This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍പ്പറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍പ്പറ്റ

വയനാട്‌ ജില്ലയിലെ ഒരു താലൂക്കും ജില്ലയുടെ ആസ്ഥാനപട്ടണവും. കോഴിക്കോട്‌ നഗരത്തിന്‌ 72 കി.മീ. വ. കിഴക്കായി സ്ഥിതി ചെയ്യുന്ന കല്‍പ്പറ്റയിലെ ജനങ്ങളില്‍ നല്ലൊരുപങ്ക്‌ കുറിച്യര്‍, കുറുമ്പര്‍, പണിയര്‍ തുടങ്ങിയ ആദിവാസിവര്‍ഗക്കാരാണ്‌. ജില്ലാതലസ്ഥാനമായശേഷം വലിയതോതില്‍ നടന്ന കുടിയേറ്റം മൂലം ഇവരുടെ ജനസംഖ്യാനുപാതത്തില്‍ കുറവ്‌ വന്നിട്ടുണ്ട്‌. കല്‍പ്പറ്റ, കോട്ടത്തറ, മേപ്പാടി, തരിയോട്‌, വൈത്തിരി, പൊഴുതന, പടിഞ്ഞാറെത്തറ എന്നീ പഞ്ചായത്തുകളുള്‍ക്കൊള്ളുന്നതാണ്‌ കല്‍പ്പറ്റ വികസനബ്‌ളോക്ക്‌. ഒട്ടേറെ ജൈനമതാനുയായികളും കര്‍ണാടകത്തില്‍ നിന്ന്‌ ഇവിടേക്ക്‌ കുടിയേറിയിട്ടുണ്ട്‌; ഇവരില്‍ ചിലര്‍ ഭൂസ്വാമിമാരാണ്‌. ഇവിടെ പ്രസിദ്ധമായ ഒരു ജൈനക്ഷേത്രമുണ്ട്‌. മൈസൂറില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്ന റോഡുകള്‍ സുല്‍ത്താല്‍ ബത്തേരിയില്‍ യോജിച്ച്‌ കല്‍പ്പറ്റ വഴി കോഴിക്കോട്ടേക്കു പോകുന്നു.

കര്‍ഷക കുടിയേറ്റത്തിന്റെ ഫലമായി വയനാട്ടിലെ മറ്റിടങ്ങളെ പ്പോലെ കല്‍പ്പറ്റയും ഒരു പ്രമുഖ കാര്‍ഷികമേഖലയായി രൂപാന്തരം പ്രാപിച്ചു. കാപ്പിയാണ്‌ പ്രധാന കൃഷി. തോട്ടമുടമകളായ ഗൗണ്ഡന്മാരും, കര്‍ഷകത്തൊഴിലാളികളായ പണിയരും, കാലാകാലങ്ങളില്‍ വന്നും പോയുമിരിക്കുന്ന കച്ചവടക്കാരും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക ഘടനയില്‍ വലുതായ സ്വാധീനം ചെലുത്തിപ്പോരുന്നു. തേയില, കുരുമുളക്‌, ഇഞ്ചി, മരച്ചീനി, ചേന, വാഴ തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. ഗിരിവര്‍ഗക്കാരുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി ഗാന്ധിസദനം എന്നൊരു സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. വിവിധ വര്‍ഗക്കാര്‍ക്കിടയില്‍ രഞ്‌ജിപ്പുണ്ടാക്കുന്നതിനും ഐക്യബോധം വളര്‍ത്തുന്നതിനും ഈ സ്ഥാപനം വലുതായ സഹായം ചെയ്‌തിട്ടുണ്ട്‌. 1934 ജനു.ല്‍ ഗാന്ധിജി പുളിയോര്‍ മല സന്ദര്‍ശിച്ചിരുന്നു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍