This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍പ്പണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കല്‍പ്പണി

Masonry

കല്ല്‌, ഇഷ്ടിക, കോണ്‍ക്രീറ്റ്‌ കട്ട (concrete block), ഓട്‌ മുതലായ നിര്‍മാണപദാര്‍ഥങ്ങളെ കുമ്മായമോ, സിമന്റോ മണലുമായി ചേര്‍ത്തുണ്ടാക്കുന്ന ചാന്ത്‌ (mortar) ഉപയോഗിച്ച്‌ സംയോജിപ്പിക്കുകയോ, കെട്ടിപ്പടുക്കുകയോ ചെയ്യുന്നതിനെയാണ്‌ സാങ്കേതികാര്‍ഥത്തില്‍ കല്‍പ്പണി എന്നു പറയുന്നത്‌. ഇതില്‍ നിര്‍മാണപദാര്‍ഥങ്ങള്‍ അടുക്കി ചാന്തുകൊണ്ട്‌ യോജിപ്പിക്കുന്നു. പൊള്ളയായ കട്ടകളും (hollow blocks)നിര്‍മാണപദാര്‍ഥമായി ഉപയോഗിക്കാവുന്നതാണ്‌. നിര്‍മാണങ്ങളില്‍ സമ്മര്‍ദം വഹിക്കേണ്ട ഭാഗങ്ങള്‍ക്കാണ്‌ സാധാരണയായി കല്‍പ്പണി ഉപയോഗിക്കുന്നത്‌. കല്ല്‌, ഇഷ്ടിക തുടങ്ങിയ പദാര്‍ഥങ്ങള്‍ക്ക്‌ സമ്മര്‍ദന ഉറപ്പ്‌ (compressive strength), അഗ്‌നിപ്രതിരോധം (fire resistance), ഈട്‌ (durability)എന്നീ ഗുണങ്ങള്‍ ഉള്ളതിനാല്‍ നിര്‍മാണങ്ങള്‍ക്ക്‌ അവ വളരെ അനുയോജ്യമാണ്‌. ഇരുമ്പു കമ്പികള്‍ കൊണ്ട്‌ ബലപ്പെടുത്തി കല്‍പ്പണി(reinforced masonry)ക്ക്‌ വലിവുറപ്പ്‌ (tensile strength)ഉണ്ടാക്കാം.

ചരിത്രം

കല്‍പ്പണി അതിപുരാതനമായ ഒരു സാങ്കേതിക വിദ്യയാണ്‌. പ്രാചീന കാലങ്ങളില്‍ തന്നെ കൈകള്‍ കൊണ്ട്‌ രൂപപ്പെടുത്തിയ കല്ലുകള്‍ ഉപയോഗിച്ചുള്ള ശില്‌പവേലകള്‍ അതീവ നൈപുണ്യത്തോടെ ചെയ്‌തിരുന്നുവെന്നതിന്‌ വേണ്ടത്ര തെളിവുകളുണ്ട്‌. ഈജിപ്‌ത്‌, ഇന്ത്യ, ചൈന, ബാബിലോണിയ, അസീറിയ, ക്രീറ്റ്‌ എന്നിവിടങ്ങളിലെ പുരാതന ദേവാലയങ്ങളില്‍ അദ്‌ഭുതാവഹമായ വൈദഗ്‌ധ്യത്തോടു കൂടിയ ശില്‌പവേലകള്‍ കാണാം. ഈജിപ്‌തിലെ പിരമിഡുകള്‍ പൗരാണിക കാലത്തെ കല്‍പ്പണിയുടെ മേന്മയും ഉയര്‍ന്ന നിലവാരവും വ്യക്തമാക്കുന്നു. ഇവയുടെ നിര്‍മാണത്തില്‍ ചാന്ത്‌ ഉപയോഗിച്ചിട്ടില്ല. കല്ലുകള്‍ക്കിടയിലുള്ള വിടവ്‌ ഒരു സെ.മീ.ന്റെ നാല്‌പതിലൊരംശത്തോളമേയുള്ളു. ചില കല്ലുകള്‍ക്ക്‌, അറുപതോളം ടണ്‍ ഭാരമുണ്ട്‌. പിരമിഡ്‌ നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളവയില്‍ ഇരുന്നൂറില്‍പ്പരം കി.മീ. അകലെ നിന്ന്‌ സംഭരിക്കപ്പെട്ട കല്ലുകളുമുണ്ട്‌. ഈജിപ്‌തില്‍ നിന്ന്‌ ഗ്രീസിലേക്കും റോമിലേക്കും ഇംഗ്ലണ്ടിലേക്കും കല്‍പ്പണി വ്യാപിക്കുകയും തുടര്‍ന്ന്‌ ഈ സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കുകയും ചെയ്‌തു. കല്ലുകള്‍ ഉപയോഗിച്ചുള്ള കല്‍പ്പണി എടുപ്പുകള്‍ക്ക്‌ ഗാംഭീര്യവും ഭംഗിയും കൈവരുത്തുന്നു. അതിനാല്‍ പൊതുമന്ദിരങ്ങള്‍ക്കും സ്‌മാരക സൗധങ്ങള്‍ക്കും ഇതു ധാരാളം ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ കല്‍പ്പണി, ചുമരുകള്‍ക്ക്‌ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. അസ്‌തിവാര(foundation)ത്തിനും തറകെട്ടുന്നതിനും (basement)കേല്‍പ്പണി ഇപ്പോഴും ധാരാളമായുപയോഗിച്ചു വരുന്നു. മേലെടുപ്പിനും (super structure), ഭാരം വഹിക്കുന്ന ചുമരുകള്‍ക്കും കല്‍പ്പണി ഉപയോഗപ്പെടുത്താറുണ്ട്‌. കൃത്യമായ ആകൃതിയിലും ആവശ്യമായ മിനുസം കിട്ടത്തക്ക വിധത്തിലും തയ്യാറാക്കിയ ശേഷം മാത്രമാണ്‌ നിര്‍മാണപദാര്‍ഥങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്‌. ബെല്‍ട്ട്‌ കോഴ്‌സ്‌ (Belt course), കോര്‍ണിസ്‌ (cornice), ജനല്‍പ്പടികള്‍, വാതില്‍പ്പടികള്‍, ജാംബുകള്‍, ചവിട്ടുപടി, കോണിപ്പടി എന്നിവ നിര്‍മിക്കുന്നതിനും തറയില്‍ വിരിക്കുന്നതിനും കല്ലുകള്‍ രൂപപ്പെടുത്തി ഉപയോഗിക്കുന്നു. ഇപ്പോള്‍ നിര്‍മാണരംഗങ്ങളില്‍ കല്‍പ്പണിയെ അപേക്ഷിച്ച്‌ കോണ്‍ക്രീറ്റ്‌ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, കുറഞ്ഞ ചെലവില്‍ അനുയോജ്യമായ കല്ലുകള്‍ വേണ്ടത്ര ലഭിക്കുന്ന സ്ഥലങ്ങളില്‍ കല്‍പ്പണി ധാരാളം ഉപയോഗിക്കുന്നു.

ശിലാതരങ്ങള്‍

ശിലകളെ മൂന്നു പ്രധാന വിഭാഗങ്ങളായി വര്‍ഗീകരിച്ചിരിക്കുന്നു: (i) ആഗ്‌നേയശില (igneous rock), (ii) അവസാദശില (sedimentary rock), (iii) കായാന്തരിത ശില (metamorphic rock). കല്‍പ്പണിക്ക്‌, വ്യാപകമായുപയോഗിക്കുന്ന കല്ലുകളില്‍ ഗ്രാനൈറ്റ്‌, ബസാള്‍ട്ട്‌ എന്നിവ ആഗ്‌നേയവും; മണല്‍ക്കല്ല്‌, ചുണ്ണാമ്പുകല്ല്‌, വെട്ടുകല്ല്‌ എന്നിവ അവസാദജന്യവുമാണ്‌; ക്വാര്‍ട്ട്‌സൈറ്റ്‌, സ്ലേറ്റ്‌, മാര്‍ബിള്‍, നൈസ്‌ എന്നിവ കായാന്തരിത ശിലകളും. ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന പ്രധാന ഇനം കല്ലുകള്‍ താഴെപ്പറയുന്നവയാണ്‌.

ഗ്രാനൈറ്റ്‌

ഗ്രാനൈറ്റ്‌

സര്‍വസാധാരണമായുള്ള ഒരിനം പരല്‍ശിലയാണിത്‌. തമിഴ്‌നാട്‌, കര്‍ണാടകം, ഒറീസ എന്നിവിടങ്ങളിലുള്ള ഗ്രാനൈറ്റ്‌ മേന്മയേറിയതാണ്‌. ഇത്തരം കല്ലിന്‌ ഘനത്വവും സമ്മര്‍ദന ഉറപ്പും കൂടുതലായുണ്ട്‌. ഇത്‌ കാഠിന്യമേറിയതും, ഈടുറ്റതുമാണ്‌. ഇത്‌ പല നിറങ്ങളില്‍ ലഭിക്കുന്നു. രൂപപ്പെടുത്തിയെടുക്കാന്‍ പ്രയാസം കൂടുതലാണ്‌. ഉപരിതലം നല്ലതുപോലെ മിനുക്കിയെടുക്കാം. പാലങ്ങളുടെ തൂണുകള്‍, അണക്കെട്ടുകള്‍, കടല്‍ഭിത്തികള്‍ തുടങ്ങിയ പ്രധാന നിര്‍മാണങ്ങള്‍ക്കും കെട്ടിടം പണിക്കും ഗ്രാനൈറ്റ്‌ ഉപയോഗിക്കുന്നു. കൂടാതെ ചവിട്ടുപടി, കോണിപ്പടി, ഭിത്തികളുടെ പുറംപാളി എന്നിവയ്‌ക്കും ഉപയോഗിക്കുന്നു. പരലുകള്‍ക്ക്‌ വലുപ്പം കൂടുതലായതിനാല്‍ ഇതു കൊത്തുപണി(carving)ക്ക്‌ പറ്റിയതല്ല.

ബസാള്‍ട്ട്‌

ബസാള്‍ട്ട്‌

മഹാരാഷ്‌ട്ര, പ.ബംഗാള്‍, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ ലഭിക്കുന്നു. ഉയര്‍ന്ന ഘനത്വവും വളരെ കൂടിയ സമ്മര്‍ദന ഉറപ്പും ഉണ്ട്‌. ഇരുണ്ട നിറവും നല്ല കാഠിന്യവും (hardness)ദൃഢത(toughness)യും ഈടും ഉണ്ട്‌. പണി ചെയ്യുവാന്‍ അധ്വാനം കൂടുതലാവശ്യമാണ്‌. സാധാരണയായി കെട്ടിടങ്ങളുടെ അസ്‌തിവാരത്തിന്‌ ഉപയോഗിക്കുന്നു. മേലെടുപ്പിനും ഉപയോഗിക്കാറുണ്ട്‌. മോള്‍ഡിങ്ങുകള്‍ക്കും കൊത്തുപണികള്‍ക്കും പറ്റിയതല്ല. അജന്ത, എല്ലോറ, എലിഫന്റാ എന്നിവിടങ്ങളിലെ ഗുഹാക്ഷേത്രങ്ങള്‍ ഡക്കാണ്‍ട്രാപ്പിലെ ബസാള്‍ട്ട്‌ ശില (ട്രാപ്പ്‌ പാറ) തുരന്നാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.

മണല്‍ക്കല്ല്‌

മണല്‍ക്കല്ല്‌

പ.ബംഗാള്‍, ബിഹാര്‍, ആന്ധ്രപ്രദേശ്‌, ഹിമാചല്‍പ്രദേശ്‌, കാശ്‌മീര്‍, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നു. ഇതിന്റെ സമ്മര്‍ദന ഉറപ്പ്‌ ഗ്രാനൈറ്റിനെക്കാള്‍ കുറവാണ്‌. മണല്‍ക്കല്ല്‌ സരന്ധ്രം (porous) ആണ്‌. വെള്ള, മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങളില്‍ ലഭിക്കും. എളുപ്പത്തില്‍ പണിചെയ്യാന്‍ കഴിയുന്നതിനാല്‍ കെട്ടിട നിര്‍മാണത്തിനും കൊത്തുപണികള്‍ക്കും വളരെ അനുയോജ്യമാണ്‌. ഡല്‍ഹിയിലെ പാര്‍ലമെന്റ്‌മന്ദിരം ചുവന്ന മണല്‍ക്കല്ലു കൊണ്ടാണ്‌ നിര്‍മിച്ചിട്ടുള്ളത്‌.

ചുണ്ണാമ്പുകല്ല്‌

ചുണ്ണാമ്പുകല്ല്‌

പ.ബംഗാള്‍, ബിഹാര്‍, ആന്ധ്രപ്രദേശ്‌, ഹിമാചല്‍ പ്രദേശ്‌, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ ലഭിക്കും. ഘനത്വവും സമ്മര്‍ദന ഉറപ്പും താരതമ്യേന കുറവാണ്‌. പണി ചെയ്യുന്നതിനും അറുത്തു മുറിക്കുന്നതിനും എളുപ്പമുണ്ട്‌. സ്ലാബുകളാക്കി തറയില്‍ പാകുന്നതിനും, മേച്ചിലിനും (roofing), കല്‍പ്പണിക്കും, കുമ്മായമുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

ചെങ്കല്ല്‌ (വെട്ടുകല്ല്‌)

ചെങ്കല്ല്‌

മഹാരാഷ്‌ട്ര, ഒറീസ, ബിഹാര്‍, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ ലഭിക്കുന്നു. കല്ലുകള്‍ക്ക്‌ കോശകീയ (cellular)ഘടനയാണ്‌; ഇരുണ്ട തവിട്ടുനിറമോ, ചുവപ്പുനിറമോ ആണ്‌. ഇത്‌ ഖനനം ചെയ്‌തെടുക്കുമ്പോള്‍ മൃദുവായിരിക്കും. അപ്പോള്‍ അവയെ ചതുരക്കട്ടകളാക്കി ആകൃതിപ്പെടുത്തുന്നു. അന്തരീക്ഷ സമ്പര്‍ക്കം കൊണ്ട്‌ നിര്‍ജലീകരണം വഴി കല്ലിന്‌ കാഠിന്യം കൂടുന്നു. സ്ഥലഭേദമനുസരിച്ച്‌ ചെങ്കല്ലുകളുടെ ഭൗതികഗുണങ്ങളില്‍ ഗണ്യമായ വൈവിധ്യം ഉള്ളതിനാല്‍ ഇത്തരം കല്ല്‌ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണം. കെട്ടിടങ്ങളുടെ ചുമരുകള്‍ക്കും, മതിലുകള്‍ക്കും, കനാലുകളുടെയും മണ്‍ചിറകളുടെയും പാര്‍ശ്വങ്ങളില്‍ പതിക്കുന്നതിനും (pitching) ഉപയോഗിക്കുന്നു.

ക്വാര്‍ട്ട്‌സൈറ്റ്‌

ക്വാര്‍ട്ട്‌സൈറ്റ്‌

പ. ബംഗാള്‍, ആന്ധ്രപ്രദേശ്‌, ഹിമാചല്‍പ്രദേശ്‌, തമിഴ്‌നാട്‌, ഉത്തര്‍പ്രദേശ്‌, കര്‍ണാടകം, പഞ്ചാബ്‌, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ലഭിക്കുന്നു. ഇത്‌ ഘനത്വവും ഉറപ്പും കൂടിയതാണെങ്കിലും അടുക്കടുക്കായുള്ള ഘടനയായതിനാല്‍ എളുപ്പത്തില്‍ പൊട്ടിപ്പോകും (brittle). അതിനാല്‍ രൂപപ്പെടുത്താന്‍ പറ്റിയതല്ല. പരുക്കന്‍ കല്‍പ്പണിക്കും കോണ്‍ക്രീറ്റ്‌ നിര്‍മാണത്തിനും ഉപയോഗിക്കുന്നു.

സ്ലേറ്റ്‌

സ്ലേറ്റ്‌

ബിഹാര്‍, ഉത്തര്‍പ്രദേശ്‌, തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്രപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ ലഭിക്കുന്നു. ഉയര്‍ന്ന ഘനത്വവും സമ്മര്‍ദന ഉറപ്പും ഉണ്ട്‌. ഉന്നത മര്‍ദത്തിനും, അപരൂപണ (shear) പ്രക്രിയയ്‌ക്കും വിധേയമായി രൂപാന്തരം പ്രാപിച്ചതായതിനാല്‍ സ്ലേറ്റീയ വിദളനതലങ്ങള്‍ (slaty cleavage planes)എന്നറിയപ്പെടുന്ന തലങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്‌. ഈ വിദളനതലങ്ങളില്‍ക്കൂടി സ്ലേറ്റ്‌ കല്ല്‌ എളുപ്പത്തില്‍ പൊളിച്ചെടുക്കാം. സ്ലേറ്റ്‌ പാളികളുടെ ഉപരിതലം മിനുസമുള്ളതാണ്‌. മേച്ചിലിനും തറയില്‍ പാകുന്നതിനും പറ്റിയതാണ്‌. ചവിട്ടുപടികള്‍ക്കും, കോണിപ്പടികള്‍ക്കും മറ്റും ഉപയോഗിക്കാം.

മാര്‍ബിള്‍

മാര്‍ബിള്‍

ഉത്തര്‍പ്രദേശ്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ആന്ധ്രാപ്രദേശ്‌, കര്‍ണാടകം, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ ലഭിക്കുന്നു. കാഠിന്യമേറിയതും, ഇടതൂര്‍ന്നതും (compact), ഈടുറ്റതും, നല്ലപോലെ മിനുക്കാവുന്നതുമാണ്‌ ഇത്‌. എളുപ്പത്തില്‍ അറത്തുമുറിക്കാവുന്നതും കൊത്തുപണികള്‍ക്ക്‌ പറ്റിയതുമാണ്‌. മേല്‍ത്തരം എടുപ്പുകള്‍, സ്‌മാരകസൗധങ്ങള്‍, പ്രതിമാനിര്‍മാണം, തറ, ചുവരുകളുടെ പുറംപാളി എന്നിവയ്‌ക്ക്‌ ഉപയോഗിക്കുന്നു.

നൈസ്‌

നൈസ്‌

മൈഹാരാഷ്‌ട്ര, പ. ബംഗാള്‍, ബിഹാര്‍, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, ഗുജറാത്ത്‌, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നു. ഉയര്‍ന്ന ഘനത്വവും, കൂടിയ സമ്മര്‍ദന ഉറപ്പും ഉണ്ട്‌. ഇതിന്‌ ഗ്രാനൈറ്റിനോളം കാഠിന്യമോ, ഈടോ ഇല്ല. പല നിറങ്ങളില്‍ ലഭിക്കും. സ്ലാബുകളാക്കി, പൊളിച്ചെടുക്കാം. തറയില്‍ പാകുന്നതിനും, പരുക്കന്‍ കല്‍പ്പണിക്കും ഉപയോഗിക്കുന്നു.

കല്ല്‌ തിരഞ്ഞെടുക്കല്‍

ഓരോ പണിക്കും ഏതു തരം കല്ലാണ്‌ ഉപയോഗിക്കേണ്ടത്‌ എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നതിന്‌, താഴെപ്പറയുന്ന ഘടകങ്ങള്‍ കണക്കിലെടുക്കാം: (a)ലഭ്യത, (b) പണിചെയ്യാനുള്ള എളുപ്പം (c) പുറം കാഴ്‌ച (appearance), (d) ബലവും സുസ്ഥിരതയും (strength and stability), (e) മിനുക്കി എടുക്കാനുള്ള കഴിവ്‌ (polishing characteristics), ഈട്‌, സാമ്പത്തികാദായം (economy). കൂടാതെ ഖനിയില്‍ നിന്ന്‌ പണിസ്ഥലത്തേക്കുള്ള ദൂരം, കല്ലുകള്‍ പണിസ്ഥലത്തെത്തിക്കുന്നതിനുള്ള സൗകര്യം, വിദഗ്‌ധരായ തൊഴിലാളികളുടെ ലഭ്യത എന്നിവയും പരിഗണിക്കണം.

നിര്‍മാണത്തിനുപയോഗിക്കുന്ന കല്ലുകള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. ഭാരം താങ്ങാനുള്ള കഴിവ്‌. കല്‍പ്പണിക്കുപയോഗിക്കുന്ന കല്ലുകള്‍ക്ക്‌ ആവശ്യാനുസരണം സമ്മര്‍ദന ഉറപ്പും കുറുകെയുള്ള ഉറപ്പും ഉണ്ടായിരിക്കണം. നേരിട്ടുള്ളതും അക്ഷീയവുമായ മര്‍ദം താങ്ങാനുള്ള കഴിവിനെ സമ്മര്‍ദന ഉറപ്പ്‌ എന്നും വളയുന്നതിനെതിരായിട്ടുള്ള പ്രതിരോധശക്തിക്ക്‌ കുറുകെയുള്ള ഉറപ്പ്‌ എന്നും പറയുന്നു. ഇടതിങ്ങിയ തരികളോടു കൂടിയവയും ഘനത്വം കൂടിയവയും ആയ കല്ലുകളാണ്‌ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിവുള്ളവ. 2. ഈട്‌. ഇത്‌ രാസഘടനയെയും, ഭൗതിക ഘടനയെയും അപക്ഷയ ഗുണത്തെയും ആശ്രയിച്ചിരിക്കുന്നു. ഫെല്‍സ്‌പാര്‍, അഭ്രം എന്നിവയടങ്ങിയ കല്ലുകള്‍ക്ക്‌ ഈട്‌ കുറവാണ്‌. ചുണ്ണാമ്പുകല്ല്‌ അമ്ലങ്ങള്‍ കലര്‍ന്ന വായുമണ്ഡലത്തില്‍ അലിഞ്ഞുപോകുന്നവയാണ്‌. ക്രിസ്റ്റല്‍ ഘടനയുള്ള കല്ലുകള്‍ക്കാണ്‌ ഈട്‌ കൂടുതലായി കാണപ്പെടുന്നത്‌. ക്രിസ്റ്റലുകള്‍ ചെറുതാകുന്തോറും ഈടും ഉറപ്പും കൂടി വരുന്നു. 3. അപക്ഷയപ്രതിരോധം. മാറി മാറിയുള്ള ചൂടും തണുപ്പും ഈര്‍പ്പവും വരള്‍ച്ചയും പല കല്ലുകള്‍ക്കും അപക്ഷയം ഉണ്ടാക്കുന്നു. കൂടാതെ വെള്ളം, രാസവസ്‌തുക്കള്‍ എന്നിവയും അപക്ഷയത്തിന്‌ കാരണമാവാറുണ്ട്‌. തേയ്‌ക്കാത്ത ഭിത്തിയുടെയും മറ്റും പുറത്തേക്ക്‌ കാണുന്ന ഭാഗങ്ങളിലെ കല്ലുകള്‍ അപക്ഷയം ചെറുക്കുന്നവയായിരിക്കണം. 4. അഗ്നിപ്രതിരോധം. ചിലതരം കല്ലുകള്‍ ചൂടു തട്ടിയാല്‍ പൊട്ടിപ്പോകും. വെള്ളാരങ്കല്ലിന്റെ ക്രിസ്റ്റലുകള്‍ അധികമുള്ള കരിങ്കല്ല്‌ 6000ഇ എത്തുന്നതിന്‌ മുമ്പേ പൊട്ടിത്തെറിക്കും. ചുണ്ണാമ്പ്‌കല്ല്‌ 8000ഇല്‍ കാത്സ്യം ഓക്‌സൈഡും, കാര്‍ബണ്‍ ഡൈഓക്‌സൈഡും ആയി വിഘടിച്ചു പോവുന്നു. മണല്‍ക്കല്ലുകള്‍ക്ക്‌ അഗ്നിപ്രതിരോധശേഷി കൂടുതലുണ്ട്‌. 5. പുറംകാഴ്‌ച. കല്ലുകളുടെ പലതരത്തിലുള്ള പുറംകാഴ്‌ച അവയുടെ അലങ്കാരമൂല്യം വര്‍ധിപ്പിക്കുകയും അവയ്‌ക്ക്‌ വാസ്‌തുശില്‌പപരമായി മോടി നല്‍കുകയും ചെയ്യുന്നു. പ്രസാധന സൗകര്യം, നിറം, തരിഘടന എന്നിവ പുറം കാഴ്‌ചയെ ബാധിക്കുന്നു. 6. പ്രസാധന സൗകര്യം. ഇടതൂര്‍ന്ന തരികളുള്ള കല്ലുകള്‍ക്കാണ്‌ പ്രസാധന സൗകര്യം കൂടുതലുള്ളത്‌. 7. കുറഞ്ഞ അവശോഷണം. കല്ലുകള്‍ വളരെയധികം വെള്ളം വലിച്ചെടുത്താല്‍ ചേര്‍പ്പുകളിലെ ചാന്ത്‌ ഉറയ്‌ക്കാന്‍ പ്രയാസം നേരിടുകയും അവയുടെ ഈടും ഉറപ്പും കുറയുകയും ചെയ്യുന്നു. ഗ്രാനൈറ്റ്‌, ട്രാപ്പ്‌, കടപ്പക്കല്ല്‌ തുടങ്ങിയവക്ക്‌ അവശോഷണം കുറവാണ്‌. ചുണ്ണാമ്പ്‌കല്ല്‌, മണല്‍ക്കല്ല്‌, ചെങ്കല്ല്‌ തുടങ്ങിയവയ്‌ക്ക്‌ അവശോഷണം കൂടുതലാണ്‌.

കല്ലിന്റെ ഉത്‌ഖനനം

പാറകളില്‍ നിന്ന്‌ കല്ലുകള്‍ വേര്‍പെടുത്തി സംഭരിക്കുന്നതാണ്‌ ഉത്‌ഖനനം. മണ്ണിനു മേല്‍ കാണുന്ന ഭാഗമാണ്‌ ഉത്‌ഖനനത്തിന്‌ സൗകര്യപ്രദം. പാറ, മണ്ണിനടിയിലാണെങ്കില്‍ മേല്‍ മണ്ണ്‌ നീക്കം ചെയ്യണം. ചെറിയ ഖനികളില്‍ മനുഷ്യപ്രയത്‌നം കൊണ്ടും, വിസ്‌ഫോടനം (blasting) കൊണ്ടും പാറ പൊട്ടിക്കുന്നു. വിസ്‌ഫോടനം കൊണ്ട്‌ കുറെയേറെ കല്ലുകള്‍ നുറുങ്ങി ഉപയോഗശൂന്യമായിപ്പോകുന്നു. വലിയ കല്ലുകളാണ്‌ ആവശ്യമെങ്കില്‍ വിസ്‌ഫോടനം കഴിവതും ഒഴിവാക്കണം. ജീര്‍ണിച്ച മേലടുക്കുകള്‍ മാറ്റി ഉറപ്പുള്ള പാറ തെളിക്കുന്നതിന്‌ വിസ്‌ഫോടനം ഉപയോഗിക്കാം. ഓരോ തരം പാറയുടെയും സ്വഭാവമനുസരിച്ച്‌ ഖനനരീതി തിഞ്ഞെടുക്കണം. സ്‌തരിത (stratified) ഘടനയുള്ള മണല്‍ക്കല്ല്‌, ചുണ്ണാമ്പുകല്ല്‌ എന്നിവ അടുക്കുകളില്‍ കൂടി പ്രയാസം കൂടാതെ പൊളിച്ചെടുക്കാം. ഗ്രാനൈറ്റ്‌ പോലുള്ള കട്ടിയായ പാറകളെ ആവശ്യമായ തലങ്ങളില്‍ കൂടി വിള്ളലുകള്‍ ഉണ്ടാക്കി വേര്‍പെടുത്താം. അടുക്കുകളും വിള്ളലുകളും അടുത്തടുത്ത്‌ ഉണ്ടായിരിക്കുകമൂലം, ഭഞ്‌ജിതമായ പാറകളില്‍ നിന്ന്‌ അലവാങ്ക്‌ (crowbar) ഉപയോഗിച്ച്‌ കല്ലുകള്‍ ഇളക്കി എടുക്കാം. ഉത്‌ഖനനത്തിന്‌ ഉപയോഗിക്കുന്ന രീതികള്‍ താഴെ പറയുന്നവയാണ്‌.

കുഴിച്ചെടുക്കല്‍

അലവാങ്ക്‌ ഉപയോഗിച്ച്‌ കുഴിച്ചാണ്‌ പവിഴക്കല്ലുകള്‍ (coral stones) വേര്‍പെടുത്തി എടുക്കുന്നത്‌. ചെങ്കല്ല്‌ കുഴിച്ചെടുക്കുന്നു. പശ്‌ചിമ തീര പ്രദേശങ്ങളില്‍ പ്രത്യേകതരം മഴു ഉപയോഗിച്ച്‌ ഖനി (മട)കളില്‍ നിന്ന്‌ കല്ലുകള്‍ വെട്ടിയെടുക്കുന്നു.

പൊളിച്ചെടുക്കല്‍

കാഠിന്യവും കടുപ്പവുമുള്ള ഗ്രാനൈറ്റു പോലുള്ള പാറകളില്‍ നിന്നു ചതുരക്കട്ടകളായ വലിയ കല്ലുകള്‍ സംഭരിക്കുന്നതിന്‌ ഈ രീതി ഉപയോഗിക്കുന്നു. ചെത്തുകല്ലുകള്‍ (ashlar) നിര്‍മിക്കുന്നത്‌ വലിയ കട്ടക്കല്ലുകള്‍ ആകൃതിപ്പെടുത്തിയും മിനുസപ്പെടുത്തിയുമാണ്‌. പൊളിച്ചെടുക്കുന്നതിന്‌ രണ്ടു മാര്‍ഗങ്ങള്‍ ഉണ്ട്‌. പിളര്‍ന്നെടുക്കലും (wedging) ചൂടാക്കി പൊട്ടിക്കലും(heating).

പിളര്‍ന്നെടുക്കല്‍

പാറയുടെ ജീര്‍ണിച്ച മേലടുക്കുകള്‍ നീക്കി ഉറപ്പുള്ള പാറ അനാവരണം ചെയ്‌താല്‍ സ്വാഭാവികമായ വിള്ളലുകളോ, പൊട്ടലുകളോ കാണപ്പെടും. ഏകദേശം കുത്തനെയുള്ള ഒരു വിള്ളല്‍ തിരഞ്ഞെടുത്ത്‌ അതിന്റെ ഒരു വശത്തുള്ള പാറ പൊട്ടിച്ചു മാറ്റിയാല്‍ കുത്തനെയുള്ള പാറയുടെ ഒരു മുഖം (rock face) ലഭിക്കും. പാറയില്‍ സ്വാഭാവികമായ വിള്ളലുകള്‍ ഇല്ലെങ്കില്‍ ഉളി കൊണ്ട്‌ കൊത്തി ഒരു ചാല്‍ (trench) ഉണ്ടാക്കി കുത്തനെയുള്ള മുഖം നിര്‍മിക്കേണ്ടിവരും. പാറയുടെ മുഖത്തു നിന്ന്‌ വേണ്ടത്ര അകലത്തില്‍ അനേകം വിള്ളലുകള്‍ ഉള്ള പാറ ലഭിക്കുന്ന പക്ഷം, വിള്ളലുകളില്‍ ഉരുക്ക്‌ആപ്പുകള്‍ (wedges) അടിച്ചു താഴ്‌ത്തി അലവാങ്കു കൊണ്ടു കട്ടിക്കല്ലുകള്‍ അടര്‍ത്തി എടുക്കാം. ഇത്തരം സ്വാഭാവികമായ വിള്ളലുകള്‍ ഇല്ലെങ്കില്‍ അവ കൃത്രിമമായുണ്ടാക്കണം. ഇതിനായി കല്ലുളികൊണ്ട്‌ 812 സെ.മീ. താഴ്‌ചയിലും, 10 സെ.മീറ്ററോളം അകലത്തിലും ഒരു നിരയായി അനേകം കുഴികള്‍ ഉണ്ടാക്കി അവ ഓരോന്നിലും ഉരുക്ക്‌ആപ്പുകള്‍ ഇറക്കിവച്ച്‌ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓരോ ആപ്പും തുടര്‍ച്ചയായി അടിച്ചു താഴ്‌ത്തി കല്ലുകള്‍ പൊളിച്ചെടുക്കാം. ആപ്പിനു പകരം കുഴികളില്‍ കുറ്റിയും കനംകുറഞ്ഞ ആപ്പുകളും (plug and feathers) അടിച്ചു താഴ്‌ത്തിയും പാറ പൊളിച്ചെടുക്കാം. കോണാകൃതിയിലുള്ള ഒരു ഉരുക്ക്‌ആപ്പാണ്‌ കുറ്റി. ഒരു വശം സിലിന്‍ഡറാകൃതിയിലുള്ള കുഴിയില്‍ ചേര്‍ന്നിരിക്കത്തക്ക വിധത്തിലും ഉള്‍വശം പരന്നതുമായ വൃത്ത ഖണ്ഡ പരിച്ഛേദമുള്ള രണ്ടു കനം കുറഞ്ഞ ഉരുക്ക്‌ ആപ്പുകളാണ്‌ ചിത്രം 2 അല്‍ കാണിച്ചിരിക്കുന്നത്‌. ഓരോ കുഴിയിലും ഇത്തരം ഈരണ്ട്‌ കനം കുറഞ്ഞ ആപ്പുകള്‍ ഇറക്കിവച്ച്‌ അവയ്‌ക്കിടയില്‍ ഒരു കുറ്റി ഉറപ്പിച്ചു വച്ച്‌ ഇവ ഓരോന്നും അടിച്ചു താഴ്‌ത്തുന്നു.

ചൂടു പിടിപ്പിക്കല്‍

വലിയ ഉരുളന്‍ കല്ലുകളെ തീയിട്ടു ചൂടാക്കി പൊട്ടിച്ചെടുക്കാറുണ്ട്‌. അടുക്കടുക്കായുള്ള പാറയാണ്‌ ഇതിന്‌ അനുയോജ്യം. ചൂടു പിടിക്കുമ്പോള്‍ പാറയുടെ അസന്തുലിത വികാസം മൂലം വിള്ളലുകള്‍ ഉണ്ടാകും. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ചില സ്ഥലങ്ങളില്‍ ഈ രീതി പ്രയോഗത്തിലുണ്ട്‌.

വിസ്‌ഫോടനരീതി

പാറയില്‍ ആഴം കൂടിയ ദ്വാരങ്ങള്‍ കുഴിച്ച്‌ അവയില്‍ വിസ്‌ഫോടകപദാര്‍ഥങ്ങള്‍ (explosives)നിറച്ചു കത്തിച്ചാണ്‌ സ്‌ഫോടനം നടത്തുന്നത്‌. ജംപര്‍ കൊണ്ടോ, തമരും ചുറ്റികയും (boring bar and hammer)കൊണ്ടോ ആണ്‌ ചെറിയ ഖനികളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നത്‌. വലിയ ഖനികളിലും തുരങ്കങ്ങളിലും അമര്‍ദിതവായു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഡ്രില്ലിങ്‌ യന്ത്രം (jack hammer) ഉപയോഗിക്കുന്നു. വെടിമരുന്ന്‌, ഡൈനാമൈറ്റ്‌, ബ്ലാസ്റ്റിങ്‌ ജലാറ്റിന്‍ തുടങ്ങി പലതരം സ്‌ഫോടകപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു. വിസ്‌ഫോടനം മൂലം പാറയുടെ ഒരു ഭാഗം വലുതും ചെറുതുമായ കഷണങ്ങളായി വേര്‍പെടും. ഇവയെ വേണ്ടത്ര വലുപ്പത്തില്‍ ഉടച്ചെടുക്കുന്നു. ഈ രീതിയില്‍ ലഭിക്കുന്ന കല്ലുകളുടെ സ്വാഭാവിക അടുക്ക്‌ (bed) തിരിച്ചറിയാന്‍ പറ്റുകയില്ല. കുറെയേറെ കല്ലുകള്‍ ഛിന്നഭിന്നമായി നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട്‌ ഈ രീതി റബിള്‍ കോണ്‍ക്രീറ്റിനുള്ള സ്ഥൂലസമുച്ചയം തുടങ്ങിയവ ഉണ്ടാക്കാനും തുരങ്കം, അസ്‌തിവാരം ഇവ കുഴിക്കാനുമാണ്‌ കൂടുതല്‍ അനുയോജ്യം. വലിയ ഖനികള്‍ യന്ത്രസഹായത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ചാനലിങ്‌ മെഷീന്‍ ഉപയോഗിച്ചു പാറയില്‍ മൂന്നോ നാലോ മീ.വരെ ആഴത്തില്‍ നേരിയ ചാല്‍ കുത്തനെ ഉണ്ടാക്കുന്നു. അതിനുശേഷം പാറയുടെ സ്വാഭാവിക അടുക്കുകളില്‍ക്കൂടി കല്ലുകള്‍ വേര്‍പെടുത്തി എടുക്കാം. അടുക്കുകള്‍ ഇല്ലാത്ത പാറയില്‍ ചാലിന്റെ ഒരു വശത്തു വിലങ്ങനെ ദ്വാരങ്ങള്‍ ഉണ്ടാക്കി ആപ്പുപയോഗിച്ചു കല്ലുകള്‍ വേര്‍പെടുത്താം. ചുണ്ണാമ്പുകല്ല്‌, മാര്‍ബിള്‍, മണല്‍പ്പാറ എന്നിവയുടെ ഖനനത്തിന്‌ ഈ രീതി യോജിച്ചതാണ്‌. ചില സ്ഥലങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ കല്ലുകള്‍ ഖണ്ഡങ്ങളായും (flag stone) ഉരുളന്‍ കല്ലുകളായും (cobble stone) ലഭിക്കും. ഇവയും കല്‍പ്പണിക്ക്‌ ഉപയോഗിക്കാം.

രൂപപ്പെടുത്തല്‍

ചിത്രം 1. കല്ല്‌ രൂപപ്പെടുത്തല്‍ രേഖാചിത്രം. A. മുഖഭാഗത്തെ അരികുമാത്രം രൂപപ്പെടുത്തല്‍. A1. ഒരുവശത്തുനിന്നുള്ള കാഴ്‌ച. B. ചുറ്റികകൊണ്ടുള്ള രൂപപ്പെടുത്തല്‍. C. അരികുകൊത്തിയതും ശിലാമുഖമുള്ളതും. D. പരുക്കന്‍ ഉളിപ്രയോഗം ചെയ്‌തത്‌. E. കൊത്തി രൂപപ്പെടുത്തല്‍. F. അടുത്തടുത്തു കൊത്തി രൂപപ്പെടുത്തല്‍. G. മേല്‍ത്തരം ആയുധപ്പണി ചെയ്‌തത്‌

ഖനികളില്‍നിന്ന്‌ വേര്‍പെടുത്തിയെടുത്ത കല്ലുകള്‍ക്ക്‌ ക്രമരഹിതമായ മുഖങ്ങളും ആകൃതിയുമാണ്‌ ഉണ്ടായിരിക്കുക. അവ പരുക്കന്‍ കല്‍പ്പണി ഒഴികെ മറ്റു പണികള്‍ക്ക്‌ പറ്റിയതല്ല. വലിയ കല്ലുകളെ ചെറുതാക്കി മുറിക്കുന്നു. കല്ലുകളെ മൂലക്കല്ല്‌ (quion), ബന്ധനക്കല്ല്‌ (bone stone), കട്ടക്കല്ല്‌ (cubic block) എന്നിങ്ങനെ തരംതിരിക്കുന്നു. മേല്‍ത്തരം കല്‍പ്പണികള്‍ക്ക്‌, ഇവയെ ആവശ്യമായ വലുപ്പത്തില്‍ മുറിച്ച്‌, ആകൃതിപ്പെടുത്തുകയും ആവശ്യമായത്ര മിനുസപ്പെടുത്തുകയും വേണം. ഇതാണ്‌ രൂപപ്പെടുത്തല്‍. വിവിധതരം രൂപപ്പെടുത്തലുകള്‍ താഴെ പറയുന്നവയാണ്‌: 1. മുഖഭാഗത്തെ അരികുകള്‍ മാത്രം രൂപപ്പെടുത്തല്‍ (pitched face); 2. ചുറ്റികകൊണ്ട്‌ രൂപപ്പെടുത്തല്‍ (hammer dressing); 3. അരികു കൊത്തിയും ശിലാമുഖമുള്ളതാക്കിയും രൂപപ്പെടുത്തല്‍ (rock faced and chisel drafting); 4. പരുക്കന്‍ ഉളിപ്രയോഗം കൊണ്ടു രൂപപ്പെടുത്തല്‍ (rough tooling); 5. കൊത്തി രൂപപ്പെടുത്തല്‍ (punched dressing); 6. അടുത്തടുത്തു കൊത്തിരൂപപ്പെടുത്തല്‍ (close picked dressing); 7. മേല്‍ത്തരം ആയുധപ്പണി കൊണ്ടു രൂപപ്പെടുത്തല്‍ (fine tooling; 8. ചീകി രൂപപ്പെടുത്തല്‍ (dragging or combing); 9. ഉരച്ചു രൂപപ്പെടുത്തല്‍ (rubbed finish); 10. പോളിഷ്‌ ചെയ്‌തു രൂപപ്പെടുത്തല്‍; 11. യന്ത്രപ്രയോഗം കൊണ്ടു രൂപപ്പെടുത്തല്‍.

മുഖഭാഗത്തെ അരികുമാത്രം രൂപപ്പെടുത്തല്‍

ഇതില്‍ കല്ലിന്റെ വക്കുകള്‍ മാത്രം ഒരേ നിരപ്പിലും ഒരേ സമതലത്തിലും ആകത്തക്കവിധം രൂപപ്പെടുത്തുന്നു. കല്ലിന്റെ മുഖത്ത്‌ ഉന്തിനില്‌ക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യുന്നില്ല. മുഖഭാഗത്തെ അരികുകള്‍ 2.5 സെ.മീ.ല്‍ കുറയാത്ത വീതിയില്‍ പിച്ചിങ്‌ ഉളി (pitching tool)കൊണ്ട്‌ കൊത്തി നിരപ്പാക്കിയിരിക്കും (ചിത്രം 1 A).

ചുറ്റിക കൊണ്ടു രൂപപ്പെടുത്തല്‍

ഇത്തരം കല്ലുകള്‍ക്ക്‌ മൂര്‍ച്ചയുള്ളതും ക്രമരഹിതവുമായ മൂലകള്‍ ഉണ്ടായിരിക്കുകയില്ല. ഇവയുടെ മുഖം താരതമ്യേന നിരപ്പുള്ളതാകയാല്‍ അവ കല്‍പ്പണിയില്‍ ഇണങ്ങിച്ചേര്‍ന്നിരിക്കും. മുഖഭാഗത്തെ നാലരുകിലും 2.5 സെ.മീ.ല്‍ കുറയാത്ത വീതിയില്‍ പരുക്കന്‍ ഉളിപ്രയോഗം (rough tooling) നടത്തുന്നു (ചിത്രം 1 B).

അരികു കൊത്തിയതും ശിലാമുഖമുള്ളതും ആയ രൂപപ്പെടുത്തല്‍

ഇത്തരത്തില്‍ രൂപപ്പെടുത്തിയ കല്ലിന്റെ മുഖഭാഗത്ത്‌ നാലരുകിലും 2.5 സെ.മീ.ല്‍ കുറയാത്ത വീതിയില്‍ ഉളികൊണ്ട്‌ മാര്‍ജിന്‍ കൊത്തിയിരിക്കും. ഈ നാലു വക്കുകളും ഒരേ തലത്തിലായിരിക്കും. കല്ലിന്റെ മുഖഭാഗത്ത്‌ പുറത്തേക്ക്‌ ഉന്തി നില്‌ക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്‌തിരിക്കും. ഇവ എടുപ്പുകളോടെ മൂലക്കല്ലുകളായും അടിത്തറയുടെ പണിക്കായും ഉപയോഗിക്കുന്നു (ചിത്രം 1 C).

പരുക്കന്‍ ഉളിപ്രയോഗം കൊണ്ടു രൂപപ്പെടുത്തല്‍

ചിത്രം 2. കല്ല്‌ മുറിക്കാനും രൂപപ്പെടുത്താനുമുള്ള ആയുധങ്ങള്‍. A. കുറ്റിയും കനംകുറഞ്ഞ ആപ്പുകളും. 1. കുറ്റി 2. കനംകുറഞ്ഞ ആപ്പ്‌. 3. കുഴി. B. കൂടം. C. കരണ്ടി. D. ചുറ്റിക. E. ജംപര്‍. F. ക്ലബ്‌ ഹാമര്‍. G. മാഷ്‌ ഹാമര്‍. H. കൊട്ടുവടി. I. കൊട്ടുവടി (മരം) . J. പിച്ചിങ്‌ ഉളി. K. മുനയുള്ള ഉളി. L. ഉളി. M. വീതിയുള്ള ഉളി. N. പല്ലുളി.

ചുറ്റികകൊണ്ട്‌ രൂപപ്പെടുത്തിയ കല്ലിനെ പരന്ന ഉളികൊണ്ട്‌ വീണ്ടും കൊത്തി രൂപപ്പെടുത്തുന്നു. ഇത്തരം കല്ലിന്റെ മുഖഭാഗത്ത്‌, 45 സെ.മീ. വീതിയുള്ള ബാന്‍ഡുകളായി സമാന്തരമായ ഉളി അടയാളങ്ങള്‍ വിലങ്ങനെയോ, കുത്തനെയോ, 450 ചരിവിലോ ആകാം. വക്കുകളും മൂലകളും മട്ടമായി പണിതീര്‍ക്കുന്നു. ഇപ്രകാരം രൂപപ്പെടുത്തിയ കല്ലിന്റെ മുഖഭാഗത്തു ചെറിയ കുഴികള്‍ ഉണ്ടായേക്കാം. കല്ലിന്റെ മുഖത്ത്‌ ഒരു മട്ടക്കോണ്‍ (straight edge) പിടിച്ചാല്‍ അതിന്റെ നേര്‍ അരികില്‍ നിന്ന്‌ കല്ലിന്റെ മുഖത്തേക്കുള്ള വിടവ്‌ 3 മി.മീ.ല്‍ കൂടരുത്‌. ചെലവ്‌ കുറഞ്ഞതും എന്നാല്‍ ക്രമമായ ആകൃതിയുള്ളതും നിരപ്പായ മുഖമുള്ളതുമായ കല്‍പ്പണിക്ക്‌ ഇത്തരം കല്ലുകള്‍ ഉപയോഗിക്കും. ഇപ്രകാരം കല്ലു തയ്യാറാക്കുന്നതിനെ ഒറ്റവരി രൂപപ്പെടുത്തല്‍ (one line dressing) എന്നു പറയുന്നു (ചിത്രം 1 D).

കൊത്തി രൂപപ്പെടുത്തല്‍

പരുക്കന്‍ ഉളിപ്രയോഗം നടത്തിയ കല്ലുകളെ വീണ്ടും മുനയുള്ള ഉളി (point chisel)കൊണ്ട്‌ കൊത്തി രൂപപ്പെടുത്തുന്നു. കല്ലിന്റെ മുഖഭാഗത്ത്‌ മുഴുവന്‍ സമാന്തരമായ വരമ്പുകള്‍ പോലെ ഉളി അടയാളങ്ങള്‍ കാണാം. മുഖഭാഗത്ത്‌ മട്ടക്കോല്‍ പിടിച്ചാല്‍ അതിന്റെ നേര്‍ അരികില്‍ നിന്ന്‌ കല്ലിന്റെ മുഖത്തേക്കുള്ള വിടവ്‌ 2 മി.മീ.ല്‍ കൂടാന്‍ പാടില്ല. കല്ലുകള്‍ക്ക്‌ സമനിരപ്പുള്ള ഉപരിതലം ലഭിക്കുവാന്‍ ഇപ്രകാരം രൂപപ്പെടുത്തുന്നു. ഇതിനെ രണ്ടുവരി രൂപപ്പെടുത്തല്‍ (two line dressing) എന്നു വിളിക്കുന്നു (ചിത്രം 1 E).

അടുത്തടുത്തു കൊത്തി രൂപപ്പെടുത്തല്‍

കൊത്തി രൂപപ്പെടുത്തിയ കല്ല്‌ വീണ്ടും കൊത്തി മുഖഭാഗം കൂടുതല്‍ മിനുസമാക്കുന്നു. തീരെ ചെറിയ ഉളി അടയാളങ്ങള്‍ മാത്രമേ ശേഷിക്കുകയുള്ളു. കല്ലിന്റെ മുഖഭാഗത്തു പിടിക്കുന്ന മട്ടക്കോലില്‍ നിന്ന്‌ ഉപരിതലത്തിലേക്ക്‌ 1 മി.മീ.ല്‍ കൂടുതല്‍ വിടവുണ്ടാകരുത്‌. ഇപ്രകാരം പൂര്‍ത്തിയാക്കുന്നതിനെ മൂന്നുവരി രൂപപ്പെടുത്തല്‍ (three line dressing)എന്നു പറയുന്നു (ചിത്രം 1 F).

മേല്‍ത്തരം ആയുധപ്പണികൊണ്ടു രൂപപ്പെടുത്തല്‍

ഇതില്‍ അടുത്തടുത്ത്‌ കൊത്തി രൂപപ്പെടുത്തിയ കല്ലിന്റെ മുഖഭാഗത്തുനിന്ന്‌ എല്ലാ മുഴകളും ഉളിപ്രയോഗത്താല്‍ നീക്കി ഏകദേശം മിനുസമാക്കുന്നു. ഉപരിതലത്തില്‍ സെ.മീ.ന്‌ മൂന്നോ നാലോ വരികള്‍ വീതം ഉണ്ടാകും. അടിവശത്തെയും മുകള്‍ വശത്തെയും വശങ്ങളിലെയും ചേര്‍പ്പുകള്‍ പരുക്കന്‍ ഉളി പ്രയോഗത്താല്‍ രൂപപ്പെടുത്തിയിരിക്കും. ചെത്തുകല്ലുകള്‍ (ashler) ഇപ്രകാരം ലഭിക്കുന്നു (ചിത്രം 1 G).

ചീകി രൂപപ്പെടുത്തല്‍

അറക്കവാള്‍ പോലെ പല്ലുകള്‍ ഉള്ള സ്റ്റീല്‍ തകിടുകള്‍ (ഡ്രാഗ്‌) കൊണ്ട്‌ കല്ലിന്റെ മുഖഭാഗം ചീകി മിനുക്കുന്നു. ഒരു സെ.മീ. നീളത്തിലുള്ള പല്ലുകളുടെ എണ്ണമനുസരിച്ച്‌ ഡ്രാഗുകള്‍ പരുക്കന്‍, ഇടത്തരം, നേര്‍മ എന്നിങ്ങനെ മൂന്നു തരമുണ്ട്‌. ഡ്രാഗുകൊണ്ട്‌ എല്ലാ ദിശയിലും ചീകി മുഖഭാഗത്തെ എല്ലാ ഉളി അടയാളങ്ങളും നീക്കുന്ന ഈ രീതി മൃദുവായ കല്ലുകള്‍ക്കാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌.

ഉരച്ചു രൂപപ്പെടുത്തല്‍

മേല്‍ത്തരം ആയുധപ്പണി ചെയ്‌ത കല്ലുകള്‍ കൂടുതല്‍ മിനുസമുള്ളതാക്കുന്നതിന്‌ സ്റ്റീല്‍ ഉണ്ടകള്‍ (steel shots), മണല്‍, കാര്‍ബോറണ്ടം പൊടി എന്നിവ വെള്ളം ചേര്‍ത്ത്‌ ഉരയ്‌ക്കുന്നു. കൈകൊണ്ടു ചെയ്യുമ്പോള്‍ ഒരു കല്ല്‌ മറ്റൊന്നിനു മേല്‍ ഉരയ്‌ക്കുന്നു. യന്ത്രസഹായത്താല്‍ ഉരയ്‌ക്കുമ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഇരുമ്പുതട്ടിന്മേല്‍ വച്ച്‌ കല്ല്‌ നീങ്ങാതെ ഉറപ്പിച്ചു പിടിക്കുന്നു. കല്ലിന്റെ ഭാഗം മാത്രമാണ്‌ അതിന്മേലുള്ള മര്‍ദം. മണലും വെള്ളവും ചേര്‍ത്താണ്‌ ഉരയ്‌ക്കുന്നത്‌.

പോളിഷ്‌ ചെയ്‌തു രൂപപ്പെടുത്തല്‍

ചിത്രം 3. കല്‍പ്പണിക്കാരന്റെ ആയുധുങ്ങള്‍. A. മട്ടം. B. സ്‌പിരിറ്റ്‌ ലവല്‍ C. ചെരിവുമട്ടം. D. വട്ടവാള്‍. E. തൂക്കുകട്ട. F. കുറ്റികളും നൂലും. G. ഫ്രാം സോ

മാര്‍ബിള്‍, ഗ്രാനൈറ്റ്‌ മുതലായ കല്ലുകള്‍ പോളിഷ്‌ ചെയ്‌ത്‌ അലങ്കാരപ്പണികള്‍ക്ക്‌ ഉപയോഗിക്കാറുണ്ട്‌. അപകര്‍ഷകങ്ങള്‍ ഉപയോഗിച്ച്‌ മുകളില്‍ പറഞ്ഞപോലെ കല്ലിന്റെ ഉപരിതലം ഉരച്ചു മിനുക്കുന്നു. അതിനുശേഷം പുട്ടിപൗഡര്‍ ഉപയോഗിച്ച്‌, റബ്ബറോ ഫെല്‍ട്ടോ കൊണ്ട്‌ മിനുക്കുന്നു. കല്‍പ്പണിക്കുള്ളവയ്‌ക്കു പുറമേ പുറം പാളികള്‍ക്കും തറയില്‍ വിരിക്കുന്നതിനും മറ്റു പല ആവശ്യങ്ങള്‍ക്കുമായി കല്ലുകള്‍ രൂപപ്പെടുത്താറുണ്ട്‌.

യന്ത്രപ്രയോഗം കൊണ്ടു രൂപപ്പെടുത്തല്‍

ഖനനം ചെയ്‌തെടുത്ത കല്ലുകളെ വേണ്ടത്ര വലുപ്പത്തില്‍ മുറിച്ച്‌ രൂപപ്പെടുത്തുന്നതിന്‌ പലതരം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. ഫ്രം സോ, ഡയമന്‍ഡ്‌ സോ തുടങ്ങിയവ കല്ലുകളെ വിവിധ ആകൃതിയിലും വലുപ്പത്തിലും മുറിക്കുവാന്‍ ഉപയോഗിക്കുന്നു. പ്ലേനിങ്‌ മെഷീന്‍, മോള്‍ഡിങ്‌ മെഷീന്‍ എന്നിവ കോര്‍ണിസുകള്‍, മോള്‍ഡിങ്ങുകള്‍, അരഞ്ഞാണുകള്‍ (strings) തുടങ്ങിയവ നിര്‍മിക്കുവാനും; കടച്ചില്‍ ലേത്തുകള്‍ (turning lathes)-, തൂണുകള്‍, അവയുടെ പാദം, മേല്‍ഭാഗം തുടങ്ങിയവ കടഞ്ഞെടുക്കുവാനും ഉപയോഗിക്കുന്നു. അവ മര്‍ദിതവായുകൊണ്ട്‌ പ്രവര്‍ത്തിക്കുന്നു. പോളിഷ്‌ ചെയ്യാനും മുറിക്കാനും ആകൃതിപ്പെടുത്താനും കൊത്തുപണിക്കും ഉള്ള യന്ത്രങ്ങള്‍ ഇന്നു ലഭ്യമാണ്‌.

കല്ലുകള്‍ മുറിക്കാനും രൂപപ്പെടുത്താനുമുള്ള ആയുധങ്ങള്‍

(a) കുറ്റിയും കനം കുറഞ്ഞ ആപ്പുകളും (plug and feathers), (b) കൂടം, (c) കരണ്ടി, (d) ചുറ്റികഇവ പലതരമുണ്ട്‌, (e) ജംപര്‍പാറയില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍, (f) ക്ലബ്‌ ഹാമര്‍, (g)മാഷ്‌ഹാമര്‍, (h) കൊട്ടുവടി, (i) മരം കൊണ്ടുള്ള കൊട്ടുവടി, (j)പിച്ചിങ്‌ ഉളി (pitching tool), (k) മുനയുള്ള ഉളി (point chisel), (l) ഉളി (chisel), (m) വീതിയുള്ള ഉളി (bolster), (n) പല്ലുളി (toothed chisel).

കല്‍പ്പണി ഉപകരണങ്ങള്‍

കല്‍പ്പണിക്കുള്ള പ്രധാന ഉപകരണങ്ങള്‍ ചിത്രം 3ല്‍ കാണിച്ചിരിക്കുന്നു. അവ താഴെപ്പറയുന്നവയാണ്‌: (a)മട്ടം (square)സ്റ്റീല്‍ തകിടുകൊണ്ടുണ്ടാക്കിയത്‌.മട്ടക്കോണ്‍ നിര്‍മിക്കാന്‍. (b) സ്‌പിരിറ്റ്‌ ലെവല്‍തലങ്ങളുടെ നിരപ്പ്‌ നോക്കാന്‍.(c) ചെരിവ്‌ മട്ടം (bevel square) മട്ടക്കോണല്ലാതെ കോണുകള്‍ നിര്‍മിക്കാന്‍.(d) വട്ടവാള്‍ (cross cut saw)കല്ല്‌ അറുത്തു മുറിക്കാന്‍. (e) തൂക്കുകട്ട (plumb rule and bob)ചുവരുകളുടെ ഊര്‍ധ്വാധരത്വം (verticality) പരിശോധിക്കാന്‍. (f) കുറ്റികളും നൂലും (line and pins)കല്‍പ്പണിയില്‍ കല്ലുകളുടെ വരി നേരെയാക്കാന്‍.

കല്ലുകള്‍ യഥാസ്ഥാനത്ത്‌ വയ്‌ക്കല്‍

രൂപപ്പെടുത്തിയ കല്ലുകളെ യഥാസ്ഥാനത്ത്‌ ഉറപ്പിക്കണം. ഡെറിക്കുകളും ഗാന്‍ട്രികളും ഉപയോഗിച്ചാണ്‌ ഭാരമേറിയ വലിയ കല്ലുകള്‍ ഉയര്‍ത്തുന്നതും സ്ഥാപിക്കുന്നതും. രൂപപ്പെടുത്തുന്നതിനു മുമ്പ്‌ വലിയ കല്ലുകളെ ചങ്ങലകൊണ്ട്‌ ചുറ്റി അതില്‍ ഉയര്‍ത്താനുള്ള കൊളുത്തു പിടിപ്പിക്കാം. എന്നാല്‍ പണി തീര്‍ന്ന കല്ലുകള്‍ പലകകളോ ചാക്കോ കൊണ്ട്‌ പൊതിഞ്ഞ്‌ അതിനു പുറമേ ചങ്ങല ചുറ്റി ഉയര്‍ത്താം. പണിതീര്‍ന്ന വലിയ കല്ലുകള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ചില പ്രത്യേക ഉപകരണങ്ങള്‍ ചിത്രം 4ല്‍ കാണിച്ചിരിക്കുന്നു. ചിത്രം 4 അയില്‍ മൂന്നു ഭാഗങ്ങളായുള്ള ലെവിസ്‌ കാണിച്ചിരിക്കുന്നു. 4 ആയില്‍ കാണിച്ചിരിക്കുന്നത്‌ ആദ്യത്തേതില്‍ നിന്ന്‌ മെച്ചമായ തരം ലെവിസ്‌ ആണ്‌. 4 ഇയില്‍ കാണിച്ചിരിക്കുന്ന തരം ലെവിസ്‌ കല്ലുകളെ വെള്ളത്തിനടിയില്‍ യഥാസ്ഥാനത്തു സ്ഥാപിക്കുന്നതിനുള്ളതാണ്‌. ആണികള്‍ ഉപയോഗിച്ചുള്ള ലളിതമായ ഒരുതരം ലെവിസ്‌ ആണ്‌ ചിത്രം 4 ഉയില്‍ കൊടുത്തിരിക്കുന്നത്‌. കൊടില്‍ പോലെ അമര്‍ത്തിപ്പിടിക്കുന്ന തരം ഉപകരണമാണ്‌ ചിത്രം 4 ഋയില്‍ കാണിച്ചിരിക്കുന്നത്‌.

കല്‍പ്പണിയുടെ ഉറപ്പ്‌

കല്‍പ്പണിയുടെ ഉറപ്പ്‌ പ്രധാനമായി താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: (i) കല്ലിന്റെ ഉറപ്പ്‌; (ii) കുമ്മായക്കൂട്ടിന്റെ ബലം; (iii) ശില്‌പവൈദഗ്‌ധ്യം (workmanship).

നിര്‍മാണ പദാര്‍ഥങ്ങള്‍

കല്‍പ്പണിക്കുപയോഗിക്കുന്ന നിര്‍മാണപദാര്‍ഥങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

കല്ല്‌

ചിത്രം 4. കല്ലുകള്‍ ഉയര്‍ത്താനുള്ള ഉപകരണങ്ങള്‍

കല്‍പ്പണി താങ്ങേണ്ട ഭാരം വഹിക്കത്തക്ക ഉറപ്പ്‌ കല്ലുകള്‍ക്കുണ്ടായിരിക്കണം. കല്ലുകള്‍ക്ക്‌ വിടവുകള്‍ (cavities), പൊട്ടലുകള്‍, മണല്‍ അടങ്ങിയ ദ്വാരങ്ങള്‍ (sand holes); മൃദുവായതോ ഇളകിയതോ ആയ ഭാഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കരുത്‌. കല്ലിന്റെ ഈട്‌ പരിശോധിക്കുന്നതിന്‌ അത്തരം കല്ലുകൊണ്ടു നിര്‍മിച്ച അന്‍പതിലേറെ കൊല്ലം പഴക്കമുള്ള കെട്ടിടങ്ങളിലെ കല്ലുകള്‍ പരിശോധിച്ചാല്‍ മതി. പണിക്കുള്ള കല്ലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോഗസ്ഥാനത്തെ ചുറ്റുപാടുകള്‍ പരിഗണിക്കേണ്ടതാണ്‌. ഓരോ തരം ജോലിക്കും സ്വീകാര്യമായ ഇനം കല്ല്‌ ഏതാണെന്ന്‌ താഴെ കാണിച്ചിരിക്കുന്നു.

കുമ്മായക്കൂട്ട്‌

കല്‍പ്പണിക്ക്‌ ഉപയോഗിക്കാനുള്ള ചാന്ത്‌ സിമെന്റ്‌മണല്‍; സിമെന്റ്‌കുമ്മായംമണല്‍; കുമ്മായംമണല്‍ എന്നീ മിശ്രിതങ്ങള്‍ കൊണ്ട്‌ ഉണ്ടാക്കാം. പണിയില്‍ ഉപയോഗിക്കേണ്ട ചാന്ത്‌ തിരഞ്ഞെടുക്കുന്നത്‌ കല്ല്‌, കല്‍പ്പണി സ്ഥിതി ചെയ്യുന്ന പ്രദേശത്തെപ്പറ്റിയുള്ള അനുഭവജ്ഞാനം, കാലാവസ്ഥയുടെ പ്രത്യേകതകള്‍ എന്നിവയെ ആസ്‌പദമാക്കിയായിരിക്കണം. കല്‍പ്പണിയില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം.

കല്‍പ്പണിയിലെ ചേര്‍പ്പുകള്‍

കല്‍പ്പണിയില്‍ കല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഉറപ്പിച്ചു നിര്‍ത്തുന്നതിനും ഉപയോഗിക്കുന്ന ചില സന്ധികള്‍ ചിത്രം 5ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 5. (a). ക്രാമ്പ്‌, ജോഗിള്‍. A. ലോഹക്രാമ്പ്‌. B. ജോഗിള്‍ സന്ധി. C. ജോഗിള്‍. D. കോപ്പിങ്‌. E. കോര്‍ണിസ്‌. (b) ഡവല്‍.

ക്രാമ്പ്‌ (Cramp). ലോഹക്കഷണമോ, കാഠിന്യം കൂടിയ കല്‍ക്കഷണമോ ആണ്‌ ക്രാമ്പ്‌. യോജിപ്പിക്കാനുള്ള കല്ലുകളില്‍ ക്രാമ്പ്‌ ഇറങ്ങിയിരിക്കത്തക്ക കുഴികള്‍ ഉണ്ടാക്കുന്നു.

ലോഹക്രാമ്പുകളുടെ രണ്ടഗ്രവും ഒരേ വശത്തേക്ക്‌ മടക്കിയിരിക്കും. കല്ലുകൊണ്ടുള്ളവ "പ്രാവിന്‍വാല്‍'(dove tail) രൂപത്തിലായിരിക്കും (ചിത്രം 5 (a)).

ജോഗിള്‍ (Joggle). യോജിപ്പിക്കേണ്ട കല്ലുകളില്‍ ഒന്നിന്റെ ചേര്‍പ്പില്‍ പൊഴിയും, മറ്റേക്കല്ലിന്റെ ചേര്‍പ്പില്‍ ഇതിന്‌ അനുയോജ്യമായി ഉന്തി നില്‌ക്കുന്ന ഭാഗ(key)വും ഉണ്ടാക്കുന്നു (ചിത്രം 5 (a)).

ഡവല്‍ (Dowel). നീളം കുറഞ്ഞ ലോഹക്കഷണങ്ങളോ, കല്ലിന്‍തുണ്ടുകളോ, ചരല്‍ക്കല്ലുകളോ ആണ്‌ ഡവലുകള്‍. ഇത്‌ ഇറങ്ങിയിരിക്കത്തക്ക കുഴികള്‍ യോജിപ്പിക്കേണ്ട കല്ലുകളുടെ ആധാരസന്ധികളിലും ഓരസന്ധികളിലും ഉണ്ടാക്കുന്നു. ഡവലുകള്‍ കുമ്മായക്കൂട്ടിന്റെ സഹായത്താല്‍ ഈ കുഴികളില്‍ ഉറപ്പിക്കുന്നു (ചിത്രം 5 (b)).

കല്‍പ്പണിയുടെ വിവിധ തരങ്ങള്‍

കുമ്മായമില്ലാത്ത കല്‍പ്പണി

ഖനനം ചെയ്‌തെടുത്ത കല്ലുകളെ രൂപപ്പെടുത്തല്‍ കൂടാതെയും, കുമ്മായക്കൂട്ട്‌ ഇല്ലാതെയും ഉപയോഗിക്കുന്നു. ഇതില്‍ കല്ലുകള്‍ തമ്മിലുള്ള ചേര്‍പ്പിന്‌ വീതി കുറഞ്ഞിരിക്കാനും, അവയുടെ വിടവുകള്‍ കഴിവതും ചെറുതായിരിക്കാനും ശ്രദ്ധിക്കണം. വലിയ കല്ലുകള്‍ക്കിടയിലെ വിടവുകള്‍ കല്‍ക്കഷണങ്ങള്‍ തിരുകി നിറയ്‌ക്കണം.

ചെത്തു കല്‍പ്പണി

ചെത്തുകല്‍പ്പണിയില്‍ ചതുരാകൃതിയിലുള്ള വലിയ കട്ടിക്കല്ലുകള്‍ എല്ലാ വശങ്ങളിലും കൃത്യമായി ചെത്തിമിനുക്കി ഉപയോഗിക്കുന്നു. എല്ലാ നിരകള്‍ക്കും ഒരേ ഉയരമുണ്ടായിരിക്കും. ഉയരം 30 സെ.മീ.ല്‍ കുറയുകയില്ല. കല്ലിന്റെ ഉപരിതലങ്ങള്‍ കൃത്യമായി ഒരേ നിരപ്പിലായതിനാല്‍ ഇത്തരം പണിയില്‍ ചേര്‍പ്പുകള്‍ നേരിയവയും ഒരേ തരത്തിലുള്ളവയും ആയിരിക്കും.

നേര്‍മയായ ചെത്തുകല്‍പ്പണി

ഇതില്‍ ഒരേ ഉയരമുള്ള, നന്നായി ചെത്തിയ കല്ലുകള്‍ ഉപയോഗിക്കുന്നു. ആധാരസന്ധികളും ഓരസന്ധികളും നന്നായി ചെത്തി രൂപപ്പെടുത്തണം. സന്ധികളുടെ കനം 1.5 മി.മീ.ല്‍ കൂടുകയില്ല. (ചിത്രം 6A).

പരുക്കന്‍ ചെത്തുകല്‍പ്പണി

ചിത്രം 6. ചെത്തുകല്‍പ്പണിയുടെ വിവിധ തരങ്ങള്‍. A. നേര്‍മയായ ചെത്തു കല്‍പ്പണി. B. പരുക്കന്‍. C. ഖനിമുഖച്ചെത്തു കല്‍പ്പണി. D. ഓരം ചെത്തിയത്‌. E. മോള്‍ഡ്‌ ചെയ്‌തത്‌. F. മുറിത്തുണ്ട്‌ കല്‍പ്പണി.

കല്ലുകളുടെ ആധാരസന്ധികളും ഓരസന്ധികളും പരുക്കന്‍ ഉളിപ്പണി ചെയ്‌തതായിരിക്കും. പുറം കാഴ്‌ചയ്‌ക്കുള്ള വശങ്ങളുടെ വക്കുകളില്‍ മേല്‍ത്തരം ഉളിപ്പണി ചെയ്‌തതും 2.5 സെ.മീ. വീതിയുള്ളതുമായ മാര്‍ജിന്‍ ഉണ്ടായിരിക്കും. സന്ധികള്‍ പരുക്കനായി രൂപപ്പെടുത്തിയതിനാല്‍ സന്ധികള്‍ക്ക്‌ കൂടുതല്‍ കനമുണ്ടായിരിക്കും. (6 മി.മീ.) (ചിത്രം 6 B).

ഖനിമുഖ ചെത്തു കല്‍പ്പണി

ഇതില്‍ പുറംകാഴ്‌ചയുള്ള വശങ്ങളുടെ മാര്‍ജിനുകള്‍ക്കിടയിലുള്ള ഭാഗം കല്ലു ഖനനം ചെയ്‌തെടുത്ത അവസ്ഥയില്‍ തന്നെയിരിക്കും. മുഴച്ചിരിക്കുന്ന ഭാഗങ്ങള്‍ മാര്‍ജിനുകളുടെ തലത്തില്‍ നിന്നും 7 സെ.മീ.ല്‍ കൂടുതല്‍ ഉന്തി നില്‌ക്കുകയില്ല. മറ്റെല്ലാ കാര്യങ്ങളിലും പരുക്കന്‍ ചെത്തു കല്‍പ്പണി പോലെ തന്നെ. (ചിത്രം 6 C).

ഓരം ചെത്തിയ ചെത്തു കല്‍പ്പണി

ഇതില്‍ പുറം കാഴ്‌ചയിലുള്ള വക്കുകള്‍ ഏകദേശം 2.5 സെ.മീ. താഴ്‌ചയിലും 450ല്‍ ചെത്തി ചേര്‍ത്തതുമാണ്‌. മറ്റു സവിശേഷതകള്‍ ഖനിമുഖ ചെത്തുകല്‍പ്പണി പോലെ തന്നെ. (ചിത്രം6 D).

മോള്‍ഡ്‌ ചെയ്‌ത ചെത്തു കല്‍പ്പണി

ഇതില്‍ കല്ലുകള്‍ നേര്‍മയായ ചെത്തുകല്‍പ്പണിയിലേതുപോലെ രൂപപ്പെടുത്തുന്നു. മുന്‍കാഴ്‌ചയ്‌ക്കുള്ള ഭാഗം ചെത്തിയതോ, പൊഴിയിട്ടതോ (grooved), കിഴിച്ചതോ (rebated), ആവശ്യമായ മറ്റു രീതിയില്‍ പണി തീര്‍ത്തതോ ആയിരിക്കും. ഇത്തരം കല്‍പ്പണിയില്‍ കല്ലിന്റെ മുഖഭാഗത്തിന്‌ കൂടുതല്‍ പൂര്‍ണത ലഭിക്കുന്നു. (ചിത്രം 6 E).

മുറിത്തുണ്ട്‌ കല്‍പ്പണി

ഇതില്‍ ചുറ്റികകൊണ്ട്‌ രൂപപ്പെടുത്തിയതോ, ചെത്തി രൂപപ്പെടുത്തിയതോ ആയ കല്ലുകള്‍ ക്രമമായി പടവു ചെയ്യുന്നു. നിരകള്‍ക്ക്‌ ഉയരം ചെത്തുകല്‍പ്പണിയുടേതിനെക്കാള്‍ കുറവാണ്‌ (20-25 സെ.മീ.). മറ്റു നിബന്ധനകള്‍, പരുക്കന്‍ ചെത്തുകല്‍പ്പണിയിലേപ്പോലെ തന്നെ. ഇത്‌ നിരകളിലുള്ള പരുക്കന്‍ കല്‍പ്പണി(crossed rubble work)യെക്കാള്‍ മെച്ചമായതാണ്‌. (ചിത്രം 6 F).

ചെത്തു കല്‍പ്പുറം പാളിക്കല്‍പ്പണി

ഇതില്‍ മുന്‍കാഴ്‌ചയ്‌ക്കുള്ള ഭാഗത്ത്‌ ചെത്തുകല്‍പ്പണിയും, പിന്‍ഭാഗത്ത്‌ ഇഷ്ടികപ്പണിയോ, പരുക്കന്‍ കല്‍പ്പണിയോ, കോണ്‍ക്രീറ്റോ ആയിരിക്കും. സമ്മിശ്രമായ ഇത്തരം പണി ആദായകരമാണ്‌. നിരകളുടെ ഉയരം 20 സെ.മീ.ല്‍ കൂടുതലായിരിക്കും. മുഖഭാഗത്തെ കല്ലുകള്‍ പരുക്കന്‍ ഉളിപ്രയോഗം ചെയ്‌തതോ, ഓരം ചെത്തിച്ചെരിച്ചതോ ആയിരിക്കും. കല്ലുകള്‍ക്ക്‌ ഉയരത്തിന്റെ ഒന്നരമടങ്ങ്‌ വീതിയാകാം. എല്ലാ സന്ധികളും കൃത്യമായ മട്ടമായി രൂപപ്പെടുത്തുന്നു.

പരുക്കന്‍ കല്‍പ്പണി

പരുക്കന്‍ കല്‍പ്പണിയില്‍ രൂപപ്പെടുത്താത്തതോ, ചുറ്റിക കൊണ്ട്‌ ഒഴുക്കനായി (roughly dressed രൂപപ്പെടുത്തിയതോ ആയ കല്ലുകള്‍ ഉപയോഗിക്കുന്നു. സന്ധികള്‍ക്ക്‌ കനം കൂടുതലായിരിക്കും. കല്ലുകള്‍ കൈകൊണ്ട്‌ ഉയര്‍ത്താന്‍തക്ക വലുപ്പമേ ഉണ്ടാകു. ഉയരം 30 സെ.മീ. വരെയാകാം. നീളം ഉയരത്തിന്റെ മൂന്നിരട്ടിയില്‍ കവിയരുത്‌. അടിവശത്ത്‌ വീതി ഭിത്തിയുടെ കനത്തിന്റെ നാലില്‍ മൂന്നു ഭാഗത്തില്‍ കവിയുകയോ, 15 സെ.മീ.ല്‍ കുറയുകയോ ചെയ്യരുത്‌. പരുക്കന്‍ കല്‍പ്പണി താഴെ കാണുന്ന വിധത്തില്‍ തരംതിരിക്കാം.

ചിത്രം 7 പരുക്കന്‍ കല്‍പ്പണിയുടെ വിവിധ തരങ്ങള്‍

(i)ക്രമമില്ലാത്ത പരുക്കന്‍ കല്‍പ്പണി. കല്ലുകളുടെ മുഖഭാഗം ചുറ്റിക കൊണ്ട്‌ രൂപപ്പെടുത്താം. മുഴകള്‍ 4 സെ.മീ.ല്‍ കൂടുതല്‍ പുറത്തേക്കു തള്ളിനില്‌ക്കരുത്‌. മറ്റു വശങ്ങള്‍ അടുത്തടുത്തുള്ള കല്ലുകളോട്‌ അടുത്തിരിക്കത്തക്കവിധം ചുറ്റികകൊണ്ട്‌ ആകൃതിപ്പെടുത്തും. സന്ധികളില്‍ കുമ്മായത്തിന്റെ കനം കുറയ്‌ക്കുന്നതിനു ചെറുകല്ലുകളും ചില്ലുകളും വേണ്ടിടത്തോളം ഉപയോഗിക്കണം. ഒരിടത്തും പാടുകള്‍ (hollow space)ഉണ്ടായിരിക്കരുത്‌. ചെറുകല്ലുകള്‍ പണിയുടെ മൊത്തത്തിലുള്ള വ്യാപ്‌തത്തിന്റെ 20 ശ.മാ.ത്തില്‍ കൂടരുത്‌. ഭിത്തിയുടെ മുഖത്തെ ഓരോ 0.5 ച.മീ.നും ഓരോ കെട്ടുകല്ലു വീതം വേണം. മൂലക്കല്ലുകള്‍ ഒന്നിടവിട്ട്‌ നെടുകെയും കുറുകെയും വയ്‌ക്കണം.കല്ലുകളുടെ സന്ധികള്‍ തുടര്‍ച്ചയായി ഒരേ നേര്‍വരയില്‍ വരാത്തവിധം സന്ധി മുറിഞ്ഞിരിക്കണം (break joint).

(a)നിരകളില്ലാത്തത്‌ (Uncoursed). ഇതില്‍ കല്ലുകള്‍ ഖനനം ചെയ്‌തെടുത്ത പടി ഉപയോഗിക്കുന്നു. കല്ലുകളുടെ അസൗകര്യമുള്ള മൂലകള്‍ ചുറ്റിക കൊണ്ട്‌ വേര്‍പെടുത്തും. ആകൃതിയോ, വലുപ്പമോ നോക്കാതെ എല്ലാ കല്ലുകളും ഉപയോഗിക്കുന്നു. കല്ലുകള്‍ പടവു ചെയ്യുന്നതിലും പ്രത്യേക ക്രമമൊന്നുമില്ലെങ്കിലും ബോണ്ട്‌ ഉണ്ടായിരിക്കത്തക്കവിധം പണി ചെയ്യുന്നു.

(b)നിരപ്പ്‌ വരുത്തിയത്‌ (Brought to course). ഇതും നിരകളില്ലാത്തതുപോലെ തന്നെയാണ്‌. എന്നാല്‍ ഇടയ്‌ക്കിടയ്‌ക്കു പണി നിരപ്പുവരുത്തി ശരിപ്പെടുത്തുന്നു. ഇത്തരം നിരകള്‍ കല്ലിന്റെ ഉയരത്തിനനുസരിച്ച്‌ 30 മുതല്‍ 90 വരെ സെ.മീ. ഉയരം ഇടവിട്ട്‌ ഉണ്ടാക്കുന്നു നിരകള്‍ മൂലക്കല്ലിന്റെയോ ജാംബിന്റെയോ ഉയരത്തിനൊപ്പിച്ചായിരിക്കും.

(ii) ചതുരപ്പെടുത്തിയ പരുക്കന്‍ കല്‍പ്പണി (Squared rubble masonry). ഇതില്‍ കല്ലുകളുടെ മുഖഭാഗം ചതുരാകൃതിയിലാക്കുന്നു. ആധാരസന്ധികള്‍ വിലങ്ങനെയും ഓരസന്ധികള്‍ കുത്തനെയുമായിരിക്കും. ഇത്തരം കല്‍പ്പണി താഴെ പറയുന്നതു പോലെ വിഭജിക്കാം.

(a)നിരകളില്ലാത്തത്‌ (Uncoursed). ഇതില്‍ കല്ലുകളുടെ മുഖം ചതുരാകൃതിയിലായിരിക്കും. നിരകളനുസരിച്ചല്ല പണി ചെയ്യുന്നത്‌. പണിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരകളുള്ള കല്‍പ്പണിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

(b) നിരപ്പുവരുത്തിയത്‌ (Brought to course). ഇതിലും കല്ലുകളുടെ മുഖം ചതുരാകൃതിയിലായിരിക്കും. 3090 സെ.മീ. ഉയരം ഇടവിട്ട്‌ പണിനിരപ്പ്‌ വരുത്തുന്നു. മറ്റു നിബന്ധനകള്‍ നിരയുള്ള കല്‍പ്പണി (ഒന്നാംതരം)യിലേതു പോലെ തന്നെ.

(c)നിരയുള്ള കല്‍പ്പണി (ഒന്നാം തരവും രണ്ടാം തരവും) (Coursed first sort and second sort). ഇതില്‍ നിരകള്‍ക്ക്‌ 1030 സെ.മീ. വരെ ഉയരമുണ്ടാകും. ഒരേ നിരയിലുള്ള കല്ലുകള്‍ ദീര്‍ഘചതുരാകൃതിയിലും ഒരേ ഉയരത്തിലുമായിരിക്കും. കല്ലുകളുടെ മുഖം മിനുസമായി കൊത്തി പണി തീര്‍ക്കുന്നു. പുറംകാഴ്‌ചയ്‌ക്കുള്ള കല്ലുകളുടെ സന്ധികള്‍ ചുറ്റിക കൊണ്ട്‌ രൂപപ്പെടുത്തും. ആധാരസന്ധികള്‍ ഉളികൊണ്ട്‌ കൊത്തി മുമ്പില്‍ നിന്ന്‌ എട്ടു സെ.മീ. എങ്കിലും വീതിയില്‍ മാര്‍ജിന്‍ ഉണ്ടാക്കുന്നു. ഓരസന്ധിയില്‍ മാര്‍ജിന്‍ നാല്‌ സെ.മീ. എങ്കിലും വേണം. കൊത്തി രൂപപ്പെടുത്തിയ ഭാഗത്ത്‌, ഒരിടത്തും സമനിരപ്പില്‍ നിന്ന്‌ ആറ്‌ മി.മീ.ല്‍ കൂടുതല്‍ വിടവുണ്ടാകാന്‍ പാടില്ല. സന്ധികളുടെ നിരപ്പാകാത്ത ബാക്കിഭാഗം ഉപരിതലത്തില്‍ നിന്നു മുഴച്ചു നില്‌ക്കരുത്‌.

മുഖഭാഗത്തെ മുഴകള്‍ നാല്‌ സെ.മീ.ല്‍ കൂടാന്‍ പാടില്ല. സന്ധികള്‍ക്ക്‌ കനം 10 മി.മീ.ല്‍ കവിയരുത്‌. ഭിത്തിയുടെ ഉള്‍ഭാഗത്ത്‌ ചെറുകല്ലുകള്‍ ഉപയോഗിക്കുന്നത്‌ കല്ലുകള്‍ക്കിടയിലെ വിടവ്‌ നിറയ്‌ക്കാന്‍ മാത്രമായിരിക്കണം. ഇത്തരം ചെറുകല്ലുകള്‍ കല്‍പ്പണിയുടെ 10 ശ.മാ.ല്‍ കൂടരുത്‌. കല്‍പ്പണിയില്‍ ഒരിടത്തും പോടുണ്ടായിരിക്കരുത്‌. ഓരോ നിരയിലും 1.51.8 മീ. അകലത്തില്‍ കെട്ടുകല്ലുകള്‍ വേണം.

മൂലക്കല്ലുകള്‍ക്ക്‌ അതതു നിരകളുടെ ഉയരവും എല്ലാ നിരയിലും 45 സെ.മീ.ല്‍ കുറയാത്ത അളവും ഉണ്ടായിരിക്കണം. ഭിത്തിയുടെ മുഖഭാഗത്തെ കല്ലുകള്‍ ഒന്നിടവിട്ട്‌ നെടുകെയും കുറുകെയും പണി ചെയ്യേണ്ടതാണ്‌. അവയുടെ ഉയരത്തെക്കാള്‍ കൂടുതല്‍ നീളം ഭിത്തിക്കുള്ളില്‍ കടന്നിരിക്കണം. ഇത്തരം കല്ലുകളുടെ മൂന്നിലൊരു ഭാഗമെങ്കിലും അവയുടെ ഉയരത്തിന്റെ ഇരട്ടിയില്‍ കുറയാതെ ഭിത്തിക്കുള്ളില്‍ കയറിയിരിക്കണം. ഇത്തരം കല്‍പ്പണിയില്‍ ഓരോ നിരയിലും ഉയരത്തിന്‌ രണ്ടു നിരകളില്‍ കൂടുതല്‍ വയ്‌ക്കരുത്‌. സന്ധികളുടെ കനം 12 മി.മീ.ല്‍ കവിയുകയുമരുത്‌.

(iii)ബഹുഭുജാകൃതിയിലുള്ള പരുക്കന്‍ കല്‍പ്പണി (polygonal rubble masonry). കല്ലുകള്‍ ബഹുഭുജാകൃതിയില്‍ ചുറ്റിക കൊണ്ട്‌ രൂപപ്പെടുത്തുന്നു. അവയുടെ സന്ധികള്‍ യാതൊരു ക്രമവുമില്ലാതെ പല ദിശകളിലുമായിരിക്കും. മറ്റു നിബന്ധനകള്‍ മേല്‍പ്പറഞ്ഞവ പോലെ തന്നെ.

കല്‍പ്പണിയില്‍ ഉപയോഗിച്ചുവരുന്ന ചില സാങ്കേതിക പദങ്ങള്‍

(ഇതില്‍ പല പദങ്ങളും കല്ലിനും ഇഷ്ടികയ്‌ക്കും പൊതുവായിട്ടുള്ളതാണ്‌.) 1. പ്രകൃതിജന്യതലം. പാറകളിലെ സ്‌തരങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന തലത്തിന്‌ സമാന്തരമായി പാറകള്‍ എളുപ്പത്തില്‍ പൊളിയും. ഈ സമാന്തരതലത്തിനാണ്‌ പ്രകൃതിജന്യതലം എന്ന്‌ പറയുന്നത്‌. പ്രകൃതിജന്യതലത്തിന്‌ ലംബമായ ദിശയിലാണ്‌ ഒരു കല്ല്‌ കൂടുതല്‍ ഉറപ്പുള്ളതായിരിക്കുക. 2. അട്ടി അഥവാ വരി. കല്‍പ്പണിയിലെ വിലങ്ങനെയുള്ള ഒരടുക്കിന്‌ അട്ടി അഥവാ വരി എന്നു പറയുന്നു. ഒരു വരിയുടെ ഉയരം ഒരു കല്ലിന്റെ കനമായിരിക്കും. 3. ഉഴു. കല്ലുകളുടെ നീളം കൂടിയ വശം ചുമരിന്റെ നീളത്തിന്‌ സമാന്തരമായി നീളത്തില്‍ വയ്‌ക്കുന്നതിന്‌ ഉഴു എന്ന്‌ പറയുന്നു. 4. പാക്ക്‌. കല്ലുകളുടെ നീളം കൂടിയ വശം ചുമരിന്റെ നീളത്തിന്‌ ലംബമായി വയ്‌ക്കുന്നതിന്‌ പാക്ക്‌ എന്നു പറയുന്നു. 5. മൂലക്കല്ല്‌. ചുമരുകള്‍ ചേരുന്നിടത്തെ പുറത്തെ മൂലയ്‌ക്ക്‌ വയ്‌ക്കുന്ന കല്ലാണ്‌ മൂലക്കല്ല്‌. 6. ബോണ്ട്‌. കല്‍പ്പണിയിലെ കുത്തനെയുള്ള സന്ധികള്‍ തുടര്‍ച്ചയായിട്ടല്ലാതെ വിട്ടുവിട്ടു വരത്തക്കവിധം വിവിധ വരികളിലെ കല്ലുകള്‍ മേല്‍ക്കുമേല്‍ ചേര്‍ത്തുവയ്‌ക്കുന്നതിന്‌ ബോണ്ട്‌ എന്നു പറയുന്നു. 7. പ്ലിന്ത്‌. ഭൂനിരപ്പിനു മീതെ, അസ്‌തിവാരത്തിനു മീതെയും ചുമരിനു താഴെയുമായി പണിയുന്ന ഭാഗമാണിത്‌. പ്ലിന്ത്‌ സാധാരണയായി ചുമരില്‍ നിന്ന്‌ പുറത്തേക്ക്‌ തള്ളിനില്‍ക്കും. 8. സ്‌ടിങ്‌ സ്‌തരം. ഒരേ ഉയരത്തില്‍ ചുമരില്‍നിന്ന്‌ തള്ളി നില്‍ക്കുന്ന വരി. ജനല്‍പ്പടിയുടെയോ തട്ടിന്റെ താഴെയോ വരുന്ന വരിയാണ്‌ ഭംഗിക്കുവേണ്ടി ഇങ്ങനെ തള്ളി നിര്‍ത്തുന്നത്‌. 9. പടി. ജനലുകളുടെയും വാതിലുകളുടെയും തൊട്ടുതാഴെയുള്ളവരിക്ക്‌ പടി എന്നു പറയുന്നു. പടി പുറത്തേക്ക്‌ തള്ളി നിര്‍ത്തി, ജനലിന്റെ താഴെയുള്ള ചുമരില്‍ വെള്ളം വീഴുന്നത്‌ തടയുന്നു. 10. കോര്‍ണിസ്‌. ചുമരും തട്ടും ചേരുന്നിടത്ത്‌ കുമ്മായം കൊണ്ടോ, കല്ലില്‍ കൊത്തിയോ ഉണ്ടാക്കുന്ന അലങ്കാരമാണ്‌ ഇത്‌. 11. ശീര്‍ഷകം. മേല്‍പ്പുരയ്‌ക്ക്‌ മുകളില്‍ നില്‍ക്കുന്ന ചുമരുകളുടെയും അരമതിലുകള്‍, മതിലുകള്‍ എന്നിവയുടെയും മുകളില്‍ക്കൂടി മഴവെള്ളം ഇറങ്ങുന്നത്‌ തടയാന്‍ വയ്‌ക്കുന്ന വരിയാണ്‌ ശീര്‍ഷകം.

ചില പ്രധാന നിര്‍ദേശങ്ങള്‍

(i)കല്‍പ്പണിക്ക്‌ സ്ഥായിത്വവും (stability) ഉറപ്പും (strength)ഉണ്ടായിരിക്കണം.

(ii) കെട്ടിപ്പടുക്കുമ്പോള്‍ കല്ലുകളുടെ പ്രകൃതിദത്തമായ തലം (natural bed)വിലങ്ങനെയായിരുന്നാല്‍ മാത്രമേ മര്‍ദം കല്ലുകളുടെ അടുക്കുകള്‍ക്ക്‌ ലംബമായിരിക്കുകയുള്ളു. കോര്‍ണിസ്‌, കോര്‍ബല്‍, അരഞ്ഞാണ്‍ തുടങ്ങിയ പുറത്തേക്കു തള്ളിനില്‌ക്കുന്ന നിരകളില്‍ പ്രകൃതിദത്തമായ തലം കുത്തനെയും കല്ലുകളുടെ ഓരസന്ധി(side point)കള്‍ക്ക്‌ സമാന്തരവുമായിരിക്കണം. ഇത്തരം കല്ലുകളുടെ പിന്‍ അഗ്രം, ഭിത്തിയില്‍ കടന്നിരിക്കുകയും പണിയുമായി ബന്ധപ്പെടുകയും വേണം. ബാറ്റര്‍ഭിത്തികളില്‍ (batter wall)കല്ലുകളുടെ നിരകളും, സ്വാഭാവികമായ അടുക്കും ബാറ്ററിനു ലംബമായിരിക്കണം.

(iii) പണിയില്‍ ആദ്യന്തം ബന്ധനം(bond) നിലനിര്‍ത്തണം. അടുത്തടുത്ത നിരകളിലെ ഊര്‍ധ്വാധരസന്ധികള്‍ (കുത്തന്‍ സന്ധികള്‍-vertical joints നെടുകെയും കുറുകെയും ഒന്നിനു മേല്‍ മറ്റൊന്നു വരാതെ മുറിഞ്ഞിരിക്കത്തക്കവിധം (break vertical joints)കല്ലുകള്‍ സ്ഥാപിക്കണം. ഭിത്തികളുടെ മുകള്‍ഭാഗവും പിന്‍ഭാഗവും തമ്മില്‍ കെട്ടുകല്ലു(bondstone)കള്‍ വേണ്ടത്ര അകലത്തില്‍ നെടുകെയും കുറുകെയും ഉപയോഗിച്ച്‌ ബന്ധിപ്പിക്കണം.

(iv) കല്‍പ്പണി ചെയ്യുമ്പോള്‍ കല്ലുകള്‍ നല്ലപോലെ നനയ്‌ക്കണം. കുമ്മായത്തിലെ വെള്ളം കല്ലുകള്‍ വലിച്ചെടുക്കാതിരിക്കാനാണ്‌ ഇത്‌.

(v)ഭിത്തിയുടെ മുഖത്തിന്റെ ലംബത്വമോ, ചരിവോ തൂക്കുകട്ട ഉപയോഗിച്ചു കൂടെക്കൂടെ പരിശോധിക്കണം.

(vi) നിരകളുടെ ഉയരം ഒരുപോലെയല്ലെങ്കില്‍ ഉയരം കൂടിയ കല്ലുകള്‍ അടിയിലെ നിരകളിലും, മുകളിലേക്കു ക്രമേണ നിരകളുടെ ഉയരം കുറഞ്ഞും വരത്തക്കവിധത്തില്‍ പണി ചെയ്യണം.

(vii) പണി നിര്‍വഹിക്കുമ്പോള്‍ ഭിത്തി ഉടനീളം ഒരുപോലെ പണിതുയര്‍ത്താന്‍ ശ്രമിക്കണം.

(viii) ഭിത്തിയുടെ ഉള്‍ഭാഗത്ത്‌ വിടവുകള്‍ ഉണ്ടാകാതെ ചെറുകല്ലുകളും കുമ്മായക്കൂട്ടും കൊണ്ട്‌ നിറയ്‌ക്കണം.

(ix) വലിയ കല്ലുകള്‍ ഉയര്‍ത്താനുള്ള ഉപകരണങ്ങള്‍ പിടിപ്പിക്കുന്നതിന്‌ ആവശ്യമായ കുഴിയും ദ്വാരങ്ങളും മുന്‍കൂട്ടി ഉണ്ടാക്കണം.

(x)പരുക്കന്‍ കല്‍പ്പണിയില്‍ ഭിത്തിയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കനം കുറഞ്ഞ പാളികള്‍ ഉപയോഗിക്കുകയും, ഉള്ളില്‍ ചെറുകല്ലുകള്‍ കൊണ്ട്‌ നിറയ്‌ക്കുകയും ഇടയ്‌ക്കിടയ്‌ക്ക്‌ കെട്ടുകല്ലുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത്‌ ഒഴിവാക്കണം.

(xi) പൂര്‍ത്തിയായ കല്‍പ്പണി, കുമ്മായക്കൂട്ട്‌ ഉറയ്‌ക്കുന്നതുവരെ വെള്ളം നനയ്‌ക്കണം. കുമ്മായത്തിന്‌ രണ്ടാഴ്‌ചയോളവും സിമെന്റിന്‌ 710 ദിവസവും വെള്ളം നനച്ചു കൊടുക്കണം.

(കെ. ചന്ദ്രശേഖരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍