This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്‍ക്കുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്‍ക്കുളം

തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയില്‍പ്പെടുന്ന നാലു താലൂക്കുകളില്‍ ഏറ്റവും വലുത്‌. വേണാടിന്റെ പില്‌ക്കാല തലസ്ഥാനവും തിരുവിതാംകൂറിന്റെ ആദ്യകാല തലസ്ഥാനവുമായിരുന്നു കല്‍ക്കുളം. ഈ ദേശത്തിന്റെ പേര്‌ 1744ല്‍ പദ്‌മനാഭപുരം എന്നാക്കി മാറ്റി; ഇന്നു കല്‍ക്കുളം എന്ന്‌ താലൂക്കിനു മാത്രമേ പേരുള്ളു. 17-ാം ശ.ത്തിന്റെ അന്ത്യപാദത്തില്‍ ഉമയമ്മറാണി ദത്തെടുത്തു വളര്‍ത്തിയ കോട്ടയം കേരളവര്‍മ, ദര്‍പ്പക്കുളങ്ങര കൊട്ടാരത്തിലെ ഊട്ടുപുരയില്‍ ഒരു കല്‍ത്തൊട്ടി നിര്‍മിച്ചു. ഇതില്‍ നിന്നാകാം സ്ഥലത്തിന്‌ കല്‍ക്കുളം എന്നു പേര്‍ സിദ്ധിച്ചത്‌. ദക്ഷിണ സഹ്യാദ്രിയിലെ പശ്ചിമ ബഹിര്‍നിരകള്‍ തൊട്ട്‌ അറബിക്കടലോളം നീണ്ടു കിടക്കുന്ന താലൂക്കിന്‌ 594.12 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. തിരുവിതാംകൂറിന്റെ തെക്കന്‍ ഡിവിഷനില്‍പ്പെട്ടിരുന്ന 8 താലൂക്കുകളില്‍ വിളവന്‍കോട്‌, കല്‍ക്കുളം, തോവാള, അഗസ്‌തീശ്വരം എന്നിവ 1956ല്‍, ഭാഷാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന്‌, മദ്രാസ്‌ (തമിഴ്‌നാട്‌) സംസ്ഥാനത്തോട്‌ ചേര്‍ക്കപ്പെട്ടു. ഇവ നാലും കൂട്ടിചേര്‍ത്താണ്‌ കന്യാകുമാരി ജില്ല രൂപീകൃതമായത്‌. (നോ: കന്യാകുമാരി) പടിഞ്ഞാറ്‌ വിളവന്‍കോട്‌ താലൂക്കും; കിഴക്ക്‌ തോവാള, അഗസ്‌തീശ്വരം എന്നീ താലൂക്കുകളും; വടക്ക്‌ തിരുനെല്‍വേലി ജില്ലയും; തെക്ക്‌ അറബിക്കടലുമാണ്‌ കല്‍ക്കുളം താലൂക്കിന്റെ അതിര്‍ത്തികള്‍. വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രത്തില്‍ അതീവപ്രാധാന്യം വഹിച്ചിരുന്ന പ്രദേശമാണ്‌ കല്‍ക്കുളം. (നോ: പദ്‌മനാഭപുരം) കൊ.വ. 970 (എ.ഡി. 1795) അടുപ്പിച്ച്‌ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജധാനി തിരുവനന്തപുരത്തേക്കു മാറ്റിയതോടെ കല്‍ക്കുളത്തിന്റെ രാഷ്‌ട്രീയപ്രഭ അസ്‌തമിച്ചു. മുനിസിപ്പല്‍ പട്ടണമായ തക്കലയാണ്‌ താലൂക്കാസ്ഥാനം.

ഭൂമിശാസ്‌ത്രപരമായി മലനാട്‌, ഇടനാട്‌, തീരപ്രദേശം എന്നീ മൂന്നു മേഖലകളിലുമായി വ്യാപിച്ചിട്ടുള്ള കല്‍ക്കുളം താലൂക്ക്‌ കാര്‍ഷിക രംഗത്തു സമൃദ്ധമാണ്‌. താലൂക്കിന്റെ അധിക പങ്കും (310 ച.കി.മീ.) മലനാടാണ്‌. തീരദേശത്തെ മണവാളക്കുറിച്ചിയില്‍ മോണസൈറ്റ്‌ തുടങ്ങിയ തന്ത്രപ്രധാന ധാതുക്കള്‍ പലതും സഞ്ചിതമായിരിക്കുന്നു. കോതയാര്‍ തടാകത്തിന്റെ പൂര്‍വാര്‍ധം കല്‍ക്കുളം താലൂക്കതിര്‍ത്തിക്കുള്ളിലാണ്‌. ഈ താലൂക്കിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന വള്ളിയാര്‍ വിസ്‌തൃതമായ കാര്‍ഷികമേഖലയെ ജലസിക്തമാക്കുന്നു. 12-ാം ശ.ത്തില്‍ത്തന്നെ ഇവിടുത്തെ ക്ഷേത്രസങ്കേതങ്ങള്‍ രാഷ്‌ട്രീയ ശക്തിയാര്‍ജിച്ച സാംസ്‌കാരിക കേന്ദ്രങ്ങളായി വളര്‍ന്നിരുന്നു. വേണാടിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രത്തില്‍ രാഷ്‌ട്രീയമായും സാമൂഹികമായും നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ജനപദങ്ങളായിരുന്നു കുളച്ചല്‍, തൃപ്പരപ്പ്‌, തിരുവട്ടാര്‍, തിരുനന്തിക്കര, പദ്‌മനാഭപുരം, തിരുവിതാംകോട്‌, ഇരണിയല്‍, തലക്കുളം, നെയ്യൂര്‍ തുടങ്ങിയ പട്ടണങ്ങള്‍. എ.ഡി. 8-ാം ശ.ത്തില്‍ തന്നെ ആയന്മാരുടേതായി തിരുവട്ടാറുണ്ടായിരുന്ന അരുവിയൂര്‍ക്കോട്ട പാണ്ഡ്യരാജാവായ മാറന്‍ചടയന്‍ തകര്‍ക്കുകയുണ്ടായി. ആയ്‌ രാജവംശത്തിന്റെ ശിഥിലീകരണത്തോടെ രൂപം കൊണ്ട പടൈപ്പനാട്ടിലാണ്‌ ഇന്നത്തെ കല്‍ക്കുളം താലൂക്കിന്റെ ഏറിയ പങ്കും ഉള്‍പ്പെട്ടിരുന്നത്‌. നോ: ഇരണിയല്‍

കൊല്ലവര്‍ഷം 6-ാം ശ.ത്തിന്റെ മധ്യത്തോടെ വേണാട്‌ രാജകുടുംബത്തില്‍ നിന്നു പിരിഞ്ഞുണ്ടായ ശാഖയില്‍പ്പെട്ട തൃപ്പാപ്പൂര്‍ മൂപ്പന്‍ തിരുവിതാംകോട്‌ ആസ്ഥാനമാക്കി. സു. 200 കൊല്ലങ്ങള്‍ക്കു ശേഷമാണ്‌ കല്‍ക്കുളത്ത്‌ ദര്‍പ്പക്കുളങ്ങര കൊട്ടാരം നിര്‍മിക്കപ്പെട്ടത്‌. 18-ാം ശ.ത്തിന്റെ മൂന്നാം പാദത്തില്‍ ബ്രിട്ടീഷുകാര്‍ കുളച്ചല്‍ കോട്ട നിര്‍മിച്ചു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ഉത്തരോത്തരം വികാസം പ്രാപിച്ച, തിരുവിതാംകൂര്‍ രാജ്യതലസ്ഥാനമായിരുന്നു കല്‍ക്കുളം. തിരുവിതാംകൂര്‍ രാജാവ്‌ ശ്രീപദ്‌മനാഭന്റെ ദാസനാകുകയും രാജ്യം പദ്‌മനാഭന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്‌തതിനോടൊപ്പം 1744ല്‍ കല്‍ക്കുളത്തെ പദ്‌മനാഭപുരം എന്ന്‌ പുനര്‍നാമകരണവും ചെയ്‌തു; ഈ കൊട്ടാരം പദ്‌മനാഭപുരം കൊട്ടാരം എന്നറിയപ്പെടാനും തുടങ്ങി.

താലൂക്കാസ്ഥാനമായ തക്കല തിരുവനന്തപുരംകന്യാകുമാരി നാഷണല്‍ ഹൈവേയിലെ ഒരു റോഡ്‌ ജങ്‌ഷനാണ്‌; ജില്ലയിലെ മറ്റൊരു ചരിത്രപ്രസിദ്ധ പട്ടണമായ ഇരണിയല്‍ തിരുവനന്തപുരം കന്യാകുമാരി റെയില്‍പ്പാതയിലെ ഒരു പ്രമുഖ സ്റ്റേഷനും. താലൂ ക്കിലെ മറ്റൊരു മുനിസിപ്പല്‍ പട്ടണമാണ്‌ ചരിത്രപ്രസിദ്ധമായ കുളച്ചല്‍. കേരളത്തിലെ ആര്‍ക്കിയോളജി വകുപ്പിന്റെ കീഴിലുള്ള പദ്‌മനാഭപുരം കൊട്ടാരം താലൂക്കിലെ ഒരു പ്രമുഖ സന്ദര്‍ശകകേന്ദ്രമാണ്‌. തിരുവിതാംകൂറിലെ സ്വാതന്ത്യ്രപ്പോരാളിയായിരുന്ന വേലുത്തമ്പിദളവ കല്‍ക്കുളത്തിന്റെ (തലക്കുളം) സന്താനമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍