്ടാര്‍ എന്നിവ തമ്പാലത്തു വച്ച്‌ വാളയാറുമായി സംഗമിക്കുന്നു. തുടര്‍ന്നുള്ള നദീമാര്‍ഗം കോരയാര്‍ എന്നറിയപ്പെടുന്നു. മലമ്പുഴ അണക്കെട്ടില്‍ നിന്ന്‌ 4.8 കി.മീ. താഴേക്കൊഴുകിയശേഷം മലമ്പുഴയും കോരയാറും സംഗമിച്ചാണ്‌ കല്‍പ്പാത്തിപ്പുഴ രൂപം കൊള്ളുന്നത്‌. നിളാതടിനി എന്നു പ്രസിദ്ധിപെറ്റ കല്‍പ്പാത്തിപ്പുഴയ്‌ക്ക്‌ സു. 12 കി.മീ. വരുന്ന നദീമാര്‍ഗമാണുള്ളത്‌. ഇത്‌ പാലക്കാട്‌ താലൂക്കിലെ പറളിയില്‍ വച്ച്‌ കണ്ണാടിപ്പുഴയുമായി സംഗമിച്ചാണ്‌ ഭാരതപ്പുഴയ്‌ക്കു ജന്മം നല്‌കുന്നത്‌. നോ: ഭാരതപ്പുഴ

(കെ. ശ്രീകുമാരനുണ്ണി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍